പ്രധാനമന്ത്രിയുടെ ഓഫീസ്
ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
13 FEB 2026 9:59PM by PIB Thiruvananthpuram
ഈ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ഏവർക്കും എന്റെ ആശംസകൾ നേരുന്നു. “തടസങ്ങളുടെ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്” (A Decade of Disruption, A Century of Change) എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. വിനീത് ജിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ജോലി കൂടുതൽ എളുപ്പമായെന്ന് എനിക്ക് തോന്നുന്നു. എങ്കിലും ചെറിയൊരു അഭ്യർത്ഥനയുണ്ട് - നിങ്ങൾക്ക് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട്, അത് ചിലപ്പോഴൊക്കെ ഇക്കണോമിക് ടൈംസിലും (ET) പ്രതിഫലിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ പതിറ്റാണ്ട് അഭൂതപൂർവമായ തടസങ്ങളുടേതായിരുന്നു. ഒരൊറ്റ പതിറ്റാണ്ടിനുള്ളിൽ ആഗോള മഹാമാരി, വിവിധ പ്രദേശങ്ങളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ ഉലച്ച വിതരണ ശൃംഖലയിലെ തകർച്ചകൾ എന്നിവയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. എന്നാൽ സുഹൃത്തുക്കളേ, പ്രതിസന്ധികളിലാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് വെളിവാകുക എന്ന് പറയാറുണ്ട്. ഇത്രയധികം തടസ്സങ്ങൾക്കിടയിലും, ഈ ദശകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ വികസനത്തിന്റെയും, ശ്രദ്ധേയമായ നേട്ടങ്ങളുടെയും, ജനാധിപത്യം ശക്തിപ്പെട്ടതിന്റെയും കാലമായിരുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ട് ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. അത്തരം പ്രക്ഷുബ്ധതകൾക്കിടയിൽ ഇന്ത്യ ഇനിയും പിന്നോട്ട് പോകുമെന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ അതിവേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ കുതിക്കുകയാണ്. നിങ്ങൾ പറയുന്ന ഈ "മാറ്റങ്ങളുടെ നൂറ്റാണ്ട്", വലിയ ഉത്തരവാദിത്തത്തോടെ ഞാൻ പറയുന്നു, അത് പ്രധാനമായും ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കും. ഇന്ന് ആഗോള വളർച്ചയുടെ 16 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. വരും വർഷങ്ങളിൽ നമ്മുടെ സംഭാവന ക്രമാനുഗതമായി വർദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ജോത്സ്യനെപ്പോലെ പ്രവചനങ്ങൾ നടത്താനല്ല ഞാൻ ഇവിടെ വന്നത്. ഇന്ത്യ ആഗോള വളർച്ചയെ നയിക്കും; അത് ലോക സമ്പദ്‌വ്യവസ്ഥയുടെ പുതിയ യന്ത്രമായി മാറും.
സുഹൃത്തുക്കളേ,
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു പുതിയ ആഗോള ക്രമം രൂപപ്പെട്ടിരുന്നു. എന്നാൽ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ആ വ്യവസ്ഥിതി തകരുകയാണ്. ലോകം ഒരു പുതിയ ആഗോള ക്രമത്തിലേക്ക് നീങ്ങുകയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? നേരത്തെയുള്ള വ്യവസ്ഥിതിയുടെ അടിത്തറ "എല്ലാവർക്കും ഒരേ രീതി" (One Size Fits All) എന്ന സമീപനത്തിലായിരുന്നു. ലോക സമ്പദ്‌വ്യവസ്ഥ ഒരു കേന്ദ്രത്തിലായിരിക്കുമെന്നും വിതരണ ശൃംഖലകൾ ശക്തവും ആശ്രയിക്കാവുന്നതുമായിരിക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. രാജ്യങ്ങളെ ആ ചട്ടക്കൂടിനുള്ളിലെ കേവലം സംഭാവന നൽകുന്നവരായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ഈ മാതൃക വെല്ലുവിളിക്കപ്പെടുകയും അതിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഓരോ രാജ്യവും ഇപ്പോൾ സ്വന്തം പ്രതിരോധശേഷി കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു.
