പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റോസ്ഗർ മേളയുടെ ഭാ​ഗമായി നിയമന കത്തുകൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

प्रविष्टि तिथि: 24 JAN 2026 12:36PM by PIB Thiruvananthpuram

എല്ലാ യുവ സുഹൃത്തുക്കൾക്കും എന്റെ ആശംസകൾ!

2026 ന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം, വസന്തപഞ്ചമി ഇന്നലെ കടന്നുപോയപ്പോൾ, നിങ്ങളുടെ ജീവിതത്തിലും ഒരു പുതിയ വസന്തം ആരംഭിക്കുകയാണ്. ഭരണഘടനയോടുള്ള നിങ്ങളുടെ കടമകളുമായി ഈ സമയം നിങ്ങളെ ബന്ധിപ്പിക്കുന്നു. യാദൃശ്ചികമായി, രാജ്യത്ത് ഇപ്പോൾ റിപ്പബ്ലിക്കിന്റെ മഹത്തായ ഉത്സവം നടക്കുന്നു. ഇന്നലെ, ജനുവരി 23 ന്, നേതാജി സുഭാഷിന്റെ ജന്മദിനത്തിൽ നാം പരാക്രം ദിവസ് ആഘോഷിച്ചു, ഇപ്പോൾ നാളെ, ജനുവരി 25 ന്, ദേശീയ വോട്ടർ ദിനമാണ്, തുടർന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനമാണ്. ഇന്ന് ഒരു പ്രത്യേക ദിനവുമാണ്. നമ്മുടെ ഭരണഘടന 'ജന ഗണ മന' ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ​ഗീതമായും അംഗീകരിച്ചത് ഈ ദിവസമാണ്. ഈ സുപ്രധാന ദിനത്തിൽ, അറുപത്തിയൊന്നായിരത്തിലധികം ചെറുപ്പക്കാർ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നു.

ഇന്ന്, നിങ്ങൾക്കെല്ലാവർക്കും ​ഗവൺമെന്റ് സേവനങ്ങൾക്കുള്ള നിയമന കത്തുകൾ ലഭിക്കുന്നു; ഒരു തരത്തിൽ പറഞ്ഞാൽ, ഇത് രാഷ്ട്രനിർമ്മാണത്തിനുള്ള ഒരു ക്ഷണക്കത്താണ്. ഒരു വികസിത ഇന്ത്യയുടെ നിർമ്മാണത്തിന് ആക്കം കൂട്ടുന്നതിനുള്ള ഒരു ദൃഢനിശ്ചയ കത്താണ് ഇത്. നിങ്ങളിൽ പലരും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തും, പലരും നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയെ കൂടുതൽ ശാക്തീകരിക്കും, നിരവധി സുഹൃത്തുക്കൾ സാമ്പത്തിക സേവനങ്ങളും ഊർജ്ജ സുരക്ഷയും ശക്തിപ്പെടുത്തും, അതേസമയം നിരവധി യുവാക്കൾ നമ്മുടെ ​ഗവൺമെന്റ് കമ്പനികളുടെ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങൾ എല്ലാ യുവാക്കൾക്കും ഞാൻ നിരവധി അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

