ധനകാര്യ മന്ത്രാലയം
കേന്ദ്ര ബജറ്റ് 2026-27ൽ ‘ഭാരത്-വിസ്താർ’ കാർഷിക ബഹുഭാഷാ എഐ ഉപകരണം നിർദ്ദേശിച്ചു
प्रविष्टि तिथि:
01 FEB 2026 12:59PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ 2026-27 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. സാധാരണ പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ ശേഷി വികസിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ പുരോഗതിയിൽ അവരെ കരുത്തുറ്റ പങ്കാളികളാക്കുന്നതിനുമുള്ള രണ്ടാമത്തെ കർത്തവ്യം സാക്ഷാത്കരിക്കുന്നതിൽ വളർന്നുവരുന്ന സാങ്കേതികവിദ്യകളും നിർമ്മിതബുദ്ധിയും പ്രധാന ഘടകങ്ങളാണെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു.
സാങ്കേതികവിദ്യയുടെ ഉപയോഗം കർഷകർ, STEM (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ്) മേഖലയിലെ സ്ത്രീകൾ, നൈപുണ്യ വികസനത്തിന് താല്പര്യമുള്ള യുവാക്കൾ, പുതിയ അവസരങ്ങൾ ആഗ്രഹിക്കുന്ന ദിവ്യാംഗർ തുടങ്ങി എല്ലാവർക്കും പ്രയോജനകരമാണെന്ന് ബജറ്റ് അംഗീകരിക്കുന്നു. ഇതിൻ്റെ ഭാഗമായി എഐ മിഷൻ, നാഷണൽ ക്വാണ്ടം മിഷൻ, അനുസന്ധൻ നാഷണൽ റിസർച്ച് ഫണ്ട്, റിസർച്ച് ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ ഫണ്ട് എന്നിവയിലൂടെ പുതിയ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കാനുള്ള പ്രധാന സർക്കാർ സംരംഭങ്ങളെക്കുറിച്ച് ബജറ്റ് എടുത്തുപറയുന്നു.
ഇന്ത്യയുടെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയിൽ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ് ആൻഡ് കോമിക്സ് (എവിജിസി) മേഖല 2030-ഓടെ 20 ലക്ഷം പ്രൊഫഷണലുകളെ ആവശ്യമുള്ള വലിയൊരു വ്യവസായമായി മാറുമെന്ന് ബജറ്റ് അടിവരയിടുന്നു. ഇന്ത്യയുടെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരാൻ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും എവിജിസി കണ്ടൻ്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതിന് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിനെ പിന്തുണയ്ക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു.

കൂടാതെ, ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ വ്യവസായത്തെ കണക്കിലെടുത്ത്, രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിൽ ഡിസൈൻ വിദ്യാഭ്യാസവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്.
കാർഷിക മേഖലയ്ക്കായി 'ഭാരത്-വിസ്താർ' (വെർച്വലി ഇൻ്റഗ്രേറ്റഡ് സിസ്റ്റം ടു ആക്‌സസ് അഗ്രികൾച്ചറൽ റിസോഴ്‌സസ്) എന്ന ബഹുഭാഷാ എഐ ഉപകരണം ബജറ്റിൽ നിർദ്ദേശിക്കുന്നു. അഗ്രിസ്റ്റാക്ക് പോർട്ടലുകളേയും ഐസിഎആർ പാക്കേജുകളേയും എഐ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ബഹുഭാഷാ ഉപകരണമാണിത്. ഇത് കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും കർഷകർക്ക് മികച്ച തീരുമാനമെടുക്കൽ സാധ്യമാക്കുകയും വ്യക്തിഗത ഉപദേശക പിന്തുണ നല്കുന്നതിലൂടെ കൃഷിയിലെ നഷ്ടസാധ്യതകൾ കുറയ്ക്കാനും സഹായിക്കും..

കൂടാതെ, തൊഴിലുകളിലും നൈപുണ്യ ആവശ്യകതകളിലും എഐ-യും മറ്റ് പുതിയ സാങ്കേതികവിദ്യകളും ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ നിർദ്ദേശിക്കുന്നതിനുമായി 'വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും' എന്ന ഒരു ഉന്നതതലസ്ഥിരസമിതി രൂപീകരിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്.
****
(रिलीज़ आईडी: 2221597)
आगंतुक पटल : 13