സുഹൃത്തുക്കളെ,
ലോകം ഇന്ന് എന്തിനെക്കുറിച്ചാണോ ചർച്ച ചെയ്യുന്നത്, അത് പത്ത് വർഷം മുമ്പ് 2015-ൽ തന്നെ ഇന്ത്യ തങ്ങളുടെ നയത്തിന്റെ ഭാഗമാക്കിയിരുന്നു. നീതി ആയോഗ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക രേഖയിൽ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമായി പ്രസ്താവിച്ചിരുന്നു: ഇന്ത്യ മറ്റൊരു രാജ്യത്തുനിന്നും ഒരു വികസന മാതൃകയും ഇറക്കുമതി ചെയ്യില്ല. ഇന്ത്യയുടെ വികസനത്തിനായി ഒരു 'ഇന്ത്യൻ സമീപനം' തന്നെ നമ്മൾ പിന്തുടരും. സ്വന്തം ആവശ്യങ്ങൾക്കും ദേശീയ താൽപ്പര്യങ്ങൾക്കും അനുസൃതമായി തീരുമാനങ്ങൾ എടുക്കാനുള്ള ആത്മവിശ്വാസം ഈ നയം ഇന്ത്യക്ക് നൽകി. ആഗോളതലത്തിൽ തടസ്സങ്ങൾ നിറഞ്ഞ ഒരു ദശകമായിരുന്നിട്ടും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തളരാതെ കൂടുതൽ കരുത്താർജ്ജിച്ചതിന്റെ പ്രധാന കാരണവും ഇതാണ്.
സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ദശകത്തിൽ ഇന്ത്യ ഒരു 'പരിഷ്കരണ എക്സ്പ്രസ്സിലാണ്' (Reform Express) സഞ്ചരിക്കുന്നത്. ഈ പരിഷ്കരണ എക്സ്പ്രസ്സിന്റെ ഏറ്റവും വലിയ പ്രത്യേകത, നമ്മൾ ഇത് ത്വരിതപ്പെടുത്തുന്നത് നിർബന്ധിത സാഹചര്യങ്ങൾ കൊണ്ടല്ല, മറിച്ച് ദൃഢനിശ്ചയത്തോടെയും പരിഷ്കരണത്തോടുള്ള പ്രതിബദ്ധതയോടെയുമാണ് എന്നതാണ്. സാമ്പത്തിക ലോകത്തെ പ്രമുഖരായ നിരവധി വിദഗ്ധർ ഇവിടെ സന്നിഹിതരാണ്. 2014-ന് മുമ്പുള്ള കാലഘട്ടം നിങ്ങൾ കണ്ടതാണ്. സാഹചര്യങ്ങൾ നിർബന്ധിക്കുമ്പോഴോ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴോ മറ്റ് വഴികളില്ലാതെ വരുമ്പോഴോ മാത്രമാണ് അന്ന് പരിഷ്കരണങ്ങൾ നടന്നിരുന്നത്. 1991-ലെ പരിഷ്കരണങ്ങൾ നടന്നത് രാജ്യം പാപ്പരാകുമെന്ന ഭീഷണി നേരിട്ടപ്പോഴും സ്വർണം പണയം വെക്കേണ്ടി വന്നപ്പോഴുമായിരുന്നു. മുൻ ഗവൺമെന്റുകളുടെ സമീപനം അതായിരുന്നു - നിർബന്ധിത സാഹചര്യങ്ങളിൽ മാത്രം അവർ പരിഷ്കരണങ്ങൾ നടത്തി. 26/11 ഭീകരാക്രമണത്തിന് ശേഷം അന്നത്തെ കോൺഗ്രസ് ഗവൺമെന്റിന്റെ ബലഹീനതകൾ തുറന്നുകാട്ടപ്പെട്ടപ്പോഴാണ് NIA രൂപീകരിച്ചത്. ഊർജ്ജ മേഖല തകരുകയും ഗ്രിഡുകൾ പരാജയപ്പെടാൻ തുടങ്ങുകയും ചെയ്തപ്പോൾ മാത്രമാണ് ആവശ്യകത മുൻനിർത്തി ആ മേഖലയിൽ പരിഷ്കരണങ്ങൾ ഉണ്ടായത്.
സുഹൃത്തുക്കളേ,
നിർബന്ധിതമായി നടത്തുന്ന പരിഷ്കരണങ്ങളിലൂടെ ശരിയായ ഫലങ്ങളോ ആഗ്രഹിച്ച ദേശീയ ലക്ഷ്യങ്ങളോ കൈവരിക്കാനാവില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഉദാഹരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ നയങ്ങളിലും പ്രക്രിയകളിലും വിതരണത്തിലും ചിന്താഗതിയിലും വരെ പൂർണ്ണമായ ദൃഢനിശ്ചയത്തോടെ നമ്മൾ പരിഷ്കാരങ്ങൾ കൊണ്ടുവന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. കാരണം, നയങ്ങൾ മാറിയിട്ടും പ്രക്രിയകൾ പഴയപടി തുടരുകയാണെങ്കിൽ, ചിന്താഗതി മാറുന്നില്ലെങ്കിൽ, സേവന വിതരണം മെച്ചപ്പെടുന്നില്ലെങ്കിൽ പരിഷ്കാരങ്ങൾ വെറും കടലാസ് കഷണങ്ങളായി അവശേഷിക്കും. അതുകൊണ്ട് തന്നെ മുഴുവൻ സംവിധാനത്തെയും പരിവർത്തനം ചെയ്യാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് നമ്മൾ നടത്തിയത്.
