സഹകരണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ മന്ത്രിമാരുമായി 'മന്ഥൻ' കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 17 FEB 2026 11:48PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ മന്ത്രിമാരുമായി ‘സഹകാർ സേ സമൃദ്ധി’ (സഹകരണത്തിലൂടെ സമൃദ്ധി) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'മന്ഥൻ' യോഗത്തിൽ അധ്യക്ഷത വഹിച്ചു. എത്തനോൾ, ഊർജ്ജം, ജൈവ പൊട്ടാഷ്, വെയർഹൗസുകൾ, പ്രോട്ടീൻ പൗഡർ പ്ലാൻ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട 265 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഈ സമ്മേളനത്തിൽ അദ്ദേഹം നിർവ്വഹിച്ചു. കൂടാതെ, അവിടെ ഒരുക്കിയ പ്രദർശനം സന്ദർശിച്ച അദ്ദേഹം, സഹകരണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര സഹകരണ വർഷം എന്നിവയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രകാശനം ചെയ്തു. കേന്ദ്ര സഹകരണ സഹമന്ത്രിമാരായ കൃഷൻ പാൽ ഗുർജർ, മുരളീധർ മോഹോൾ, സഹകരണ മന്ത്രാലയം സെക്രട്ടറി, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വരുന്ന ഇരുപത്തിയഞ്ച് വർഷം ആഗോള സമ്പദ്‌ വ്യവസ്ഥയുടെ ദിശ നിർണ്ണയിക്കാവുന്ന മേഖലകളിൽ രാജ്യം ഇന്ന് മുന്നിൽ നിൽക്കുകയാണെന്നും ആഭ്യന്തര മന്ത്രി സൂചിപ്പിച്ചു. 2047-ഓടെ ഇന്ത്യയെ ഒരു പൂർണ്ണ വികസിത രാഷ്ട്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നതിനാലാണ് 'മന്ഥൻ' യോഗം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ എന്നാൽ 140 കോടി ജനങ്ങൾക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതി സൃഷ്ടിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ ഓരോ കുടുംബത്തിനും വ്യക്തിക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന മേഖലയായി വികസിക്കാൻ സഹകരണ മേഖലയ്ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷി, ഗ്രാമവികസനം, മൃഗസംരക്ഷണം എന്നീ മേഖലകൾ ശക്തിപ്പെടുത്താതെ സമഗ്രമായ ദേശീയ വികസനം സാധ്യമാകില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ ഉദ്യമം വിജയിപ്പിക്കാൻ നാം ഏവരും അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ശാസ്ത്രീയമായ സമീപനമാണ് നാം സ്വീകരിച്ചതെന്നും അതിൻ്റെ ഫലങ്ങൾ ഇപ്പോൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധിക്കേണ്ട പ്രധാന മേഖലകളെക്കുറിച്ച് കേന്ദ്ര സഹകരണ മന്ത്രി എടുത്തുപറഞ്ഞു. ഭക്ഷ്യധാന്യ സംഭരണത്തിൻ്റെ പ്രാധാന്യത്തിന് അടിവരയിട്ട അദ്ദേഹം, വരും ദിവസങ്ങളിൽ സംഭരണ ശേഷി ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഇതിൽ രണ്ടിരട്ടി വർദ്ധനവ് സഹകരണ മേഖലയിലൂടെ കൈവരിക്കണമെന്നും പറഞ്ഞു. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും ഓർമ്മിപ്പിച്ചു. താലൂക്ക് തലത്തിലുള്ള സഹകരണ ഡയറികൾ, സംസ്ഥാന തലത്തിലുള്ള മാർക്കറ്റിംഗ് ഫെഡറേഷനുകൾ, ജില്ലാ സഹകരണ ബാങ്കുകൾ, ജില്ലാ സെയിൽസ്-പർച്ചേസ് യൂണിയനുകൾ എന്നിവ ധനസഹായത്തിലൂടെ വലിയ വെയർഹൗസുകൾ നിർമ്മിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഭക്ഷ്യധാന്യങ്ങളുടെ 70 ശതമാനവും ഉത്തരേന്ത്യയിലെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ്   സംഭരിക്കുന്നതെന്നും, സംഭരണവും വിതരണവും പ്രാദേശികമായി ക്രമീകരിക്കുകയാണെങ്കിൽ ഗതാഗതച്ചെലവ് കുറഞ്ഞത് 30-40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള സംഭരണ സംവിധാനം ഏകോപിപ്പിക്കുകയും അത് എല്ലാവർക്കും ലഭ്യമാക്കുകയും വേണം.

