ധനകാര്യ മന്ത്രാലയം
വിദേശ വ്യാപാരത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം ആഗോള ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള രാജ്യത്തിൻ്റെ കരുത്ത് പ്രകടമാക്കുന്നു: 2025-26 സാമ്പത്തിക സർവേ
प्रविष्टि तिथि:
29 JAN 2026 2:04PM by PIB Thiruvananthpuram
കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2025-26-ലെ സാമ്പത്തിക സർവേ ഇന്ന് പാർലമെൻ്റിൽ സമർപ്പിച്ചു. ഇന്ത്യയുടെ വിദേശ വ്യാപാര പ്രകടനം ആഗോള ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള രാജ്യത്തിൻ്റെ ശേഷി പ്രകടിപ്പിക്കുന്നുവെന്നും ആഗോള വിപണികളുമായി ആഴത്തിൽ സംയോജിച്ച് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ സവിശേഷതകൾ എടുത്തുകാണിക്കുന്നുവെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വ്യാപാര പ്രകടനത്തിലെ പ്രവണതകൾ
ആഗോള വ്യാപാരത്തിലെ സുപ്രധാന ശക്തിയായി ഇന്ത്യ സ്ഥിരമായി ഉയരുന്നത് ആഗോള ചരക്ക് കയറ്റുമതിയിലും വാണിജ്യ സേവന കയറ്റുമതിയിലും രാജ്യത്തിൻ്റെ വർധിച്ചുവരുന്ന പങ്കാളിത്തത്തിലൂടെ വ്യക്തമാണെന്ന് സാമ്പത്തിക സർവേ പറയുന്നു. ലോക വ്യാപാര സംഘടനയുടെ (WTO) ആഗോള വ്യാപാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2005-നും 2024-നും ഇടയിൽ ആഗോള ചരക്ക് കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് 1 ശതമാനത്തിൽ നിന്ന് 1.8 ശതമാനമെന്ന നിലയിലേക്ക് ഇരട്ടിയായി ഉയര്‍ന്നു. അതുപോലെ, ആഗോള വാണിജ്യ സേവന കയറ്റുമതിയിലെ പങ്ക് ഇരട്ടിയിലേറെ വര്‍ധനയോടെ 2 ശതമാനത്തിൽ നിന്ന് 4.3 ശതമാനത്തിലെത്തി.
ആഗോള വ്യാപാര പങ്കാളിത്തം വർധിപ്പിച്ചതിനൊപ്പം ഇന്ത്യ വ്യാപാര പങ്കാളികളെയും ഉല്പന്നങ്ങളെയും വൈവിധ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. UNCTAD പുറത്തിറക്കിയ 2025 -ലെ വ്യാപാര വികസന റിപ്പോര്‍ട്ട് പ്രകാരം വ്യാപാര പങ്കാളികളുടെ വൈവിധ്യവൽക്കരണത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ വ്യാപാര വൈവിധ്യത്തില്‍ പശ്ചിമ വികസിത രാജ്യങ്ങളേക്കാൾ ഉയർന്ന നിലയാണ് രേഖപ്പെടുത്തിയത്. ചരക്ക് വ്യാപാര വൈവിധ്യ സൂചികയിൽ0.88 സ്കോറുമായി തായ്‌ലൻഡ്, ചൈന, തുർക്കി എന്നിവയ്ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യ.
സേവന കയറ്റുമതിയിലെ 13.6 ശതമാനം വളർച്ചയുടെ കരുത്തിൽ ഇന്ത്യയുടെ ആകെ കയറ്റുമതി 2025 സാമ്പത്തിക വർഷം റെക്കോർഡ് നേട്ടമായ 825.3 ബില്യൺ യുഎസ് ഡോളറിലെത്തി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും 2026 സാമ്പത്തിക വർഷം ആദ്യ മൂന്ന് പാദങ്ങളിലും ഇന്ത്യ ഈ കുതിപ്പ് തുടർന്നു.
ചരക്ക് വ്യാപാരം
2025 സാമ്പത്തിക വർഷം ഇന്ത്യയുടെ ചരക്ക് കയറ്റുമതി 437.7 ബില്യൺ ഡോളറായിരുന്നു; ഇതിൽ പെട്രോളിയം ഇതര ഉല്പന്നങ്ങളുടെ കയറ്റുമതി 374.3 ബില്യൺ ഡോളറെന്ന ചരിത്ര നേട്ടം കൈവരിച്ചു. ഇലക്ട്രോണിക്സ്, മരുന്നുകൾ, ഇലക്ട്രിക്കൽ മെഷിനറി, വാഹനങ്ങൾ എന്നിവ കയറ്റുമതി വളർച്ചയുടെ പ്രധാന ചാലകശക്തികളായി മാറി.
ടെലികോം ഉപകരണങ്ങളുടെ കയറ്റുമതിയിൽ 51.2 ശതമാനവും മരുന്നുകളുടെയും ജൈവ ഔഷധങ്ങളുടെയും കയറ്റുമതിയിൽ 11.2 ശതമാനവും വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് ഉല്പാദന മേഖലയിലെ ഇന്ത്യയുടെ കരുത്തും ആഗോള ഔഷധനിര്‍മാണ കേന്ദ്രമെന്ന സ്ഥാനവും ഈ വളര്‍ച്ച ആവര്‍ത്തിച്ചുറപ്പിക്കുന്നു.