സുഹൃത്തുക്കളേ,
പ്രക്രിയകളെക്കുറിച്ച് ഞാൻ സംസാരിക്കാം. ലളിതവും എന്നാൽ നിർണ്ണായകവുമായ ഒരു പ്രക്രിയയാണ് ക്യാബിനറ്റ് നോട്ടുകൾ (Cabinet notes) തയ്യാറാക്കുന്നത്. ഒരു ക്യാബിനറ്റ് നോട്ട് തയ്യാറാക്കാൻ പോലും മുമ്പ് മാസങ്ങളെടുക്കുമായിരുന്നു എന്ന് ഇവിടെയുള്ള പലർക്കും അറിയാമായിരിക്കും. ആ വേഗതയിൽ ഒരു രാജ്യത്തിന് എങ്ങനെ വികസിക്കാനാകും? അതിനാൽ നമ്മൾ ആ പ്രക്രിയ മാറ്റി. തീരുമാനങ്ങൾ എടുക്കുന്നത് സമയബന്ധിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കി. ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് നിശ്ചിത സമയത്തിനപ്പുറം ക്യാബിനറ്റ് നോട്ട് ഇരിക്കില്ലെന്ന് നമ്മൾ ഉറപ്പുവരുത്തി - ഒന്നുകിൽ അത് നിരസിക്കുക, അല്ലെങ്കിൽ തീരുമാനമെടുക്കുക. അതിന്റെ ഫലം ഇന്ന് രാജ്യം കാണുന്നുണ്ട്.
സുഹൃത്തുക്കളേ,
റെയിൽവേ ഓവർബ്രിഡ്ജുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചുള്ള ഒരു ഉദാഹരണം കൂടി ഞാൻ പറയാം. മുൻപൊക്കെ ഒരു രൂപരേഖയ്ക്ക് (ഡിസൈൻ) അംഗീകാരം ലഭിക്കാൻ തന്നെ വർഷങ്ങളെടുക്കുമായിരുന്നു. ഒന്നിലധികം ക്ലിയറൻസുകൾ ആവശ്യമായിരുന്നു, വിവിധ തലങ്ങളിൽ കത്തുകൾ അയക്കേണ്ടി വരുമായിരുന്നു—ഞാൻ പറയുന്നത് സ്വകാര്യ മേഖലയെക്കുറിച്ചല്ല, മറിച്ച് സർക്കാരിനുള്ളിലെ കാര്യങ്ങളെക്കുറിച്ചാണ്. നമ്മൾ ഇതിലും മാറ്റം വരുത്തി. ഇന്ന് റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ എത്ര വേഗത്തിലാണ് നിർമ്മിക്കപ്പെടുന്നത് എന്ന് നോക്കൂ. വിനീത് ജി ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
മറ്റൊരു രസകരമായ ഉദാഹരണം ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനമാണ്. അതിർത്തി പ്രദേശങ്ങളിൽ ഒരു ചെറിയ റോഡ് നിർമ്മിക്കാൻ പോലും ഡൽഹിയിൽ നിന്ന് അനുമതി തേടേണ്ടി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജില്ലാ തലത്തിൽ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ഒരു സംവിധാനവും പ്രായോഗികമായി ഉണ്ടായിരുന്നില്ല; തടസ്സങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉണ്ടായിരുന്നു, ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് പതിറ്റാണ്ടുകൾക്ക് ശേഷവും അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മോശം അവസ്ഥയിൽ തുടർന്നത്. 