ധനകാര്യ മന്ത്രാലയം
ഔദ്യോഗിക നിർവചനങ്ങളിൽ പറയുന്നതിനേക്കാൾ സാമ്പത്തികമായും പ്രവർത്തനപരമായും വളരെയധികം നഗരവൽക്കരിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ: 2025-26 സാമ്പത്തിക സർവേ
24 നഗരങ്ങളിലായി ഏകദേശം 1,036 കിലോമീറ്റർ മെട്രോ/ആർആർടിഎസ് പ്രവർത്തനസജ്ജമാക്കിക്കൊണ്ട് ഇന്ത്യ അതിന്റെ അതിവേഗ യാത്രാ സംവിധാനങ്ങൾ വിപുലീകരിച്ചു
2025–26 ഓടെ നഗരസഭകളിലെ വാർഡുകളിൽ 98 ശതമാനവും മുനിസിപ്പൽ ഖരമാലിന്യങ്ങൾ (MSW) വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന സംവിധാനത്തിലേക്ക് വ്യാപിപ്പിച്ചു
പ്രധാൻമന്ത്രി ആവാസ് യോജന - അർബൻ (PMAY-U) പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി 122.06 ലക്ഷം വീടുകൾക്ക് അംഗീകാരം നൽകി
ഒറ്റപ്പെട്ട പദ്ധതികൾക്ക് പകരം സംവിധാനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയ്ക്കായിരിക്കണം ഭാവി നഗര നയങ്ങൾ മുൻഗണന നൽകേണ്ടതെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു
प्रविष्टि तिथि:
29 JAN 2026 1:42PM by PIB Thiruvananthpuram
"ഇന്ത്യയിലെ നഗരങ്ങൾ കേവലം വാസസ്ഥലങ്ങൾ മാത്രമല്ല, അവ നിർണ്ണായകമായ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ കൂടിയാണ്. സാന്ദ്രതയും സാമീപ്യവും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും തൊഴിൽ വിപണികളെ ആഴത്തിലാക്കുകയും നൂതന ആശയങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു സംയോജിത സമ്പദ്‌വ്യവസ്ഥയെ സൃഷ്ടിക്കുന്നു. അതിനാൽ, ഇന്ത്യയുടെ വളർച്ചാ പാതയിൽ നഗരങ്ങളുടെ സാമ്പത്തികമായ പങ്ക് വളരെ പ്രധാനമാണ്," കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ ഇതിനോടകം തന്നെ സാമ്പത്തികമായി വളരെയധികം നഗരവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും, രാജ്യത്തെ ആകെ ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും നഗരങ്ങളിലും നഗരപ്രദേശങ്ങളിലുമാണെന്നും 2025-26 ലെ സാമ്പത്തിക സർവേ അടിവരയിടുന്നു. ഈ നഗരവൽക്കരണത്തിന്റെ ഗുണഫലങ്ങൾ പ്രത്യക്ഷവും പരോക്ഷവുമായ തരത്തിൽ പൗരന്മാർക്ക് കൂടുതൽ മെച്ചപ്പെട്ട നിലയിൽ ലഭ്യമാക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം.
നഗരങ്ങളെ, കൃത്യമായ നിക്ഷേപവും തന്ത്രപരമായ ആസൂത്രണവും ആവശ്യമുള്ള സാമ്പത്തിക ആസ്തികളായാണ് സാമ്പത്തിക സർവേ വിലയിരുത്തുന്നത്. നഗരങ്ങളെ കേവലം ഒരു ഭൂപ്രദേശമായി കാണാതെ, സാമ്പത്തിക അടിസ്ഥാന സൗകര്യം ആയി അംഗീകരിക്കുക എന്നതാണ് പ്രധാനമെന്ന് സർവേ വ്യക്തമാക്കുന്നു. പൊതുനയം, ധനകാര്യ മുൻഗണനകൾ, ആസൂത്രണ രൂപരേഖകൾ എന്നിവയെ ഇന്ത്യയുടെ വികസന കുതിപ്പിന് അനുസൃതമായി മാറ്റുന്നതിനുള്ള ആദ്യപടി ഇതാണെന്നും സർവേയിൽ പറയുന്നു.