കാർഷിക കയറ്റുമതി 2020-ലെ 34.5 ബില്യൺ ഡോളറിൽ നിന്ന് 8.2ശതമാനം CAGR മായി 2025-ൽ 51.1 ബില്യൺ ഡോളറായി ഉയര്‍ന്നു. കൃഷി, സമുദ്രോല്പന്നങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവയുടെ സംയുക്ത കയറ്റുമതി അടുത്ത നാല് വർഷത്തിനകം 100 ബില്യൺ ഡോളറിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
മൊബൈൽ ഫോൺ നിർമ്മാണം, പ്രത്യേക ഇലക്ട്രോണിക് ഘടകങ്ങൾ, ഔഷധ ചേരുവകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ മികച്ച വ്യാപാര നേട്ടങ്ങൾക്ക് ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതി വഴിയൊരുക്കിയെന്ന് സർവേ എടുത്തുപറയുന്നു. 2021 മുതൽ 2025 വരെ സാമ്പത്തിക വർഷങ്ങളിൽ ഈ രംഗങ്ങളിലെ കയറ്റുമതിയുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 10.6 ശതമാനമാണ്. അതേസമയം ഇറക്കുമതിയിൽ 12.6 ശതമാനത്തിന്റെ ശരാശരി വാർഷിക വളർച്ച രേഖപ്പെടുത്തി.
2001 മുതൽ 2025 വരെ സാമ്പത്തിക വർഷങ്ങൾക്കിടെ ഔഷധ കയറ്റുമതി 1.9 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 30.5 ബില്യൺ ഡോളറായി വർധിച്ചു. വിപണി വൈവിധ്യവൽക്കരണം, നിയന്ത്രണങ്ങളിലെ ഏകോപനം, ശേഷിവര്‍ധന എന്നിവയിലൂടെ കൈവരിച്ച ഏകദേശം 16 മടങ്ങ് വർധനയാണ് ഇത് സൂചിപ്പിക്കുന്നത്.

2025 സാമ്പത്തിക വർഷം ചരക്ക് ഇറക്കുമതി 6.3 ശതമാനം വർധിച്ച് 721.2 ബില്യൺ യുഎസ് ഡോളറിലെത്തി. പെട്രോളിയം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയൊഴികെ ഉല്പന്നങ്ങളുടെ ഇറക്കുമതിയിലുണ്ടായ വർധനയാണ് ഇതിന് പ്രധാന കാരണമായത്. ഇവ 2024 സാമ്പത്തിക വർഷത്തിലെ 421 ബില്യൺ ഡോളറിൽ നിന്ന് 446.5 ബില്യൺ ഡോളറായി ഉയര്‍ന്നു. അവശ്യ അസംസ്‌കൃത വസ്തുക്കൾക്കും ഉല്പാദക ഉപകരണങ്ങൾക്കുമുണ്ടായ ഉയർന്ന ആവശ്യകതയാണ് ഈ പ്രവണതയ്ക്ക് കാരണം. ഇത് ശക്തമായ ആഭ്യന്തര ആവശ്യകതയെ സൂചിപ്പിക്കുന്നു.

അടുത്തിടെ പൂർത്തിയാക്കിയ ഇന്ത്യ-യുകെ, ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക വ്യാപാര കരാറുകളും യുഎസ്, ചിലി, പെറു എന്നീ രാജ്യങ്ങളുമായി നടത്തിയ ചർച്ചകളും ഉൾപ്പെടുന്ന വിപുലമായ സ്വതന്ത്ര വ്യാപാര കരാറുകളുടെ ശൃംഖല ഇന്ത്യയുടെ വൈവിധ്യവൽക്കരിച്ച വ്യാപാര തന്ത്രത്തിന് കരുത്തേകുകയും ആഗോള മൂല്യശൃംഖലകളുമായി ആഴമേറിയ ബന്ധം പിന്തുണയ്ക്കുകയും ചെയ്യുന്നു. ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാറിന് 2025 ഡിസംബറിലും യൂറോപ്യൻ യൂണിയനുമായി 2026 ജനുവരിയിലും ചര്‍ച്ചകള്‍ പൂർത്തിയായി.
സേവന വ്യാപാരം
സേവന കയറ്റുമതി 2025 സാമ്പത്തിക വർഷം 13.6 ശതമാനം വളർച്ചയോടെ 387.6 ബില്യൺ യുഎസ് ഡോളറെന്ന സർവകാല റെക്കോഡിലെത്തിയത് സാങ്കേതിക വിദ്യയുടെയും വ്യാപാര സേവനങ്ങളുടെയും ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കുന്നു. 2020 മുതൽ 2025 വരെ സാമ്പത്തിക വർഷങ്ങളിൽ 7 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ആഗോള നൈപുണ്യ കേന്ദ്രങ്ങളുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിൻ്റെ വിജയവും ഈ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം സേവന ഇറക്കുമതി 11.4 ശതമാനം വളർച്ച രേഖപ്പെടുത്തി 198.7 ബില്യൺ യുഎസ് ഡോളറിലെത്തി. വ്യാപാര, ധനകാര്യ സേവനങ്ങള്‍ക്ക് രാജ്യങ്ങൾക്കിടയിലെ വർധിച്ചുവരുന്ന ആവശ്യകതയെയാണ് ഇറക്കുമതിയിലെ വളർച്ച സൂചിപ്പിക്കുന്നത്. തല്‍ഫലമായി 2025 സാമ്പത്തിക വർഷം സേവന വ്യാപാരത്തിലെ മിച്ചം 188.8 ബില്യൺ യുഎസ് ഡോളറായി ഉയര്‍ന്നത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന നിരക്കാണ്.
***
(रिलीज़ आईडी: 2220327)
आगंतुक पटल : 7