2014-ന് ശേഷം നമ്മൾ ഈ പ്രക്രിയ പരിഷ്കരിക്കുകയും പ്രാദേശിക ഭരണകൂടങ്ങളെ ശാക്തീകരിക്കുകയും ചെയ്തു. ഇന്ന് അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ദ്രുതഗതിയിലുള്ള മാറ്റമാണ് നമ്മൾ കാണുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകത്തിൽ ലോകമെമ്പാടും ചർച്ചയായ ഒരു പരിഷ്കാരമാണ് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ (UPI). ഇത് കേവലം ഒരു ആപ്പ് മാത്രമല്ല; നയത്തിന്റെയും പ്രക്രിയയുടെയും വിതരണത്തിന്റെയും അസാധാരണമായ ഒത്തുചേരലാണിത്. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവർക്ക് ഇന്ന് യുപിഐ സേവനം ലഭിക്കുന്നു. ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം, ജൻ ധൻ-ആധാർ-മൊബൈൽ ത്രിത്വം—ഈ പരിഷ്കാരങ്ങൾ ഉണ്ടായത് നിർബന്ധിതാവസ്ഥയിലല്ല, മറിച്ച് ദൃഢനിശ്ചയത്തിൽ നിന്നാണ്. മുൻ സർക്കാരുകൾ ഒരിക്കലും എത്തിനോക്കാത്ത പൗരന്മാരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു നമ്മുടെ ദൃഢനിശ്ചയം. ആരും ശ്രദ്ധിക്കാത്തവരെ മോദി ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്, ഇതേ വീര്യത്തോടെ തന്നെ നമ്മുടെ ഗവൺമെന്റ് മുന്നോട്ട് പോകുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ഈ പുതിയ ചിന്താഗതി നമ്മുടെ ബജറ്റിലും പ്രതിഫലിക്കുന്നുണ്ട്. മുമ്പ് ബജറ്റ് ചർച്ച ചെയ്യുമ്പോൾ ചെലവുകളിൽ (outlay) മാത്രമായിരുന്നു ശ്രദ്ധ—എത്ര രൂപ അനുവദിച്ചു, എന്തിന് വില കുറഞ്ഞു, എന്തിന് വില കൂടി എന്നതിലൊക്കെയായിരുന്നു ചർച്ചകൾ. ടെലിവിഷനിലെ ബജറ്റ് ചർച്ചകൾ മിക്കവാറും ആദായനികുതി കൂടിയോ കുറഞ്ഞോ എന്നതിനെ ചുറ്റിപ്പറ്റിയായിരിക്കും, രാജ്യത്ത് അതിനപ്പുറം മറ്റൊന്നും ഇല്ലാത്തതുപോലെയായിരുന്നു അത്. എത്ര പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചു എന്നത് തലക്കെട്ടുകളിൽ നിറയും, എന്നാൽ പിന്നീട് ആ പ്രഖ്യാപനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ആരും ചോദിക്കില്ല. അതിനാൽ, നമ്മൾ ബജറ്റിനെ കേവലം കണക്കുകളിൽ നിന്ന് മാറ്റി ഫലാധിഷ്ഠിതമാക്കി മാറ്റി.
സുഹൃത്തുക്കളേ,
ബജറ്റ് ചർച്ചകളിലെ മറ്റൊരു പ്രധാന മാറ്റം ഇതാണ്: 2014-ന് മുമ്പ് ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെക്കുറിച്ച് (off-budget borrowing) വലിയ ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ ബജറ്റിന് പുറത്തുള്ള പരിഷ്കാരങ്ങളെക്കുറിച്ചാണ് (off-budget reforms) ചർച്ചകൾ. ബജറ്റ് ചട്ടക്കൂടിന് പുറത്ത് നമ്മൾ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കി, പ്ലാനിംഗ് കമ്മീഷന് പകരം നീതി ആയോഗ് കൊണ്ടുവന്നു, ആർട്ടിക്കിൾ 370 നീക്കം ചെയ്തു, മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നു, നാരീശക്തി വന്ദൻ നിയമം പാസാക്കി.