യുവാക്കളെ കഴിവുകളുമായി ബന്ധിപ്പിക്കുകയും അവർക്ക് തൊഴിൽ, സ്വയം തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് നമ്മുടെ ​ഗവൺമെന്റിന്റെ മുൻഗണന. ​ഗവൺമെന്റ് നിയമനങ്ങളും ദൗത്യ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, റോസ്ഗർ മേള ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ, റോസ്ഗർ മേള ഒരു സ്ഥാപനമായി മാറി. ഇതിലൂടെ, ​ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് നിയമന കത്തുകൾ ലഭിച്ചു. ഈ ദൗത്യം കൂടുതൽ വിപുലീകരിച്ചുകൊണ്ട്, ഇന്ന് ഈ റോസ്ഗർ മേള രാജ്യത്തെ നാൽപ്പതിലധികം സ്ഥലങ്ങളിൽ നടക്കുന്നു. ഈ സ്ഥലങ്ങളിലെല്ലാം സന്നിഹിതരായ യുവാക്കളെ ഞാൻ പ്രത്യേകം സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ യുവശക്തിക്ക് രാജ്യത്തിനകത്തും ലോകമെമ്പാടും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത് നമ്മുടെ ഗവൺമെന്റിന്റെ നിരന്തരമായ ശ്രമമാണ്. ഇന്ന്, ഇന്ത്യാ ഗവൺമെന്റ് നിരവധി രാജ്യങ്ങളുമായി വ്യാപാര, മൊബിലിറ്റി കരാറുകളിൽ ഒപ്പുവയ്ക്കുന്നു. ഈ വ്യാപാര കരാറുകൾ ഇന്ത്യയിലെ യുവാക്കൾക്ക് നിരവധി പുതിയ അവസരങ്ങൾ കൊണ്ടുവരുന്നു.

​സുഹൃത്തുക്കളേ,

കഴിഞ്ഞ കാലത്ത്, ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കായി ഇന്ത്യ അഭൂതപൂർവമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാരണത്താൽ, നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തൊഴിൽ ഗണ്യമായി വർദ്ധിച്ചു. ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ വ്യാപ്തിയും അതിവേഗം പുരോഗമിക്കുന്നു. ഇന്ന്, രാജ്യത്ത് ഏകദേശം രണ്ട് ലക്ഷത്തോളം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇരുപത്തിയൊന്ന് ലക്ഷത്തിലധികം യുവാക്കൾ ഇവയിൽ പ്രവർത്തിക്കുന്നു. അതുപോലെ, ഡിജിറ്റൽ ഇന്ത്യ ഒരു പുതിയ സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചു. ആനിമേഷൻ, ഡിജിറ്റൽ മീഡിയ തുടങ്ങിയ നിരവധി മേഖലകളിൽ, ഇന്ത്യ ഒരു ആഗോള കേന്ദ്രമായി മാറുകയാണ്. ഇന്ത്യയുടെ സർ​ഗാത്മക സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരുകയാണ്, ഇതിലും യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നു.

എന്റെ യുവ സുഹൃത്തുക്കളെ,

ഇന്ന് ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിച്ചുവരുന്ന രീതി യുവാക്കൾക്ക് നിരവധി പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ ജിഡിപി ഇരട്ടിയാക്കിയ ലോകത്തിലെ ഒരേയൊരു വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ന്, നൂറിലധികം രാജ്യങ്ങൾ നേരിട്ടുളള വിദേശ നിക്ഷേപം(എഫ് ഡി ഐ) വഴി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നു. 2014 ന് മുമ്പുള്ള പത്ത് വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, രണ്ടര ഇരട്ടിയിലധികം എഫ്ഡിഐ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. കൂടുതൽ വിദേശ നിക്ഷേപം എന്നത് ഇന്ത്യയിലെ യുവാക്കൾക്ക് എണ്ണമറ്റ തൊഴിലവസരങ്ങൾ നൽകുന്നു.

​സുഹൃത്തുക്കളേ,

​ഇന്ന്, ഇന്ത്യ ഒരു വലിയ ഉൽപ്പാദന ശക്തിയായി മാറുകയാണ്. ഇലക്ട്രോണിക്സ്, മരുന്നുകൾ, വാക്സിനുകൾ, പ്രതിരോധം, ഓട്ടോ തുടങ്ങിയ പല മേഖലകളിലും, ഇന്ത്യയുടെ ഉൽപ്പാദനത്തിലും കയറ്റുമതിയിലും അഭൂതപൂർവമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2014 മുതൽ, ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ആറ് മടങ്ങ് വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ആറ് മടങ്ങ്. ഇന്ന്, ഇത് 11 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഒരു വ്യവസായമാണ്. നമ്മുടെ ഇലക്ട്രോണിക്സ് കയറ്റുമതിയും നാല് ലക്ഷം കോടി രൂപ കവിഞ്ഞു. ഇന്ത്യയുടെ ഓട്ടോ വ്യവസായവും അതിവേഗം വളരുന്ന മേഖലകളിൽ ഒന്നായി മാറിയിരിക്കുന്നു. 2025-ൽ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന രണ്ട് കോടി കവിഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിച്ചതായി ഇത് കാണിക്കുന്നു; ആദായനികുതിയും ജിഎസ്ടിയും കുറച്ചതിലൂടെ അവർക്ക് നിരവധി നേട്ടങ്ങൾ ലഭിച്ചു; രാജ്യത്ത് വൻതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.

