പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ മറുപടി


വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കൈവരിച്ച ദ്രുതഗതിയിലുള്ള പുരോഗതി രാഷ്ട്രപതി ജി വ്യക്തമായി എടുത്തുകാട്ടി: പ്രധാനമന്ത്രി

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദം നിർണായകമായിരിക്കും: പ്രധാനമന്ത്രി

രാഷ്ട്രം ഒരു നിർണായക നിമിഷത്തിലെത്തിയെന്നും ഇനി തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോകണമെന്നും ഓരോ പൗരനും തോന്നുന്നു: പ്രധാനമന്ത്രി

​ഗ്ലോബൽ സൗത്തിന്റെ ശക്തമായ ശബ്ദമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നു: പ്രധാനമന്ത്രി

രാജ്യത്തിന്റെ യുവാക്കൾക്ക്, ഇത് അനന്തമായ അവസരങ്ങളുടെ സമയമാണ്: പ്രധാനമന്ത്രി

എത്ര വെല്ലുവിളികൾ ഉണ്ടെങ്കിലും, നമുക്ക് 140 കോടി പരിഹാരങ്ങളുണ്ട്: പ്രധാനമന്ത്രി

ഇന്ത്യ ഇനി ഒരവസരവും നഷ്ടപ്പെടുത്തില്ല, ഇനി അത് മുന്നിൽ നിന്ന് നയിക്കും: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 05 FEB 2026 9:44PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുകയും, നന്ദിപ്രമേയത്തെ പിന്തുണച്ചുകൊണ്ട് തന്റെ വികാരങ്ങൾ പങ്കുവെക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്നും പറഞ്ഞു. വികസിത ഇന്ത്യയുടെ യാത്രയിൽ കഴിഞ്ഞ വർഷം ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഒരു വർഷമായിരുന്നുവെന്നും, രാജ്യം വളരെ വേഗത്തിൽ ശരിയായ ദിശയിലേക്ക് മുന്നേറുമ്പോൾ, എല്ലാ മേഖലകളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പരിവർത്തനം ദൃശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഈ വിഷയങ്ങൾ സംവേദനക്ഷമതയോടും വ്യക്തതയോടും കൂടി അവതരിപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

മധ്യവർഗം, താഴ്ന്ന മധ്യവർഗം, ദരിദ്രർ, ഗ്രാമങ്ങൾ, കർഷകർ, സ്ത്രീകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, കൃഷി എന്നിവയെക്കുറിച്ച് പാർലമെന്റിൽ ഇന്ത്യയുടെ പുരോഗതിയുടെ ശബ്ദം അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രപതി വിശദമായി സംസാരിച്ചതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു. യുവാക്കൾ ഇന്ത്യയുടെ ശക്തിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് രാഷ്ട്രപതി വിശദീകരിച്ചതായും, ഇന്ത്യയുടെ ശോഭനമായ ഭാവിയിലുള്ള ഉറച്ച വിശ്വാസം രേഖപ്പെടുത്തുകയും ഓരോ വിഭാഗത്തിന്റെയും കഴിവുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു, ഇത് എല്ലാവർക്കും പ്രചോദനകരമാണെന്നും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം അവസാനിച്ചുവെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായിരുന്നതുപോലെ, ഈ രണ്ടാം പാദം വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ തുല്യ ശക്തവും വേഗതയുള്ളതുമായിരിക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യം ഒരു നിർണായക ഘട്ടത്തിലെത്തിയതായി ഓരോ പൗരനും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിർത്തുക, തിരിഞ്ഞു നോക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും, വേഗത്തിൽ മുന്നോട്ട് പോകുക, ലക്ഷ്യം കൈവരിക്കുക, അതിലെത്തിയതിനുശേഷം മാത്രം വിശ്രമിക്കുക എന്ന ദിശയിലാണ് രാജ്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നിലവിൽ അനുകൂല സാഹചര്യങ്ങളുടെ അപൂർവ ഒത്തുചേരലിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് എടുത്തുകാണിച്ച പ്രധാനമന്ത്രി, ഇതിനെ അത്യന്തം ശുഭകരമായ ഒരു വിന്യാസം എന്ന് വിശേഷിപ്പിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ പ്രായമാകുമ്പോൾ, ഇന്ത്യ ഒരേസമയം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയും കൂടുതൽ യുവത്വമുള്ള ഒരു രാഷ്ട്രമായി മാറുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.ഇന്ത്യയോടുള്ള ലോകത്തിന്റെ ആകർഷണം ഗണ്യമായി വർദ്ധിച്ചുവെന്നും ഇന്ത്യയുടെ പ്രതിഭകൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്വപ്നങ്ങളും ദൃഢനിശ്ചയവും കഴിവുമുള്ള യുവ പ്രതിഭകളുടെ ഒരു വലിയ ശേഖരം ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഇത് കരുത്തിന്റെ രണ്ടാമത്തെ അനുഗ്രഹമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ആഗോള വെല്ലുവിളികൾക്ക് പരിഹാരങ്ങൾ നൽകിക്കൊണ്ട് ഇന്ത്യ പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലെ ഉയർന്ന വളർച്ചയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും അതുല്യമായ സംയോജനം അതിന്റെ പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നതായും  ചൂണ്ടിക്കാട്ടി.  ജനസേവനത്തിനുള്ള അവസരം  തന്റെ ​ഗവൺമെന്റിന് ലഭിച്ചപ്പോൾ, ഇന്ത്യയെ 'ഫ്രജൈൽ ഫൈവ്' (ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകൾ) ആയി കണക്കാക്കിയിരുന്നുവെന്നും, സ്വാതന്ത്ര്യസമയത്ത് ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന രാജ്യം പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നുവെന്നും, എന്നാൽ ഇന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശാസ്ത്രം, ബഹിരാകാശം, കായികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. കോവിഡിന് ശേഷമുള്ള ലോകത്ത് ആഗോള അസ്ഥിരത വർദ്ധിക്കുമ്പോൾ, രൂപപ്പെട്ടുവരുന്ന പുതിയ ലോകക്രമം ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് നിക്ഷ്പക്ഷമായ വിശകലനങ്ങൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു ആഗോള ക്ഷേമത്തിനായി തോളോട് തോൾ ചേർന്ന് സംഭാവന ചെയ്യുന്ന നിരവധി രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയും സുഹൃത്തുമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ ​ഗ്ലോബൽ സൗത്തിന്റെ ശക്തമായ ശബ്ദമായി ഇന്ത്യ മാറിയെന്നും പ്രധാന രാജ്യങ്ങളുമായി "ഭാവിക്ക് സജ്ജമായ വ്യാപാര കരാറുകളിൽ" ഏർപ്പെടുകയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുമായി എല്ലാ കരാറുകളുടേയും മാതാവായ കരാർ ഉൾപ്പെടെ ഒമ്പത് പ്രധാന വ്യാപാര കരാറുകളിൽ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ചു. മുൻ ​ഗവൺമെന്റുകളുടെ കാലത്ത് ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ രാജ്യങ്ങൾ വിമുഖത കാണിച്ചിരുന്നുവെങ്കിൽ, ഇന്ന് വികസിത രാജ്യങ്ങൾ ഇന്ത്യയുമായി പങ്കാളിത്തത്തിനായി ഉറ്റുനോക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ജപ്പാനെ പങ്കാളി രാജ്യമാക്കിയ ഗുജറാത്തിലെ തന്റെ അനുഭവം അനുസ്മരിച്ചുകൊണ്ട്, ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഇന്ന് സമാനമായ ശക്തി പ്രകടിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. സാമ്പത്തിക ശക്തി, പൗരശക്തി, ശക്തമായ ഒരു ഉൽപ്പാദന ആവാസവ്യവസ്ഥ എന്നിവ ഉള്ളപ്പോൾ മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മുൻഗണനകളെ അവഗണിക്കുന്നതിന് വോട്ട് ബാങ്ക് രാഷ്ട്രീയത്തെ അദ്ദേഹം വിമർശിച്ചു, പ്രതിപക്ഷ ​ഗവൺമെന്റുകൾക്ക് കാഴ്ചപ്പാടും ഇച്ഛാശക്തിയും ആശയങ്ങളും ഇല്ലെന്നും ഇത് രാജ്യത്തെ കഷ്ടത്തിലാക്കിയെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

