വാണിജ്യ വ്യവസായ മന്ത്രാലയം
യുണൈറ്റഡ് സ്റ്റേറ്റ്സ് - ഇന്ത്യ സംയുക്ത പ്രസ്താവന
പോസ്റ്റഡ് ഓണ്‍:
07 FEB 2026 4:29AM by PIB Thiruvananthpuram
പരസ്പര പൂരകവും ഉഭയകക്ഷി പ്രയോജനകരവുമായ വ്യാപാരം സംബന്ധിച്ച ഒരു ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിൽ എത്തിയതായി അമേരിക്കയും (യുണൈറ്റഡ് സ്റ്റേറ്റ്സ്) ഇന്ത്യയും സന്തോഷപൂർവ്വം പ്രഖ്യാപിക്കുന്നു. 2025 ഫെബ്രുവരി 13-ന് പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടക്കം കുറിച്ച വിപുലമായ യുഎസ്- ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാർ (BTA) ചർച്ചകളോടുള്ള ഇരു രാജ്യങ്ങളുടേയും പ്രതിബദ്ധത ഇന്നത്തെ ഈ ചട്ടക്കൂട് വീണ്ടും ഉറപ്പിക്കുന്നു. വിപണിയിൽ കൂടുതൽ പ്രവേശനത്തിനുള്ള വാഗ്ദാനങ്ങളും കൂടുതൽ കരുത്തുറ്റ വിതരണ ശൃംഖലകൾക്കുള്ള പിന്തുണയും ഇതിൽ ഉൾപ്പെടും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഈ ഇടക്കാല കരാർ, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിലെ ചരിത്രപരമായ ഒരു നാഴികക്കല്ലിനെ പ്രതിനിധീകരിക്കും. ഇത് പരസ്പര താൽപര്യങ്ങളിലും വ്യക്തമായ ഫലങ്ങളിലും അധിഷ്ഠിതമായ പരസ്പരവും സന്തുലിതവുമായ വ്യാപാരത്തോടുള്ള പൊതുവായ പ്രതിബദ്ധത പ്രകടമാക്കുന്നു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഇടക്കാല കരാറിലെ പ്രധാന നിബന്ധനകളിൽ താഴെപ്പറയുന്നവ ഉൾപ്പെടും:
- എല്ലാ യു.എസ് വ്യവസായ ഉൽപ്പന്നങ്ങളുടേയും, ചോളത്തിൻ്റെ അവശിഷ്ടമായ ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് (DDGs), കാലിത്തീറ്റയ്ക്കുള്ള ചുവന്ന ചോളം, അണ്ടിപരിപ്പ് വർഗ്ഗങ്ങൾ, പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്പിരിറ്റ് എന്നിവയും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള വിവിധ യുഎസ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടേയും മേലുള്ള തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
- 2025 ഏപ്രിൽ 2-ലെ എക്സിക്യൂട്ടീവ് ഓർഡർ 14257 (വലിയ തോതിലുള്ളതും തുടർച്ചയായതുമായ വാർഷിക യുണൈറ്റഡ് സ്റ്റേറ്റ്സ് ചരക്ക് വ്യാപാര കമ്മിക്ക് കാരണമാകുന്ന വ്യാപാര രീതികൾ പരിഹരിക്കുന്നതിനായി പരസ്പര നികുതി ചുമത്തി ഇറക്കുമതി നിയന്ത്രിക്കൽ) ഭേദഗതി വരുത്തിയത് പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം പരസ്പര തീരുവ നിരക്ക് ചുമത്തും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ-പാദരക്ഷകൾ, പ്ലാസ്റ്റിക്-റബ്ബർ, ജൈവ രാസവസ്തുക്കൾ, ഗൃഹാലങ്കാര വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, ചില യന്ത്രസാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടും. കൂടാതെ, ഈ ഇടക്കാല കരാറിൻ്റെ വിജയകരമായ പൂർത്തീകരണത്തിന് വിധേയമായി 2025 സെപ്റ്റംബർ 5-ലെ എക്സിക്യൂട്ടീവ് ഓർഡർ 14346-ൻ്റെ (പരസ്പര നികുതികളുടെ വ്യാപ്തി പരിഷ്കരിക്കുകയും വ്യാപാര-സുരക്ഷാ കരാറുകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്ഥാപിക്കുകയും ചെയ്യൽ) ഭേദഗതി വരുത്തിയത് പ്രകാരമുള്ള അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ തുടങ്ങിയ വിപുലമായ ഉൽപ്പന്നങ്ങളുടെ മേലുള്ള പരസ്പര നികുതി അമേരിക്ക നീക്കം ചെയ്യുകയും ചെയ്യും.