വളർച്ചാ എഞ്ചിനുകളാണ് നഗരങ്ങൾ
2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, ഔദ്യോഗിക നിർവചനങ്ങളിൽ സൂചിപ്പിക്കുന്നതിനേക്കാൾ സാമ്പത്തികമായും പ്രവർത്തനപരമായും ഇന്ത്യ വളരെയധികം നഗരവൽക്കരിക്കപ്പെട്ടിരിക്കുന്നു. യൂറോപ്യൻ കമ്മീഷന്റെ 'ഗ്രൂപ്പ് ഓൺ എർത്ത് ഒബ്സർവേഷൻസി'ൽ നിന്നുള്ള 'ഗ്ലോബൽ ഹ്യൂമൻ സെറ്റിൽമെന്റ് ലെയർ' (GHSL) ഉപഗ്രഹ വിവരങ്ങൾ അടിസ്ഥാനമാക്കി, 2015-ൽ തന്നെ ഇന്ത്യ 63 ശതമാനം നഗരവൽക്കരിക്കപ്പെട്ടുവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ഇത് 2011-ലെ സെൻസസിൽ റിപ്പോർട്ട് ചെയ്ത നഗരവൽക്കരണ നിരക്കിന്റെ ഏകദേശം ഇരട്ടിയാണ്.
2036-ഓടെ ഇന്ത്യയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമായി 600 ദശലക്ഷം ആളുകൾ അതായത് ജനസംഖ്യയുടെ 40 ശതമാനവും വസിക്കുമെന്ന് ലോകബാങ്ക് കണക്കാക്കുന്നതായും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2011-ൽ ഇത് 31 ശതമാനമായിരുന്നു. കൂടാതെ, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 70 ശതമാനവും നഗരപ്രദേശങ്ങളുടെ സംഭവനയായിരിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ചലനാത്മകത
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇന്ത്യ അതിന്റെ പൊതു അതിവേഗ യാത്രാ സംവിധാനങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2025 ലെ കണക്കനുസരിച്ച്, ഏകദേശം 24 നഗരങ്ങളിലായി 1,036 കിലോമീറ്റർ മെട്രോ/ആർ.ആർ.ടി.എസ് (RRTS) പാതകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്; കൂടുതൽ ഇടനാഴിയുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നഗരങ്ങളിലെ ബസ് സർവീസുകൾ ശക്തിപ്പെടുത്തുന്നതിനായി ഗവണ്മെന്റ് 'പിഎം ഇ-ബസ് സേവ' ആരംഭിച്ചതായും സർവേ പരാമർശിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 10,000 ഇ-ബസുകളോടെ പ്രസ്തുത പദ്ധതിക്കായി 20,000 കോടി രൂപയുടെ കേന്ദ്രസഹായവും, ഓപ്പറേറ്റർമാർക്ക് പണം ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ പെയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസവും (PSM) ഏർപ്പെടുത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 7,293 ഇ-ബസുകൾക്ക് അംഗീകാരം നൽകി. ഡിപ്പോകൾക്കും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുമായി 983.75 കോടി രൂപ അനുവദിക്കുകയും അതിൽ 437.5 കോടി രൂപ ഇതിനോടകം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾക്കായി ബസ് ശൃംഖല വിപുലീകരിക്കാനും അവ ഡിജിറ്റൽവൽക്കരിക്കാനും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. കൂടാതെ, സാമ്പത്തിക ലാഭത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഇ-ബസ് വിന്യാസം, അവസാന ദൂരം വരെയുള്ള യാത്രാസൗകര്യം, ഷെയർഡ് മൊബിലിറ്റി എന്നിവ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (TOD) നടപ്പിലാക്കുക, സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളുടെ മൂല്യവർദ്ധനവ് പ്രയോജനപ്പെടുത്തുക തുടങ്ങിയവയും സർവേ ശുപാർശ ചെയ്യുന്നു.