ജനസേവനത്തിനുള്ള അവസരം നൽകിയതിന് ശ്രീ മോദി ജനങ്ങളോട് നന്ദി പറഞ്ഞു, തന്റെ ​ഗവൺമെന്റിന്റെ ഊർജ്ജത്തിന്റെ ഭൂരിഭാഗവും മുൻകാല തെറ്റുകൾ തിരുത്തുന്നതിനും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ പുനർനിർമ്മിക്കുന്നതിനുമാണ് ചെലവഴിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിപ്പോൾ താൽക്കാലിക തീരുമാനങ്ങളിലല്ല (adhocism), മറിച്ച്  നയരൂപീകരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും, "പരിഷ്‌കരണം, പ്രകടനം, പരിവർത്തനം" എന്ന മന്ത്രം രാജ്യത്തെ ഒരു "റിഫോം എക്‌സ്‌പ്രസ്" ആക്കി മാറ്റിയതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും സംരംഭകരെ ശാക്തീകരിക്കുന്നതിനും മൂല്യവർദ്ധന ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഘടനാപരമായ, പ്രക്രിയാ, നയ പരിഷ്കാരങ്ങൾ അദ്ദേഹം വിശദീകരിച്ചു, ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ മത്സരിക്കാൻ പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ചു.

ആഗോള സിഇഒ ഫോറങ്ങൾ ഇപ്പോൾ ഇന്ത്യൻ സംരംഭകരെ തുല്യരായി കാണുന്നുവെന്ന് എടുത്തുകാണിച്ച ശ്രീ മോദി, എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രതിനിധികൾ പോലും വിദേശത്ത് ഈ തുല്യത അനുഭവിച്ചിട്ടുണ്ടെന്നും അഭിമാനത്തോടെ മടങ്ങുകയാണെന്നും പറഞ്ഞു. ദീർഘകാല സാമ്പത്തിക ശക്തി നൽകുന്ന ഇന്ത്യയുടെ എംഎസ്എംഇ ശൃംഖലയുടെ ശക്തി അദ്ദേഹം ഊന്നിപ്പറഞ്ഞു, കൂടാതെ വിമാനങ്ങളുടെ പല ഘടകങ്ങളും ഇന്ത്യയിലെ ചെറുകിട എംഎസ്എംഇകളാണ് നിർമ്മിക്കുന്നതെന്നും ഇത് ആഗോള വിശ്വാസം നേടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി വ്യാപാര ബന്ധം കെട്ടിപ്പടുക്കാൻ പ്രധാന രാജ്യങ്ങൾ ഉത്സുകരായതിനാൽ ഈ ശ്രമങ്ങളുടെ ഫലങ്ങൾ വ്യക്തമാണ്, അന്താരാഷ്ട്രതലത്തിൽ വ്യാപകമായി പ്രശംസിക്കപ്പെട്ട യൂറോപ്യൻ യൂണിയൻ വ്യാപാര കരാറും അമേരിക്കയുമായുള്ള സമീപകാല കരാറും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയൻ കരാർ ആഗോള സ്ഥിരതയിൽ ലോകത്തിന് ആത്മവിശ്വാസം നൽകിയതായും യുഎസ് കരാർ ആക്കം കൂട്ടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു, രണ്ടും ലോകത്തിന് പോസിറ്റീവ് സിഗ്നലുകളായി വർത്തിക്കുന്നു.

നിലവിലെ അവസരങ്ങളുടെ ഏറ്റവും വലിയ നേട്ടം ഇന്ത്യയിലെ യുവാക്കൾക്കായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. യുവാക്കളെക്കുറിച്ച് പറയുമ്പോൾ, മധ്യവർഗ യുവാക്കൾ, നഗര യുവാക്കൾ, ഗ്രാമീണ യുവാക്കൾ, പുത്രന്മാർ, പുത്രിമാർ എന്നിവരെ ഒരുപോലെ ഉൾക്കൊള്ളുന്നുണ്ടെന്നും അവരെ ഭാ​ഗീകമായി കാണരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള വിപണി ഇപ്പോൾ അവർക്കായി തുറന്നിരിക്കുന്നതിനാൽ, എല്ലായിടത്തും അവസരങ്ങൾ നൽകുന്നതിനാൽ, രാഷ്ട്രം അതിന്റെ യുവത്വത്തിന്റെ ശക്തിയിൽ അഭിമാനിക്കണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രം അവരെ പിന്തുണയ്ക്കുകയും ലോകം അവരുടെ സംഭാവനയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനാൽ, ധൈര്യത്തോടെ മുന്നോട്ട് പോകാൻ അവരെ പ്രേരിപ്പിച്ചുകൊണ്ട് ശ്രീ മോദി യുവാക്കളെ പ്രോത്സാഹിപ്പിച്ചു. പരിപാലന രം​ഗത്തുള്ളവർ (Caregivers) ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള ആഗോള ഡിമാൻഡ് വർദ്ധിച്ചുവരുന്നതും, യോഗ്യതയുള്ള പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനികൾ ഇന്ത്യയിൽ പ്രത്യേക ഓഫീസുകൾ സ്ഥാപിക്കുന്നതും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിശാലമായ അവസരങ്ങൾ തുറക്കുന്നതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, ചർച്ചകളുടെ നിലവാരം, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി ഭരിച്ചവരുടെ നിലവാരം, ഉയരേണ്ടിയിരുന്നുവെന്നും  എന്നാൽ അവർ അവസരം നഷ്ടപ്പെടുത്തിയതായും ശ്രീ മോദി നിരീക്ഷിച്ചു. രാഷ്ട്രത്തിന് അവരെ എങ്ങനെ വിശ്വസിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം ഉയർത്തി. അഭിമാനത്തോടെ രാജാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു അംഗം സാമ്പത്തിക സമത്വത്തെക്കുറിച്ച്  സംസാരിക്കുന്നതിന്റെ വിരോധാഭാസം അദ്ദേഹം ചൂണ്ടിക്കാട്ടി, അത്തരം വൈരുദ്ധ്യങ്ങളാണോ രാജ്യം കാണാൻ പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയെ വിമർശിച്ച അദ്ദേഹം, ജനങ്ങളുടെ ഭാവി ഇരുട്ടിലാഴ്ത്തിക്കൊണ്ട് അവരുടെ ഭരണം എല്ലാ മാനദണ്ഡങ്ങളിലും പിന്നോട്ട് പോയിരിക്കുകയാണെന്നും  മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനെ അദ്ദേഹം അപലപിച്ചു, അത്തരം നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ യുവാക്കളുടെ അവകാശങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, ഗോത്രഭൂമികൾ എന്നിവ നഷ്ടപ്പെടുത്തുകയും പുത്രന്മാരുടെയും പുത്രിമാരുടെയും ജീവന് ഭീഷണിയാകുകയും ചെയ്യുന്നുവെന്നും അതേസമയം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രണാതീതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ കോടതികളിൽ സമ്മർദ്ദം ചെലുത്തുന്നവർ ഇന്ത്യയിലെ യുവാക്കളെ ഒറ്റിക്കൊടുക്കുകയാണെന്നും അത്തരം പ്രവൃത്തികൾക്ക് മാപ്പ് നൽകാനാവില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

