ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
സമുദ്ര മത്സ്യബന്ധന മേഖലയിൽ പുതിയ സാധ്യതകൾ തുറന്ന് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനത്തിനുള്ള ‘പ്രവേശന പാസ്’ പദ്ധതിക്ക് ദേശീയതലത്തിൽ തുടക്കം
പോസ്റ്റഡ് ഓണ്‍:
21 FEB 2026 3:36PM by PIB Thiruvananthpuram
മത്സ്യബന്ധന സഹകരണ സംഘങ്ങളെയും മത്സ്യ കർഷക ഉത്പാദക സംഘടനകളെയും (FFPO) ശാക്തീകരിക്കുന്നതിനും ഉയർന്ന മൂല്യമുള്ള മത്സ്യങ്ങളുടെ സുസ്ഥിര വിളവെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും സമുദ്രോത്പന്ന കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുമായി റിയൽക്രാഫ്റ്റ് (ReALCRaft) ഓൺലൈനായി സൗജന്യ പ്രവേശന പാസുകൾ നൽകുന്നു.
വിശാലവും വൈവിധ്യപൂർണ്ണവുമായ ഒരു സമുദ്രവിഭവ അടിത്തറ ഇന്ത്യയ്ക്കുണ്ട്. ഏകദേശം 11,099 കിലോമീറ്റർ വിസ്തൃതിയുള്ള തീരപ്രദേശവും ഏകദേശം 24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പ്രത്യേക സാമ്പത്തിക സമുദ്ര മേഖലയും ഇതിനെ പിന്തുണയ്ക്കുന്നു. നിലവിൽ, മിക്ക ഇന്ത്യൻ മത്സ്യബന്ധന പ്രവർത്തനങ്ങളും തീരപ്രദേശത്ത് നിന്ന് 40–50 നോട്ടിക്കൽ മൈലിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രത്യേക സാമ്പത്തിക മേഖല ഉപയോഗശൂന്യമായി തുടരുന്നു. ഉയർന്ന മൂല്യമുള്ള സമുദ്ര വിഭവങ്ങൾക്ക്, പ്രത്യേകിച്ച് ട്യൂണയ്ക്കും ട്യൂണ പോലുള്ള മാറ്റിനങ്ങൾക്കും ഗണ്യമായ സാധ്യതയുണ്ടെന്ന് ശാസ്ത്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.
പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട്, 2025–26 ലെ കേന്ദ്ര ബജറ്റിൽ, ആൻഡമാൻ-നിക്കോബാർ ദ്വീപു സമൂഹത്തിനും ലക്ഷദ്വീപിനും പ്രത്യേക ഊന്നൽ നൽകി ഇന്ത്യ ഗവൺമെൻ്റ് പ്രത്യേക സാമ്പത്തിക മേഖലയിലെയും സമുദ്രത്തിലെയും മത്സ്യബന്ധന വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിന് ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ 49% ഈ മേഖലയിലാണ്. ഇവിടെ ഏകദേശം 2.48 ലക്ഷം ടൺ മത്സ്യബന്ധന സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ബജറ്റ് പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിലും പ്രത്യേക സാമ്പത്തിക മേഖല മത്സ്യബന്ധനത്തിന് നിയമപരവും സ്ഥാപനപരവുമായ ശക്തമായ ചട്ടക്കൂട് ലഭ്യമാക്കുന്നതിനുമായി, 1976 ലെ ടെറിട്ടോറിയൽ വാട്ടർസ്, കോണ്ടിനെൻ്റൽ ഷെൽഫ്, എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ, അദർ മാരിടൈം സോൺസ് ആക്റ്റ് (1976 ലെ 80) പ്രകാരം, സമുദ്ര വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ ചട്ടങ്ങൾ 2025 നവംബർ 4ന് ഇന്ത്യ ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം, അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കൽ, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം, പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്ര മത്സ്യബന്ധന വിഭവങ്ങളുടെ ഉത്തരവാദിത്തപൂർണ്ണവും സുസ്ഥിരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും നാഴികക്കല്ലായി മാറിയ നയ സംരംഭമാണ് ഈ ചട്ടങ്ങൾ.
