ആഗോള വിപണികൾക്കായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ വകുപ്പിന്റെ മുൻനിര സംരംഭമായ കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന്റെ (ഇ.പി.എം) കീഴിലുള്ള ഏഴ് അധിക ഇടപെടലുകൾ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ ഇന്ന് ആരംഭിച്ചു.
ഇന്ത്യൻ കയറ്റുമതിക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും, വിശാലവും സമഗ്രവുമായ കയറ്റുമതി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു കയറ്റുമതി ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ഇടപെടലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര വാണിജ്യ സെക്രട്ടറി ശ്രീ. രാജേഷ് അഗർവാളും ചടങ്ങിൽ പങ്കെടുത്തു.
ലോക സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. ഗോയൽ പറഞ്ഞു, ''സാമൂഹിക നീതി എന്നത് പിരമിഡിന്റെ അടിത്തട്ടിലുള്ള അവസാന വ്യക്തിയിലേക്ക് എത്തിച്ചേരേണ്ടതാണെന്ന്. എല്ലാവരെയും ഉൾച്ചേർക്കുന്ന വളർച്ച, പാർശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണം, ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അവസരങ്ങൾ നൽകൽ എന്നിവ യഥാർത്ഥ സാമൂഹിക നീതി കൈവരിക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും ആഗോള പങ്കാളിത്തങ്ങളിലും ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. അടുത്തിടെ സമാപിച്ച എ.ഐ ഉച്ചകോടിയെ പരാമർശിച്ചുകൊണ്ട്, നിർമിത ബുദ്ധിയെയും ഭാവി സാങ്കേതികവിദ്യകളെയും കുറിച്ചുള്ള ആഗോള സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയെ പ്രതിഷ്ഠിച്ചതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും അദ്ദേഹം അഭിനന്ദിച്ചു. നിർമിത ബുദ്ധി, യന്ത്രഭാഷാ പഠനം (മെഷീൻ ലേണിങ്), ക്വാണ്ടം കമ്പ്യൂട്ടിങ്, ഡാറ്റാ സെന്ററുകൾ, തദ്ദേശീയ ബൃഹദ് ഭാഷാ മാതൃകകൾ എന്നിവയിലെ പുരോഗതി ഇന്ത്യയിലെ യുവാക്കൾക്ക് ഗണ്യമായ അവസരങ്ങൾ തുറക്കുമെന്നും മേഖലകളിലുടനീളം നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറു(എഫ്.ടി.എ)കളുടെ ശൃംഖല ഇന്ത്യൻ കയറ്റുമതിക്കാരുടെ വിപണി അഭിഗമ്യത ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ. ഗോയൽ അടിവരയിട്ടു. ആഗോള ജി.ഡി.പിയുടെ ഏകദേശം 70 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ ഒമ്പത് പൂർത്തീകൃത എഫ്.ടി.എകൾ വഴി ഇന്ത്യയ്ക്ക് അഭിഗമ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഇതിൽ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ഉൾപ്പെടുന്നു. വികസിതവും ഉയർന്നുവരുന്നതുമായ 38 സമ്പദ്വ്യവസ്ഥകളിലെ മേഖലകളിൽ ഈ കരാറുകൾ മുൻഗണനാപരമായ പ്രവേശനം പ്രദാനം ചെയ്യുന്നു.