അഴിമതിയിലും ധാരാളിത്തത്തിലും മുങ്ങിക്കുളിച്ച ​ഗവൺമെന്റുകളെ നയിക്കുന്നവരുടെ കൊട്ടാരങ്ങൾ ഇന്ന് വിദ്വേഷത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെല്ലാം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി അധികാരത്തിലുണ്ടെങ്കിലും അവരുടെ സ്വത്വം അഴിമതിയുടെയും പരാജയപ്പെട്ട ഭരണത്തിന്റേതുമായി തുടരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് ബില്ലുകൾ ചർച്ച ചെയ്യുമ്പോൾ, അവ അഭിമാനത്തോടെയാണ് പ്രതിപാദിക്കപ്പെടുന്നത്, എന്നാൽ മുൻകാലങ്ങളിൽ, കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ ബൊഫോഴ്‌സ് കരാർ പോലുള്ള അഴിമതികൾ മാത്രമേ ഉയർത്തിക്കൊണ്ടുവന്നിരുന്നുള്ളൂ, കാരണം ആ ​ഗവൺമെന്റുകൾ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലല്ല, സ്വന്തം പോക്കറ്റുകൾ നിറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ബാങ്കിംഗ് മേഖലയെ ഉദാഹരണമായി കാട്ടിയാണ് ശ്രീ മോദി സംസാരിച്ചത്. 2014 ന് മുമ്പ്, "ഫോൺ ബാങ്കിംഗ്" യുഗം നിലനിന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, നേതാക്കളുടെ കോളുകൾ കോടിക്കണക്കിന് രൂപയുടെ വിതരണം നിർണ്ണയിക്കുന്നിടത്ത്, ദരിദ്രരോട് അവജ്ഞയോടെ പെരുമാറുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തു. ജനസംഖ്യയുടെ 50% ത്തിലധികം പേർ ഒരിക്കലും ഒരു ബാങ്കിന്റെ വാതിലുകൾ കണ്ടിട്ടില്ലെന്നും, അന്നത്തെ ഭരണ നേതാക്കൾ കോടിക്കണക്കിന് പണം അവരുടെ കൂട്ടാളികൾക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അന്നത്തെ ഭരണകാലത്തും ഇപ്പോൾ പ്രതിപക്ഷ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബാങ്കിംഗ് സംവിധാനം തകർച്ചയുടെ വക്കിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികളുടെ ഭീകരമായ അവസ്ഥയെ പ്രതിഫലിപ്പിക്കും വിധം, പരിഷ്കാരങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ഒരു വിദേശ നേതാവ് തന്നോട് നിർദ്ദേശിച്ചത് ശ്രീ മോദി ഓർമ്മിപ്പിച്ചു,  മുൻ ​ഗവൺമെന്റുകൾ നിഷ്‌ക്രിയ ആസ്തികൾ(NPA)  കുന്നുകൂടാൻ അനുവദിച്ചുവെന്നും, എൻ‌പി‌എ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുള്ള നിരന്തരമായ ചർച്ചകൾ ബാങ്കിംഗ് സംവിധാനത്തിന്റെ അവഗണനയും ദുർഭരണവും വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വെല്ലുവിളി വളരെ വലുതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു, എന്നാൽ ബാങ്കിംഗ് സംവിധാനത്തിലെ എല്ലാ പങ്കാളികളെയും വിശ്വാസത്തിലെടുത്ത് ​ഗവൺമെന്റ് ബുദ്ധിപൂർവ്വം പ്രവർത്തിച്ചു. പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവ ധൈര്യത്തോടെ നടപ്പിലാക്കിയെന്നും സുതാര്യമായ ഒരു സംവിധാനം സൃഷ്ടിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി ബാങ്കിംഗ് പരിഷ്കാരങ്ങൾ സ്വീകരിച്ചുവെന്നും ശരിയായി പ്രവർത്തിക്കാൻ കഴിയാത്ത ദുർബലമായ പൊതുമേഖലാ ബാങ്കുകളെ ശക്തമായ ബാങ്കുകളുമായി ലയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോദി ​ഗവൺമെന്റിന് ഇത് നേടാൻ കഴിയുമെങ്കിൽ, അത് ഇന്ത്യയ്ക്ക് ഒരു വലിയ പരിഷ്കാരമാകുമെന്ന് ഒരു ബുദ്ധിജീവി ഒരിക്കൽ എഴുതിയതായി ശ്രീ മോദി അനുസ്മരിച്ചു, അധികാരമേറ്റയുടനെ ഇത് നേടിയെടുത്തുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തൽഫലമായി, ആഴത്തിൽ വേരൂന്നിയ അസ്വാസ്ഥ്യത്തിൽ നിന്ന് ബാങ്കുകൾ മോചിതരായി, അവരുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെട്ടു, അവ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ആരോഗ്യകരമായ ബാങ്കുകളിലൂടെ ഇടപാടുകൾ വർദ്ധിച്ചു, ആളുകൾക്ക് ഫണ്ടിലേക്ക് പ്രവേശനം ലഭിച്ചു, സാധാരണ പൗരന്മാർക്ക് പണം ലഭിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കൽ ബാങ്കുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ദരിദ്രരിലേക്ക് വായ്പകൾ എത്തുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. പ്രസംഗങ്ങളിലൂടെ മാത്രമല്ല, യഥാർത്ഥ പിന്തുണ നൽകുന്നതിലൂടെയും യുവാക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും സ്വയംതൊഴിൽ പ്രചോദിപ്പിക്കുകയും ചെയ്യുന്ന മുദ്ര യോജനയുടെ വിജയം അദ്ദേഹം എടുത്തുകാട്ടി. മുദ്ര യോജനയിലൂടെ യുവാക്കൾക്ക് ഗ്യാരണ്ടി ഇല്ലാതെ ₹30 ലക്ഷം കോടിയിലധികം വായ്പകൾ വിതരണം ചെയ്തുവെന്നും ഇത് അവരുടെ ബിസിനസുകൾ വികസിപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്നുവെന്നും ഗണ്യമായ എണ്ണം സ്ത്രീ ഗുണഭോക്താക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയം സഹായ സംഘങ്ങൾ വഴി ഗ്രാമീണ സ്ത്രീകൾ ഇപ്പോൾ വലിയ സ്വപ്നങ്ങൾ കാണുന്നുണ്ടെന്നും സ്വതന്ത്രമായി നിലകൊള്ളുന്നുണ്ടെന്നും 10 കോടി സ്ത്രീകൾക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് ധാരാളം വായ്പകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ന് മുമ്പ് കുതിച്ചുയർന്ന നിഷ്‌ക്രിയ ആസ്തികൾ ഇപ്പോൾ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്നും ഇത് ബാങ്കുകളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. ബാങ്കുകൾ അഭൂതപൂർവമായ ലാഭം രേഖപ്പെടുത്തുന്നുണ്ടെന്നും ഇത് മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ ഒരുകാലത്ത് പരാജയപ്പെടാനോ തകരാനോ അടച്ചുപൂട്ടാനോ വിധിക്കപ്പെട്ട സ്ഥാപനങ്ങളായി കണക്കാക്കപ്പെട്ടിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി ഈ മനോഭാവം വിജയകരമായി മാറ്റിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് നിഷേധാത്മകത പ്രചരിപ്പിക്കുന്നവരെ, അവരുടെ പ്രവർത്തനങ്ങളെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറത്ത് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന നഗര നക്സലുകളുമായി ഉപമിച്ചുകൊണ്ട് ശ്രീ മോദി വിമർശിച്ചു. മുൻ ​ഗവൺമെന്റുകളുടെ കീഴിൽ എൽഐസി, എസ്ബിഐ, എച്ച്എഎൽ തുടങ്ങിയ സ്ഥാപനങ്ങൾ മോശം മാനേജ്‌മെന്റിന് വിധേയമായിരുന്നുവെന്നും എന്നാൽ തന്റെ ​ഗവൺമെന്റ് ധൈര്യം കാണിക്കുകയും തുടർച്ചയായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഐസി അതിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതായും പ്രതിപക്ഷ ഭരണത്തിൻ കീഴിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ ലാഭം രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ മേക്ക് ഇൻ ഇന്ത്യയെ ഉത്തേജക ഏജന്റുമാരായി നയിക്കുകയും റെക്കോർഡ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആഭ്യന്തരമായും അന്തർദേശീയമായും വലിയ ഓർഡറുകൾ നേടി ആഗോളതലത്തിൽ വികസിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ നിർണായക 25 വർഷത്തെ കാലയളവിൽ ഇന്ത്യയുടെ ഗണ്യമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിരവധി രാജ്യങ്ങളുടെ വികസന യാത്രകളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള 10 കോടി ചെറുകിട കർഷകരെ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, രാജ്യത്തെ കർഷകരെപ്പോലും വഞ്ചിച്ചതിന് പ്രതിപക്ഷത്തെ പ്രധാനമന്ത്രി മോദി വിമർശിച്ചു. ചെറുകിട കർഷകരെ അവഗണിച്ച്, കുറച്ച് വലിയ കർഷകരെ കൈകാര്യം ചെയ്താൽ മതിയെന്ന് പ്രതിപക്ഷം വിശ്വസിച്ചിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിട കർഷകരുടെ വേദന തന്റെ ​ഗവൺമെന്റ് മനസിലാക്കുന്നുണ്ടെന്നും, അടിസ്ഥാന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി അവതരിപ്പിച്ചുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറുകിട കർഷകരുടെ അക്കൗണ്ടുകളിലേക്ക് 4 ലക്ഷം കോടി രൂപ നേരിട്ട് ട്രാൻസ്ഫർ ചെയ്തുവെന്നും, പുതിയ ശക്തിയും വലിയ സ്വപ്നങ്ങൾ കാണാനുള്ള കഴിവും നൽകി അവരെ ശാക്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി കർഷകർ ഫലങ്ങൾ നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട വിമർശനങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചില അംഗങ്ങൾ പരാതികൾ ഉന്നയിക്കാൻ മുൻകൂട്ടി തീരുമാനിച്ചതായി തോന്നുന്നുവെന്നും, അവരുടെ സഖ്യം വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ അവതരിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വ്യക്തമാക്കി ഒരു സംഭവം അദ്ദേഹം വിശദീകരിച്ചു. മലയോര പ്രദേശങ്ങൾക്കായി പ്രത്യേക പദ്ധതികൾ രൂപകൽപ്പന ചെയ്യാൻ വിസമ്മതിച്ച ആസൂത്രണ കമ്മീഷനുമായി ഒരു മുതിർന്ന പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയും തന്നെ പോരാടിയതായി ശ്രീ മോദി പറഞ്ഞു. തെറ്റായ തൊഴിൽ സംസ്കാരം അംഗീകരിച്ചിട്ടും തിരുത്തൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. പതിറ്റാണ്ടുകളായി ആസൂത്രണ കമ്മീഷൻ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും 2014 വരെ ജനങ്ങളെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയ ശേഷം, തന്റെ സർക്കാർ ആസൂത്രണ കമ്മീഷൻ നിർത്തലാക്കുകയും നീതി ആയോഗ് സ്ഥാപിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു, അത് ഇപ്പോൾ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു. വികസ്വര രാജ്യങ്ങൾക്ക് വികസന മാതൃകയായി ആഗോള സ്ഥാപനങ്ങൾ അംഗീകരിക്കുന്ന അഭിലാഷ ജില്ലകളുടെ വിജയം അദ്ദേഹം എടുത്തുപറഞ്ഞു. ഒരുകാലത്ത് പിന്നോക്കവും അവഗണിക്കപ്പെട്ടതുമായി കണക്കാക്കപ്പെട്ടിരുന്ന ജില്ലകൾ ഇപ്പോൾ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശിക്ഷാ നിയമനങ്ങളുടെ ഭാ​ഗമായി അത്തരം ജില്ലകളിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുന്ന മുൻകാല സംസ്കാരത്തെ ശ്രീ മോദി വിമർശിച്ചു, ഇത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. മൂന്ന് വർഷത്തെ കാലാവധിക്കായി യുവ, കഴിവുള്ള ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട്, നിർണായക നടപടികൾ സ്വീകരിച്ചുകൊണ്ട് തന്റെ ​ഗവൺമെന്റ് ഇത് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് അഭിലാഷ ജില്ലയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ ഇപ്പോൾ ബസ്തർ ഒളിമ്പിക്സിന്റെ പേരിൽ രാജ്യവ്യാപകമായി അറിയപ്പെടുന്നു.  വികസനം എത്തുന്ന ഗ്രാമങ്ങളിലേക്ക് ആദ്യമായി ബസുകൾ എത്തുമ്പോൾ ഗ്രാമീണ ജനത അത് ഉത്സവമായി ആഘോഷിക്കുന്നുണ്ടെന്നും പറഞ്ഞു. മുൻകാലങ്ങളിലെ അവഗണനയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഈ പരിവർത്തനം രാജ്യത്തിന്റെ പുതിയ ദിശയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

