കൃഷി മന്ത്രാലയം
ഇന്ത്യ-യുഎസ് വ്യാപാര കരാർ: കൃഷിയിലോ ക്ഷീരോൽപ്പാദനത്തിലോ വിട്ടുവീഴ്ചയില്ല; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടും: ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
പോസ്റ്റഡ് ഓണ്‍:
05 FEB 2026 5:32PM by PIB Thiruvananthpuram
ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കിടെ, കരാർ ഇന്ത്യയുടെ കാർഷിക താൽപ്പര്യങ്ങളെയും പ്രത്യേകിച്ച് ക്ഷീരമേഖലയെയും പൂർണ്ണമായും സംരക്ഷിക്കുന്നുവെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലും രൂപപ്പെട്ട ഈ കരാർ നയതന്ത്രത്തിന്റെയും വികസനത്തിന്റെയും അന്തസ്സിന്റെയും ഒരു പുതിയ മാനദണ്ഡത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. കർഷകരുടെ താൽപ്പര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി തുടക്കം മുതലേ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രീ ചൗഹാൻ, ഇന്ത്യയുടെ പ്രധാന ഭക്ഷ്യധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മറ്റ് പ്രധാന വിളകൾ, ചെറുധാന്യങ്ങൾ ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവ പൂർണ്ണമായും സുരക്ഷിതമാണെന്നും അവയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നും ആവർത്തിച്ചു. ചെറുകിട-വൻകിട കർഷകരുടെ താൽപ്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ കരാർ ഇന്ത്യൻ കൃഷിക്ക് വെല്ലുവിളികളല്ല മറിച്ച് പുതിയ അവസരങ്ങളാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ചെറുകിട കർഷകരെയും അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളെയും സംബന്ധിച്ച ആശങ്കകൾക്കുള്ള വിശദീകരണം
ഇന്ത്യയിൽ ജനസംഖ്യയുടെ പകുതിയിലധികം കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണെന്നും അതിനാൽത്തന്നെ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വരവ് ചെറുകിട കർഷകരെ ബാധിക്കുമെന്നുമുള്ള ആശങ്കയ്ക്ക് മറുപടിയായി, വിദേശ ഉൽപ്പന്നങ്ങളുടെ പെട്ടെന്നുള്ള കടന്നുകയറ്റങ്ങളോ തടസ്സങ്ങളോ ഇന്ത്യൻ വിപണിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകി. ഇന്ത്യൻ കർഷകർക്ക് ദോഷകരമാകുന്ന രീതിയിൽ ഒരു വിപണിയും തുറന്നുകൊടുത്തിട്ടില്ല. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭിക്കുമെന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ ട്വീറ്റ് സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് വാണിജ്യ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പാർലമെന്റിൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരി, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയ്ക്ക് ഉത്തേജനം
കരാറിലൂടെ തുറന്നുകിട്ടുന്ന കയറ്റുമതി സാധ്യതകളെക്കുറിച്ച് പരാമർശിക്കവെ, നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ടെന്നും അടുത്തിടെ ഏകദേശം 63,000 കോടി രൂപയുടെ കയറ്റുമതി രേഖപ്പെടുത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി. നികുതി കുറയുന്നത് ഇന്ത്യയുടെ അരി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് നേരിട്ട് ഗുണകരമാകും. തുണിത്തരങ്ങളുടെ കയറ്റുമതിയിലെ വർധന ദശലക്ഷക്കണക്കിന് പരുത്തി കർഷകർക്ക് സഹായകമാകും. പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, ഈ കരാർ ഇന്ത്യൻ കർഷകരുടെ താൽപ്പര്യത്തിനുവേണ്ടിയാണെന്നും പുതിയ കയറ്റുമതി സാദ്ധ്യതകൾ തുറക്കുമെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പാർലമെന്റിൽ വിശദീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെകുറിച്ചുള്ള ചോദ്യത്തിന്, കരാറിന്റെ എല്ലാ വിവരങ്ങളും യഥാസമയം പങ്കുവെക്കുമെന്ന് മന്ത്രി ആവർത്തിച്ചു. ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടും എന്ന അടിസ്ഥാന തത്വത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"കർഷകർ അന്നദാതാക്കളാണ്: അവരെ സേവിക്കുന്നത് ഈശ്വരസേവയ്ക്ക് തുല്യം"
കാർഷിക മേഖലയുടെ വ്യാപ്തി കണക്കിലെടുത്ത് കർഷകർക്കിടയിൽ ആശയക്കുഴപ്പമോ ഭീതിയോ ഉണ്ടാകാതിരിക്കാൻ വ്യക്തമായ ആശയവിനിമയം ആവശ്യമാണെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. "കർഷകർ നമ്മുടെ അന്നദാതാക്കളാണ്, അവരുടെ ക്ഷേമമാണ് രാജ്യത്തിന്റെ ക്ഷേമം. അവരുടെ താൽപ്പര്യങ്ങൾ ഇവിടെ പൂർണ്ണമായും സുരക്ഷിതമാണ്." അദ്ദേഹം ആവർത്തിച്ചു. കർഷകരെ സേവിക്കുന്നത് ഈശ്വരസേവയ്ക്ക് തുല്യമാണെന്ന് വൈകാരികമായി പറഞ്ഞ മന്ത്രി, മോദി ഗവണ്മെന്റ് ഓരോ ചുവടിലും കർഷകർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
*****
( റിലീസ് ഐ.ഡി: 2224188)
സന്ദര്‍ശക കൗണ്ടര്‍ : 8