ഇന്ത്യ ഇന്ന് വികസിത സമ്പദ് വ്യവസ്ഥകളുമായി ആത്മവിശ്വാസത്തോടെ ഇടപഴകുന്നുവെന്നും, മത്സര ശക്തിയുടെ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം സംവേദനാത്മക മേഖലകളെ സംരക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 2022 മുതൽ, ഇന്ത്യ വ്യാപാര ഇടപെടലുകൾ ത്വരിതപ്പെടുത്തി, ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിൽ പങ്കാളിത്തം വികസിപ്പിച്ചു, നിയമനടപടിക്രമാനുസരണ ബാധ്യതകൾ കുറച്ചു, നിരവധി നിയമങ്ങൾ ക്രിമിനൽ വിരുദ്ധമാക്കി ബിസിനസ്സ് ചെയ്യുന്നതിനുള്ള അനായാസത മെച്ചപ്പെടുത്തി. രാജ്യത്തിന്റെ വൈവിധ്യവും സാമ്പത്തിക സാധ്യതയും പ്രദർശിപ്പിച്ചുകൊണ്ട്, ജി 20 ഉച്ചകോടിയ്ക്ക് വിവിധ നഗരങ്ങളിലായി ഇന്ത്യ വിജയകരമായ ആതിഥേയത്വം വഹിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ആഗോള വ്യാപാരത്തിന്റെ നേട്ടങ്ങൾ എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവയിലേക്കും എത്തിച്ചേരണമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ ഗോയൽ, ഇന്ത്യൻ ബിസിനസുകൾക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം നൽകുന്നതിനൊപ്പം പുതിയ ഉല്പന്നങ്ങൾ, സേവനങ്ങൾ, കയറ്റുമതിക്കാർ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കയറ്റുമതി പ്രോത്സാഹന ദൗത്യം ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. ഫെബ്രുവരി ആദ്യ പകുതിയിൽ ഇന്ത്യ ചരക്ക് കയറ്റുമതിയിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ശക്തമായ വിപണി ആത്മവിശ്വാസത്തെയും മുൻകൈയെടുത്തുള്ള വ്യവസായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി പ്രക്രിയകൾ ലളിതവത്കരിക്കുക, വായ്പ ലഭ്യത ശക്തിപ്പെടുത്തുക, ഗുണനിലവാര മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിനെ പിന്തുണയ്ക്കുക, ആഗോളതലത്തിൽ ചരക്ക് നീക്ക സൗകര്യങ്ങളും സംഭരണശാല അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ ഭാരത് മാർട്ട് ഉൾപ്പെടെയുള്ള വിദേശ വെയർഹൗസിങ് പോലുള്ള സംരംഭങ്ങൾ ജി.സി.സി, ആഫ്രിക്ക, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഇന്ത്യൻ കയറ്റുമതിക്കാർക്ക് തന്ത്രപരമായ പ്രവേശനം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.
ഏകീകൃതവും ഡിജിറ്റൽ അവലോകനത്തിലുള്ളതുമായ ചട്ടക്കൂടിലൂടെ 'നിര്യത് പ്രോത്സാഹൻ' എന്നതിന് കീഴിലുള്ള സാമ്പത്തിക സഹായകരെയും 'നിര്യത് ദിശ' എന്നതിന് കീഴിലുള്ള വ്യാപാര ആവാസവ്യവസ്ഥ പിന്തുണയെയും സംയോജിപ്പിച്ചുകൊണ്ട് കയറ്റുമതി പ്രോത്സാഹന ദൗത്യം, ഒരു സമഗ്രമായ ആവാസവ്യവസ്ഥാ സമീപനം സ്വീകരിക്കുന്നു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം, എക്സിം ബാങ്ക്, സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള വായ്പാ ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (സി.ജി.ടി.എം.എസ്.ഇ), ദേശീയ വായ്പാ ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എൻ.സി.ജി.ടി.സി), നിയന്ത്രിത വായ്പാ സ്ഥാപനങ്ങൾ, വിദേശത്തുള്ള ഇന്ത്യൻ ദൗത്യങ്ങൾ, ഇ.പി.സികൾ, വ്യവസായ പങ്കാളികൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് കേന്ദ്ര വാണിജ്യ വകുപ്പ് ഈ ദൗത്യം നടപ്പിലാക്കുന്നത്.
ഉയർന്ന മൂലധനച്ചെലവ്, വൈവിധ്യമാർന്ന വ്യാപാര ധനകാര്യ ഉപകരണങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, അന്താരാഷ്ട്ര വിപണികളിലെ നിയമനടപടിക്രമാനുസരണ ബാധ്യതകൾ, ലോജിസ്റ്റിക്‌സിലെ പോരായ്മകൾ, വിപണി പ്രവേശനത്തിനുള്ള തടസ്സങ്ങൾ എന്നിവയുൾപ്പെടെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നേരിടുന്ന ഘടനാപരമായ പരിമിതികൾ പരിഹരിക്കുന്നതിനാണ് പുതുതായി ആരംഭിച്ച ഇടപെടലുകൾ ലക്ഷ്യമിടുന്നത്.
നിര്യത് പ്രോത്സാഹന്റെ കീഴിൽ ആരംഭിച്ച ഇടപെടലുകളിൽ ഇവ ഉൾപ്പെടുന്നു:
1. ബദൽ വ്യപാര ഉപാധികൾക്കുള്ള പിന്തുണ (കയറ്റുമതി ഫാക്ടറിങ്) - എം.എസ്.എം.ഇകൾക്ക് താങ്ങാനാവുന്ന പ്രവർത്തന മൂലധന പരിഹാരമായി കയറ്റുമതി ഫാക്ടറിങ്ങിനെ ഈ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നു. ആർ.ബി.ഐ/ഐ.എഫ്.എസ്.സി.എ അംഗീകൃത സ്ഥാപനങ്ങൾ വഴി നടത്തുന്ന യോഗ്യമായ ഇടപാടുകൾക്ക് ഫാക്ടറിംഗ് ചെലവിൽ 2.75 ശതമാനം പലിശ ഇളവ് നൽകും. ഒരു എം.എസ്.എം.ഇക്ക് പ്രതിവർഷം 50 ലക്ഷം രൂപ എന്ന നിലയിൽ സഹായം പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ സുതാര്യതയും സമയബന്ധിതമായ വിതരണവും ഉറപ്പാക്കുന്നതിന് ഒരു ഡിജിറ്റൽ ക്ലെയിം സംവിധാനം വഴി ഇത് പ്രക്രിയവത്കരിക്കും.