- 2018 മാർച്ച് 8-ലെ വിജ്ഞാപനം 9704 (അമേരിക്കയിലേക്കുള്ള അലുമിനിയം ഇറക്കുമതി ക്രമീകരിക്കൽ) ഭേദഗതി, 2018 മാർച്ച് 8-ലെ വിജ്ഞാപനം 9705 (അമേരിക്കയിലേക്കുള്ള ഉരുക്ക് ഇറക്കുമതി ക്രമീകരിക്കൽ), ഭേദഗതി, 2025 ജൂലൈ 30-ലെ വിജ്ഞാപനം 10962 (അമേരിക്കയിലേക്കുള്ള ചെമ്പ് ഇറക്കുമതി ക്രമീകരിക്കൽ) എന്നിവയിലൂടെ ദേശീയ സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള ചില വിമാനങ്ങൾക്കും വിമാന ഭാഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നികുതികൾ അമേരിക്ക നീക്കം ചെയ്യും. അതുപോലെ തന്നെ, അമേരിക്കയുടെ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി 2019 മെയ് 17-ലെ വിജ്ഞാപനം 9888 (അമേരിക്കയിലേക്കുള്ള ഓട്ടോമൊബൈലുകളുടേയും ഓട്ടോമൊബൈൽ ഭാഗങ്ങളുടേയും ഇറക്കുമതി ക്രമീകരിക്കൽ) ഭേദഗതി വരുത്തിയത് പ്രകാരം ഏർപ്പെടുത്തിയ നികുതിക്ക് വിധേയമായ വാഹന ഭാഗങ്ങൾക്ക് ഇന്ത്യയ്ക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള നികുതി ക്വാട്ട ലഭിക്കും. മരുന്നുകളേയും ഔഷധ ചേരുവകളേയും കുറിച്ചുള്ള യുഎസ് സെക്ഷൻ 232 അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ജനറിക് മരുന്നുകൾക്കും അവയുടെ ചേരുവകൾക്കും ഇന്ത്യയ്ക്ക് ചർച്ചകളിലൂടെയുള്ള അനുകൂലമായ ഫലങ്ങൾ ലഭിക്കും.
- പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സുസ്ഥിരമായ രീതിയിൽ മുൻഗണനാടിസ്ഥാനത്തിലുള്ള വിപണി പ്രവേശനം നല്കാൻ അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്.
- ഈ കരാറിൻ്റെ ആനുകൂല്യങ്ങൾ പ്രധാനമായും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും കൃത്യമായ ഉത്ഭവ ചട്ടങ്ങൾ രൂപീകരിക്കും.
- ഉഭയകക്ഷി വ്യാപാരത്തെ ബാധിക്കുന്ന താരിഫ് ഇതര തടസ്സങ്ങൾ അമേരിക്കയും ഇന്ത്യയും പരിഹരിക്കും. യു.എസ് മെഡിക്കൽ ഉപകരണങ്ങളുടെ വ്യാപാരത്തിലുള്ള ദീർഘകാല തടസ്സങ്ങൾ പരിഹരിക്കാനും, യു.എസ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) ഉൽപ്പന്നങ്ങളുടെ വിപണി പ്രവേശനം വൈകിപ്പിക്കുകയോ അളവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്ന കർശനമായ ഇറക്കുമതി ലൈസൻസിംഗ് നടപടിക്രമങ്ങൾ ഒഴിവാക്കാനും ഇന്ത്യ സമ്മതിക്കുന്നു. കൂടാതെ, തിരഞ്ഞെടുത്ത മേഖലകളിൽ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്ന യു.എസ് കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് യു.എസ് വികസിപ്പിച്ചതോ അന്തർദ്ദേശീയമോ ആയ മാനദണ്ഡങ്ങൾ (പരിശോധനാ ആവശ്യകതകൾ ഉൾപ്പെടെ) സ്വീകാര്യമാണോ എന്ന് കരാർ പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ അനുകൂലമായ തീരുമാനമെടുക്കാനും ഇന്ത്യ സമ്മതിക്കുന്നു. ദീർഘകാലമായുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, യു.എസ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലുള്ള ദീർഘകാല താരിഫ് ഇതര തടസ്സങ്ങൾ പരിഹരിക്കാനും ഇന്ത്യ സമ്മതിക്കുന്നു.
