റെയില്‍വേ മന്ത്രാലയം
യാത്രക്കാർക്ക് പ്രഥമ പരിഗണന നൽകുന്ന റെയിൽവേ നവീകരണത്തിനും മികച്ച സുരക്ഷയ്ക്കും സമഗ്ര പ്രാദേശിക വികസനത്തിനും കരുത്തേകി 2026-27-ലെ കേന്ദ്ര ബജറ്റ്
പോസ്റ്റഡ് ഓണ്‍:
03 FEB 2026 7:31PM by PIB Thiruvananthpuram
ഗതാഗത സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, യാത്രാ സുരക്ഷ വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, ചരക്ക് ശൃംഖലകൾ വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങൾക്ക് റെക്കോഡ് വിഹിതം അനുവദിച്ചതോടെ രാജ്യമെങ്ങും റെയിൽവേ വികസനത്തിന് വലിയ ഉത്തേജനം ലഭിച്ചു. സമഗ്ര വികസനത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഈ സുസ്ഥിര നിക്ഷേപം സാമ്പത്തിക വളർച്ചയുടെയും ചരക്കുനീക്കത്തിലെ കാര്യക്ഷമതയുടെയും പ്രധാന ചാലകശക്തിയായി റെയിൽവേയെ രാജ്യത്തുടനീളം അടയാളപ്പെടുത്തുന്നു.
പ്രാദേശിക ഏകീകരണം, യാത്രക്കാരുടെ സൗകര്യം, സംസ്ഥാനങ്ങളിലെ സാമ്പത്തിക അവസരങ്ങൾ എന്നിവയുടെ ചാലകശക്തിയായാണ് 2026-27 കേന്ദ്ര ബജറ്റിൽ റെയിൽവേ മന്ത്രാലയം റെയിൽ നിക്ഷേപത്തെ അടയാളപ്പെടുത്തിയത്. അതിവേഗ ഗതാഗത സൗകര്യം, ബഹുതല സഞ്ചാരസൗകര്യങ്ങള്‍, വൈദ്യുതീകരണം, സുരക്ഷിത ചരക്കുനീക്കം തുടങ്ങിയ മുൻഗണനകളോട് ഇത് ചേര്‍ന്നുനില്‍ക്കുന്നു.
പ്രധാന സാമ്പത്തിക, സാംസ്കാരിക കേന്ദ്രങ്ങൾക്കിടയിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും വിനോദസഞ്ചാര പ്രവാഹം ശക്തിപ്പെടുത്താനും മേഖലയിലെ ഉപനഗരങ്ങളെ ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികളിലൂടെ ഉത്തർപ്രദേശ് പോലുള്ള പ്രധാന സംസ്ഥാനങ്ങൾ പരിവർത്തനത്തിന് ഒരുങ്ങുകയാണ്. നിർദിഷ്ട വാരണാസി-സിലിഗുരി ഇടനാഴി ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ പ്രധാന മത, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഡൽഹി-വാരണാസി അതിവേഗ ഇടനാഴി ഏകദേശം 3 മണിക്കൂർ 50 മിനിറ്റിനകം യാത്ര സാധ്യമാക്കും. കൂടാതെ, പട്‌ന വഴി പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് പോകുന്ന വാരണാസി അതിവേഗ റെയിൽ ഇടനാഴി വാരണാസിക്കും സിലിഗുരിക്കുമിടയിലെ യാത്ര ഏകദേശം 2 മണിക്കൂർ 55 മിനിറ്റായി കുറയ്ക്കും. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലുടനീളം ഈ ഗതാഗതസൗകര്യങ്ങള്‍ പുതിയൊരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുമെന്നും പ്രാദേശിക വികസനത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ ഊർജ്ജം പകരുമെന്നും പ്രതീക്ഷിക്കുന്നു.