യഥാർത്ഥ നടപ്പാക്കൽ എന്താണ് എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണ് അഭിലാഷ ജില്ലകൾ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. അത്തരം നൂറുകണക്കിന് ഉദാഹരണങ്ങൾ ഉണ്ടെങ്കിലും, അദ്ദേഹം ഇത് പ്രത്യേകം ഉദ്ധരിച്ചു. നടപ്പാക്കൽ വഴി ഉണ്ടാകുന്ന മാറ്റം പ്രതിപക്ഷ നേതാക്കൾക്ക് കാണാൻ കഴിയുന്നില്ലെന്നും, പഴയ ആസൂത്രണ കമ്മീഷൻ മാതൃകയിലുള്ള ജീപ്പുകളുടെയും കോവർകഴുതകളുടെയും കാര്യത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും, അതിനപ്പുറം ഒന്നും അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർദാർ വല്ലഭായ് പട്ടേൽ ജനിക്കുന്നതിനു മുമ്പുതന്നെ നർമ്മദാ നദിയിൽ ഒരു അണക്കെട്ട് വിഭാവനം ചെയ്തിരുന്നുവെന്നും, അതിന്റെ ശിലാസ്ഥാപനം ശ്രീ ജവഹർലാൽ നെഹ്‌റു നിർവഹിച്ചുവെന്നും, എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായതിനുശേഷം മാത്രമാണ് ഉദ്ഘാടനം നടന്നതെന്നും, മുൻ ​ഗവൺമെ‍ന്റുകളുടെ നടപ്പാക്കലിന്റെ പരാജയത്തെ അടിവരയിടുന്നുവെന്നും ശ്രീ മോദി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കെ, സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ഗുജറാത്തിലെ കർഷകർക്കായി മൂന്ന് ദിവസത്തെ ഉപവാസം അനുഷ്ഠിക്കേണ്ടിവന്നുവെന്നും, കേന്ദ്ര സർക്കാരിനെ നടപടിയെടുക്കാൻ നിർബന്ധിക്കാൻ സ്വയം പണയപ്പെടുത്തിയെന്നും, ഒടുവിൽ പദ്ധതിക്ക് ആക്കം കൂടിയെന്നും അദ്ദേഹം ഓർമ്മിച്ചു. ഇന്ന് ശുദ്ധമായ നർമ്മദ ജലം ബിഎസ്എഫ് ഉദ്യോഗസ്ഥരുള്ള കച്ചിലെ ഖാവ്ഡ വരെ എത്തുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുകയും വിളക്കുകൾ കത്തിക്കുകയും കല്ലുകൾ സ്ഥാപിക്കുകയും ചെയ്യുകയും, പിന്നീട് ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത പ്രതിപക്ഷത്തെ പ്രധാനമന്ത്രി വിമർശിച്ചു. ഈ തൊഴിൽ സംസ്കാരം മാറ്റുന്നതിനായി, നിർത്തിവച്ച പദ്ധതികൾ അവലോകനം ചെയ്യുന്ന പ്രഗതി എന്ന സാങ്കേതിക പ്ലാറ്റ്‌ഫോം അദ്ദേഹം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിനായി, ഒരുപക്ഷേ ഉനയ്ക്കായി പാർലമെന്റിൽ പ്രഖ്യാപിച്ച ഒരു ട്രെയിനിന്റെ ഉദാഹരണം അദ്ദേഹം നൽകി, അദ്ദേഹം എത്തുന്നതുവരെ ഒരു ഡ്രോയിംഗ് പോലും തയ്യാറാക്കിയിട്ടില്ല, പക്ഷേ തിരഞ്ഞെടുപ്പ് നേട്ടത്തിനായി പ്രഖ്യാപിച്ചു. പ്രഗതിയിലൂടെ പദ്ധതികൾ എന്തുകൊണ്ട് മുടങ്ങി, ഏതൊക്കെ വകുപ്പുകളാണ് ഉത്തരവാദികൾ, സംസ്ഥാനങ്ങൾ എന്ത് ബുദ്ധിമുട്ടുകൾ നേരിട്ടു, കെടുകാര്യസ്ഥത കാരണം ചെലവ് 900 കോടിയിൽ നിന്ന് 90,000 കോടിയായി എങ്ങനെ വർദ്ധിച്ചുവെന്നും അദ്ദേഹം പരിശോധിച്ചതായി ശ്രീ മോദി വിശദീകരിച്ചു. എല്ലാ മാസവും ഈ പദ്ധതികൾ വ്യക്തിപരമായി അവലോകനം ചെയ്തും, അത്തരം മീറ്റിംഗുകളുടെ 50 എപ്പിസോഡുകൾ പൂർത്തിയാക്കിയും, സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയും അദ്ദേഹം പുരോഗതി ഉറപ്പാക്കിയതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രിയുടെ തലത്തിലുള്ള ഈ വിശദമായ നിരീക്ഷണം കാരണം, 85 ലക്ഷം കോടി രൂപയുടെ പദ്ധതികൾ തുറക്കാനും ത്വരിതപ്പെടുത്താനും കഴിഞ്ഞുവെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു, ഇത് നടപ്പാക്കലിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് തെളിയിച്ചു. റെയിൽവേ, റോഡുകൾ, ജലസേചനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഈ സംവിധാനത്തിന് കീഴിൽ പരിഗണിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു-ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാതയെ ഉദാഹരണമായി ശ്രീ മോദി ഉദ്ധരിച്ചു, പദ്ധതി മൂന്ന് പതിറ്റാണ്ടുകളായി, രണ്ട് തലമുറകളായി സ്തംഭിച്ചുപോയെങ്കിലും, തന്റെ ​ഗവൺമെന്റ് അത് പൂർത്തിയാക്കി. മഞ്ഞുമൂടിയ ഭൂപ്രകൃതിയിലൂടെ വന്ദേ ഭാരത് ട്രെയിൻ ഓടുന്നത് കാണിക്കുന്ന വൈറൽ വീഡിയോയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു, അത് വിദേശത്താണെന്ന് തോന്നുമെന്ന് ജനങ്ങൾ പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ അത്  ഇന്ത്യയിലായിരുന്നു. ഇതാണ് നടപ്പാക്കലിന്റെ ശക്തിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അസമിനെ പരാമർശിച്ചുകൊണ്ട്, അരുണാചലിനെയും അസമിനെയും ബന്ധിപ്പിക്കുന്ന ബോഗിബീൽ പാലം വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്നതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചു. പ്രഗതിയുടെ കീഴിൽ തന്റെ ​ഗവൺമെന്റ് ഇത് അവലോകനം ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്തുവെന്നും ഇത് അസമിനും മുഴുവൻ വടക്കുകിഴക്കൻ പ്രദേശങ്ങൾക്കും വളരെയധികം ​ഗുണകരമായെന്നും എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