- ബാധകമായ സാങ്കേതിക നിയന്ത്രണങ്ങൾ പാലിക്കുന്നത് എളുപ്പമാക്കുന്നതിനായി, പരസ്പരം ധാരണയിലെത്തിയ മേഖലകളിലെ തങ്ങളുടെ മാനദണ്ഡങ്ങളെക്കുറിച്ചും അനുരൂപ മൂല്യനിർണ്ണയ നടപടിക്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ അമേരിക്കയും ഇന്ത്യയും ഉദ്ദേശിക്കുന്നു.
- ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ നികുതികളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്ന പക്ഷം, മറ്റേ രാജ്യത്തിന് അതിൻ്റെ വാഗ്ദാനങ്ങളിൽ മാറ്റം വരുത്താവുന്നതാണെന്ന് അമേരിക്കയും ഇന്ത്യയും സമ്മതിക്കുന്നു.
- ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളിലൂടെ വിപണി പ്രവേശനത്തിനുള്ള അവസരങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി അമേരിക്കയും ഇന്ത്യയും പ്രവർത്തിക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിനായി അമേരിക്ക തുടർന്നും പ്രവർത്തിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളിൽ പരിഗണിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നു.
- മൂന്നാം കക്ഷികളുടെ വിപണി ഇതര നയങ്ങൾ പരിഹരിക്കുന്നതിനുള്ള പൂരക നടപടികളിലൂടെയും, നിക്ഷേപ അവലോകനങ്ങളിലും കയറ്റുമതി നിയന്ത്രണങ്ങളിലും സഹകരിക്കുന്നതിലൂടെയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും നവീകരണവും വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക സുരക്ഷാ ഏകോപനം ശക്തിപ്പെടുത്താൻ അമേരിക്കയും ഇന്ത്യയും സമ്മതിക്കുന്നു.
- അടുത്ത 5 വർഷത്തിനുള്ളിൽ യു.എസ് ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ, കോക്കിംഗ് കോൾ എന്നിവയിലായി 500 ബില്യൺ ഡോളറിൻ്റെ വാങ്ങലുകൾ നടത്താൻ ഇന്ത്യ ഉദ്ദേശിക്കുന്നു. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (GPUs), ഡാറ്റാ സെൻ്ററുകളിൽ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക ഉൽപ്പന്നങ്ങളിലെ വ്യാപാരം ഇന്ത്യയും അമേരിക്കയും ഗണ്യമായി വർദ്ധിപ്പിക്കുകയും സംയുക്ത സാങ്കേതിക സഹകരണം വിപുലീകരിക്കുകയും ചെയ്യും.
- ഡിജിറ്റൽ വ്യാപാരത്തിലെ വിവേചനപരമായതോ പ്രയാസകരമായതോ ആയ നടപടികളും മറ്റ് തടസ്സങ്ങളും പരിഹരിക്കാനും, ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ഭാഗമായി ശക്തവും അഭിലഷണീയവും പരസ്പര പ്രയോജനകരവുമായ ഡിജിറ്റൽ വ്യാപാര നിയമങ്ങൾ കൈവരിക്കുന്നതിന് വ്യക്തമായ പാത രൂപീകരിക്കാനും അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്.
അമേരിക്കയും ഇന്ത്യയും ഈ ചട്ടക്കൂട് ഉടനടി നടപ്പിലാക്കുകയും, റഫറൻസ് നിബന്ധനകളിൽ അംഗീകരിച്ച രൂപരേഖയ്ക്ക് അനുസൃതമായി പരസ്പര പ്രയോജനകരമായ ഒരു ഉഭയകക്ഷി വ്യാപാര കരാർ പൂർത്തിയാക്കുന്നതിനായി ഇടക്കാല കരാറിന് അന്തിമരൂപം നല്കുന്നതിലേക്ക് കടക്കുകയും ചെയ്യും.
***
( റിലീസ് ഐ.ഡി: 2224815)
സന്ദര്‍ശക കൗണ്ടര്‍ : 35