കിഴക്കന്‍ ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽ സേവനത്തിലൂടെ സിലിഗുരിയെ വാരണാസിയുമായി ബന്ധിപ്പിക്കുന്നത് പശ്ചിമ ബംഗാളിനും സമാന നേട്ടങ്ങൾ നല്‍കും. അന്തർ-പ്രാദേശിക സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതി വ്യാപാര, സേവന മേഖലകളിൽ അവസരങ്ങൾ വര്‍ധിപ്പിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അനുബന്ധ മേഖലകളിലും റെക്കോഡ് വിഹിതം അനുവദിച്ചത് പുതിയ പാതകളുടെ നിർമാണത്തിനും സ്റ്റേഷനുകളുടെ നവീകരണത്തിനും സുരക്ഷ മെച്ചപ്പെടുത്തലിനും തുടക്കമിട്ടു. വിദൂര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം, ഔദ്യോഗിക വിപണികൾ തുടങ്ങിയവയിലേക്ക് പ്രവേശനം മെച്ചപ്പെടുത്തുന്ന ഈ പ്രവർത്തനങ്ങൾ പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ ആസൂത്രണം ചെയ്ത 40 കിലോമീറ്റർ ഭൂഗർഭ റെയിൽ ഇടനാഴിയാണ് തന്ത്രപരമായ മറ്റൊരു പ്രധാന മുൻഗണന. ഭൂഗർഭ റെയിൽ പാതകൾ സ്ഥാപിക്കാനും നിലവിലെ പാതകൾ നാലുവരിപ്പാതയാക്കാനും ആസൂത്രണം പുരോഗമിക്കുകയാണ്. അധിക ശേഷി സൃഷ്ടിക്കാനും യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഒരുപോലെ നിർണായകമായ ഗതാഗത മേഖലയിലൂടെ തടസരഹിതവും കരുത്തുറ്റതുമായ റെയിൽ ഗതാഗതം ഉറപ്പാക്കാനും ഇത് സഹായിക്കും.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ 100% വൈദ്യുതീകരണം പൂർത്തീകരിച്ച് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ സ്റ്റേഷനുകൾ നവീകരിക്കുകയും റെയിൽ സുരക്ഷയും സുസ്ഥിരതയും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഖനന-വ്യാവസായിക മേഖലകളില്‍ ജാർഖണ്ഡിലെ പദ്ധതികളും ഛത്തീസ്ഗഡിലെ റൗഘട്ട്-ജഗ്ദൽപൂർ പാതയും ചരക്കുനീക്കം ശക്തിപ്പെടുത്തുകയും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു.
ദക്ഷിണേന്ത്യയിൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളെയും അനുബന്ധ നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ "ഡയമണ്ട്" ശൃംഖല കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് വലിയ രീതിയില്‍ പ്രയോജനകരമായ യാത്രാസൗകര്യമാണ് സംസ്ഥാനാടിസ്ഥാനത്തില്‍ റെയിൽവേ വിഹിതം ലക്ഷ്യമിടുന്നത്. ഈ ശൃംഖല ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾക്കിടയിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നത് ഐടി, നിർമാണം, സേവന ഇടനാഴികൾ തുടങ്ങിയ മേഖലകളിലെല്ലാം തടസരഹിത സഞ്ചാരം സാധ്യമാക്കും. ഇന്ത്യയുടെ പ്രധാന സാങ്കേതിക കേന്ദ്രമെന്ന നിലയിൽ ബെംഗളൂരുവിനായിരിക്കും ഇതിൻ്റെ ഏറ്റവും വലിയ നേട്ടം. വ്യാപാര സംബന്ധമായ യാത്രകൾക്കും ഉദ്യോഗസ്ഥ സഞ്ചാരത്തിനും അന്തർസംസ്ഥാന യാത്രകൾക്കും ബെംഗളൂരു കൂടുതൽ പ്രാപ്യമാകും.
അതിവേഗ ഇടനാഴി പൂർത്തിയാകുന്നതോടെ ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 1 മണിക്കൂർ 13 മിനിറ്റും ബെംഗളൂരു-ഹൈദരാബാദ് യാത്രയ്ക്ക് ഏകദേശം 2 മണിക്കൂറും ചെന്നൈ-ഹൈദരാബാദ് യാത്രയ്ക്ക് ഏകദേശം 2 മണിക്കൂർ 55 മിനിറ്റും മാത്രം മതിയാകും. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ വികസനത്തിന് ഈ ശൃംഖല വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
മഹാരാഷ്ട്രയിൽ ബജറ്റ് വിഹിതത്തിൻ്റെ വലിയൊരു ഭാഗം സ്വാധീനമേറിയതും ശേഷി വർധിപ്പിക്കുന്നതുമായ പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമായും മുംബൈ-പൂനെ അതിവേഗ റെയില്‍ ഇടനാഴി, തിരക്കേറിയ പ്രധാന പാതകളുടെ വിപുലീകരണം, പ്രധാന സ്റ്റേഷനുകളുടെ നവീകരണവും പുനർവികസനവും, സംസ്ഥാനത്തെ അതിവേഗം വളരുന്ന യാത്രാ - ചരക്കുനീക്ക ആവശ്യകതയെ പിന്തുണയ്ക്കുന്നതിന് സബർബൻ, ഇൻ്റർ-സിറ്റി റെയിൽ സേവനങ്ങൾ ശക്തിപ്പെടുത്തല്‍ എന്നിവ ഇതിലുൾപ്പെടുന്നു.
പടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ വരാനിരിക്കുന്ന മുംബൈ-പൂനെ അതിവേഗ ഇടനാഴി യാത്രാ സമയം ഏകദേശം 48 മിനിറ്റായി കുറയ്ക്കും. രണ്ട് പ്രധാന നഗര കേന്ദ്രങ്ങളെ പദ്ധതി ഫലപ്രദമായി സംയോജിപ്പിക്കും. പൂനെയിൽ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം 1 മണിക്കൂർ 55 മിനിറ്റിൽ എത്താവുന്ന തുടർ ഗതാഗത സൗകര്യവും ദക്ഷിണേന്ത്യൻ കേന്ദ്രങ്ങളിലേക്ക് അനുബന്ധ യാത്രാസൗകര്യങ്ങളും സംയോജിക്കുന്നതോടെ വിവിധ പ്രദേശങ്ങളിലുടനീളം തുടർച്ചയായ അതിവേഗ ഗതാഗത അടിത്തറ സാധ്യമാകും. യാത്രക്കാർക്കും പ്രാദേശിക സമ്പദ് വ്യവസ്ഥകൾക്കും ഇത് ഒരുപോലെ ഗുണംചെയ്യും.
ഹിമാലയൻ-ഉത്തരേന്ത്യൻ മേഖലകളിൽ സാമ്പത്തിക ലഭ്യതയും വിനോദസഞ്ചാരവും എല്ലാ കാലാവസ്ഥകളിലും ലഭ്യമാകുന്ന യാത്രാസൗകര്യവും മെച്ചപ്പെടുത്താന്‍ ബജറ്റ് ലക്ഷ്യമിടുന്നു. സങ്കീർണ തുരങ്കങ്ങൾ ഉൾപ്പെടുന്ന ഉത്തരാഖണ്ഡിലെ ഋഷികേശ്-കർണപ്രയാഗ് പാത വിദൂര മേഖലകളിലേക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രവാഹത്തിന് പിന്തുണയേകുകയും ചെയ്യും. ഒപ്പം വൈദ്യുതീകരണത്തിനും സുരക്ഷാ നവീകരണത്തിനും വലിയ നിക്ഷേപങ്ങളും നടത്തുന്നുണ്ട്. ഹിമാചൽ പ്രദേശിൽ ശൃംഖല വിപുലീകരണത്തിനും ആധുനികവല്‍ക്കരണത്തിനും വൈദ്യുതീകരണത്തിനുമായി പ്രത്യേക സാമ്പത്തിക പിന്തുണ ലഭിക്കും. ഇത് മലയോര മേഖലയിലെ യാത്രാ സൗകര്യം വർധിപ്പിക്കും. ജമ്മു കശ്മീരിൽ ഉറി വരെ റെയില്‍ വിപുലീകരണം ഉൾപ്പെടെ, റെയിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ശൈത്യകാലത്തെ തടസങ്ങൾക്കിടയിലും വർഷം മുഴുവൻ യാത്രാസൗകര്യം ഉറപ്പാക്കും. യാത്രക്കാർക്കും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും ഇത് ഏറെ പ്രയോജനം ചെയ്യും.
പശ്ചിമ ബംഗാളിലെ ദൻകുനി മുതൽ ഗുജറാത്തിലെ സൂറത്ത് വരെ പ്രത്യേക കിഴക്കുപടിഞ്ഞാറന്‍ ചരക്ക് ഇടനാഴി ചരക്കുനീക്കത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നു. ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഈ ഇടനാഴി ചരക്കുകളുടെ അതിവേഗ വിശ്വസനീയ നീക്കം സാധ്യമാക്കുകയും യാത്രാ ട്രെയിനുകളുടെ പാതകളില്‍ തിരക്ക് കുറയ്ക്കുകയും ചരക്കുനീക്കത്തിൻ്റെ ചെലവ് കുറയ്ക്കുകയും ചെയ്യും. കൂടാതെ പ്രധാന സാമ്പത്തിക സംസ്ഥാനങ്ങളിലുടനീളം വ്യാവസായിക-വ്യാപാര വളർച്ചയെ പിന്തുണയ്ക്കും.
യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ സംരംഭങ്ങൾ കുറഞ്ഞ യാത്രാ സമയം, സുരക്ഷിതവും സുഖകരവുമായ ട്രെയിനുകള്‍, നവീകരിച്ച സ്റ്റേഷനുകള്‍, കുറഞ്ഞ തിരക്ക്, അവസാനതലം വരെ മികച്ച യാത്രാസൗകര്യം എന്നിവ ഉറപ്പാക്കുന്നു. അതേസമയം പ്രത്യേക ചരക്ക് ഇടനാഴികളും ആധുനിക എന്‍ജിനുകളും നവീകരിച്ച ട്രാക്കുകളും നൂതന സിഗ്നലിങ് സംവിധാനങ്ങളും ചേര്‍ന്ന് ഇന്ത്യൻ റെയിൽവേയുടെ ദീർഘകാല ലക്ഷ്യമായ 3,000 ദശലക്ഷം ടൺ ചരക്കുനീക്കം സാധ്യമാക്കും. യാത്രാ സർവീസുകളെ തടസപ്പെടുത്താതെ ചരക്കുനീക്കം വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. സംസ്ഥാനങ്ങളിലെ ഉയർന്ന മൂലധന നിക്ഷേപം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വികസനം വർധിപ്പിക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ശക്തമായ ഏകോപനത്തിലൂടെ വികസിത ഭാരതമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനാവും. നയപ്രഖ്യാപനത്തിന് പിന്നാലെ ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാന്‍ വിശദമായ ആസൂത്രണവും പദ്ധതിനിര്‍വഹണവും ഉടന്‍ ആരംഭിക്കും.
റെയിൽവേ ബജറ്റ് വിഹിതത്തിൻ്റെ സംസ്ഥാനതല വിശദാംശങ്ങൾ
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധേയ മാറ്റമാണ് പ്രകടമാകുന്നത്. ആന്ധ്രാപ്രദേശിൻ്റെയും തെലങ്കാനയുടെയും വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 886 കോടി രൂപയിൽ നിന്ന് 2026-27-ൽ പതിനൊന്ന് മടങ്ങ് വർധിച്ച് 10,134 കോടി രൂപയായി. ഈ വലിയ വിഹിതം 92,649 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന നിലവിലെ പ്രവൃത്തികളെ പിന്തുണയ്ക്കുന്നു.
അസം, വടക്കുകിഴക്കന്‍ മേഖല: അസമും വടക്കുകിഴക്കൻ മേഖലയും ഗണ്യമായ റെയിൽവേ വികസനത്തിനാണ് സാക്ഷ്യംവഹിച്ചത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 2,122 കോടി രൂപയിൽ നിന്ന് അഞ്ച് മടങ്ങിലധികം വർധിച്ച് 2026-27-ൽ 11,486 കോടി രൂപയായി. ഈ തുക കൂടി ചേരുമ്പോൾ ആകെ 72,468 കോടിയുടെ പ്രവൃത്തികൾ നടന്നുവരുന്നു.
ബിഹാർ: ബിഹാറിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമുണ്ടായി. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 1,132 കോടി രൂപയിൽ നിന്ന് ഒന്‍പത് മടങ്ങ് വർധിച്ച് 2026-27-ൽ 10,379 കോടി രൂപയായി. അഭൂതപൂർവമായ ഈ നിക്ഷേപം ആകെ 1,09,158 കോടി രൂപയുടെ നിലവിലെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധേയ മാറ്റമാണ് കാണപ്പെടുന്നത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 311 കോടി രൂപയിൽ നിന്ന് 24 മടങ്ങ് വർധിച്ച് 2026-27-ൽ 7,470 കോടി രൂപയിലെത്തി. ഈ വലിയ നിക്ഷേപം ആകെ 51,080 കോടി രൂപ മൂല്യംവരുന്ന നിലവിലെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
ഡൽഹി: ഡൽഹിയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 96 കോടി രൂപയിൽ നിന്ന് 28 മടങ്ങ് വർധിച്ച് 2026-27-ൽ 2,711 കോടി രൂപയായി. ഈ വിഹിതം ആകെ 8,976 കോടി രൂപയുടെ നിലവിലെ പ്രവൃത്തികൾക്ക് സഹായകമായി.