നഗര ശുചിത്വം
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കേന്ദ്രഗവണ്മെന്റ് 'സ്വച്ഛ് ഭാരത് മിഷൻ - അർബൻ' (SBM-U) വഴി ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികളിലൊന്ന് നടപ്പിലാക്കിയാതായി 2025-26 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് എടുത്തുകാട്ടുന്നു. 'അമൃത്' (AMRUT), 'അമൃത് 2.0' (AMRUT 2.0) പദ്ധതികൾക്ക് കീഴിലുള്ള നിക്ഷേപങ്ങളും ഇതിന് കരുത്തേകി. ഈ നടപടികൾ ശുചിത്വ മേഖലയിൽ വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിയത്; എല്ലാ നഗരങ്ങളും വെളിയിട വിസർജ്യമുക്തമാക്കാൻ സാധിച്ചുവെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
2014–15 കാലയളവിൽ തീരെ കുറവായിരുന്ന നഗര ഖരമാലിന്യങ്ങളുടെ (MSW) വീട് വീടാന്തരമുള്ള ശേഖരണം 2025–26 ആയപ്പോഴേക്കും രാജ്യത്തെ 98 ശതമാനം നഗര വാർഡുകളിലേക്കും വ്യാപിച്ചതായി സർവേ ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി 2.5 ലക്ഷത്തിലധികം മാലിന്യ ശേഖരണ വാഹനങ്ങളുടെ സേവനവും ഇതിന് പിന്തുണ നൽകുന്നുണ്ട്.

സാങ്കേതികവിദ്യയിലധിഷ്ഠിതമായ നഗര നവീകരണം
2025 മെയ് 9-വരെയുള്ള കണക്കനുസരിച്ച്, സ്മാർട്ട് സിറ്റീസ് മിഷന് (SCM) കീഴിലുള്ള നഗരങ്ങൾ വിഭാവനം ചെയ്ത പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തിയാക്കിയതായി സർവേ വ്യക്തമാക്കുന്നു. സ്മാർട്ട് റോഡുകൾ, സൈക്കിൾ ട്രാക്കുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, നവീകരിച്ച കുടിവെള്ള-മലിനജല ശൃംഖലകൾ, സജീവമായ പൊതു ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആകെ 8,067 പദ്ധതികളിൽ 90 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു; ഏകദേശം 1.64 ലക്ഷം കോടി രൂപ ഇതിനായി നിക്ഷേപിച്ചു.
നഗരപ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ വീടുകൾ ലഭ്യമാക്കുന്നതിനായി പ്രത്യക്ഷനികുതി, ജി.എസ്.ടി (GST) ആനുകൂല്യങ്ങൾ, മുൻഗണനാ മേഖലയിലുള്ള വായ്പകളിൽ ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യ പദവി നൽകൽ തുടങ്ങി നിരവധി ഇടപെടലുകൾ ഗവണ്മെന്റ് നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന - അർബൻ (PMAY-U) പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി ആകെ 122.06 ലക്ഷം വീടുകൾക്ക് അംഗീകാരം നൽകി. ഇതിൽ 24.11.2025 വരെയുള്ള കണക്കുകളനുസരിച്ച് 96.02 ലക്ഷം വീടുകൾ പൂർത്തിയാക്കുകയോ ഗുണഭോക്താക്കൾക്ക് കൈമാറുകയോ ചെയ്തിട്ടുണ്ട്.
നഗരങ്ങളിലെ തെരുവോരക്കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം പുനഃസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി (PM SVANidhi) സുപ്രധാന പങ്കുവഹിച്ചതായി സർവേ വിശദമാക്കുന്നു.
ദൈനംദിന നഗരഭരണത്തിൽ നിയമനിർമ്മാണ ഉറപ്പ് വിശ്വസനീയമാക്കുന്നതിന് ചുമതലകൾ ഏകോപിപ്പിക്കുക, പദ്ധതികളുടെ ഫലപ്രാപ്തിയിലുള്ള ഉത്തരവാദിത്തം വ്യക്തമാക്കുക, ദൈനംദിന നിയമപാലന നടപടികളെ താൽക്കാലികമായ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുക എന്നിവ പ്രധാനമാണെന്ന് സർവേ പ്രതിപാദിക്കുന്നു.