തന്റെ ​ഗവൺമെന്റ്, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക മാത്രമല്ല, പലപ്പോഴും സമയത്തിന് മുമ്പേ തന്നെ പൂർത്തിയാക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. 2030 ഓടെ ചില സോളാർ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരുന്നുവെന്നും എന്നാൽ 2025 ഓടെ അവ നേടിയെടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ, എത്തനോൾ ലക്ഷ്യങ്ങൾ രണ്ടോ മൂന്നോ വർഷം മുമ്പേ നേടിയെടുത്തു. ഇത് തന്റെ ​ഗവൺമെന്റിന്റെ നടപ്പാക്കൽ ശക്തി തെളിയിക്കുന്നുവെന്നും ഇത് വാ​ഗ്ദാനങ്ങൾക്കപ്പുറം സമയത്തിനു മുമ്പേ ഫലങ്ങൾ  നൽകുന്നതുമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. 

വെല്ലുവിളികളോടും പരിഹാരങ്ങളോടുമുള്ള തങ്ങളുടെ പാർട്ടിയുടെ സമീപനം പ്രതിപക്ഷത്തിന്റെ സമീപനത്തിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു, ഇത് ആകാശവും ഭൂമിയും പോലെ വിശാലമായ വ്യത്യാസമാണെന്ന് വിശേഷിപ്പിച്ചു. 140 കോടി പൗരന്മാർക്ക് വെല്ലുവിളികൾക്ക് പരിഹാരം നൽകാൻ കഴിവുണ്ടെന്നാണ് സർക്കാരിന്റെ വിശ്വാസമെന്നും ജനങ്ങളിലുള്ള ഈ വിശ്വാസമാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു വിപരീതമായി, പ്രതിപക്ഷം പൗരന്മാരെത്തന്നെ പ്രശ്‌നങ്ങളായി കണക്കാക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുൻകാലങ്ങളിൽ നിന്നുള്ള ഒരു ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയിലെ ജനങ്ങൾക്കുള്ളിൽ 140 കോടി പരിഹാരങ്ങൾ ഉണ്ടെന്ന തന്റെ ​ഗവൺമെന്റിന്റെ ബോധ്യത്തിൽ നിന്ന് വ്യത്യസ്തമായി, പൗരന്മാരെ പ്രശ്‌നങ്ങളായി കാണുന്ന ഒരു മാനസികാവസ്ഥയാണ് ഇതിൽ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. തന്റെ ​ഗവൺമെന്റിന്, പൗരന്മാർ പിന്തുണയ്ക്കുന്ന മൂലധനമാണെന്നും, ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ശിൽപികളും ചാലകങ്ങളുമാണെന്നും, അവരെ പ്രശ്‌നങ്ങളായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ജനങ്ങളെ അപമാനിക്കുന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവത്തിലും സംസ്കാരത്തിലും വേരൂന്നിയതാണെന്ന് ശ്രീ മോദി പറഞ്ഞു. പ്രതിപക്ഷം അടുത്തിടെ ഇന്ത്യൻ രാഷ്ട്രപതിയെ അപമാനിച്ചുവെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഉപയോഗിച്ച വാക്കുകൾ ലജ്ജാകരമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ലോക്‌സഭയിൽ പോലും ചർച്ച നടത്താൻ കഴിഞ്ഞില്ലെന്നും, അത് ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയോടുള്ള കടുത്ത അപമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദരിദ്രരായ ഒരു ആദിവാസി കുടുംബത്തിലെ ഒരു സ്ത്രീ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനത്തേക്ക് ഉയരുമ്പോൾ, അവരെ അപമാനിക്കുന്നത് അവർക്ക് മാത്രമല്ല, ആദിവാസി സമൂഹത്തിനും, സ്ത്രീകൾക്കും, ഭരണഘടനയ്ക്കും, രാഷ്ട്രത്തിനും തന്നെയും അപമാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അസമിൽ നിന്നുള്ള ഒരു അംഗം അധ്യക്ഷനായിരിക്കെ പേപ്പറുകൾ എറിയുകയും മേശയിൽ കയറുകയും ചെയ്ത വേദനാജനകമായ സംഭവം ലോക്‌സഭയിൽ പ്രധാനമന്ത്രി തുടർന്നു പറഞ്ഞു. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും അവിടുത്തെ പൗരന്മാർക്കും അപമാനമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ആന്ധ്രാപ്രദേശിലെ ഒരു ദളിത് കുടുംബത്തിലെ ഒരു മകൻ അധ്യക്ഷനായിരുന്നപ്പോൾ, അദ്ദേഹത്തെയും അപമാനിച്ചു, ഇത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ അവഗണനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസമിലെ ജനങ്ങളോട് പ്രതിപക്ഷം വിദ്വേഷം പുലർത്തുന്നതായി തോന്നുന്നുവെന്നും, കാരണം അവർ അവരെ വഞ്ചിച്ചുവെന്ന് അവർ കരുതുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഒന്നിപ്പിച്ച ശബ്ദവും ആവിഷ്കാരവും പ്രകടിപ്പിച്ച ഭാരതരത്ന ഭൂപൻ ഹസാരികയോടുള്ള അതിരറ്റ ബഹുമാനം അദ്ദേഹം അനുസ്മരിച്ചു, കൂടാതെ തന്റെ ​ഗവൺമെന്റ് അദ്ദേഹത്തെ ഭാരതരത്ന നൽകി ആദരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിർത്തതിന് പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു, ഇത് അസമിനും, രാജ്യത്തുടനീളമുള്ള കലാപ്രേമികൾക്കും, ഹസാരികയുടെ പാരമ്പര്യത്തിനും അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സിഖ് പാർലമെന്റ് അംഗത്തെ "രാജ്യദ്രോഹി" എന്ന് വിളിച്ച സംഭവത്തെയും ശ്രീ മോദി അപലപിച്ചു, ധാർഷ്ട്യം അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്ന് പറഞ്ഞു. നിരവധി നേതാക്കൾ പ്രതിപക്ഷം വിട്ടുപോയിട്ടുണ്ട്, എന്നാൽ ആരെയും രാജ്യദ്രോഹികളായി വിളിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ഈ സിഖ് എംപിയെ ഒഴികെ, സിഖുകാർക്കും ഗുരുക്കന്മാർക്കും എതിരായ അപമാനവും സിഖ് സമൂഹത്തിനെതിരായ പ്രതിപക്ഷത്തിന്റെ ആഴത്തിലുള്ള മുൻവിധിയുടെ പ്രകടനവുമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു പൗരനെ, പ്രത്യേകിച്ച് രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത കുടുംബത്തിൽ നിന്നുള്ള ഒരാളെ, രാജ്യദ്രോഹി എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയ പകപോക്കലുകൾ കാരണം രണ്ട് കാലുകളും നഷ്ടപ്പെട്ടെങ്കിലും വിനയത്തോടെയും വിയോജിപ്പില്ലാതെയും രാഷ്ട്രത്തെ സേവിക്കുന്നത് തുടരുന്ന സദാനന്ദൻ മാസ്റ്ററുടെ അന്തസ്സുമായി പ്രധാനമന്ത്രി ഇതിനെ താരതമ്യം ചെയ്തു. തന്റെ ആദ്യ പ്രസംഗത്തിൽ സദാനന്ദൻ ജി തന്റെ കൃത്രിമ കാലുകൾ സഭയിൽ കാണിച്ച നിമിഷം വളരെ വേദനാജനകവും എന്നാൽ പ്രചോദനാത്മകവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമൂഹം ബഹുമാനിക്കുന്ന ഒരു യുവ അധ്യാപകനെതിരെയുള്ള ഇത്തരം അക്രമത്തിന് ഉത്തരവാദികളായ പ്രതിപക്ഷ സഖ്യത്തെ ശ്രീ മോദി അപലപിച്ചു. ക്രൂരമായ ആക്രമണമുണ്ടായിട്ടും സേവന പ്രതിജ്ഞ തുടരുന്നതിനും നയരൂപീകരണത്തിൽ സംഭാവന നൽകുന്നതിനും സദാനന്ദൻ മാസ്റ്ററെ അദ്ദേഹം പ്രശംസിച്ചു, ഇത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം വ്യക്തികൾ ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മാവിനെ ഉൾക്കൊള്ളുന്നുണ്ടെന്നും, അവരെപ്പോലുള്ള എണ്ണമറ്റ പ്രവർത്തകരുടെ സമർപ്പണത്തിലൂടെയാണ് ഇന്ത്യയുടെ പുരോഗതിക്കായി ജീവിക്കാനും പ്രവർത്തിക്കാനും രാഷ്ട്രം പ്രചോദനം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ പരിഗണിക്കാതെ, അദ്ദേഹം രാഷ്ട്രത്തിനുവേണ്ടി ജീവിക്കാൻ പഠിച്ചുവെന്നും, വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയാണെന്നും, യുവാക്കൾക്ക് ഉറച്ച അടിത്തറ ഒരുക്കുകയാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഒന്നിനോടും ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും, പ്രധാനമന്ത്രി രാജ്യസഭയിൽ കരഞ്ഞുവെന്ന് പോലും അവർ അവകാശപ്പെടുന്നുവെന്നും ഇത് അവർ വളർന്നുവന്ന മൂല്യങ്ങളെയും പ്രവണതകളെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. 2002 മുതൽ, പ്രതിപക്ഷത്തായാലും 2004 മുതൽ അധികാരത്തിലായാലും, 2014 ൽ പാർലമെന്റിൽ പ്രവേശിച്ചതിനുശേഷം, 25 വർഷമായി ഒരു സമ്മേളനവും പ്രതിപക്ഷം തന്നെ അധിക്ഷേപിക്കാതെ കടന്നുപോയിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തന്റെ ​ഗവൺമെന്റ് ആർട്ടിക്കിൾ 370 നീക്കം ചെയ്തു, വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവന്നു, പാകിസ്ഥാൻ ഭീകരരെ അവരുടെ വീടുകളിൽ കയറി മറുപടി നൽകി, ഓപ്പറേഷൻ സിന്ദൂർ നടത്തി, മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ധീരമായ നടപടികൾ സ്വീകരിച്ചു, അന്നത്തെ പ്രധാനമന്ത്രി ഒപ്പിട്ട അന്യായമായ സിന്ധു ജല ഉടമ്പടി നിർത്തിവച്ചു.  ഈ സ്ഥാനത്ത് എങ്ങനെ എത്തി എന്ന് അംഗീകരിക്കാൻ കഴിയാത്തതും അദ്ദേഹത്തിന്റെ തുടർച്ചയായ സാന്നിധ്യത്തിൽ വളരുന്ന നിരാശയുമാണ് പ്രതിപക്ഷത്തിന്റെ യഥാർത്ഥ പ്രശ്‌നമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അർത്ഥമില്ലെന്നും പ്രധാനമന്ത്രിയുടെ കസേര അവരുടെ കുടുംബത്തിന്റെ പാരമ്പര്യമാണെന്നും മറ്റാർക്കും അതിൽ കൈയടക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം വിശ്വസിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രം പ്രതിപക്ഷത്തിന് പതിറ്റാണ്ടുകളായി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ജനങ്ങൾ അവരുടെ ഭാവി അവരുടെ മേൽ വെച്ചിട്ടുണ്ടെന്നും എന്നാൽ ദാരിദ്ര്യ നിർമ്മാർജ്ജന മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് അവർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് എല്ലാ പ്രതിപക്ഷ പ്രധാനമന്ത്രിമാരും സംസാരിച്ചെങ്കിലും ആരും ഒരിക്കലും കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവരുടെ മുദ്രാവാക്യങ്ങൾ പൊള്ളയായി തന്നെ തുടർന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദരിദ്രരെ ശാക്തീകരിക്കാനുള്ള പാതയാണ് താൻ തിരഞ്ഞെടുത്തതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ​ഗവൺമെന്റ് പദ്ധതികൾ മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും, സ്വന്തം കഴിവുകൾ വർദ്ധിപ്പിക്കാനുമുള്ള ദരിദ്രരുടെ  ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ​ഗവൺമെന്റിന്റെ ഉദ്ദേശ്യത്തിലുള്ള ദരിദ്രരുടെ വിശ്വാസത്തെ അദ്ദേഹം പ്രകീർത്തിച്ചു, 25 കോടി കുടുംബങ്ങൾ ദാരിദ്ര്യത്തെ തോൽപ്പിച്ച് നിരാശയിൽ നിന്ന് ഉയർന്നുവന്ന് പുരോഗതിയിൽ പങ്കാളികളായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷ കണ്ടെത്തി രാജ്യത്തോടൊപ്പം നടക്കാൻ എഴുന്നേറ്റ ഈ 25 കോടി പൗരന്മാരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

