പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026' ഉദ്ഘാടനം ചെയ്തു


നിർമ്മിത ബുദ്ധി,മനുഷ്യചരിത്രത്തിലെ പരിവർത്തനാത്മകമായ ഒരു അധ്യായമാണ് അടയാളപ്പെടുത്തുന്നത്: പ്രധാനമന്ത്രി

നമ്മൾ എഐ-യെ (AI) ജനാധിപത്യവൽക്കരിക്കണം; ഇത് ഉൾപ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള ഒരു ഉപകരണമായി മാറണം,പ്രത്യേകിച്ച് 'ഗ്ലോബൽ സൗത്തിന്' : പ്രധാനമന്ത്രി

ധാർമ്മികവും നീതിയുക്തവുമായ സംവിധാനങ്ങൾ, ഉത്തരവാദിത്ത ഭരണം, ദേശീയ പരമാധികാരം, പ്രാപ്യവും ഉൾക്കൊള്ളുന്നതും, സാധുവും നിയമാനുസൃതവുമായ എഐയെക്കുറിച്ചുള്ള എം.എ.എൻ.എ.വി. അഥവാ 'M.A.N.A.V.' (മാനവ്) ദർശനം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു

മനുഷ്യരും ബുദ്ധിപരമായ സംവിധാനങ്ങളും ഒന്നിച്ച് സൃഷ്ടിക്കുകയും ഒന്നിച്ച് പ്രവർത്തിക്കുകയും ഒന്നിച്ച് വികസിക്കുകയും ചെയ്യുന്ന ഒരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്; എഐ നമ്മുടെ ജോലിയെ കൂടുതൽ സ്മാർട്ടും കാര്യക്ഷമവും സ്വാധീനമുള്ളതുമാക്കും: പ്രധാനമന്ത്രി

ആഗോള പൊതുനന്മയ്ക്കായി എഐ ഉപയോഗിക്കുമെന്ന ഒരു കൂട്ടായ ദൃഢനിശ്ചയം നമ്മൾ വികസിപ്പിക്കണം: പ്രധാനമന്ത്രി

എഐ-യിൽ ഇന്ത്യ കാണുന്നത് വൻ അവസരങ്ങളും നാളെയ്ക്കായുള്ള രൂപരേഖയുമാണ് : പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 19 FEB 2026 11:36AM by PIB Thiruvananthpuram


ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026' (India AI Impact Summit 2026) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, ലോകത്തിലെ ഏറ്റവും വലുതും ചരിത്രപരവുമായ എഐ ഇംപാക്ട് ഉച്ചകോടി  നടക്കുന്നത് മനുഷ്യരാശിയുടെ ആറിലൊന്ന് പ്രതിനിധീകരിക്കുന്ന ഇന്ത്യയിലാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയും, ഏറ്റവും വലിയ സാങ്കേതിക പ്രതിഭകളുടെ ശേഖരവും , അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതിക അധിഷ്ഠിത ആവാസവ്യവസ്ഥയും ഇന്ത്യയിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുക മാത്രമല്ല, അഭൂതപൂർവമായ വേഗതയിൽ അവ നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
140 കോടി ഇന്ത്യക്കാരും പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കാൻ ആവേശഭരിതരാണെന്നും, അവർക്ക് വേണ്ടി ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കും ആഗോള എഐ മേഖലയിലെ നേതാക്കൾക്കും നവീനാശയങ്ങൾ കൊണ്ടുവരുന്നവർക്കും  അദ്ദേഹം ഊഷ്മളമായ സ്വാഗതം ആശംസിച്ചു. അവരുടെ സാന്നിധ്യത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഈ ഉച്ചകോടിയ്ക്ക്  ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന് മാത്രമല്ല, മുഴുവൻ 'ഗ്ലോബൽ സൗത്തിനും' അഭിമാനകരമായ കാര്യമാണെന്ന് അടിവരയിട്ടു.

