ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയ്ക്കിടെ 'പാക്സ് സിലിക്ക'യിൽ ഒപ്പുവെച്ച് ഇന്ത്യ; യുഎസുമായി തന്ത്രപരമായ സാങ്കേതിക സഹകരണം ശക്തമാക്കും

പോസ്റ്റഡ് ഓണ്‍: 20 FEB 2026 12:56PM by PIB Thiruvananthpuram
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ അഞ്ചാം ദിനമായ ഇന്ന്, ഇന്ത്യ ഔദ്യോഗികമായി 'പാക്സ് സിലിക്ക' സഖ്യത്തിൽ ചേർന്നു. ഇന്ത്യയും യുഎസും തമ്മിലെ തന്ത്രപരമായ സാങ്കേതികവിദ്യയുടെയും വിതരണ ശൃംഖലയുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണിത്. എഐ അധിഷ്ഠിത ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തു പകരുന്ന സമ്പൂർണ സാങ്കേതികവിദ്യ ഉറപ്പാക്കാന്‍ പങ്കാളിത്ത പ്രതിബദ്ധതയ്ക്ക് അടിവരയിട്ട് ഇരുരാജ്യങ്ങളിലെയും മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.  
 
 
നിർണ്ണായക ധാതുക്കളുടെ ഖനനവും അര്‍ധചാലക നിർമാണവും മുതല്‍  അത്യാധുനിക എഐ സംവിധാനങ്ങളുടെയും വിന്യാസങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾക്ക് വരെ ആവശ്യമായ "സിലിക്കൺ സ്റ്റാക്ക്" സുരക്ഷിതമാക്കാൻ പ്രതിബദ്ധരായ വിശ്വസ്ത രാഷ്ട്രങ്ങളുടെ തന്ത്രപരമായ സഖ്യമെന്ന നിലയിലാണ് പാക്സ് സിലിക്ക വിഭാവനം ചെയ്തിരിക്കുന്നത്. ആഗോള വിതരണ ശൃംഖലകളിലെ അമിത കേന്ദ്രീകരണം കുറയ്ക്കാനും  സാമ്പത്തിക സമ്മർദങ്ങൾ തടയാനും വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനവും നിയന്ത്രണവും സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങളാണെന്ന് ഉറപ്പാക്കാനും  സംരംഭം ലക്ഷ്യമിടുന്നു.
 
 
പരിപാടിയെ  കേവലം ഒപ്പുവെയ്ക്കല്‍ ചടങ്ങിനെക്കാളുപരിയായാണ് കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്. നാം ഒരു ഉച്ചകോടി നടത്തുക മാത്രമല്ല ചെയ്യുന്നതെന്നും  ഭാവി കെട്ടിപ്പടുക്കുകയാണെന്നും അതുവഴി യുവതലമുറയ്ക്കായി പുതിയ അടിത്തറകളും  അവസരങ്ങളും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  
 
1947 മുതല്‍ ഇന്ത്യയുടെ വളർച്ചാ നിരക്ക് ശ്രദ്ധിച്ചാൽ അതിന്റെ ഗുണഫലങ്ങൾ കാലക്രമേണ എത്രത്തോളം വർധിച്ചുവെന്ന് നമുക്കെല്ലാം സങ്കൽപ്പിക്കാനാവുമെന്ന്  സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയുടെ വളർച്ചാ ശക്തിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം പറഞ്ഞു. അര്‍ധചാലക മേഖലയില്‍ രാജ്യത്തിന്റെ ഉയര്‍ന്നുവരുന്ന ശേഷിയെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു: ഇന്ത്യയിലെ കഴിവുറ്റ എന്‍ജിനീയർമാർ ഇന്ന് ലോകത്തെ അതിനൂതനമായ 2nm ചിപ്പുകൾ രൂപകല്പന ചെയ്യുന്നു. അര്‍ധചാലക വ്യവസായത്തിന് ഏകദേശം പത്ത് ലക്ഷം പുതിയ വിദഗ്ധ പ്രൊഫഷണലുകളെ ആവശ്യമായി വരും. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയ അവസരമാണെന്നും ശ്രീ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.  
 
 
പ്രഖ്യാപനം കേവലം കടലാസിലെ കരാറല്ലെന്നും പങ്കിട്ട ഭാവിയ്ക്ക് വഴിയൊരുക്കുന്ന  ആസൂത്രണമാണെന്നും ചടങ്ങിൽ സംസാരിക്കവെ യുഎസ് സാമ്പത്തിക വളർച്ച - ഊർജ - പരിസ്ഥിതി വിഭാഗം അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് പറ‍ഞ്ഞു.  
 
സാങ്കേതികവിദ്യ ആയുധമാക്കി മറ്റുള്ളവരെ ആശ്രയിക്കാന്‍ നിർബന്ധിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വഴങ്ങില്ലെന്ന പ്രഖ്യാപനമാണ് പാക്സ് സിലിക്ക പ്രഖ്യാപനത്തിലൂടെ മുന്നോട്ടുവെയ്ക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു.  സാമ്പത്തിക സുരക്ഷയെന്നാൽ ദേശീയ സുരക്ഷയാണെന്ന് നാം ഒരുമിച്ച് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  
 
ഭൂമിക്കടിയിലെ ധാതുക്കളും ലാബുകളിലെയും ഫാബുകളിലെയും സിലിക്കൺ വേഫറുകളും മനുഷ്യന്റെ കഴിവുകളെ പുറത്തെടുക്കുന്ന ബുദ്ധിശക്തിയുമടക്കം ഭാവിയുടെ സമ്പൂർണ സാങ്കേതികവിദ്യയെയാണ് നാം സുരക്ഷിതമാക്കുന്നതെന്ന് സംരംഭത്തിന്റെ വിശാലലക്ഷ്യങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. ഭാവിയെ നിർമിക്കുന്നവരുടേതാണ് ഭാവി എന്ന പ്രഖ്യാപനമാണ് പാക്സ് സിലിക്കയെന്ന് അദ്ദേഹം വിശദീകരിച്ചു.  
 