ഗോവ: ഗോവയുടെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഉത്തേജനമാണ് ലഭിച്ചത്. 2026-27-ൽ അനുവദിച്ച 515 കോടി രൂപ ആകെ 4,344 കോടി രൂപയുടെ നിലവിലെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
ഗുജറാത്ത്: റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധേയമായ മാറ്റത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 589 കോടി രൂപയില്‍നിന്ന് 29 മടങ്ങ് വർധിച്ച് 2026-27-ൽ 17,366 കോടി രൂപയായി. ചരിത്രപരമായ ഈ നിക്ഷേപം 1,28,748 കോടി രൂപ ചെലവുവരുന്ന നിലവിലെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി.
ഹരിയാന: ഹരിയാനയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് ഉണ്ടായത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 315 കോടി രൂപയിൽ നിന്ന് 11 മടങ്ങ് വർധിച്ച് 2026-27-ൽ 3,566 കോടി രൂപയായി. ചരിത്രപരമായ നീക്കിയിരിപ്പ് ആകെ 12,091 കോടി രൂപയുടെ നിലവിലെ പദ്ധതികള്‍ക്ക് പിന്തുണയേകുന്നു.
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റം പ്രകടമാണ്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 108 കോടി രൂപയിൽ നിന്ന് 27 മടങ്ങ് വർധിച്ച് 2026-27-ൽ 2,911 കോടി രൂപയായി. ആകെ 17,711 കോടി രൂപ ചെലവില്‍ നിലവില്‍ നടപ്പാക്കുന്ന പദ്ധതികൾക്ക് ഈ വിഹിതം പിന്തുണ നൽകുന്നു.
ജമ്മു കശ്മീർ: റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ സുസ്ഥിര വികസനത്തിനാണ് ജമ്മു കശ്മീര്‍ സാക്ഷ്യംവഹിക്കുന്നത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 1,044 കോടി രൂപയിൽ നിന്ന് 2026-27-ൽ 1,086 കോടി രൂപയായി വർധിച്ചു. ആകെ 522 കോടി രൂപ മൂല്യംവരുന്ന നിലവിലെ പദ്ധതികളെ ഈ ബജറ്റ് വിഹിതം പിന്തുണയ്ക്കുന്നു.
ജാർഖണ്ഡ്: ജാർഖണ്ഡിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 457 കോടി രൂപയില്‍ നിന്ന് 16 മടങ്ങ് വർധിച്ച് 2026-27-ൽ 7,536 കോടി രൂപയിലെത്തി. ചരിത്രപരമായ ഈ നിക്ഷേപം ആകെ 63,470 കോടി രൂപ ചെലവില്‍ നടപ്പാക്കിവരുന്ന നിലവിലെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
കർണാടക: കർണാടകയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധേയമായ വളർച്ച ദൃശ്യമാണ്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 835 കോടി രൂപയിൽ നിന്ന് ഒന്‍പത് മടങ്ങ് വർധിച്ച് 2026-27-ൽ 7,748 കോടി രൂപയായി. ആകെ 52,950 കോടിയുടെ നിലവിലെ പദ്ധതികൾക്ക് ഈ ഉയര്‍ന്ന വിഹിതം സഹായകമായി.
കേരളം: കേരളത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപത്തിലും അഭൂതപൂർവമായ വർധനയാണ് ഉണ്ടായത്. 2009-14 കാലയളവില്‍ കേവലം 372 കോടി രൂപയായിരുന്ന സംസ്ഥാനത്തിൻ്റെ വാർഷിക ശരാശരി റെയിൽവേ ബജറ്റ് വിഹിതം ഏകദേശം പത്ത് മടങ്ങ് വർധിച്ച് 2026-27-ൽ 3,795 കോടി രൂപയായി. ചരിത്രപരമായ ഈ ധനവിനിയോഗം 18,041 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന വികസന പ്രവൃത്തികളെ പിന്തുണയ്ക്കുന്നു.
മധ്യപ്രദേശ്: മധ്യപ്രദേശിൻ്റെ റെയിൽവേ നിക്ഷേപത്തിൽ വലിയ മാറ്റം പ്രകടമാണ്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 632 കോടി രൂപയിൽ നിന്ന് 24 മടങ്ങ് വർധിച്ച് 2026-27-ൽ 15,188 കോടി രൂപയായി. ചരിത്രപരമായ ഈ വിഹിതം ആകെ 1,18,379 കോടി രൂപയുടെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
മഹാരാഷ്ട്ര: മഹാരാഷ്ട്രയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ചരിത്രപരമായ പരിവർത്തനമാണ് സംഭവിച്ചത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 1,171 കോടി രൂപയിൽ നിന്ന് 20 മടങ്ങ് വർധിച്ച് 2026-27-ൽ 23,926 കോടി രൂപയായി. അഭൂതപൂർവമായ ഈ നിക്ഷേപം ആകെ 1,70,058 കോടി രൂപയുടെ പദ്ധതികൾക്ക് കരുത്തേകുന്നു.