ആസൂത്രണം, ഭരണനിർവ്വഹണം, ധനസഹായം
നഗരവികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഏകോപിതമായ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2023–24 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 10,000 കോടി രൂപ പ്രാരംഭ നിക്ഷേപമുള്ള അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (UIDF), വായ്പാ യോഗ്യത കുറഞ്ഞതും എന്നാൽ മികച്ച വികസന പദ്ധതികളുള്ളതുമായ ടിയർ-2, ടിയർ-3 നഗരങ്ങളെ സഹായിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്ന് 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
ഇന്ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ, പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളും നിയമപരമായ അംഗീകാരമുള്ള 20 വർഷത്തെ സിറ്റി സ്പേഷ്യൽ ആൻഡ് ഇക്കണോമിക് പ്ലാൻ തയ്യാറാക്കണമെന്ന് നിർദ്ദേശിക്കുന്നു. അഞ്ച് വർഷത്തിലൊരിക്കൽ പുതുക്കേണ്ട ഈ പ്ലാനിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത മൂന്ന് ഘടകങ്ങൾ ഉണ്ടായിരിക്കണമെന്നും നിർദ്ദേശിക്കുന്നു:
i. ഗതാഗത ശൃംഖലാ പദ്ധതി
ii. വാർഷിക ലക്ഷ്യങ്ങളോടു കൂടിയ ഭവന വിതരണ പദ്ധതി
iii. അടിസ്ഥാന സൗകര്യ ഇടനാഴികളുമായി ബന്ധിപ്പിച്ച ഭൂമി-മൂല്യ വർദ്ധന പ്രയോജനപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട്
സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പൗരബോധം വളർത്തൽ
ആശയവിനിമയം എന്നത് നിലവിലുള്ള സംവിധാനങ്ങളെ മാറ്റിസ്ഥാപിക്കുന്നതിന് പകരം ആ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാകണമെന്ന് സർവേ വ്യക്തമാക്കുന്നു. പ്രവൃത്തി തുടങ്ങുന്ന സമയത്തുതന്നെ, വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ചില പ്രത്യേക പെരുമാറ്റരീതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ലളിതവും പ്രാദേശികവും ആവർത്തനസ്വഭാവമുള്ളതുമായ സന്ദേശങ്ങൾ നൽകുന്നതാണ് ഏറ്റവും ഫലപ്രദമെന്നും സാമ്പത്തിക സർവേയിൽ പറയുന്നു.
ഉപസംഹാരം
കേവലം ഒറ്റപ്പെട്ട പദ്ധതികൾക്ക് പകരം സംവിധാനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയ്ക്കായിരിക്കണം ഭാവിയിലെ നഗര നയങ്ങൾ മുൻഗണന നൽകേണ്ടത്. പാർപ്പിടം, ഗതാഗതം, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം, ധനകാര്യം എന്നിവയെ പരസ്പരം കോർത്തിണക്കിക്കൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്നതും ദീർഘകാല സാമ്പത്തിക കാര്യക്ഷമതയുള്ളതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ സജ്ജവുമായ നഗരങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്.
ഇന്ത്യയുടെ നഗര ഭാവിയെക്കുറിച്ചുള്ള വാഗ്ദാനം യാഥാർത്ഥ്യമാകുന്നത്, നമ്മുടെ നഗരങ്ങളെ സാമ്പത്തികമായി ചലനാത്മകവും, സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതും, പാരിസ്ഥിതികമായി സുസ്ഥിരവും, സ്ഥാപനപരമായി പ്രാപ്തിയുള്ളതുമാക്കി മാറ്റുന്നതിലൂടെയാണെന്ന് 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
***
SK
(रिलीज़ आईडी: 2220105)
आगंतुक पटल : 7