പ്രത്യേക സാമ്പത്തിക മേഖല ചട്ടങ്ങൾക്ക് കീഴിലുള്ള പ്രവേശന പാസ്
ഉയർന്ന മൂല്യമുള്ള സമുദ്ര വിഭവങ്ങളുടെ സുസ്ഥിര വിളവെടുപ്പിനായി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് പ്രത്യേക സാമ്പത്തിക മേഖല ചട്ടങ്ങൾക്ക് കീഴിലുള്ള പ്രവേശന പാസ്. ഇതിലൂടെ ലക്ഷ്യമിടുന്നത്:
- തീര മത്സ്യബന്ധനത്തിൽ നിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുക.
- മത്സ്യത്തൊഴിലാളി സംഘടനകളെ സഹകരണ സംഘങ്ങളിലേക്കും FFPO കളിലേക്കും പരിവർത്തനപ്പെടുത്തുക.
- കാര്യക്ഷമമായ മത്സ്യബന്ധനം, മികച്ച വില, ട്രേസബിലിറ്റി, സർട്ടിഫിക്കേഷൻ തുടങ്ങിയ അധിഷ്ഠിത രീതികൾ അവലംബിച്ച് വരുമാനം വർദ്ധിപ്പിക്കുക.
സമുദ്ര മേഖലയ്ക്ക് അധിക പ്രോത്സാഹനം ഉറപ്പാക്കുന്നതിനും പ്രത്യേക സാമ്പത്തിക മേഖല സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിനുമായി, 2026 ഫെബ്രുവരി 20 ന് ഗുജറാത്തിലെ വെരാവലിലെ കെസിസി ഗ്രൗണ്ടിൽ, ആദരണീയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, ഇന്ത്യയിലെ 13 തീരദേശ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പ്രത്യേക സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന പാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ, ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 24 മത്സ്യബന്ധന സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന 37 മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന പാസുകൾ ആദരണീയ കേന്ദ്ര മന്ത്രി കൈമാറി.
ഇന്നലെ വെരാവലിൽ നടന്ന പ്രവേശന പാസ് സംരംഭത്തിൻ്റെ ദേശീയ ഉദ്ഘാടന വേളയിൽ, 13 തീരദേശ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ആദരണീയ കേന്ദ്ര മന്ത്രി പാസുകൾ കൈമാറി. അതിൽ കൊല്ലം ബോട്ട് ഓണേഴ്‌സ് അസോസിയേഷനുമായി ബന്ധമുള്ള കേരളത്തിൽ നിന്നുള്ള സഞ്ജീബ് ബാബു, ലക്ഷദ്വീപിൽ നിന്നുള്ള ഉമ്മർ ഫാറൂഖ് ഇ.പി എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യയിലുടനീളം സുരക്ഷിതവും സുതാര്യവും മികച്ച രീതിയിൽ നിയന്ത്രിക്കപ്പെടുന്നതുമായ സമുദ്ര മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭമെന്ന് മന്ത്രി എടുത്തുപറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖല നിയമങ്ങൾ പ്രകാരം, വലിയ യന്ത്രവത്കൃത കപ്പലുകൾക്ക് ഒരു പ്രവേശന പാസ് ആവശ്യമാണ്. ഇത് ഓൺലൈൻ രജിസ്ട്രേഷൻ ആൻഡ് ലൈസൻസിംഗ് ഓഫ് ഫിഷിംഗ് ക്രാഫ്റ്റ് (ReALCRaft) പോർട്ടൽ വഴി സൗജന്യമായി ലഭിക്കും. എൻഐസിയും ഫിഷറീസ് വകുപ്പും ചേർന്ന് ഒരു ദേശീയ ഓൺലൈൻ പ്ലാറ്റ്‌ഫോമായി വികസിപ്പിച്ചെടുത്ത റിയൽക്രാഫ്റ്റ് പോർട്ടൽ, മത്സ്യബന്ധന കപ്പലുകളുടെ രജിസ്ട്രേഷനും ലൈസൻസിംഗും, ഉടമസ്ഥാവകാശ കൈമാറ്റം, അനുബന്ധ പ്രക്രിയകൾ എന്നിവയ്ക്കായി മത്സ്യത്തൊഴിലാളികൾക്കും തീരദേശ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും വെബ് അധിഷ്ഠിത, പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നു. അതുവഴി ബിസിനസ്സ് സുഗമമാക്കുന്നു. മൂല്യമേറിയ അന്താരാഷ്ട്ര വിപണികളിലേക്ക് സമുദ്രവിഭവങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാന ആവശ്യകതകളായ മത്സ്യബന്ധന, ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി റിയൽക്രാഫ്റ്റ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA), കയറ്റുമതി പരിശോധനാ കൗൺസിൽ (EIC) എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സംയോജിത ഡിജിറ്റൽ സംവിധാനം തുടക്കം മുതൽ ഒടുക്കം വരെയുള്ള കണ്ടെത്തൽ സാധ്യത, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കൽ, പരിസ്ഥിതി സൗഹൃദ മുദ്രണം എന്നിവ ഉറപ്പാക്കുന്നു. അതുവഴി ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നു.