ഒഡീഷ: ഒഡീഷയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ മാറ്റം പ്രകടമാണ്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 838 കോടി രൂപയിൽ നിന്ന് 13 മടങ്ങ് വർധിച്ച് 2026-27-ൽ 10,928 കോടി രൂപയായി. ചരിത്രപരമായ ഈ നിക്ഷേപം ആകെ 90,659 കോടി രൂപ മൂല്യംവരുന്ന നിലവിലെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
പഞ്ചാബ്: റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധേയമായ മാറ്റത്തിനാണ് പഞ്ചാബ് സാക്ഷ്യംവഹിച്ചത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 225 കോടി രൂപയിൽ നിന്ന് 25 മടങ്ങ് വർധിച്ച് 2026-27-ൽ 5,673 കോടി രൂപയായി. ചരിത്രപരമായ ഈ നിക്ഷേപം ആകെ 26,382 കോടി രൂപയുടെ പദ്ധതികൾക്ക് സഹായകമായി.
രാജസ്ഥാൻ: രാജസ്ഥാൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലും വലിയ പരിവർത്തനമുണ്ടായി. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 682 കോടി രൂപയിൽ നിന്ന് 15 മടങ്ങ് വർധിച്ച് 2026-27-ൽ 10,228 കോടി രൂപയായി. ആകെ 56,863 കോടിയുടെ പദ്ധതികളെയാണ് ചരിത്രപരമായ ഈ നിക്ഷേപം പിന്തുണയ്ക്കുന്നത്.
തമിഴ്നാട്: തമിഴ്നാടിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം പ്രകടമാണ്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 879 കോടി രൂപയിൽ നിന്ന് ഒന്‍പത് മടങ്ങ് വർധിച്ച് 2026-27-ൽ 7,611 കോടി രൂപയായി. ഗണ്യമായ ഈ നിക്ഷേപം ആകെ 35,701 കോടി രൂപ ചെലവില്‍ നടപ്പാക്കിവരുന്ന നിലവിലെ പദ്ധതികൾക്ക് പിന്തുണയേകുന്നു.
തെലങ്കാന: തെലങ്കാനയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ വളർച്ചയാണുണ്ടായത്. 2009-14 കാലയളവിൽ 886 കോടി രൂപയായിരുന്ന (ആന്ധ്രാപ്രദേശ് + തെലങ്കാന) വാർഷിക ശരാശരി ബജറ്റ് ആറ് മടങ്ങ് വർധിച്ച് 2026-27-ൽ 5,454 കോടി രൂപയിലെത്തി. ഈ വലിയ വിഹിതം ആകെ 47,984 കോടി രൂപയുടെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
ഉത്തർപ്രദേശ്: ഉത്തർപ്രദേശിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ചരിത്രപരമായ മാറ്റമാണ് ദൃശ്യമാകുന്നത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 1,109 കോടി രൂപയിൽ നിന്ന് 18 മടങ്ങ് വർധിച്ച് 2026-27-ൽ 20,012 കോടി രൂപയായി. ഈ വലിയ നിക്ഷേപം ആകെ 92,056 കോടി രൂപയുടെ നിലവിലെ പദ്ധതികൾക്ക് കരുത്തേകുന്നു.
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധേയ മാറ്റമുണ്ടായി. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 187 കോടി രൂപയിൽ നിന്ന് 26 മടങ്ങ് വർധിച്ച് 2026-27-ൽ 4,769 കോടി രൂപയായി. ആകെ 39,491 കോടി രൂപയുടെ പദ്ധതികളെ ഈ നിക്ഷേപം പിന്തുണയ്ക്കുന്നു.
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമാണ് സംഭവിച്ചത്. വാർഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 4,380 കോടി രൂപയിൽ നിന്ന് മൂന്ന് മടങ്ങ് വർധിച്ച് 2026-27-ൽ 14,205 കോടി രൂപയായി. ചരിത്രപരമായ ഈ നിക്ഷേപം ആകെ 92,974 കോടി മൂല്യംവരുന്ന നിലവിലെ പദ്ധതികളെ പിന്തുണയ്ക്കുന്നു.
***
( റിലീസ് ഐ.ഡി: 2222989)
സന്ദര്‍ശക കൗണ്ടര്‍ : 6