2. ഇ-കൊമേഴ്സ് കയറ്റുമതിക്കാർക്കുള്ള വായ്പാ സഹായം - ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കുന്ന കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായി, പലിശ ഇളവും ഭാഗിക വായ്പാ ഗ്യാരണ്ടികളും ഉള്ള ഘടനാപരമായ വായ്പാ സൗകര്യങ്ങൾ അവതരിപ്പിക്കുന്നു. നേരിട്ടുള്ള ഇ-കൊമേഴ്സ് വായ്പാ സൗകര്യം 90 ശതമാനം ഗ്യാരണ്ടി പരിധിയോടെ 50 ലക്ഷം രൂപ വരെ പിന്തുണ നൽകും. ഓവർസീസ് ഇൻവെന്ററി ക്രെഡിറ്റ് സൗകര്യം 75 ശതമാനം ഗ്യാരണ്ടി പരിധിയോടെ 5 കോടി രൂപ വരെ പിന്തുണയേകും. ഓരോ അപേക്ഷകനും 15 ലക്ഷം രൂപ എന്ന വാർഷിക പരിധിക്ക് വിധേയമായി 2.75 ശതമാനം പലിശ ഇളവ് ലഭ്യമാകും.
3. ഉയർന്നുവരുന്ന കയറ്റുമതി അവസരങ്ങൾക്കുള്ള പിന്തുണ- ഈ ഇടപെടൽ കയറ്റുമതിക്കാരെ വിവിധ പങ്കിട്ട-വെല്ലുവിളി നിറഞ്ഞ, വായ്പാ ഉപാധികൾ വഴി പുതിയതോ ഉയർന്ന വെല്ലുവിളിയുള്ളതോ ആയ വിപണികളിലേക്ക് പ്രവേശിക്കാൻ പ്രാപ്തരാക്കുന്നു. കയറ്റുമതിക്കാരുടെ ആത്മവിശ്വാസവും പണലഭ്യത പ്രവാഹങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ ഘടനാപരമായ സംവിധാനങ്ങൾ ലക്ഷ്യമിടുന്നത്.
കൂടാതെ, നിര്യത് ദിശയുടെ കീഴിൽ ഇനിപ്പറയുന്ന ഇടപെടലുകൾ ആരംഭിച്ചു:
1. വ്യാപാര നിയന്ത്രണങ്ങൾ, അംഗീകാരവും നിയമാനുവർത്തനവും പ്രാപ്തമാക്കൽ (ടി.ആർ.എ.സി.ഇ)-
അന്താരാഷ്ട്ര പരിശോധനകൾ, സൂക്ഷ്മപരിശോധനകൾ, സാക്ഷ്യപ്പെടുത്തലുകൾ, മറ്റ് അനുരൂപതാ ആവശ്യകതകൾ എന്നിവ നിറവേറ്റുന്നതിൽ കയറ്റുമതിക്കാരെ ട്രേസ് പിന്തുണയ്ക്കുന്നു. യോഗ്യതാ പരിശോധന, സൂക്ഷ്മപരിശോധന, സാക്ഷ്യപ്പെടുത്തൽ ചെലവുകൾക്ക് പോസിറ്റീവ് ലിസ്റ്റിന് കീഴിൽ 60 ശതമാനവും മുൻഗണനാ പോസിറ്റീവ് ലിസ്റ്റിന് കീഴിൽ 75 ശതമാനവും ഭാഗികമായി തിരികെ നൽകും, ഇത് ഐ.ഇ.സിയ്ക്ക് വാർഷിക പരിധി 25 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമാണ്.
2. ലോജിസ്റ്റിക്‌സ്, ഓവർസീസ് വെയർഹൗസിങും ഓർഡർ പൂർത്തീകരണവും സുഗമമമാക്കൽ (എഫ്.എൽ.ഒ.ഡബ്ല്യു) -
ആഗോള വിതരണ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്ന ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിദേശ വെയർഹൗസിങ്ങിലേക്കും ഓർഡർ പൂർത്തീകരണ അടിസ്ഥാനസൗകര്യങ്ങളിലേക്കും പ്രവേശനം നേടുന്നതിന് കയറ്റുമതിക്കാരെ എഫ്.എൽ.ഒ.ഡബ്ല്യു പിന്തുണയ്ക്കുന്നു. നിശ്ചിത പരിധികൾക്കും എം.എസ്.എം.ഇ പങ്കാളിത്ത മാനദണ്ഡങ്ങൾക്കും വിധേയമായി, പരമാവധി മൂന്ന് വർഷത്തേക്ക് അംഗീകൃത പദ്ധതി ചെലവിന്റെ 30 ശതമാനം വരെ സഹായം നൽകും.