കൂടാതെ, മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന വൈദഗ്ധ്യം, സുരക്ഷാ അവബോധം, കയറ്റുമതി-ഗ്രേഡ് കൈകാര്യം എന്നിവയിൽ സജ്ജരാക്കുന്നതിനായി CIFNET, FSI എന്നിവയിലൂടെയും തീരദേശ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുമായി സഹകരിച്ചും ഘടനാപരമായ പരിശീലന, ശേഷി വികസന പരിപാടികൾ നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ് പദ്ധതിയിടുന്നു.
ചെറുകിട മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനും ആഴക്കടൽ മത്സ്യബന്ധനത്തിനു ശേഷമുള്ള പരിപാലനം, സംസ്കരണം, കയറ്റുമതി മൂല്യ ശൃംഖലകൾ എന്നിവയിൽ മത്സ്യബന്ധന സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി സഹകരണ മന്ത്രാലയവുമായി ചേർന്ന് ഫിഷറീസ് വകുപ്പ് ഒരു സംയുക്ത കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ട്.
പ്രവേശന പാസിൻ്റെ പ്രധാന സവിശേഷതകൾ
1. ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം
മോട്ടോർ ഘടിപ്പിക്കാത്ത പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ പ്രവേശന പാസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കും (ഏകദേശം 64,000) 24 മീറ്ററിൽ കൂടുതലുള്ള വലിയ മോട്ടോർ ഘടിപ്പിച്ച യാനങ്ങൾക്കും മാത്രമേ പാസ് ആവശ്യമുള്ളൂ. ഇത് ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നു.
2. നവീകരിച്ച റിയൽക്രാഫ്റ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം
സുഗമവും ഉപയോക്തൃ സൗഹൃദവുമായ പ്രവേശന പാസ് പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി റിയൽക്രാഫ്റ്റ് പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്‌തു. കപ്പൽ രജിസ്ട്രേഷനും ലൈസൻസിംഗിനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മത്സ്യത്തൊഴിലാളികളും ഇതിനോടകം റിയൽക്രാഫ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നു.
3. ഫീസ് രഹിത, പൂർണ്ണ ഓൺലൈൻ പ്രവേശന പാസ്
പ്രവേശന പാസ് സമയബന്ധിതവും സുതാര്യവുമായ രീതിയിൽ റിയൽക്രാഫ്റ്റ് പോർട്ടൽ മുഖേന സൗജന്യമായി നൽകുന്നു. അംഗീകരിച്ചുകഴിഞ്ഞാൽ, മത്സ്യത്തൊഴിലാളിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇമെയിലിലേക്കോ പാസ് ഡിജിറ്റലായി എത്തിക്കും. ഇത് സുതാര്യതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു.
4. ആഗോള കയറ്റുമതിക്കായി ഏകജാലക സംവിധാനം
ക്യാച്ച് സർട്ടിഫിക്കറ്റുകൾക്കായുള്ള MPEDA പോർട്ടലുമായും ആരോഗ്യ സർട്ടിഫിക്കറ്റുകൾക്കായുള്ള EIC യുമായും റിയൽക്രാഫ്റ്റ് പോർട്ടൽ സംയോജിപ്പിച്ചിരിക്കുന്നു, ഇത് ഒരു ഏകീകൃത ഏകജാലക ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഈ സമന്വയം ട്രേസബിലിറ്റി വർദ്ധിപ്പിക്കുകയും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുകയും മൂല്യമേറിയ അന്താരാഷ്ട്ര സമുദ്രോത്പന്ന വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
****
***
( റിലീസ് ഐ.ഡി: 2231354)
സന്ദര്‍ശക കൗണ്ടര്‍ : 8