സുഹൃത്തുക്കളേ,
ബജറ്റിൽ പ്രഖ്യാപിച്ചതായാലും അല്ലെങ്കിലും, 'പരിഷ്കരണ എക്സ്പ്രസ്' അതിന്റെ വേഗത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം നമ്മൾ തുറമുഖ-സമുദ്ര മേഖലകളിൽ പരിഷ്കാരങ്ങൾ വരുത്തി, കപ്പൽ നിർമ്മാണ വ്യവസായത്തിനായി നിരവധി പദ്ധതികൾ ഏറ്റെടുത്തു, ജൻ വിശ്വാസ് നിയമത്തിന് കീഴിലുള്ള പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോയി, ഊർജ്ജ സുരക്ഷയ്ക്കായി ശാന്തി ആക്ട് (Shanti Act) നടപ്പിലാക്കി, തൊഴിൽ നിയമ പരിഷ്കാരങ്ങൾ കൊണ്ടുവന്നു, ഭാരതീയ ന്യായ സംഹിത നടപ്പിലാക്കി, വഖഫ് നിയമം പരിഷ്കരിച്ചു, ഗ്രാമീണ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഗ്രാമം (GRAM G) നിയമം അവതരിപ്പിച്ചു. വർഷം മുഴുവനും ഇത്തരം നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ഈ വർഷത്തെ ബജറ്റ് 'പരിഷ്കരണ എക്സ്പ്രസ്സിനെ' കൂടുതൽ മുന്നോട്ട് നയിച്ചിരിക്കുകയാണ്. ബജറ്റിന് നിരവധി മാനങ്ങളുണ്ടെങ്കിലും, രണ്ട് പ്രധാന കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാം - മൂലധനച്ചെലവും (Capex) സാങ്കേതികവിദ്യയും. മുൻ വർഷങ്ങളിലെന്നപോലെ, ഈ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതം ഏകദേശം 17 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. മൂലധനച്ചെലവിന്റെ ഗുണപരമായ പ്രതിഫലനങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ; ഇത് രാജ്യത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും നിരവധി മേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അഞ്ച് സർവ്വകലാശാലാ ടൗൺഷിപ്പുകളുടെ നിർമ്മാണം, ടയർ-2, ടയർ-3 നഗരങ്ങളിൽ സാമ്പത്തിക മേഖലകൾ സൃഷ്ടിക്കൽ, ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ - ഇത്തരം ബജറ്റ് പ്രഖ്യാപനങ്ങൾ യഥാർത്ഥ അർത്ഥത്തിൽ നമ്മുടെ യുവാക്കളിലും രാജ്യത്തിന്റെ ഭാവിയിലുമുള്ള നിക്ഷേപങ്ങളാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകത്തിൽ സാങ്കേതികവിദ്യയെയും നൂതന ആശയങ്ങളെയും (Innovation) വളർച്ചയുടെ പ്രധാന ചാലകശക്തികളായാണ് നമ്മൾ കണ്ടത്. ഈ കാഴ്ചപ്പാടോടെ നമ്മൾ രാജ്യത്തുടനീളം സ്റ്റാർട്ടപ്പ് സംസ്കാരവും ഹാക്കത്തോൺ സംസ്കാരവും പ്രോത്സാഹിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. റിസ്ക് എടുക്കാനുള്ള യുവാക്കളുടെ മനോഭാവത്തെ നമ്മൾ പ്രോത്സാഹിപ്പിച്ചു. അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഈ വർഷത്തെ ബജറ്റ് ഈ മുൻഗണനയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ച് ബയോഫാർമ, സെമി കണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകൾക്കായി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് വർദ്ധിച്ചതിനനുസരിച്ച് നമ്മൾ സംസ്ഥാനങ്ങളെയും ആനുപാതികമായി ശാക്തീകരിച്ചിട്ടുണ്ട്. മറ്റൊരു കണക്ക് കൂടി ഞാൻ പങ്കുവെക്കാം. 2004 മുതൽ 2014 വരെയുള്ള പത്ത് വർഷത്തിനിടയിൽ, സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി (Tax devolution) ലഭിച്ചത് ഏകദേശം 18 ലക്ഷം കോടി രൂപയാണ്. എന്നാൽ, 2014 മുതൽ 2025 വരെ സംസ്ഥാനങ്ങൾക്ക് 84 ലക്ഷം കോടി രൂപ നൽകി. ഈ വർഷത്തെ ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള ഏകദേശം 14 ലക്ഷം കോടി രൂപ കൂടി ചേർത്താൽ, നമ്മുടെ ഗവൺമെന്റിന് കീഴിൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന ആകെ നികുതി വിഹിതം ഏകദേശം 100 ലക്ഷം കോടി രൂപയിലെത്തും. അതത് പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കേന്ദ്ര ഗവൺമെന്റ് വിവിധ സംസ്ഥാന ഗവൺമെന്റുകൾക്ക് കൈമാറിയ തുകയാണിത്.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകളെ (FTA) കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ ഇങ്ങോട്ട് വരുമ്പോൾ തന്നെ ലോകമെമ്പാടുമുള്ള വിശകലനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ഇന്ന് മറ്റൊരു രസകരമായ കാഴ്ചപ്പാട് ഞാൻ അവതരിപ്പിക്കാം - ഒരുപക്ഷേ മാധ്യമങ്ങൾ തേടുന്ന ഒന്നായിരിക്കില്ല ഇത്, എങ്കിലും നിങ്ങൾക്ക് ഉപയോഗപ്രദമായേക്കാം. ഞാൻ പറയാൻ പോകുന്ന കാര്യം ഒരുപക്ഷേ നിങ്ങളുടെ ചിന്തയിൽ പോലും വന്നിട്ടുണ്ടാകില്ല. വികസിത രാജ്യങ്ങളുമായുള്ള ഇത്തരം വിപുലമായ സ്വതന്ത്ര വ്യാപാര കരാറുകൾ എന്തുകൊണ്ടാണ് 2014-ന് മുമ്പ് യാഥാർത്ഥ്യമാവാതിരുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാജ്യം ഒന്നായിരുന്നു, യുവത്വത്തിന്റെ കരുത്തും സർക്കാർ സംവിധാനവും ഒന്നുതന്നെയായിരുന്നു - പിന്നെ എന്താണ് മാറിയത്? മാറ്റം വന്നത് സർക്കാരിന്റെ കാഴ്ചപ്പാടിലും നയത്തിലും ലക്ഷ്യത്തിലും ഒപ്പം ഇന്ത്യയുടെ കഴിവിലുമാണ്.