3. ചരക്ക്, ഗതാഗതത്തിനായുള്ള ലോജിസ്റ്റിക് ഇടപെടലുകൾ (എൽ.ഐ.എഫ്.ടി)-
കയറ്റുമതി തീവ്രത കുറഞ്ഞ ജില്ലകളിലെ കയറ്റുമതിക്കാർ നേരിടുന്ന ഭൂമിശാസ്ത്രപരമായ പോരായ്മകൾ എൽ.ഐ.എഫ്.ടി ലഘൂകരിക്കുന്നു. ഒരു സാമ്പത്തിക വർഷത്തിൽ ഒരു ഐ.ഇ.സിയ്ക്ക് 20 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായി, അർഹമായ ചരക്ക് ചെലവിന്റെ 30 ശതമാനം വരെ ഭാഗികമായി തിരിച്ചടവ് നൽകും.
4. വ്യാപാര വിവരശേഖരണത്തിനും സൗകര്യമൊരുക്കുന്നതിനുമുള്ള സംയോജിത സഹായം (ട്രേഡ് ഇന്റലിജൻസ്-ഫെസിലിറ്റേഷൻ ഇന്റഗ്രേറ്റഡ് സപ്പോർട്ട്)-
കയറ്റുമതിക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, ജില്ലകളുടെ കീഴിൽ കയറ്റുമതി ഹബ്ബ് സംരംഭമെന്ന നിലയിൽ ജില്ലാതലത്തിലും ക്ലസ്റ്റർതലത്തിലും സൗകര്യമൊരുക്കൽ, വ്യാപാര ഇന്റലിജൻസ് സംവിധാനങ്ങളുടെ വികസനം എന്നിവ ഇൻസൈറ്റ് ശക്തിപ്പെടുത്തുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിദേശത്തുള്ള ഇന്ത്യൻ ദൗത്യങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്ക് 100 ശതമാനം വരെ പിന്തുണയോടെ പദ്ധതി ചെലവിന്റെ 50 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും. ഇത് വിജ്ഞാപനം ചെയ്ത പരിധികൾക്ക് വിധേയമാണ്.
ഈ ഏകോപിത സാമ്പത്തിക, ആവാസവ്യവസ്ഥാ ഇടപെടലുകളിലൂടെ, മൂലധനച്ചെലവ് കുറയ്ക്കുക, വ്യാപാര ധനകാര്യ ഉപകരണങ്ങൾ വൈവിധ്യവത്കരിക്കുക, നിയമനടപടിക്രമാനുസരണ സന്നദ്ധത വർദ്ധിപ്പിക്കുക, ലോജിസ്റ്റിക് പരിമിതികൾ പരിഹരിക്കുക, എം.എസ്.എം.ഇകൾക്കായുള്ള വിദേശ വിപണി സംയോജനം ശക്തിപ്പെടുത്തുക എന്നിവയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
മൂന്ന് ഇടപെടലുകൾ:
വിപണി പ്രവേശന സഹായം, ചരക്ക് അയയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള കയറ്റുമതി വായ്പകൾക്കുള്ള പലിശ സബ്‌സിഡി, കയറ്റുമതി വായ്പകൾക്കുള്ള ജാമ്യ പിന്തുണ എന്നീ 3 ഇടപെടലുകൾ ഇതിനകം നടപ്പിലാക്കിവരികയാണ്. ഈ സമാരംഭത്തോടെ, ഇ.പി.എമ്മിന് കീഴിലുള്ള 11 നിർദ്ദിഷ്ട ഇടപെടലുകളിൽ 10 എണ്ണം ഇപ്പോൾ പ്രവർത്തനക്ഷമമായി.
സംസ്ഥാന സർക്കാറുകൾ, കയറ്റുമതി പ്രോത്സാഹന സമിതികൾ (ഇ.പി.സി), എഫ്.ഐ.ഇ.ഒ, ഇ.ഇ.പി.സി, ജി.ജെ.ഇ.പി.സി, സി.ഐ.ഐ, എഫ്.ഐ.സി.സി.ഐ, പി.എച്ച്.ഡി.സി.സി.ഐ, അസോചം, നാസ്‌കോം എന്നിവയുൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ഇതിന്റെ ഫലപ്രദ നിർവഹണത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
****