ആഭ്യന്തരകാര്യ മന്ത്രാലയം
അസമിലെ ഗുവാഹത്തിയിൽ 87-ാം സിആർപിഎഫ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
21 FEB 2026 3:04PM by PIB Thiruvananthpuram
അസമിലെ ഗുവാഹത്തിയിൽ ഇന്ന് സംഘടിപ്പിച്ച സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആര്‍പിഎഫ്) 87-ാം സ്ഥാപക ദിനാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു. അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമയും സിആർപിഎഫ് ഡയറക്ടർ ജനറലും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
ഉജ്വലമായ പ്രകടനം, വീര്യം, ക്ഷമ, ധീരത, ത്യാഗം എന്നിവയിലൂടെ കഴിഞ്ഞ 86 വർഷമായി രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയെ സിആർപിഎഫ് ശക്തിപ്പെടുത്തിവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സിആർപിഎഫ് ഇല്ലാതെ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. രൂപീകരണം മുതൽ ഇന്നുവരെ 86 വർഷങ്ങളിൽ കർത്തവ്യത്തോട് പുലര്‍ത്തിയ അർപ്പണബോധത്തിലൂടെ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയുടെ കരുത്തുറ്റ സ്തംഭമായി നിലകൊണ്ട സിആർപിഎഫ് മികച്ച ഫലങ്ങൾ പ്രകടമാക്കിയതായി അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയ്ക്കായി സിആർപിഎഫിലെ 2,270 ജവാന്മാർ പരമോന്നത ത്യാഗം വരിച്ചതായും രാജ്യം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നതായും അവർക്ക് ശ്രദ്ധാഞ്ജലി നേരുന്നതായും ശ്രീ ഷാ പറഞ്ഞു. ജവാന്മാരുടെ അർപ്പണബോധവും ത്യാഗവും മൂലമാണ് പല സന്ദർഭങ്ങളിലും രാജ്യത്തെ സംരക്ഷിക്കാനായതെന്ന് അദ്ദേഹം വ്യക്തമാക്കി.
പതിനൊന്നോ പന്ത്രണ്ടോ വർഷങ്ങൾക്ക് മുന്‍പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ജമ്മുകശ്മീർ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങൾ, വടക്കുകിഴക്കൻ മേഖല എന്നിങ്ങനെ മൂന്ന് പ്രധാന പ്രശ്നബാധിത മേഖലകളാണ് ഉണ്ടായിരുന്നതെന്നും അവ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് ഈ മൂന്നിടങ്ങളിലും സമാധാനം സ്ഥാപിക്കുന്നതിൽ വിജയം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ബന്ദുകള്‍ക്കും ഉപരോധങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈ മൂന്ന് മേഖലകളും ഇന്ന് വികസനത്തിൻ്റെ ചാലകശക്തികളായി മാറി രാജ്യത്തിൻ്റെ സമഗ്ര പുരോഗതിയെ മുന്നോട്ട് നയിക്കുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വമില്ലായിരുന്നുവെങ്കിൽ ഈ മൂന്ന് മേഖലകളെയും വികസന പാതയിലേക്ക് കൊണ്ടുവരുന്നത് അസാധ്യമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സിആർപിഎഫ് ദിന പരേഡ് മറ്റൊരു കാഴ്ചപ്പാടിലും ഏറെ പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സിആർപിഎഫിൻ്റെ 86 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സേനയുടെ സ്ഥാപക ദിനാഘോഷങ്ങൾ വടക്കുകിഴക്കൻ മേഖലയായ അസമിൽ സംഘടിപ്പിക്കുന്നത്. ഇത് സേനയ്ക്കും വടക്കുകിഴക്കൻ മേഖലയ്ക്കും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സായുധ പൊലീസ് സേനകളുടെ വാർഷിക പരേഡ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്താൻ 2019-ൽ തീരുമാനിച്ചിരുന്നു. ഇന്ന് രാജ്യത്തിൻ്റെ സുപ്രധാന ഭാഗങ്ങളിലൊന്നായ വടക്കുകിഴക്കൻ മേഖലയിൽ സിആർപിഎഫ് പരേഡ് നടക്കുന്നു. 14 സിആർപിഎഫ് ജവാന്മാർക്ക് ഇന്ന് ധീരതയ്ക്കുള്ള പൊലീസ് മെഡലുകളും 5 ജവാന്മാർക്ക് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. കൂടാതെ മികച്ച പ്രകടനം കാഴ്ചവെച്ച 5 സിആർപിഎഫ് ബറ്റാലിയനുകൾക്കും മെഡലുകൾ നൽകി. 1939-ൽ കേവലം രണ്ട് ബറ്റാലിയനുകളുമായി ആരംഭിച്ച സിആർപിഎഫിൻ്റെ യാത്ര ഇന്ന് 248 ബറ്റാലിയനുകളിലും 3.25 ലക്ഷം ഉദ്യോഗസ്ഥരിലും എത്തിനിൽക്കുന്നു. ഇതോടെ സിആർപിഎഫ് ലോകത്തെ ഏറ്റവും വലിയ കേന്ദ്ര സായുധ പൊലീസ് സേനയായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ സിആർപിഎഫ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1965 ഏപ്രിൽ 9-ന് റാൻ ഓഫ് കച്ചിലെ സർദാർ പോസ്റ്റിൽ പാകിസ്ഥാൻ സൈന്യത്തെ നേരിട്ടപ്പോള്‍ സിആർപിഎഫ് മികച്ച ധീരതയാണ് പ്രകടിപ്പിച്ചതെന്നും അതിനാല്‍ എല്ലാ വർഷവും ഏപ്രിൽ 9 'ശൗര്യ ദിവസ്' ആയി ആചരിക്കുന്നതായും ശ്രീ ഷാ പറഞ്ഞു.