സുഹൃത്തുക്കളേ,
ഒന്ന് ആലോചിച്ചു നോക്കൂ - ഇന്ത്യയെ ലോകത്തെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ (Fragile Five) ഒന്നായി മുദ്രകുത്തിയിരുന്ന സമയത്ത് ആരാണ് നമ്മളുമായി സഹകരിക്കാൻ തയ്യാറാവുക? ഒരു ഗ്രാമത്തിൽ, ഏതെങ്കിലും സമ്പന്ന കുടുംബം തങ്ങളുടെ മകളെ ഒരു ദരിദ്ര കുടുംബത്തിലേക്ക് വിവാഹം കഴിച്ചയക്കാൻ തയ്യാറാകുമോ? അവർ അതിനെ പുച്ഛത്തോടെയേ കാണൂ. അതായിരുന്നു ലോകത്തിന് മുന്നിൽ നമ്മുടെ അവസ്ഥ. അഴിമതികളും കുംഭകോണങ്ങളും നിറഞ്ഞ ഭരണസ്തംഭനത്തിൽ രാജ്യം ഉഴലുകയായിരുന്നു. അന്ന് ആർക്കാണ് ഇന്ത്യയിൽ വിശ്വാസമർപ്പിക്കാൻ കഴിയുക? 2014-ന് മുമ്പ് ഇന്ത്യയുടെ നിർമ്മാണ മേഖല അങ്ങേയറ്റം ദുർബലമായിരുന്നു. മുൻ ഗവൺമെന്റുകൾക്ക് ആശങ്കകളുണ്ടായിരുന്നു; ആരും ഇന്ത്യയെ സമീപിച്ചിരുന്നില്ല, ഇനി ശ്രമിച്ചാൽ തന്നെ വികസിത രാജ്യങ്ങൾ നമ്മുടെ വിപണി പിടിച്ചെടുക്കുമെന്ന് അവർ ഭയപ്പെട്ടു. ആ നിരാശാജനകമായ അന്തരീക്ഷത്തിൽ, 2014-ന് മുമ്പ് യുപിഎ ഗവൺമെന്റ് വെറും നാല് രാജ്യങ്ങളുമായി മാത്രമാണ് വ്യാപാര കരാറുകളിൽ ഏർപ്പെട്ടത്. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 38 രാജ്യങ്ങളുമായാണ് ഇന്ത്യ വ്യാപാര കരാറുകൾ പൂർത്തിയാക്കിയത്. ഇന്ന് ഇന്ത്യക്ക് ആത്മവിശ്വാസമുള്ളതിനാലാണ് നമ്മൾ വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത്. ഇന്നത്തെ ഇന്ത്യ ആഗോളതലത്തിൽ മത്സരിക്കാൻ സജ്ജമാണ്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ ഇന്ത്യ ശക്തമായ ഒരു നിർമ്മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ ഇന്ന് പ്രാപ്തവും ശാക്തീകരിക്കപ്പെട്ടതുമാണ്, ലോകം നമ്മളെ വിശ്വസിക്കുന്നതും അതുകൊണ്ടാണ്. ഈ മാറ്റമാണ് നമ്മുടെ വ്യാപാര നയത്തിലെ വിപ്ലവകരമായ മാറ്റത്തിന്റെ അടിസ്ഥാനം, വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്രയിലെ അവിഭാജ്യ ഘടകവുമാണ് ഈ മാറ്റം.
