വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന സാമൂഹിക വികസന കമ്മീഷന്റെ 64-ാമത് സെഷനിൽ ഇന്ത്യ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 03 FEB 2026 2:54AM by PIB Thiruvananthpuram

സാമൂഹിക വികസന കമ്മീഷന്റെ (CSocD) 64-ാമത് സെഷനിൽ കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തു. സമഗ്രവും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ സാമൂഹിക വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയിലെ സാമൂഹിക നീതിയും സാമൂഹിക സംരക്ഷണവും ഭരണഘടനാപരമായ ഉറപ്പുകളിൽ വേരൂന്നിയതാണെന്നും "വികസിത് ഭാരത് 2047" എന്ന രാജ്യത്തിന്റെ ദീർഘകാല ദർശനവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഇന്ത്യയുടെ ദേശീയ പ്രസ്താവന അവതരിപ്പിച്ചുകൊണ്ട്, വനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ പറഞ്ഞു.

 

Description: b116bb875728739adb28943b0e7b2fd1.jpg
 


ആരും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തികൊണ്ട്, ഗവൺമെന്റിന്റെ സമഗ്ര സമീപനത്തെ പ്രതിഫലിപ്പിക്കുന്ന "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന മാർഗ്ഗനിർദ്ദേശ തത്വം അവർ എടുത്തുകാട്ടി.

വിപുലത, ഉൾപ്പെടുത്തൽ, എല്ലാ കോണിലും സേവന വിതരണം എന്നിവ പ്രദർശിപ്പിക്കുന്ന പ്രധാന ദേശീയ സംരംഭങ്ങളെ ശ്രീമതി ഠാക്കൂർ വിവരിച്ചു:

  • വിദൂര പ്രദേശങ്ങളിൽ മെച്ചപ്പെട്ട സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെയും റെസിഡൻഷ്യൽ സ്കൂളുകളുടെയും പിന്തുണയോടെ, വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പങ്കാളിത്തത്തിലെ തുല്യത
  • സ്ത്രീകൾക്കും ദുർബല സമൂഹങ്ങൾക്കും വലിയതോതിൽ പ്രയോജനം നൽകുന്ന പൈപ്പ് കുടിവെള്ളം, ശുദ്ധമായ പാചക ഇന്ധനം , ശുചിത്വ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളുടെ ഗണ്യമായ വിപുലീകരണം
  • ലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെ നടപ്പാക്കുന്ന പരിവർത്തനാത്മക സാമ്പത്തിക ഉൾപ്പെടുത്തൽ. സംരംഭകത്വത്തിന്റെയും വായ്പ പദ്ധതികളുടെയും മുൻനിര ഗുണഭോക്താക്കളായി സ്ത്രീകൾ ഉയർന്നുവരുന്നു
  • പ്രത്യേക ഹെൽപ്പ് ലൈനുകളും സംയോജിത സേവന കേന്ദ്രങ്ങളും വഴി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള രാജ്യവ്യാപക സംരക്ഷണ, പിന്തുണാ സംവിധാനങ്ങൾ
  • 100 ദശലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തുന്ന സമഗ്ര മാതൃ, ശിശു ആരോഗ്യ, പോഷകാഹാര പരിപാടികൾ
  • പ്രായമായവർ, ഭിന്നശേഷിയുള്ളവർ , അസംഘടിത തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്നിവർക്കായി ലക്ഷ്യമിട്ട സാമൂഹിക സുരക്ഷ പദ്ധതികൾ


പൊതു സേവന വിതരണത്തിൽ സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്വo എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളുടെയും (DBT) പങ്ക് ഇന്ത്യ എടുത്തുകാണിച്ചു.

ആഗോള വെല്ലുവിളികൾക്ക് കൂട്ടായ പ്രതികരണങ്ങൾ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, സാമൂഹിക വികസന മാതൃകകളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് ശക്തിപ്പെടുത്തിയ ബഹുരാഷ്ട്ര സഹകരണം, ശേഷി വികസനം, ദക്ഷിണ -ദക്ഷിണ മേഖലാ സഹകരണം എന്നിവയ്ക്ക് ഇന്ത്യ പിന്തുണ അറിയിച്ചു.

 

Description: 82319d1393bff16a3d31c6e81a1f9b04.jpg

 

സാമൂഹിക വികസന കമ്മീഷന്റെ 64-ാമത് സെഷനിൽ, യുഎന്നിലെ ഉക്രെയ്‌നിന്റെ സ്ഥിരം പ്രതിനിധിയും കമ്മീഷൻ ചെയർ അംബാസഡറുമായ ക്രിസ്റ്റിന ഹയോവിഷിൻ അധ്യക്ഷത വഹിച്ചു. ; യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശ്രീമതി ആമിന ജെ മുഹമ്മദ്, ജനറൽ അസംബ്ലി പ്രസിഡന്റ് അന്നലീന ബെയർബോക്ക്, ഇക്കോസോക്കിന്റെ പ്രസിഡന്റും നേപ്പാളിന്റെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ലോക്ബഹാദൂർ താപ്പ, എഎസ്ജി (നയ ഏകോപനം), ഡിഇഎസ്എ - ശ്രീമതി ബിജോർഗ് സാൻഡ്‌ജെയർ, എൻജിഒ സാമൂഹിക വികസന കമ്മിറ്റി ചെയർ - ശ്രീമതി ഗില്ലിയൻ ഡിസൂസ-നസരെത്ത് എന്നിവർ സെഷനെ അഭിസംബോധന ചെയ്തു. 100-ലധികം യുഎൻ അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തിന് സെഷൻ വേദിയായി.

 
****

( റിലീസ് ഐ.ഡി: 2222422) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali-TR , Gujarati , Tamil , Kannada