കൊൽക്കത്തയിൽ ഇടതുപക്ഷ തീവ്രവാദി ആക്രമണത്തിൽ 78 പൊലീസ് ഉദ്യോഗസ്ഥർ രക്തസാക്ഷിത്വം വരിച്ചപ്പോഴും സിആർപിഎഫ് ധൈര്യപൂർവം മുൻനിരയിൽ ഉറച്ചുനിന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പാർലമെൻ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തെയും 2005-ൽ ശ്രീരാമ ജന്മഭൂമിക്ക് നേരെയുണ്ടായ ആക്രമണത്തെയും സിആർപിഎഫ് കീഴടക്കി. സിആർപിഎഫ് ഉദ്യോഗസ്ഥർ ഒരിക്കലും അവരുടെ കര്‍ത്തവ്യത്തില്‍ പരാജയപ്പെടാറില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരില്‍ ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെ ഒരു വെടിയൊച്ച പോലും കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും ഇതുറപ്പാക്കുന്നതിൽ സിആർപിഎഫ് വലിയ പങ്കുവഹിച്ചുവെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിൽ സ്ഥിരമായി നടന്നിരുന്ന കല്ലേറുകള്‍ ഇല്ലാതായതോടെ വ്യവസായങ്ങൾ വരികയും വികസനം പുരോഗമിക്കുകയും ചെയ്യുന്നു. ഇതിലെല്ലാം സിആർപിഎഫിനും ബിഎസ്എഫിനും പ്രത്യേകിച്ച് ജമ്മുകശ്മീർ പൊലീസിനും വലിയ പങ്കുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിലും സിആർപിഎഫ് വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ നക്സലിസം വ്യാപിച്ചിരുന്നതായും ഈ വിപത്തിനെ വേരോടെ പിഴുതെറിയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ സിആർപിഎഫിലെയും കോബ്ര സേനയിലെയും ഉദ്യോഗസ്ഥർ ദൗത്യത്തില്‍ നിർണായക പങ്കുവഹിച്ചുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇത്രമേല്‍ സങ്കീർണവും ദുഷ്കരവുമായ ദൗത്യം കേവലം മൂന്ന് വർഷത്തിനകം പൂർത്തീകരിച്ചതായും സിആർപിഎഫ് ജവാന്മാർ കാരണമാണ് 2026 മാർച്ച് 31-ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായും മുക്തമാകുമെന്ന് ആത്മവിശ്വാസത്തോടെ പറയാനാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നക്സലൈറ്റുകൾക്കെതിരായ 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' വഴി കടുത്ത ചൂടിലും ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും 21 ദിവസത്തോളം നീണ്ടുനിന്ന ദൗത്യത്തിലൂടെ സിആർപിഎഫ് ജവാന്മാർ നക്സലൈറ്റ് താവളങ്ങൾ തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. 45 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളുന്ന പാറക്കുന്നുകളിൽ 21 ദിവസത്തോളം പോരാടിയിട്ടും ഒരിഞ്ച് പോലും പിന്മാറാതെ അസാമാന്യ ധീരത പ്രകടിപ്പിച്ച ജവാന്മാർ അവസാനം നക്സലൈറ്റുകളുടെ തന്ത്രപ്രധാന താവളം തകർത്തു. രാജ്യത്തെ ചുവപ്പ് ഭീകരതയിൽനിന്ന് മുക്തമാക്കുന്നതിൽ സിആർപിഎഫും കോബ്ര സേനയും നൽകിയ സംഭാവനകൾ ഏറെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
മതപരമായ പല ആഘോഷങ്ങളും മഹാകുംഭമേളയും അമർനാഥ് യാത്രയും വിജയകരമായി നടത്തുന്നതിൽ സിആർപിഎഫ് ജവാന്മാർ വലിയ സംഭാവനകൾ നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ സംരക്ഷിക്കുന്നതിലും സിആർപിഎഫ് നിരന്തര പരിശ്രമം തുടരുകയാണെന്നും ശ്രീ അമിത്ഷാ കൂട്ടിച്ചേർത്തു.
***
( റിലീസ് ഐ.ഡി: 2231232)
സന്ദര്‍ശക കൗണ്ടര്‍ : 5