സുഹൃത്തുക്കളേ,
ഓരോ പൗരനും വികസനത്തിൽ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കാൻ പൂർണ്ണമായ സംവേദനക്ഷമതയോടെയാണ് (sensitivity) നമ്മുടെ ഗവൺമെന്റ് പ്രവർത്തിക്കുന്നത്. പുരോഗതിയിലേക്കുള്ള ഓട്ടത്തിൽ പിന്നിലായിപ്പോയവർക്കാണ് നമ്മൾ മുൻഗണന നൽകുന്നത്. മുൻ ഗവൺമെന്റ് ഭിന്നശേഷിക്കാർക്കായി പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തിയത്; നമുക്കും ആ വഴി പിന്തുടരാമായിരുന്നു. എന്നാൽ സംവേദനക്ഷമതയാണ് ഭരണത്തെ നിർവചിക്കുന്നത്. ഞാൻ പറയാൻ പോകുന്ന ഉദാഹരണം നിങ്ങളിൽ ചിലർക്ക് ചെറുതായി തോന്നാം. നമ്മുടെ രാജ്യത്ത് ഭാഷാപരമായ വൈവിധ്യം ഉള്ളതുപോലെ തന്നെ, ആംഗ്യഭാഷയും (sign language) ചിതറിക്കിടക്കുകയായിരുന്നു - തമിഴ്‌നാട്ടിൽ ഒരു രീതി, ഉത്തർപ്രദേശിൽ മറ്റൊന്ന്, ഗുജറാത്തിൽ മൂന്നാമതൊന്ന്, അസമിൽ നാലാമതൊന്ന്. ഒരു സംസ്ഥാനത്തു നിന്നുള്ള ഭിന്നശേഷിക്കാരൻ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്താൽ ആശയവിനിമയം പ്രയാസകരമായിരുന്നു. ഇതൊരു വലിയ ജോലിയായി തോന്നിയേക്കില്ല, എന്നാൽ ഒരു സംവേദനക്ഷമതയുള്ള ഗവൺമെന്റ് ഇത്തരം കാര്യങ്ങളെ നിസ്സാരമായി കാണുന്നില്ല. ആദ്യമായി, ഇന്ത്യ 'ഇന്ത്യൻ ആംഗ്യഭാഷയെ' (Indian Sign Language) സ്ഥാപനവൽക്കരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു. അതുപോലെ, ട്രാൻസ്‌ജെൻഡർ സമൂഹം തങ്ങളുടെ അവകാശങ്ങൾക്കായി ദീർഘകാലമായി പോരാടുകയായിരുന്നു; അവർക്ക് അന്തസ്സും സംരക്ഷണവും നൽകുന്ന നിയമനിർമ്മാണം നമ്മൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ദശലക്ഷക്കണക്കിന് സ്ത്രീകൾ മുത്തലാഖ് എന്ന പിന്തിരിപ്പൻ ആചാരത്തിൽ നിന്ന് മോചിതരായി, ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കി.
സുഹൃത്തുക്കളേ,
ഗവൺമെന്റ് സംവിധാനത്തിനുള്ളിലെ ചിന്താഗതിയും മാറി, അത് കൂടുതൽ സംവേദനക്ഷമമായി. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പദ്ധതികളിൽ പോലും ഈ ചിന്താഗതിയിലെ വ്യത്യാസം പ്രകടമാണ്. പ്രതിപക്ഷത്തെ ചിലർ നമ്മളെ പരിഹസിക്കുന്നു; ചില പത്രങ്ങൾ അത്തരം പരിഹാസങ്ങളെ വലുതായി കാണിക്കുന്നു. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെങ്കിൽ പിന്നെ എന്തിനാണ് സൗജന്യ റേഷൻ നൽകുന്നത് എന്നാണ് അവർ ചോദിക്കുന്നത്. അതൊരു വിചിത്രമായ ചോദ്യമാണ്. ഒരു രോഗി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമ്പോൾ, ഡോക്ടർ കുറച്ചുദിവസം കൂടി മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിക്കാറില്ലേ? അതെ, ആ വ്യക്തി ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നു, എന്നാൽ അതിന്റെ അർത്ഥം പിന്തുണ ഉടൻ നിർത്തണം എന്നല്ല. ദാരിദ്ര്യത്തിൽ നിന്ന് ഒരാളെ കരകയറ്റിയാൽ മാത്രം പോരാ എന്ന് ഇടുങ്ങിയ ചിന്താഗതിക്കാർക്ക് മനസ്സിലാകുന്നില്ല; നവ-മധ്യവർഗത്തിലേക്ക് (neo-middle class) പ്രവേശിച്ചവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴുന്നില്ലെന്ന് നമ്മൾ ഉറപ്പാക്കണം. അതുകൊണ്ടാണ് സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ രൂപത്തിലുള്ള തുടർച്ചയായ പിന്തുണ ആവശ്യമായി വരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര ഗവൺമെന്റ് ലക്ഷക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കായി ചിലവഴിച്ചു, ഇത് പാവപ്പെട്ടവർക്കും നവ-മധ്യവർഗത്തിനും വലിയ പിന്തുണയാണ് നൽകിയത്.