2014 ന് മുമ്പ് റെയിൽവേ ക്രോസിംഗുകളിൽ നൂറുകണക്കിന് ആളുകൾ മരിച്ചിരുന്നുവെന്നും, സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് കുട്ടികൾ മരിച്ചിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ആളില്ലാ റെയിൽവേ ക്രോസിംഗുകൾ ഒഴിവാക്കുക എന്നത് അസാധ്യമായ ഒന്നായിരുന്നില്ല, എന്നിട്ടും തന്റെ ​ഗവൺമെന്റ് വരുന്നത് വരെ ആരും അതിനായി പ്രവർത്തിച്ചില്ല. ഇന്ന് അത്തരം ക്രോസിംഗുകൾ നിർത്തലാക്കി എണ്ണമറ്റ ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

2014 ന് മുമ്പ് 18,000 ഗ്രാമങ്ങൾ വൈദ്യുതി കണ്ടിട്ടില്ലെന്നും, ബൾബിനെക്കുറിച്ചോ വെളിച്ചത്തെക്കുറിച്ചോ കേട്ടിട്ടില്ലെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014 ൽ ഉത്തരവാദിത്തം ഏൽപ്പിച്ച ശേഷം, തന്റെ ​ഗവൺമെന്റ് ആ ഗ്രാമങ്ങളിലേക്ക് വെളിച്ചം കൊണ്ടുവന്നു.

മുൻകാല വാർത്താക്കുറിപ്പുകളിൽ അതിർത്തികളിൽ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു - വെടിയുണ്ടകളില്ല, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്ല, ശരിയായ ബൂട്ടുകളില്ലാതെ മഞ്ഞിൽ നിൽക്കുന്ന സൈനികർ. തന്റെ ​ഗവൺമെന്റ് രാജ്യത്തിന്റെ ഖജനാവ് സൈനികർക്കായി തുറന്നുകൊടുത്തുവെന്നും, അവർക്ക് ആവശ്യമുള്ളത് നൽകാൻ ദൃഢനിശ്ചയം ചെയ്തുവെന്നും ശ്രീ മോദി പറഞ്ഞു.

മുൻ ​ഗവൺമെന്റുകൾ ഒരിക്കലും പരിഹരിക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയായ എൻസെഫലൈറ്റിസ് മൂലം മരിക്കുന്ന എണ്ണമറ്റ കുട്ടികളെക്കുറിച്ചു സംസാരിക്കുമ്പോൾ ഉത്തർപ്രദേശിലെ നിലവിലെ മുഖ്യമന്ത്രി ഒരിക്കൽ പാർലമെന്റിൽ തകർന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി വിവരിച്ചു. ശാസ്ത്രീയ പുരോഗതി ഉണ്ടായിട്ടും ആളുകളുടെ കാഴ്ചശക്തി കവർന്ന രോഗമായ ട്രാക്കോമയെയും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ​ഗവൺമെന്റ് രാജ്യത്തെ എൻസെഫലൈറ്റിസ് രോഗത്തിൽ നിന്ന് മോചിപ്പിക്കുകയും കണ്ണുകളെ ട്രാക്കോമയിൽ നിന്ന് രക്ഷിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി അടിവരയിട്ടു, ഇത് സംവേദനക്ഷമത, പ്രതിബദ്ധത, സമൂഹത്തിനുവേണ്ടി ജീവിക്കാനും ത്യാഗം ചെയ്യാനുമുള്ള ദൃഢനിശ്ചയം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ജനങ്ങൾക്കുവേണ്ടിയുള്ള ഈ സമർപ്പണം, ഈ നിരന്തര അധ്വാനം, തന്റെ എതിരാളികളെ അസ്വസ്ഥരാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ ​ഗവൺമെന്റുകൾ റിമോട്ട് കൺട്രോളിലൂടെയാണ് നടത്തിയതെങ്കിലും, തന്റെ ​ഗവൺമെന്റ് റിമോട്ടിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു - എന്നാൽ ആ റിമോട്ട് ഇന്ത്യയിലെ 140 കോടി പൗരന്മാരും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും യുവാക്കളുടെ ദൃഢനിശ്ചയവുമാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വയം തൊഴിലിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിച്ച മുദ്ര യോജനയെ ഉദ്ധരിച്ച്, അധികാരം ആനന്ദത്തിലേക്കുള്ള ഒരു പാതയല്ല, മറിച്ച് സേവനത്തിനുള്ള ഒരു മാധ്യമമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിപക്ഷം ഒരിക്കലും സ്റ്റാർട്ടപ്പ് സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, നൂറുകണക്കിന് സ്റ്റാർട്ടപ്പുകളെക്കുറിച്ച് അറിയില്ലെന്നും, അതേസമയം തന്റെ ​ഗവൺമെന്റ് 2 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളെ വളർത്തിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വിജയം ജനങ്ങളുടെ ഹൃദയം കീഴടക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി‌എസ്‌എൻ‌എല്ലിനെ പരിഹസിച്ച നാളുകളെ ശ്രീ മോദി അനുസ്മരിച്ചു, എന്നാൽ തന്റെ ​ഗവൺമെന്റിനു കീഴിൽ ഒരു സ്വദേശി 4G സ്റ്റാക്ക് സ്ഥാപിക്കപ്പെട്ടു, ആശയവിനിമയ സാങ്കേതികവിദ്യയും നൂതനാശയങ്ങളും വികസിപ്പിച്ചുകൊണ്ട് ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 5G അവതരിപ്പിച്ചു.

ദരിദ്രരെ സേവിക്കുക എന്നത് സവിശേഷമായ ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, നാല് കോടി ദരിദ്ര കുടുംബങ്ങൾക്ക് ഉറപ്പുള്ള വീടുകൾ, വൈദ്യുതി, വെള്ളം, ഗ്യാസ് സിലിണ്ടറുകൾ, ടോയ്‌ലറ്റുകൾ എന്നിവ നൽകുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഗ്രാമീണ സ്ത്രീകൾ അഭിമാനത്തോടെ സ്വയം "ലക്ഷ്പതി ദീദികൾ" എന്ന് പ്രഖ്യാപിക്കുന്ന പരിവർത്തനത്തെ അദ്ദേഹം എടുത്തുകാട്ടി, ഇപ്പോൾ കോടിപതികളാകാനുള്ള അഭിലാഷങ്ങൾ ഉയർന്നുവരുന്നു. കോടിക്കണക്കിന് പൗരന്മാരുടെ അനുഗ്രഹവും അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണ കവചവും ഇതിന് കാരണമാണെന്ന് അദ്ദേഹം അടിവരയിട്ടു. ആരും പരിപാലിക്കാത്തതും എന്നാൽ മോദി ആരാധിക്കുന്നതുമായ അമ്മമാരോടും സഹോദരിമാരോടും ഉള്ള തന്റെ ആദരവാണ് എതിരാളികളെ അസ്വസ്ഥരാക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മോഷണം അവരുടെ പാരമ്പര്യ വ്യാപാരമാണെന്ന് പ്രതിപക്ഷത്തെ ശ്രീ മോദി വിമർശിച്ചു, ഗുജറാത്തിയായ മഹാത്മാഗാന്ധിയുടെ പേര് പോലും മോഷ്ടിച്ചു. അത്തരം വഞ്ചനയ്ക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾ ജ്ഞാനികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം തന്റെ ​ഗവൺമെന്റ് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, അത് ഇപ്പോൾ ജനങ്ങളുടെ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന ഒരു ദേശീയ ദൃഢനിശ്ചയമായി മാറിയിരിക്കുന്നു. 2047 ലെ ദർശനത്തെ ചോദ്യം ചെയ്യുന്ന ചില അംഗങ്ങളുടെ അശുഭാപ്തിവിശ്വാസത്തിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു, സ്വാതന്ത്ര്യസമരസേനാനികൾ അവരുടെ ജീവിതകാലത്ത് സ്വാതന്ത്ര്യം വരുമോ എന്ന് അറിയാതെ ത്യാഗങ്ങൾ ചെയ്തുവെന്ന് അവരെ ഓർമ്മിപ്പിച്ചു. അത്തരം കാഴ്ചപ്പാടും ത്യാഗവും ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഒരിക്കലും സ്വാതന്ത്ര്യം നേടുമായിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു.