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന  ഈ ഉച്ചകോടി എഐ (AI) ലോകത്തെ അതികായന്മാരുടെ സംഗമഭൂമിയായി മാറിയെന്നും അതിന്റെ വിജയം പുതിയ ഉയരങ്ങളിലെത്തിയെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഉച്ചകോടിയിൽ യുവതലമുറയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും ഇത് പുതിയ ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ പലപ്പോഴും തുടക്കത്തിൽ സംശയത്തോടെയാണ് നോക്കിക്കാണാറുള്ളതെങ്കിലും, ലോകമെമ്പാടുമുള്ള യുവാക്കൾ എഐ-യെ സ്വീകരിക്കുന്നതിലും അത് സ്വന്തമാക്കുന്നതിലും ഉപയോഗിക്കുന്നതിലും കാണിക്കുന്ന വേഗതയും വിശ്വാസവും അഭൂതപൂർവമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.എഐ ഉച്ചകോടിയോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനത്തിലെ ആവേശത്തെക്കുറിച്ചും, പ്രത്യേകിച്ച് യുവപ്രതിഭകളുടെ സജീവമായ പങ്കാളിത്തത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കൃഷി, സുരക്ഷ, ദിവ്യാംഗർക്കുള്ള സഹായങ്ങൾ, ബഹുഭാഷാ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റൽ തുടങ്ങിയ മേഖലകളിൽ അവതരിപ്പിച്ച പരിഹാരങ്ങൾ 'മെയ്ഡ് ഇൻ ഇന്ത്യ'യുടെ കരുത്ത് പ്രതിഫലിപ്പിക്കുന്നുവെന്നും എഐ മേഖലയിലെ ഇന്ത്യയുടെ നൂതനമായ കഴിവുകളെ വിളിച്ചോതുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

മനുഷ്യചരിത്രത്തിൽ ഓരോ നൂറ്റാണ്ടിലും നാഗരികതയുടെ ദിശ തന്നെ മാറ്റിമറിക്കുന്ന ചില വഴിത്തിരിവുകൾ ഉണ്ടാകാറുണ്ടെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. ഇത്തരം നിമിഷങ്ങൾ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും ചിന്തയുടെയും ധാരണയുടെയും പ്രവർത്തനങ്ങളുടെയും മാതൃകകളെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം പരിവർത്തന ഘട്ടങ്ങളിൽ, അവയുടെ യഥാർത്ഥ സ്വാധീനം പലപ്പോഴും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.കല്ലുകളിൽ നിന്ന് ആദ്യമായി തീപ്പൊരി ഉണ്ടായപ്പോൾ, ആ തീപ്പൊരി നാഗരികതയുടെ തന്നെ അടിത്തറയാകുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. സംസാരഭാഷ ആദ്യമായി ലിപികളിലേക്ക് മാറ്റിയപ്പോൾ, ലിഖിത ജ്ഞാനം ഭാവി സംവിധാനങ്ങളുടെ നട്ടെല്ലായി മാറുമെന്ന് ആരും തിരിച്ചറിഞ്ഞില്ലെന്നും ശ്രീ മോദി കുറിച്ചു. അതുപോലെ, ആദ്യമായി വയർലെസ് വഴി സിഗ്നലുകൾ കൈമാറിയപ്പോൾ, ഒരു ദിവസം ലോകം മുഴുവൻ തത്സമയം പരസ്പരം ബന്ധിക്കപ്പെടുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മനുഷ്യ നാഗരികതയിലെ ചരിത്രപരമായ വഴിത്തിരിവുകൾക്ക് തുല്യമായ ഒരു പരിവർത്തനത്തെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിനിധീകരിക്കുന്നത്,” എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ന് നാം കാണുന്നതും പ്രവചിക്കുന്നതും അതിന്റെ ഫലങ്ങളുടെ  പ്രാരംഭ സൂചനകൾ മാത്രമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളതാക്കുന്നുണ്ടെങ്കിലും, അതിലുപരി അത് മനുഷ്യന്റെ ശേഷിയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുൻപത്തെ മാറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ മാറ്റം അഭൂതപൂർവമായ വേഗതയിലും അപ്രതീക്ഷിതമായ അളവിലുമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പണ്ട് സാങ്കേതികവിദ്യയുടെ ഫലങ്ങൾ  പ്രകടമാകാൻ പതിറ്റാണ്ടുകൾ എടുത്തിരുന്നുവെങ്കിൽ, ഇന്ന് 'മെഷീൻ ലേണിംഗിൽ' നിന്ന് 'ലേണിംഗ് മെഷീനുകളിലേക്കുള്ള' ദൂരം വളരെ വേഗതയുള്ളതും ആഴമേറിയതും വിപുലവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.ഇതിന് വലിയൊരു കാഴ്ചപ്പാടും അതുപോലെതന്നെ വലിയ ഉത്തരവാദിത്തവും ആവശ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. നിലവിലുള്ള തലമുറയെപ്പോലെ തന്നെ, വരുംതലമുറയ്ക്ക് കൈമാറുന്ന എഐ-യുടെ രൂപത്തെക്കുറിച്ചും ആശങ്കയുണ്ടാകണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഭാവിയിൽ എഐ-ക്ക് എന്ത് ചെയ്യാൻ കഴിയും എന്നതല്ല, മറിച്ച് വർത്തമാനകാലത്ത് മനുഷ്യ സമൂഹം  എഐ ഉപയോഗിച്ച് എന്ത് ചെയ്യാൻ തീരുമാനിക്കുന്നു എന്നതാണ് യഥാർത്ഥ ചോദ്യമെന്ന് അദ്ദേഹം പരാമർശിച്ചു. ആണവോർജ്ജവുമായി ഇതിനെ താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി, അതിന്റെ വിനാശകരമായ ശേഷിക്കും നല്ല സംഭാവനകൾക്കും മാനവരാശി സാക്ഷിയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. എഐ-യും അത്തരമൊരു പരിവർത്തന ശക്തിയാണെന്നും, ദിശാബോധമില്ലെങ്കിൽ അത് തകർച്ചയിലേക്ക് നയിക്കുമെന്നും എന്നാൽ ശരിയായ ദിശയിലാണെങ്കിൽ അത് വലിയൊരു പരിഹാരമായി മാറുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എഐ-യെ യന്ത്ര കേന്ദ്രീകൃതമാക്കുന്നതിന് പകരം എങ്ങനെ മനുഷ്യ കേന്ദ്രീകൃതമാക്കാം എന്നതിനെക്കുറിച്ചും, അതിനെ എങ്ങനെ സംവേദനക്ഷമവും ഉത്തരവാദിത്തമുള്ളതുമാക്കാം എന്നതിനെക്കുറിച്ചും ആലോചിക്കുക എന്നതാണ് 'ഗ്ലോബൽ എഐ ഇംപാക്ട് ഉച്ചകോടിയുടെ ' പ്രധാന ലക്ഷ്യമെന്ന് ശ്രീ മോദി വ്യക്തമാക്കി.

ഇന്ത്യയുടെ എഐ (AI) ദർശനം ഈ ഉച്ചകോടിയുടെ പ്രമേയമായ 'സർവ്വജന ഹിതായ, സർവ്വജന സുഖായ' (എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം) എന്നതിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പരാമർശിച്ചു. ഇതാണ് ഇന്ത്യയുടെ മാനദണ്ഡമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യർ എഐ-ക്ക് വേണ്ടിയുള്ള കേവലം ഡാറ്റാ പോയിന്റുകളോ അസംസ്‌കൃത വസ്തുക്കളോ ആയി മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി, അതിനാൽ എഐ ജനാധിപത്യവൽക്കരിക്കപ്പെടണം. പ്രത്യേകിച്ച് 'ഗ്ലോബൽ സൗത്തിൽ' , എല്ലാവരെയും ഉൾക്കൊള്ളുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഒരു മാധ്യമമായി എഐ മാറണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

എഐ-ക്ക് തുറന്ന ആകാശം നൽകണമെന്നും എന്നാൽ അതിന്റെ നിയന്ത്രണം മനുഷ്യന്റെ കൈകളിൽ തന്നെയായിരിക്കണമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇതിനെ അദ്ദേഹം ജിപിഎസുമായി (GPS) താരതമ്യം ചെയ്തു; ജിപിഎസ് വഴി കാണിച്ചുതരുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഉപയോക്താവിന്റേതാണ്. ഇന്ന് മനുഷ്യരാശി എഐ-യെ നയിക്കുന്ന ദിശയായിരിക്കും ഭാവി നിർണ്ണയിക്കുകയെന്ന് അദ്ദേഹം അടിവരയിട്ടു.

ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ  (AI Impact Summit), ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള ഇന്ത്യയുടെ 'M.A.N.A.V.' (മാനവ്) ദർശനം പ്രധാനമന്ത്രി അവതരിപ്പിച്ചു. M.A.N.A.V. എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന്  അദ്ദേഹം താഴെപ്പറയും വിധം വിശദീകരിച്ചു:

*M – Moral and Ethical Systems (ധാർമ്മികവും നീതിയുക്തവുമായ സംവിധാനങ്ങൾ): എഐ ധാർമ്മികമായ മാർഗ്ഗനിർദ്ദേശങ്ങളിൽ അധിഷ്ഠിതമായിരിക്കണം.

*A – Accountable Governance (ഉത്തരവാദിത്തമുള്ള ഭരണം): സുതാര്യമായ നിയമങ്ങളും ശക്തമായ മേൽനോട്ടവും ഉണ്ടായിരിക്കണം.

*N – National Sovereignty (ദേശീയ പരമാധികാരം): വിവരങ്ങൾ (Data) അതിന്റെ യഥാർത്ഥ ഉടമയ്ക്ക് അവകാശപ്പെട്ടതായിരിക്കണം.

*A – Accessible and Inclusive (ലഭ്യമാകുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും): എഐ ഒരു കുത്തകയാകരുത്, മറിച്ച് എല്ലാവർക്കും ഗുണകരമാകുന്ന ഒരു ശക്തിയാകണം.

*V – Valid and Legitimate (സാധുതയുള്ളതും നിയമാനുസൃതവും): എഐ നിയമപരവും പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നതും ആയിരിക്കണം.

21-ാം നൂറ്റാണ്ടിലെ എഐ (AI) അധിഷ്ഠിത ലോകത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള സുപ്രധാന കണ്ണിയായി ഇന്ത്യയുടെ 'M.A.N.A.V.' ദർശനം മാറുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ദശകങ്ങൾക്ക് മുമ്പ് ഇന്റർനെറ്റ് ആരംഭിച്ചപ്പോൾ, അത് എത്രത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഇന്ന് എഐ-യുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യമെന്നും, ഭാവിയിൽ ഏത് തരത്തിലുള്ള തൊഴിലുകളാണ് ഉയർന്നുവരിക എന്ന് പ്രവചിക്കുക പ്രയാസമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എഐ മേഖലയിലെ ജോലികളുടെ ഭാവി മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലെന്നും, അത് നമ്മുടെ കൂട്ടായ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തൊഴിൽ മേഖലയുടെ ഭാവി എന്നത് ഒരു പുതിയ അവസരമാണെന്നും, മനുഷ്യരും ബുദ്ധിപരമായ സംവിധാനങ്ങളും  ഒന്നിച്ച് സൃഷ്ടിക്കുകയും ഒന്നിച്ച് പ്രവർത്തിക്കുകയും ഒന്നിച്ച് വികസിക്കുകയും ചെയ്യുന്ന ഒരു യുഗത്തിന് ഇത് തുടക്കം കുറിക്കുമെന്നും ശ്രീ മോദി പ്രസ്താവിച്ചു. എഐ നമ്മുടെ ജോലിയെ കൂടുതൽ സ്മാർട്ടും കാര്യക്ഷമവും സ്വാധീനമുള്ളതുമാക്കുമെന്നും, മെച്ചപ്പെട്ട രൂപകല്പനയ്ക്കും വേഗത്തിലുള്ള നിർമ്മാണത്തിനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം അടിവരയിട്ടു.

എഐ (AI) കൂടുതൽ ആളുകൾക്ക് ഉയർന്ന മൂല്യമുള്ളതും സർഗ്ഗാത്മകവും അർത്ഥവത്തായതുമായ തൊഴിലവസരങ്ങൾ തുറന്നുനൽകുമെന്നും നവീനാശയങ്ങൾക്കും സംരംഭകത്വത്തിനും പുതിയ വ്യവസായങ്ങൾക്കും ഇത് വഴിതെളിക്കുമെന്നും ശ്രീ മോദി കുറിച്ചു. നൈപുണ്യ വികസനം , പുനർ നൈപുണ്യ വികസനം , ആജീവനാന്ത പഠനം എന്നിവയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

തൊഴിൽ മേഖലയുടെ ഭാവി എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വാസയോഗ്യവും മനുഷ്യകേന്ദ്രീകൃതവുമായിരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി, മനുഷ്യരാശി ഒന്നിച്ചു മുന്നേറുകയാണെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) മനുഷ്യന്റെ കഴിവുകളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പരാമർശിച്ചു.

സുതാര്യതയാണ് ഏറ്റവും വലിയ സംരക്ഷണമെന്ന് "സൂര്യപ്രകാശമാണ് ഏറ്റവും മികച്ച അണുനാശിനി" എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങളും കമ്പനികളും എഐ-യെ അതീവ രഹസ്യമായി വികസിപ്പിക്കേണ്ട ഒരു തന്ത്രപ്രധാനമായ ആസ്തിയായി കണക്കാക്കുമ്പോൾ, എഐ പങ്കുവെക്കപ്പെടുമ്പോൾ മാത്രമേ ലോകത്തിന് ഗുണകരമാകൂ എന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഓപ്പൺ കോഡും പങ്കുവെച്ചുള്ള വികസനവും ദശലക്ഷക്കണക്കിന് യുവമനസ്സുകളെ എഐ-യെ കൂടുതൽ മികച്ചതും സുരക്ഷിതവുമാക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എഐ-യെ ഒരു 'ആഗോള പൊതുനന്മയ്ക്കായി'  വികസിപ്പിക്കാൻ ഒരു കൂട്ടായ ദൃഢനിശ്ചയം വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ആഗോള മാനദണ്ഡങ്ങളുടെ അടിയന്തര ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഡീപ്‌ഫേക്കുകളും (deepfakes) വ്യാജമായി നിർമ്മിച്ച ഉള്ളടക്കങ്ങളും സ്വതന്ത്ര സമൂഹങ്ങളെ അസ്ഥിരപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി. ഭക്ഷണസാധനങ്ങളിലെ പോഷകാഹാര ലേബലുകളുമായി ഇതിനെ താരതമ്യപ്പെടുത്തിക്കൊണ്ട്, ഡിജിറ്റൽ ഉള്ളടക്കങ്ങളിലും അവയുടെ ആധികാരികത വ്യക്തമാക്കുന്ന ലേബലുകൾ ഉണ്ടായിരിക്കണമെന്നും, എങ്കിൽ മാത്രമേ യഥാർത്ഥ ഉള്ളടക്കവും എഐ നിർമ്മിത ഉള്ളടക്കവും തമ്മിൽ തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എഐ ഉപയോഗിച്ച് ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വാട്ടർമാർക്കിംഗിന്റെയും (watermarking) ഉറവിടം വ്യക്തമാക്കുന്ന മാനദണ്ഡങ്ങളുടെയും പ്രസക്തി അദ്ദേഹം അടിവരയിട്ടു. വിശ്വാസ്യത എന്നത് സാങ്കേതികവിദ്യയുടെ തുടക്കം മുതൽക്കേ അതിൽ ഉൾച്ചേർക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുട്ടികളുടെ സുരക്ഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സ്കൂൾ പാഠ്യപദ്ധതികൾ ചിട്ടപ്പെടുത്തുന്നതുപോലെ തന്നെ എഐ മേഖലയും കുട്ടികൾക്ക് സുരക്ഷിതവും കുടുംബത്തിന്റെ മാർഗ്ഗനിർദ്ദേശത്തോട് കൂടിയതും ആയിരിക്കണമെന്ന് പ്രസ്താവിച്ചു. ഇന്ന് രണ്ട് തരം ആളുകളുണ്ട് - എഐ-യിൽ ഭയം കാണുന്നവരും അതിൽ ഭാഗ്യം കാണുന്നവരും. കഴിവ് (talent), ഊർജ്ജശേഷി, വ്യക്തമായ നയങ്ങൾ എന്നിവയുടെ പിന്തുണയുള്ള ഇന്ത്യ എഐ-യിൽ കാണുന്നത് ഭാഗ്യവും ഭാവിയുമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഉച്ചകോടിക്കിടെ മൂന്ന് ഇന്ത്യൻ കമ്പനികൾ തങ്ങളുടെ എഐ മോഡലുകളും ആപ്പുകളും പുറത്തിറക്കിയതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഈ മോഡലുകൾ ഇന്ത്യൻ യുവാക്കളുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും ആഗോള എഐ രംഗത്തിന് ഇന്ത്യ നൽകുന്ന പരിഹാരങ്ങളുടെ ആഴവും വൈവിധ്യവും ഇവ വിളിച്ചോതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെമികണ്ടക്ടറുകളും ചിപ്പ് നിർമ്മാണവും മുതൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെ നീളുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥയാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പരാമർശിച്ചു. സുരക്ഷിതമായ ഡാറ്റാ സെന്ററുകൾ, ശക്തമായ ഐടി നട്ടെല്ല്, സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ ഇന്ത്യയെ ചെലവ് കുറഞ്ഞതും വികസിപ്പിക്കാൻ എളുപ്പമുള്ളതും സുരക്ഷിതവുമായ എഐ (AI) പരിഹാരങ്ങളുടെ സ്വാഭാവിക കേന്ദ്രമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വൈവിധ്യം, ജനസംഖ്യ, ജനാധിപത്യം എന്നിവ ഇന്ത്യയുടെ കരുത്താണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ വിജയിക്കുന്ന ഏതൊരു എഐ മോഡലും ആഗോളതലത്തിൽ നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ‘ഇന്ത്യയിൽ രൂപകല്പന ചെയ്യൂ, വികസിപ്പിക്കൂ; ലോകത്തിന് നൽകൂ, മനുഷ്യരാശിക്ക് നൽകൂ’ (Design and Develop in India. Deliver to the World. Deliver to Humanity) എന്ന ആഹ്വാനത്തോടെ അദ്ദേഹം ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ  ഇമ്മാനുവൽ മാക്രോൺ, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ, വിവിധ രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ മുതിർന്ന പ്രതിനിധികൾ, സാങ്കേതിക-എഐ മേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പശ്ചാത്തലം