അടച്ചുപൂട്ടിയ പഞ്ചസാര മില്ലുകൾ പുനരാരംഭിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്ന് ശ്രീ അമിത് ഷാ നിർദേശിച്ചു. ഇതിനായി ദേശീയതലത്തിൽ ഒരു സഹകരണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഞ്ചസാര മില്ലുകൾക്ക് വളം, ഗ്യാസ് ഉൽപ്പാദനം എന്നിവ ആരംഭിക്കാവുന്നതാണ്. പഞ്ചസാര മില്ലുകളിൽ നിന്ന് പതിനൊന്നോളം വ്യത്യസ്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് വിജയകരമായ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിൻ്റെ പ്രവർത്തന രൂപരേഖ മാർച്ച് ആദ്യവാരത്തിൽ അന്തിമമാക്കുമെന്നും, നിലവിൽ പഞ്ചസാര മാത്രം ഉൽപ്പാദിപ്പിക്കുന്ന മില്ലുകളിൽ ആവശ്യമായ മറ്റ് ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ ദേശീയതലത്തിലുള്ള സഹകരണ സംഘം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങൾ പ്രായോഗിക  നയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ സംസ്ഥാനത്തെയും ഡയറി, സഹകരണ വകുപ്പുകളിൽ നിന്നുള്ള സംഘങ്ങൾ ഗുജറാത്തിലെ 'ബനാസ് ഡയറി' സന്ദർശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി നിർദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒട്ടനവധി പദ്ധതികൾ ബനാസ് ഡയറി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സഹകാരിത മേം സഹകാർ' (സഹകരണ സംഘങ്ങൾക്കിടയിലെ സഹകരണം) എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട്, എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ജില്ലാ സഹകരണ ബാങ്കുകളിൽ തന്നെ നിലനിർത്തണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ എല്ലാ പദ്ധതികൾക്കും സഹകരണ ബാങ്കുകളെ നോഡൽ ഏജൻസികളാക്കാൻ കേന്ദ്ര  സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. പിഎം-കിസാൻ, വാർദ്ധക്യകാല പെൻഷൻ തുടങ്ങിയ പദ്ധതികൾ വഴിയുള്ള ആനുകൂല്യങ്ങൾ ഈ ബാങ്കുകൾ വഴി തന്നെ വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൂഷണത്തിന് ഇരയാകുന്ന ചില്ലറ വിൽപ്പന തൊഴിലാളികൾ, മരപ്പണിക്കാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവർക്കായി വരും ദിവസങ്ങളിൽ സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്നും, അതുവഴി അവർക്ക് മാന്യമായ വേതനം ഉറപ്പാക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വരും കാലങ്ങളിൽ രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകൾ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഭാരത് ടാക്സി' വരും വർഷങ്ങളിൽ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും എത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ 3 ലക്ഷത്തിലധികം ഡ്രൈവർമാർ ഇതിൽ പങ്കാളികളായിട്ടുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഇത് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, മന്ഥൻ യോഗത്തിൽ നടന്ന വിവിധ അവതരണങ്ങളിലൂടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതിയും നേട്ടങ്ങളും ഭാവി പ്രവർത്തന പരിപാടികളും അവലോകനം  ചെയ്തു. ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയ്ക്ക് വേഗത പകരുന്നതിനായി രണ്ട് ലക്ഷം പുതിയ വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ (PACS), ഡയറി, ഫിഷറീസ് സഹകരണ സംഘങ്ങൾ എന്നിവ സ്ഥാപിക്കുന്നതിലെ പുരോഗതി യോഗം ചർച്ച ചെയ്തു. കർഷകർക്ക് മികച്ച സംഭരണ സൗകര്യം, വില സ്ഥിരത, മെച്ചപ്പെട്ട വിപണി ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് കീഴിൽ ആധുനിക വെയർഹൗസുകളുടെ രാജ്യവ്യാപക ശൃംഖല വ്യാപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം ഊന്നിപ്പറഞ്ഞു.

സഹകരണ സംഘങ്ങളിലൂടെ കയറ്റുമതി, ജൈവകൃഷി, ഗുണമേന്മയുള്ള വിത്തുകളുടെ വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി രൂപീകരിച്ച ദേശീയ സഹകരണ സ്ഥാപനങ്ങളിൽ - നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (NCEL), നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡ് (NCOL), ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (BBSSL) - തുടങ്ങിയവയിൽ സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സഹകരണ നിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുക, 97-ാം ഭരണഘടനാ ഭേദഗതിക്ക് അനുസൃതമായി മാതൃകാ നിയമം നടപ്പിലാക്കുക, സഹകരണ പഞ്ചസാര മില്ലുകളുടെ സാമ്പത്തിക ഭദ്രതയും ലാഭക്ഷമതയും മെച്ചപ്പെടുത്തുക, ക്ഷീരമേഖലയിൽ സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, അമുൽ, എൻ.ഡി.ഡി.ബി എന്നിവയുമായി സഹകരിച്ച് പുതിയ ക്ഷീര സഹകരണ സംഘങ്ങൾ രൂപീകരിക്കുക എന്നിവയും ചർച്ചാവിഷയമായി.

പയർവർഗ്ഗങ്ങളുടെയും ചോളത്തിൻ്റെയും ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുക, ഷെയർഡ് സർവീസ് എൻ്റിറ്റികളും (SSE) അംബ്രല്ല സ്ട്രക്ചറുകളും ശക്തിപ്പെടുത്തുക, അംഗത്വം വർദ്ധിപ്പിക്കുക, ബോധവൽക്കരണ കാമ്പെയ്‌നുകൾ വ്യാപിപ്പിക്കുക, ഫലപ്രദമായ മീഡിയ-കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ വികസിപ്പിക്കുക എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങളും ചർച്ചകളും യോഗത്തിൽ നടന്നു.

കൂടാതെ, പി.എ.സി.എസ്, ആർ.സി.എസ് ഓഫീസുകളുടെ കമ്പ്യൂട്ടറൈസേഷൻ, നാഷണൽ കോഓപ്പറേറ്റീവ് ഡാറ്റാബേസിൻ്റെ വിനിയോഗം, മനുഷ്യവിഭവശേഷി വികസനവും പരിശീലനവും, നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NCDC) പദ്ധതികളുടെ മികച്ച രീതിയിലുള്ള നടപ്പിലാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടാകാവുന്ന  പ്രതീക്ഷകളും യോഗം പങ്കുവെച്ചു.
 
***
 

( റിലീസ് ഐ.ഡി: 2229958) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , हिन्दी , Nepali , Gujarati , Odia , Telugu , Kannada