സുഹൃത്തുക്കളേ,
മറ്റൊരു സന്ദർഭത്തിലും നമ്മൾ ചിന്താഗതിയിലെ വ്യത്യാസം കാണുന്നുണ്ട്. ഞാൻ എന്തിനാണ് 2047-നെ കുറിച്ച് സംസാരിക്കുന്നത് എന്ന് ചിലർ ചോദിക്കുന്നു. അപ്പോഴത്തേക്ക് വികസിത ഇന്ത്യ എന്നത് സത്യമാകുമോ എന്നും, ആ സമയത്ത് നമ്മൾ ഉണ്ടാകുമോ എന്നത് പ്രധാനമാണോ എന്നും അവർ ചോദിക്കുന്നു. ഇതും നിലവിലുള്ള ഒരു ചിന്താഗതിയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർ ലാത്തിച്ചാർജുകളും സെല്ലുലാർ ജയിലിലെ തടവും സഹിച്ചു, അവർ തൂക്കുമരങ്ങൾ വരെ ഏറി. തങ്ങളുടെ ജീവിതകാലത്ത് സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് കരുതി എന്തിനാണ് ഇതിനായി കഷ്ടപ്പെടുന്നത് എന്ന് അവർ ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് എന്നെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നോ? രാഷ്ട്രം ഒന്നാമതാകുമ്പോൾ, ദേശീയ താൽപ്പര്യം പരമപ്രധാനമാകുമ്പോൾ, ഓരോ തീരുമാനവും നയവും രാജ്യത്തിന് വേണ്ടിയുള്ളതാണ്. നമ്മുടെ കാഴ്ചപ്പാട് വ്യക്തമാണ് - വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമ്മൾ അശ്രാന്തമായി പരിശ്രമിക്കണം. 2047-ൽ നമ്മൾ ഉണ്ടായാലും ഇല്ലെങ്കിലും രാജ്യം നിലനിൽക്കും, വരും തലമുറകൾ ജീവിക്കും. അതുകൊണ്ട് തന്നെ, അവരുടെ നാളെ സുരക്ഷിതവും ശോഭനവുമാക്കാൻ നമ്മുടെ ഇന്ന് നമ്മൾ സമർപ്പിക്കണം. നാളത്തെ തലമുറകൾക്ക് വിളവെടുക്കാൻ വേണ്ടിയാണ് ഇന്ന് ഞാൻ വിത്തിടുന്നത്.
സുഹൃത്തുക്കളേ,
മാറ്റങ്ങളുമായി (disruption) ജീവിക്കാൻ ലോകം ഇനി തയ്യാറെടുക്കണം. അതിന്റെ സ്വഭാവം കാലത്തിനനുസരിച്ച് മാറിയേക്കാം, എന്നാൽ സംവിധാനങ്ങളിലെ ദ്രുതഗതിയിലുള്ള മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൊണ്ടുവന്ന മാറ്റങ്ങൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ കാണാൻ കഴിയും. വരും വർഷങ്ങളിൽ, AI കൂടുതൽ വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് തുടക്കമിടും, ഇന്ത്യ അതിന് തയ്യാറാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ 'ഗ്ലോബൽ എഐ ഇംപാക്ട് സമ്മിറ്റിന്' (Global AI Impact Summit) ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള രാജ്യങ്ങളും സാങ്കേതിക നേതാക്കളും ഇവിടെ ഒത്തുചേരും. അവർക്കെല്ലാം ഒപ്പം ചേർന്ന് ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാൻ നമ്മൾ പരിശ്രമിക്കും. ഈ ആത്മവിശ്വാസത്തോടെ, ഈ ഉച്ചകോടിക്ക് നിങ്ങൾക്കേവർക്കും ഞാൻ ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.
വളരെയധികം നന്ദി.
വന്ദേ മാതരം.
-NK-
( റിലീസ് ഐ.ഡി: 2230460)
സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Gujarati
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Kannada