ഈ വികാരം പങ്കുവെച്ച ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പാക്സ് ഇന്ത്യയുടെ പാക്സ് സിലിക്ക പ്രവേശനം നയതന്ത്രപരവും അത്യന്താപേക്ഷിതവുമാണെന്ന് അഭിപ്രായപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക സാങ്കേതിക ക്രമത്തെ നിർവചിക്കുന്ന സഖ്യമാണ് പാക്സ് സിലിക്കയെന്ന് അദ്ദേഹം പറഞ്ഞു. നിർണായക ധാതു  ഖനികൾ മുതൽ ചിപ്പുകൾ നിർമിക്കുന്ന ഫാബുകൾ വരെയും അത്യാധുനിക എഐ വിന്യസിക്കുന്ന ഡാറ്റാ സെന്ററുകൾ വരെയും നീളുന്ന സമ്പൂർണ സിലിക്കൺ സ്റ്റാക്കിനെ സുരക്ഷിതമാക്കാനാണ് സഖ്യം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.  
 
പങ്കാളിത്തത്തിന്റെ ജനാധിപത്യ അടിത്തറ സംബന്ധിച്ച് പരാമര്‍ശിച്ച അംബാസഡർ ഗോർ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിർണായക സ്ഥാനങ്ങളെ സ്വതന്ത്ര സമൂഹങ്ങൾ നിയന്ത്രിക്കുമോ എന്നതിനെക്കുറിച്ചാണ് പാക്സ് സിലിക്കയെന്ന്  അഭിപ്രായപ്പെട്ടു.  സ്വാതന്ത്ര്യവും പങ്കാളിത്തവും കരുത്തുമാണ് ഇതിലൂടെ നാം  തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  
 
നിർമിതബുദ്ധിയുടെയും നൂതന സാങ്കേതികവിദ്യകളുടെയും ഭാവി കേവലം യാദൃച്ഛികതയ്ക്ക് വിട്ടുകൊടുക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെ പാക്സ് സിലിക്ക ഒപ്പുവെയ്ക്കല്‍ നൽകിയത്.  സ്വാതന്ത്ര്യം, പങ്കാളിത്തം, ദീർഘകാല പ്രതിരോധശേഷി എന്നിവയോട് പ്രതിജ്ഞാബദ്ധരായ രാഷ്ട്രങ്ങൾ ബോധപൂർവം ഈ ഭാവി കെട്ടിപ്പടുക്കും.  
 
പാക്സ് സിലിക്ക ഒപ്പുവെയ്ക്കല്‍  ചടങ്ങിന് പിന്നാലെ സംഘടിപ്പിച്ച  ഉന്നതതല ചർച്ചയിൽ ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്‌റോത്ര, ടാറ്റ ഇലക്ട്രോണിക്സ് സിഇഒയും എംഡിയുമായ രൺധീർ താക്കൂർ എന്നിവർ പങ്കെടുത്തു. എഐ ലക്ഷ്യങ്ങളും അര്‍ധചാലക പ്രതിരോധശേഷിയും തമ്മിലെ തന്ത്രപരമായ ഒത്തുചേരലിനെക്കുറിച്ച്  ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു.  രാജ്യത്തിന്റെ മൂല്യങ്ങൾ പങ്കുവെക്കുന്ന വിശ്വസ്ത പങ്കാളികളുമായി ശക്തമായ സഹകരണമാണ് ലക്ഷ്യമിടുന്നതെന്ന് എഐ, അര്‍ധചാലകം, നിർണായക ധാതുക്കൾ എന്നിവയിലുടനീളം ഇന്ത്യ നടത്തിവരുന്ന ഏകോപിത നീക്കങ്ങളെക്കുറിച്ച് സംസാരിക്കവെ  ശ്രീ എസ്. കൃഷ്ണൻ വ്യക്തമാക്കി.  ഇത് ഭാവിയിലെ ആഗോള സാങ്കേതിക ആവാസവ്യവസ്ഥയിൽ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 
എഐ വിപ്ലവം അങ്ങ് ചക്രവാളത്തിലല്ലെന്നും അത് ഇതിനകം ഇവിടെ എത്തിക്കഴിഞ്ഞുവെന്നും മാറ്റത്തിന്റെ വേഗത്തെക്കുറിച്ച് പരാമര്‍ശിച്ച സെർജിയോ ഗോർ  പറഞ്ഞു. ശക്തവും സുരക്ഷിതവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള പങ്കിട്ട പ്രതിബദ്ധതയായും  നന്മയ്ക്കായി നിര്‍മിതബുദ്ധിയെ വളർത്തുന്ന പരസ്പര സഹകരണ ആവാസവ്യവസ്ഥയായും വിതരണ ശൃംഖലയെക്കുറിച്ച് സംസാരിച്ച മെഹ്‌റോത്ര കരാറിനെ വിശേഷിപ്പിച്ചു.  പാക്സ് സിലിക്കയെ സമയോചിതവും തന്ത്രപരവുമായ ചുവടുവെപ്പായി വിശേഷിപ്പിച്ച രൺധീർ താക്കൂർ അര്‍ധചാലക യാത്ര എക്കാലവും പദാർത്ഥങ്ങളിലും നൂതനാശയങ്ങളിലും കംപ്യൂട്ട് ശേഷിയിലുമാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി.  
 
****

( റിലീസ് ഐ.ഡി: 2230839) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada