റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 172 സ്റ്റേഷനുകളുടെ പ്രവൃത്തികൾ പൂർത്തിയായി- അശ്വിനി വൈഷ്ണവ്

പോസ്റ്റഡ് ഓണ്‍: 05 FEB 2026 4:53PM by PIB Thiruvananthpuram

സ്റ്റേഷൻ പുനർവികസനം

 

റെയിൽവെ സ്റ്റേഷനുകളുടെ ദീർഘകാല കാഴ്ചപ്പാടോടെയുള്ള പുനർവികസനത്തിനായി, കേന്ദ്ര റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചു. സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനായി സമഗ്രാസൂത്രണം തയ്യാറാക്കുന്നതും അവ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

 

സമഗ്രാസൂത്രണത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ:

 

സ്റ്റേഷനിലേക്കും പരിസര പ്രദേശങ്ങളിലേക്കും പ്രവേശന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

 

നഗരത്തിന്റെ ഇരുവശങ്ങളുമായും സ്റ്റേഷനെ സംയോജിപ്പിക്കൽ

 

സ്റ്റേഷൻ കെട്ടിടങ്ങൾ മെച്ചപ്പെടുത്തൽ

 

കാത്തിരിപ്പുകേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, ഇരിപ്പിടസൗകര്യങ്ങൾ, കുടിവെള്ള കേന്ദ്രങ്ങൾ എന്നിവ മെച്ചപ്പെടുത്തൽ

 

യാത്രക്കാരുടെ തിരക്കിന് ആനുപാതികമായി വിശാലമായ മേൽനടപ്പാലത്തിന്റെയോ ആകാശപ്പാതയുടെയോ നിർമാണം

 

ലിഫ്റ്റ് / എസ്‌കലേറ്ററുകൾ / റാമ്പ് എന്നിവ സജ്ജീകരിക്കൽ

 

പ്ലാറ്റ്ഫോം ഉപരിതലത്തിന്റെയും പ്ലാറ്റ്‌ഫോമുകൾക്ക് മുകളിലായുള്ള മേൽക്കൂരയുടെയും നവീകരണം

 

'ഒരു സ്റ്റേഷൻ ഒരു ഉല്പന്നം' പോലുള്ള പദ്ധതികളിലൂടെ പ്രാദേശിക ഉല്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങൾ സ്ഥാപിക്കൽ

 

പാർക്കിങ് സൗകര്യങ്ങളും വിവിധ ഗതാഗത മാർഗങ്ങളുടെ സംയോജനവും

 

ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ

 

മികച്ച യാത്രാവിവര സംവിധാനങ്ങൾ

 

ഓരോ സ്റ്റേഷനിലെയും ആവശ്യകതകൾ കണക്കിലെടുത്ത് എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, വ്യാപാരയോഗങ്ങൾക്ക് നിശ്ചിത സ്ഥലങ്ങൾ, സൗന്ദര്യവത്കരണം അലങ്കരിച്ച് ആകർഷകമാക്കൽ തുടങ്ങിയവ സജ്ജീകരിക്കൽ.

 

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ, ആവശ്യകതയും ഘട്ടം ഘട്ടമായുള്ള നിർവഹണവും സാധ്യതയും അനുസരിച്ച് അടിഭാര (ബാലസ്റ്റ്) രഹിത റെയിൽപാളങ്ങൾ തുടങ്ങിയവ സ്ഥാപിക്കൽ, ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഷനിൽ നഗര കേന്ദ്രം സൃഷ്ടിക്കൽ എന്നിവയും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പദ്ധതിക്ക് കീഴിൽ ഇതുവരെ 1,337 സ്റ്റേഷനുകളെ വികസനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുവരെ 172 സ്റ്റേഷനുകളുടെ പ്രവൃത്തികൾ പൂർത്തിയായി.

 

പാലങ്ങളുടെ സുരക്ഷ

 

രാജ്യത്തുടനീളമുള്ള പാലങ്ങളുടെ സുരക്ഷയ്ക്ക് ഇന്ത്യൻ റെയിൽവേ ഉയർന്ന മുൻഗണന നൽകുന്നു. പാലങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷയും സംരക്ഷണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന്, ഇന്ത്യൻ റെയിൽവേയിൽ റെയിൽപാലങ്ങളുടെ പരിശോധനയ്ക്കായി ഒരു സുസ്ഥാപിത സംവിധാനമുണ്ട്.

എല്ലാ പാലങ്ങളും വർഷത്തിൽ രണ്ടുതവണ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുന്നു, മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഒരു തവണയും മൺസൂൺ കാലത്തിന് ശേഷമൊരു വിശദമായ പരിശോധനയും. കൂടാതെ, ചീഫ് ബ്രിഡ്ജ് എഞ്ചിനീയർ (സി.ബി.ഇ)തീരുമാനിക്കുന്ന പ്രകാരം, ചില പാലങ്ങളുടെ അവസ്ഥയനുസരിച്ച് കൂടുതൽ തവണ പരിശോധന നടത്താറുണ്ട്.

 

പ്രധാനപ്പെട്ടതും പ്രമുഖമായതുമായ പാലങ്ങളുടെ സമഗ്രമായ സാങ്കേതിക പരിശോധന, അത്തരം പാലങ്ങളുടെ 20 ശതമാനം പ്രതിവർഷം പരിശോധനയ്ക്ക് വിധേയമാക്കുന്ന തരത്തിൽ നടത്തുന്നു.

 

പാലങ്ങളുടെ അറ്റകുറ്റപ്പണി/ ബലപ്പെടുത്തൽ/ പുനരുദ്ധാരണം/ പുനർനിർമ്മാണം എന്നിവ തുടർച്ചയായതും തുടർന്നു കൊണ്ടിരിക്കുന്നതുമായ ഒരു പ്രക്രിയയാണ്. കൂടാതെ പാലങ്ങളുടെ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് ഇത് നിർവഹിക്കുന്നത്.  

 

2022-2025 കാലയളവിൽ (2025 ഡിസംബർ വരെ) ഇന്ത്യൻ റെയിൽവേയിൽ 8,626 റെയിൽവേ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തുകയോ, പുനരുദ്ധരിക്കുകയോ, ശക്തിപ്പെടുത്തുകയോ, പുനർനിർമ്മിക്കുകയോ ചെയ്തിട്ടുണ്ട്.

 

കൂടാതെ, ചില റെയിൽവേ പാലങ്ങളുടെ അവസ്ഥയ്ക്കനുസരിച്ച് കൂടുതൽ തവണ പരിശോധന നടത്താറുണ്ട്. പരിശോധനകളിൽ പാലങ്ങളുടെ ഭൗതികാവസ്ഥ നിർണയിക്കുമ്പോഴാണ് റെയിൽവേ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ/ബലപ്പെടുത്തൽ/പുനരുദ്ധാരണം/പുനർനിർമ്മാണം എന്നീ തുടർ പ്രക്രിയകൾ നടപ്പാക്കുന്നത്. പ്രത്യേക സാങ്കേതിക ഓഡിറ്റ് നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പും ശേഷവും അടിപ്പാതകളുടെ/റോഡ് അടിപ്പാലങ്ങളുടേയും പരിശോധന നടത്തുന്നു. റോഡ് അടിപ്പാലങ്ങളിലും അടിപ്പാതകളിലും വെള്ളം കെട്ടിക്കിടക്കുന്നത് കുറയ്ക്കുന്നതിന് പുതിയ മാതൃകയിൽ ഓവുചാലുകൾ മെച്ചപ്പെടുത്തൽ, വെള്ളം പ്രകൃതിദത്ത അഴുക്കുചാലുകളിലേക്ക് തിരിച്ചുവിടൽ, വരമ്പുകളും കുറുകെയുള്ള ഓവു (ക്രോസ്-ഡ്രെയിൻ)കളും ഏർപ്പെടുത്തൽ, പൈപ്പ് ജോയിന്റുകളിലെ വിടവ് അടക്കൽ, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഉയർന്ന ശേഷിയുള്ള പമ്പുകൾ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പാലം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രയോഗരീതികൾ 'ഇന്ത്യൻ റെയിൽവേ പാലം മാനുവലി'ൽ നൽകിയിട്ടുണ്ട്.

 

കരാർ നടത്തിപ്പിലൂടെയും പൊതുവായതും പ്രത്യേകവുമായ വ്യവസ്ഥകളിലൂടെയും ഗുണനിലവാര ഉറപ്പ് പദ്ധതി, പരിശോധന, പരിശോധന പദ്ധതി എന്നിവ പാലിക്കുന്നത് ഉറപ്പാക്കുന്നു. പിഴവ് ബാധ്യതാ \ പരിപാലന കാലയളവ് വരെ സുരക്ഷാ നിക്ഷേപം നിലനിർത്തൽ, കരാർ അവസാനിപ്പിക്കൽ പോലുള്ള പിഴ വ്യവസ്ഥകൾ നിർവ്വഹണ ഏജൻസിയുടെ ഉത്തരവാദിത്തത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

സ്ഥലം, തരം, പദ്ധതികളുടെ അംഗീകാരം, സമീപന റോഡിന്റെ ലഭ്യത, കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഒരു വർഷത്തിലെ പ്രവർത്തന കാലയളവ്, ബ്ലോക്കുകളുടെ ലഭ്യത, വേഗതാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് പാലത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നത്.

 

കോച്ച് (ബോഗി) നിർമ്മാണം

 

നിലവിൽ, റെയിൽവേ മന്ത്രാലയത്തിന് കീഴിൽ രാജ്യത്ത് മൂന്ന് കോച്ച് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സ്ഥലം, നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കോച്ചുകളുടെ തരം, ആസൂത്രിത ഉത്പാദന ശേഷി, സ്ഥാപിക്കേണ്ട യന്ത്രസാമഗ്രികൾ, പ്ലാന്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് കോച്ച് നിർമ്മാണ യൂണിറ്റുകളുടെ വികസനച്ചെലവ് വ്യത്യാസപ്പെടുന്നു.

 

കോച്ച് നിർമ്മാണ യൂണിറ്റുകളുടെ വികസനത്തിനായുള്ള ചെലവ് ദീർഘകാല കാലയളവുകളിലും ഒന്നിലധികം ഘട്ടങ്ങളിലുമാണ് നടത്തുന്നത്, യൂണിറ്റുകളുടെ പ്രാരംഭ സജ്ജീകരണവും തുടർന്നുള്ള നവീകരണവും കാലാകാലങ്ങളിലായുള്ള സൗകര്യങ്ങളുടെ വർദ്ധനവും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഏറ്റവും പുതിയ പ്രവർത്തനക്ഷമമായ കോച്ച് നിർമ്മാണ യൂണിറ്റായ റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിന് 3,042.83 കോടി രൂപയാണ് ചെലവ്.

 

കൂടാതെ, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപുർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നീ മൂന്ന് പ്രവർത്തനക്ഷമമായ കോച്ച് നിർമാണ യൂണിറ്റുകളുടെ നവീകരണ/ശേഷിവർദ്ധനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കായി 2443 കോടി രൂപ അനുവദിച്ചു.

 

എൽ.എച്ച്.ബി കോച്ചുകൾ

 

എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളുടെ വ്യാപനത്തെക്കുറിച്ച് പറയുമ്പോൾ, ഐ.സി.എഫ് കോച്ചുകൾക്ക് പകരം സുരക്ഷിതവും കൂടുതൽ ആധുനികവുമായ എൽ.എച്ച്.ബി കോച്ചുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി ഏറ്റെടുത്തിട്ടുണ്ടെന്ന് പരാമർശിക്കപ്പെടുന്നു.

 

സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന എൽ.എച്ച്.ബി കോച്ചുകൾക്ക് മികച്ച സവാരി, മെച്ചപ്പെട്ട രൂപഭംഗി, ഭാരം കുറഞ്ഞ രൂപകല്പന, ബോഗികൾ ഒന്നിന് മുകളിൽ ഒന്നായി കയറുന്നത് തടയുന്ന (ആന്റി ക്ലൈംബിങ്)സംവിധാനങ്ങൾ, തകരാർ സൂചനാ സംവിധാനത്തോടുകൂടിയ രണ്ടാംഘട്ട (സെക്കൻഡറി) വായുമർദ്ദ സസ്പെൻഷൻ, തുരുമ്പ് പിടിക്കാത്ത ഉരുക്കുകൊണ്ടുള്ള പുറംകവചം (സ്റ്റെയിൻലെസ് സ്റ്റീൽ ഷെൽ, ഡിസ്‌ക് ബ്രേക്ക് സംവിധാനം തുടങ്ങിയ സവിശേഷതകളുണ്ട്.

 

2004-14 നെ അപേക്ഷിച്ച് 2014-25 ലെ എൽ.എച്ച്.ബി കോച്ചുകളുടെ ഉത്പാദനം ഇപ്രകാരമാണ്:

കാലയളവ്

എൽ.എച്ച്.ബി

കോച്ചുകൾ നിർമ്മിച്ചത്

2004-14

2,337  എണ്ണം

2014-25

42,677 എണ്ണം (18 മടങ്ങിൽ കൂടുതൽ)

 

റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാളുകൾ

യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ, റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റാളുകൾ അനുവദിക്കുന്നത് കാലാകാലങ്ങളിൽ നിലവിലുള്ള നയത്തിന് അനുസൃതമായി ഇ-ലേലം/ഇ-ടെൻഡർ വഴിയാണ്.

 

നിലവിൽ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ യോഗ്യതയുള്ള അപേക്ഷകർക്ക് റെയിൽവേ സ്റ്റേഷനുകളിൽ 11,650 സ്റ്റാളുകൾ/യൂണിറ്റുകൾ അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ സ്റ്റാളുകൾ അനുവദിക്കുന്നതിന് നിലവിലുള്ള നയത്തിൽ ഒരു വ്യവസ്ഥയുമില്ല.

 

ശുചിത്വം

ശുചിത്വം എന്നത് ഒരു തുടർപ്രക്രിയയാണ്. ബോഗികൾ വേണ്ടവിധം പരിപാലിക്കുകയും വൃത്തിയുള്ള അവസ്ഥയിൽ നിലനിർത്തുകയും ചെയ്യാൻ ഇന്ത്യൻ റെയിൽവേ (ഐ.ആർ) എല്ലാ ശ്രമങ്ങളും നടത്തുന്നു. ശുചിമുറികളിൽ ഉൾപ്പെടെ ബോഗികളിലെ ശുചിത്വവും ആരോഗ്യസംരക്ഷണവും അവലോകനം ചെയ്യുന്നതിനും ഉറപ്പാക്കുന്നതിനും റെയിൽവേ ഇനിപ്പറയുന്ന നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്:

 

* ബോഗികളുടെ ഉൾഭാഗം, പുറംഭാഗം, ശുചിമുറികൾ എന്നിവയുൾപ്പെടെ മികച്ച രീതിയിൽ വൃത്തിയാക്കുന്നതിനായി പ്രാഥമിക അറ്റകുറ്റപ്പണികൾക്കിടയിൽ ബോഗികളുടെ യന്ത്രവത്കൃത ശുചീകരണം ഉറപ്പാക്കുന്നു.

* യാത്രയ്ക്കിടെ ശുചിത്വം ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ ഏത് പരാതികൾ പരിഹരിക്കുന്നതിനും യാത്രയിലുടനീളമുള്ള ശുചീകരണ-പരിപാലന (ഓൺ-ബോർഡ് ഹൗസ് കീപ്പിങ്) ജീവനക്കാരുടെ സേവനം നൽകുന്നു.

* തിരഞ്ഞെടുത്ത ട്രെയിനുകളിൽ, ശുചിമുറികളിൽ ഉൾപ്പെടെ അവയുടെ തിരഞ്ഞെടുത്ത സ്റ്റോപ്പുകളിൽ യന്ത്രവത്കൃത വൃത്തിയാക്കലിനായി 'ക്ലീൻ ട്രെയിൻ സ്റ്റേഷൻ സേവനം' അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന മർദ്ദത്തിൽ ജലപ്രവാഹം പുറപ്പെടുവിക്കുന്ന യന്ത്രങ്ങളും വൃത്തിയാക്കുന്നതിനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രത്യേകം നിയോഗിക്കപ്പെട്ട ജീവനക്കാരുടെ സംഘം ബോഗികളിലെ ശുചിമുറികൾ വൃത്തിയാക്കുകയും തുടർന്ന് ഉണക്കുകയും ചെയ്യുന്നു.

* എല്ലാ പാസഞ്ചർ ബോഗികളിലും പരിസ്ഥിതി സൗഹൃദ ശുചിമുറികൾ (ബയോ-ടോയ്ലറ്റുകൾ) സ്ഥാപിച്ചിട്ടുണ്ട്, അതിനാൽ ട്രാക്കിലെ ബോഗികളിൽ നിന്ന് മനുഷ്യ മാലിന്യം പുറന്തള്ളപ്പെടുന്നില്ല, ഇത് ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നു. പരിസ്ഥിതി സൗഹൃദ ശുചിമുറികൾ ലഭ്യമാക്കുന്നതിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

 

കാലയളവ്

സ്ഥാപിച്ച പരിസ്ഥിതി സൗഹൃദ ശുചിമുറികളുടെ എണ്ണം എന്ന ക്രമത്തിൽ

2004-2014

9,587

2014-മുതൽ ഇന്നുവരെ

3,61,572

* പരിശോധനകളിലൂടെ പതിവായി അവലോകനം നടത്തുന്നു, കൂടാതെ റെയിൽ മദാദ്/റെയിൽ വൺ ആപ്പ്, യാത്രക്കാർ ഉപയോഗിക്കുന്ന മറ്റു സംവിധാനങ്ങൾ എന്നിവയിലൂടെ പ്രതികരണങ്ങൾ സ്വീകരിക്കുന്നു.

 

സ്റ്റേഷനുകളിലും ട്രെയിനുകളിലും ശുചിത്വവും ആരോഗ്യസംരക്ഷണവും നിലനിർത്തുന്നതിന് ഇന്ത്യൻ റെയിൽവേ ബജറ്റിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിന്റെ പേരിൽ യാത്രാക്കൂലിയിൽ പ്രത്യേകിച്ച് യാതൊരു തുകയും ഈടാക്കുന്നില്ല.

 

ഭക്ഷണവും ഭക്ഷണവിതരണവും

 

ഇന്ത്യൻ റെയിൽവേ പ്രതിവർഷം ശരാശരി 58 കോടി രൂപയുടെ ഭക്ഷണം വിളമ്പുന്നു. ശരാശരി 0.0008 ശതമാനം പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ പരാതികളിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2.6 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

 

യാത്രക്കാരുടെ പ്രതികരണങ്ങൾ സ്വീകരിക്കുന്നതിനായി, റെയിൽമദാദ് പോർട്ടൽ അവതരിപ്പിച്ചതിലൂടെ ഇന്ത്യൻ റെയിൽവേയിലെ പരാതി പരിഹാര സംവിധാനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തിപ്പെടുകയും ലളിതമാവുകയും കൂടുതൽ അഭിഗമ്യതയുള്ളതാവുകയും ചെയ്തിട്ടുണ്ട്.

റെയിൽമദാദ് പോർട്ടൽ ആരംഭിച്ചതോടെ, പരാതികളും നിർദ്ദേശങ്ങളും രജിസ്റ്റർ ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ, യാത്രക്കാർക്ക് ഒരു ഏകജാലക സംവിധാനം പ്രദാനം ചെയ്തു.

 

ട്രെയിനുകളിൽ ഭക്ഷണവിതരണ (കാറ്ററിങ്) മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐ.ആർ.സി.ടി.സിയും റെയിൽവേ ഉദ്യോഗസ്ഥരും അപ്രതീക്ഷിതവും ഇടയ്ക്കിടെയുള്ളതുമായ പരിശോധനകൾ നടത്തിവരുന്നു. യാത്രയിലുടനീളമുള്ള സേവനങ്ങളുടെ തുടർച്ചയായ അവലോകനത്തിനും യാത്രക്കാരുടെ പരാതികൾ തത്സമയം പരിഹരിക്കുന്നതിനുമായി സൂപ്പർവൈസർമാരെയും ഭക്ഷണവിതരണ സഹായികളെയും ഐ.ആർ.സി.ടി.സി വിന്യസിച്ചിട്ടുണ്ട്. പരിശോധനാ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്, മെയിൽ എക്‌സ്പ്രസ് ട്രെയിനുകളിലെ ഭക്ഷണവിതരണ സേവനങ്ങളുടെ വകുപ്പുതല മേൽനോട്ടത്തിനായി ഐ.ആർ.സി.ടി.സി കൂടുതൽ അതിഥേയത്വ നിരീക്ഷകരെ (ഹോസ്പിറ്റാലിറ്റി മോണിറ്റർമാർ) നിയമിച്ചിട്ടുണ്ട്.

 

യാത്രക്കാർക്ക് നിശ്ചിത നിരക്കിൽ ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ നിരന്തരം ശ്രമിക്കുന്നു. അതനുസരിച്ച്, അതുറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ സമയാസമയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ റെയിൽവേ ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്:

 

* നിരക്കുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനായി ഭക്ഷ്യവിഭവ പട്ടികയുടെയും നിരക്കിന്റെയും ലിങ്ക് സഹിതം യാത്രക്കാർക്ക് എസ്.എം.എസ് അയയ്ക്കുന്നു.

 

* പണമടയ്ക്കുന്നതിനും കറൻസി രഹിത പണമിടപാടുകൾക്കുമായി പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്) യന്ത്രങ്ങൾ സ്ഥാപിക്കൽ.

 

* പണമടയ്ക്കൽ പ്രോത്സാഹിപ്പിക്കുന്നതിനും അമിത ചാർജ്ജ് തടയുന്നതിനുമായി ബോധവത്കരണ കാമ്പെയ്നുകൾ നടത്തുന്നു.

 

* പാക്ക് ചെയ്ത കുടിവെള്ള കാനുകളിലും ചായ/കാപ്പി പാത്രങ്ങളിലും നിരക്ക് പതിപ്പിച്ച സ്റ്റിക്കറുകൾ.

 

* യാത്രക്കാർക്ക് ഓൺലൈൻ മൊഡ്യൂൾ വഴി ഭക്ഷണം ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിൽ ഇ-പാൻട്രി സേവനം ഏർപ്പെടുത്തൽ.

 

* ഭക്ഷണവിതരണ ജീവനക്കാർക്ക് ക്യുആർ കോഡ് സഹിതമുള്ള തിരിച്ചറിയൽ കാർഡുകൾ നടപ്പിലാക്കൽ.

 

* ഭക്ഷ്യവിതരണം നടത്തുന്ന ഇനങ്ങളുടെയും പാക്ക് ചെയ്ത കുടിവെള്ള കുപ്പികളുടെയും നിരക്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ലഘുലേഖകളുടെ വിതരണം.

 

* അമിത ചാർജും പണമടയ്ക്കൽ പ്രശ്‌നങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക പരിശോധനാ യജ്ഞങ്ങൾ.

 

* അമിത വില ഈടാക്കുന്ന കേസുകളിൽ ഉചിതമായ പിഴ ചുമത്തൽ.

 

കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണ, ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ബുധനാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്.

 

****


( റിലീസ് ഐ.ഡി: 2224325) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Telugu , Kannada