ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ 24 മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം എഐ ഉത്തരവാദിത്വ പ്രതിജ്ഞകൾ ലഭിച്ചതോടെ ഇന്ത്യ, ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചതായി കേന്ദ്ര മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 18 FEB 2026 4:09PM by PIB Thiruvananthpuram

ഫെബ്രുവരി 16 മുതൽ 17 വരെയുള്ള 24 മണിക്കൂർ കാലയളവിൽ 250,946 സാധുവായ പ്രതിജ്ഞകൾ ലഭിച്ചതോടെ, "ഒരു എഐ ഉത്തരവാദിത്വ കാമ്പെയ്‌നിൽ, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞകൾ ലഭിച്ചു" എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യ നേടിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പ്രഖ്യാപിച്ചു.

 

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി-2026 ലാണ് ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ;  മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഇന്ത്യ എഐ മിഷൻ സിഇഒയും എൻഐസി ഡയറക്ടർ ജനറലുമായ ശ്രീ അഭിഷേക് സിംഗ്; ഇന്ത്യ എഐ സിഒഒ ശ്രീമതി കവിത ഭാട്ടിയ; ഇൻ്റൽ  സെൻട്രൽ എഞ്ചിനീയറിംഗ് ഗ്രൂപ്പിൻ്റെ എസ്‌വിപിയും ജിഎമ്മുമായ ശ്രീ ശ്രീനിവാസൻ അയ്യങ്കാർ; ഗിന്നസ് ലോക റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ശ്രീ പ്രവീൺ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. ശ്രീ പട്ടേൽ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

 

 ഇൻ്റൽ ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യഎഐ മിഷൻ്റെ കീഴിൽ ഫെബ്രുവരി 16 ന് ആരംഭിച്ചതാണ് രാജ്യവ്യാപകമായ എഐ ഉത്തരവാദിത്വ പ്രതിജ്ഞാ കാമ്പെയ്‌ൻ. aipledge.indiaai.gov.in എന്ന സമർപ്പിത പോർട്ടലിലൂടെ രാജ്യത്തുടനീളമുള്ള പൗരന്മാരെ നിർമിത ബുദ്ധിയുടെ ധാർമ്മികവും സമഗ്രവും ഉത്തരവാദിത്വപരവുമായ ഉപയോഗത്തിന് പ്രതിജ്ഞാബദ്ധരാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ സംരംഭം. ഡാറ്റ സ്വകാര്യത, ഉത്തരവാദിത്വo, സുതാര്യത, സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിലൂടെ തെറ്റായ വിവരങ്ങളെ ചെറുക്കൽ തുടങ്ങിയ പ്രധാന വശങ്ങളെക്കുറിച്ച് ചിന്തിക്കാൻ പങ്കാളികളെ ഈ സംരംഭം പ്രോത്സാഹിപ്പിച്ചു. അതുവഴി വിശ്വസനീയവും മനുഷ്യകേന്ദ്രീകൃതവുമായ ഒരു എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. പ്രതിജ്ഞ പൂർത്തിയാക്കിയ പങ്കാളികൾക്ക് ഒരു ഡിജിറ്റൽ ബാഡ്ജും എഐ പഠന മാർഗങ്ങളിലേക്കുള്ള പ്രവേശനവും ലഭിച്ചു.

 

യുവാക്കളെ എഐയുടെ ഉത്തരവാദിത്വപരവും ധാർമ്മികപരവുമായ ഉപയോഗത്തിനായി പ്രോത്സാഹിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രീ വൈഷ്ണവ്, പ്രശംസിച്ചു. “കോളേജുകളിലേക്ക് ചെല്ലാനും, ഫാക്കൽറ്റി അംഗങ്ങളുമായി സംവദിക്കാനും, സമൂഹത്തിൻ്റെ നന്മയ്ക്കായി - നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യയായി - എഐ ഉപയോഗിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുമായി ഞങ്ങളെ പ്രേരിപ്പിച്ചത് അദ്ദേഹത്തിൻ്റെ ദർശനമാണ്. ഈ പ്രതിജ്ഞയെടുത്ത 250,000 വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിനന്ദനം. രാജ്യത്തിന് ഇത് അഭിമാനകരമായ ദിവസമാണ്. ഉത്തരവാദിത്വത്തോടെ എഐ സ്വീകരിക്കപ്പെടുന്ന ഒരു ഭാവിയിലേക്ക്, രാഷ്ട്രം ഈ ദിശയിലാണ് നീങ്ങേണ്ടത്.”

 

റെക്കോർഡ് സൃഷ്ടിക്കുന്നതാണ് പങ്കാളിത്തമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 5,000 പ്രതിജ്ഞകൾ എന്ന പ്രാരംഭ ലക്ഷ്യത്തേക്കാൾ വളരെ കൂടുതലാണ് ഇത്. ശക്തമായ പൊതുജന ഇടപെടലിനെയും എഐയുടെ ഉത്തരവാദിത്വപരമായ സ്വീകാര്യതയെയും കുറിച്ച് വളർന്നുവരുന്ന അവബോധത്തെയും പ്രതിഫലിപ്പിക്കുന്നതായി മന്ത്രി എടുത്തുപറഞ്ഞു. പൗരകേന്ദ്രീകൃത ഡിജിറ്റൽ ഉത്തരവാദിത്വത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കാമ്പെയ്ൻ. സമഗ്രത, ധാർമ്മികത, പൊതുജന വിശ്വാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള AI വ്യവഹാരം രൂപപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഇത് പ്രകടമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

***


( റിലീസ് ഐ.ഡി: 2229838) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Telugu , Urdu , English , Gujarati , Marathi , Odia , Tamil , Kannada