'സർവ്വജന ഹിതായ, സർവ്വജന സുഖായ' (എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം) എന്നതാണ് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ പ്രമേയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യയെ ഒരു മുൻനിര രാജ്യമായി ഉയർത്തുക എന്നതും, എഐ വഴി മനുഷ്യരാശിയുടെ പുരോഗതിയും സമഗ്രമായ വളർച്ചയും ഉറപ്പാക്കി ഭൂമിയെ സംരക്ഷിക്കുന്ന ഒരു ഭാവി വിഭാവനം ചെയ്യുക എന്നതുമാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം.

ജനം (People), ഭൂമി (Planet), പുരോഗതി (Progress) എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കി രൂപീകരിച്ച ഏഴ് വർക്കിംഗ് ഗ്രൂപ്പുകളാണ് ഈ ഉച്ചകോടിയെ നയിക്കുന്നത്. വിവിധ മേഖലകളിൽ എഐ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്ന കൃത്യമായ ഫലങ്ങൾ പുറത്തുകൊണ്ടുവരാൻ ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കും. താഴെ പറയുന്നവയാണ് ഏഴ് പ്രമേയങ്ങൾ:

1. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള എഐ.

2. എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം.

3. സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾപ്പെടുത്തൽ.

4. സുരക്ഷിതവും വിശ്വാസയോഗ്യവുമായ എഐ.

5. മാനവ വിഭവശേഷി .

6. ശാസ്ത്രം.

7.പ്രതിരോധശേഷി, നവീകരണം, കാര്യക്ഷമത.

സിഇഒമാർ/സിഎക്സ്ഒമാർ (CEOs/CXOs), ഏകദേശം 100 സിഇഒമാരും സ്ഥാപകരും, 150 അക്കാദമിക് വിദഗ്ധരും ഗവേഷകരും, 400 സിടിഒമാരും വിപിമാരും ജീവകാരുണ്യ പ്രവർത്തകരും ഉൾപ്പെടെ അഞ്ഞൂറിലധികം ആഗോള എഐ നേതാക്കളെ ഈ ഉച്ചകോടി ഒന്നിപ്പിക്കും. കൂടാതെ 20-ലധികം രാഷ്ട്രത്തലവന്മാരും 60-ഓളം മന്ത്രിമാരും ഉപമന്ത്രിമാരും  ഉൾപ്പെടെ നൂറിലധികം ഗവൺമെന്റ് പ്രതിനിധികളും ഇതിൽ പങ്കുചേരും.

-NK-

( റിലീസ് ഐ.ഡി: 2230400) സന്ദര്‍ശക കൗണ്ടര്‍ : 11