ദരിദ്രർക്ക് ഒരിക്കലും മൊബൈൽ ഫോണുകളിൽ ഇടപാട് നടത്താൻ കഴിയില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഡിജിറ്റൽ ഇന്ത്യ, ഫിൻടെക്, യുപിഐ എന്നിവയെ സന്ദേഹവാദികൾ പരിഹസിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ അവ തെറ്റാണെന്ന് തെളിയിച്ചു, പ്രസംഗങ്ങളിലല്ല, ജനങ്ങളുടെ കൈകളിലെ മൊബൈൽ ഫോണിലാണ് യഥാർത്ഥ ഉത്തരം ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ കാലത്ത്, നഷ്ടപ്പെട്ട അവസരങ്ങളെ പ്രതീകപ്പെടുത്തുന്ന "ഇന്ത്യയ്ക്ക് ബസ് നഷ്ടപ്പെട്ടു" എന്ന വാചകം സാധാരണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, ഇന്ത്യ ഒരു ബസും നഷ്ടപ്പെടുത്തുന്നില്ല, പക്ഷേ ഇപ്പോൾ അത് മുന്നിൽ നിന്ന് നയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് വർത്തമാനകാലത്തെ പ്രകാശിപ്പിക്കുന്നതിന് തുടർച്ചയായ പ്രവർത്തനം ആവശ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. അഞ്ച് വർഷത്തെ ചക്രങ്ങളിൽ തന്റെ ​ഗവൺമെന്റ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നു, വാർഷിക ബജറ്റുകൾ തയ്യാറാക്കുന്നു, തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായിട്ടല്ല, 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കാണ് ദിശാസൂചന നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പുകൾ വന്നു പോകുമെന്നും, പക്ഷേ രാഷ്ട്രം ശാശ്വതമാണെന്നും, യുവാക്കൾക്ക് സമ്പന്നമായ ഒരു ഇന്ത്യയെ കൈമാറുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് കുട്ടികളെ കാണുമ്പോഴും, തന്റെ ജോലിയിൽ സംതൃപ്തി ഉറപ്പാക്കാൻ അവർക്ക് ശക്തമായ ഒരു ഇന്ത്യ നൽകാൻ താൻ സ്വപ്നം കാണുന്നുവെന്ന് അദ്ദേഹം പ്രതിഫലിപ്പിച്ചു.

ബഹിരാകാശം, ശാസ്ത്രം, സാങ്കേതികവിദ്യ, സമുദ്രങ്ങൾ, കര, ആകാശം, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ പുതിയ ഊർജ്ജവും നേട്ടങ്ങളുമായി മുന്നേറുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗ്രീൻ ഹൈഡ്രജൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഐ ദൗത്യം എന്നിവയിലെ സംരംഭങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി, ഇന്ത്യയ്ക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയുമെന്ന് ലോകം ഇപ്പോൾ വിശ്വസിക്കുന്നു. രാഷ്ട്രം ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടതില്ലെന്ന് ഉറപ്പാക്കാൻ, ഭൂമിശാസ്ത്രപരമായ ആയുധങ്ങളായി മാറിയിരിക്കുന്ന നിർണായക ധാതുക്കളിലും അപൂർവ ഭൗമ മൂലകങ്ങളിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോകം ഇപ്പോൾ ഇന്ത്യയുടെ മണ്ണിൽ അതിന്റെ ഭാവി കാണുകയും, ഇന്ത്യയുടെ കഴിവുകളെ വിശ്വസിക്കുകയും, സ്വന്തം ശോഭനമായ ഭാവിയെ ഇന്ത്യയുടെ വാഗ്ദാന പാതയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് എണ്ണമറ്റ പദ്ധതികൾ വിദേശ നിക്ഷേപം ആകർഷിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു വികസിത രാഷ്ട്രമാകാൻ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് ചിലർ മനസ്സിലാക്കാത്തപ്പോൾ, ഇന്ത്യ ശരിയായ ദിശ തിരഞ്ഞെടുത്തുവെന്ന് ലോകം മനസ്സിലാക്കുന്നു, ആഗോളതലത്തിൽ ചർച്ചകൾ "ഇന്ത്യ ബസ് നഷ്ടപ്പെടുത്തുന്നു" എന്നതിൽ നിന്ന് "ഇന്ത്യയിൽ എത്താൻ നമുക്ക് വൈകരുത്" എന്നതിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

വരാനിരിക്കുന്ന യുഗം ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് അവസരങ്ങൾ നിറഞ്ഞതാണെന്നും, ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. പൗരന്മാരെ ക്ഷണിക്കുകയും പാർലമെന്റ് അംഗങ്ങളോട് അവരുടെ മണ്ഡലങ്ങളിലെ ജനങ്ങളെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവസരങ്ങളുടെ സുസ്ഥിരത വിട്ടുവീഴ്ചയില്ലാത്ത മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ലാഭം കുറവായിരിക്കാം, പക്ഷേ നൂതനാശയങ്ങൾ, ഗവേഷണം, മെറ്റീരിയൽ അപ്‌ഗ്രേഡുകൾ എന്നിവയിലൂടെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടണം, അങ്ങനെ ഇന്ത്യയെ ആഗോളതലത്തിൽ മികവിന് അംഗീകരിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം ഉറപ്പാക്കുന്നതിൽ തന്നെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു, ലോകം "ഇന്ത്യയിൽ നിർമ്മിച്ചത്, ഭാരതത്തിൽ നിർമ്മിച്ചത്" എന്ന് വാഴ്ത്തുമെന്ന് പ്രഖ്യാപിച്ചു.

പ്രതിപക്ഷ സഹപ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ അഞ്ചോ ആറോ തവണ പ്രസംഗിക്കുന്നതിൽ നിന്ന് തന്നെ തടയാൻ അവർ ശ്രമിച്ചിരുന്നുവെന്നും ഒരിക്കൽ താൻ ആരംഭിച്ചുകഴിഞ്ഞാൽ അദ്ദേഹം നിർത്തുന്നില്ലെന്ന് അവർക്കറിയാം. അത്തരം ശ്രമങ്ങളിൽ നിന്ന് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് അവർ ഇപ്പോൾ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുണ്ടെന്നും ഈ ധാരണ തുടർന്നും വളരണമെന്ന് അദ്ദേഹം ആശംസിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ശ്രീ മോദി ഹൃദയപൂർവ്വം നന്ദി അറിയിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് സംഭാവന നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ശ്രീ മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു, അംഗങ്ങൾ പങ്കുവെച്ച വിലപ്പെട്ട ആശയങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് തന്റെ ആഴത്തിലുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.

 

 

***

SK


( റിലീസ് ഐ.ഡി: 2226943) സന്ദര്‍ശക കൗണ്ടര്‍ : 7