​സുഹൃത്തുക്കളേ,

​ഇന്നത്തെ പരിപാടിയിൽ, 8,000-ത്തിലധികം പെൺമക്കൾക്കും നിയമന കത്തുകൾ ലഭിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ, രാജ്യത്തെ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഏകദേശം ഇരട്ടി വർധനവുണ്ടായി. മുദ്ര, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ ​ഗവൺമെന്റ് പദ്ധതികളിൽ നിന്ന് നമ്മുടെ പെൺമക്കൾ വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്. സ്ത്രീകളുടെ സ്വയം തൊഴിൽ നിരക്കിൽ ഏകദേശം 15 ശതമാനം വർധനവുണ്ടായിട്ടുണ്ട്. സ്റ്റാർട്ടപ്പുകളെയും എംഎസ്എംഇകളെയും കുറിച്ച് ഞാൻ പറയുകയാണെങ്കിൽ, ഇന്ന് വളരെ വലിയ അളവിൽ വനിതാ ഡയറക്ടർമാരും വനിതാ സ്ഥാപകരുമുണ്ട്. നമ്മുടെ സഹകരണ മേഖലയിലും ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളിലും സ്ത്രീകൾ വളരെയധികം മുന്നിലാണ്.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യം റിഫോം എക്സ്പ്രസ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. രാജ്യത്തെ ജീവിതവും ബിസിനസും എളുപ്പമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജിഎസ്ടിയിലെ അടുത്ത തലമുറ പരിഷ്കാരങ്ങളിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിച്ചു. ഇതിലൂടെ, നമ്മുടെ യുവ സംരംഭകർക്ക് പ്രയോജനം ലഭിക്കുന്നു, നമ്മുടെ എംഎസ്എംഇകൾക്ക് പ്രയോജനം ലഭിക്കുന്നു. അടുത്തിടെ, രാജ്യം ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ, തൊഴിലാളികൾക്കും ജീവനക്കാർക്കും ബിസിനസുകൾക്കും എല്ലാം പ്രയോജനം ലഭിക്കും. പുതിയ ലേബർ കോഡുകൾ തൊഴിലാളികൾക്കും ജീവനക്കാർക്കും സാമൂഹിക സുരക്ഷയുടെ വ്യാപ്തിയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന്, റിഫോം എക്സ്പ്രസ് എല്ലായിടത്തും ചർച്ച ചെയ്യപ്പെടുമ്പോൾ, ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളെയും ഒരു ചുമതല ഏൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച്-ഏഴ് വർഷങ്ങളിൽ, നിങ്ങൾക്ക് എപ്പോൾ, ഏത് രൂപത്തിലാണ് ​ഗവൺമെന്റുമായി ബന്ധമുണ്ടായതെന്ന് ഓർക്കുക? നിങ്ങൾക്ക് ഏതെങ്കിലും ​ഗവൺമെന്റ് ഓഫീസിൽ ജോലി ഉണ്ടായിരുന്നോ, അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമത്തിലൂടെ ഇടപഴകി നിങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിട്ടോ, എന്തെങ്കിലും പോരായ്മ അനുഭവപ്പെട്ടോ, അല്ലെങ്കിൽ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടോ - അത്തരം കാര്യങ്ങൾ ഓർമ്മിക്കുക. ഇനി നിങ്ങൾ തീരുമാനിക്കണം, നിങ്ങളെ വിഷമിപ്പിച്ച കാര്യങ്ങൾ, ചിലപ്പോൾ നിങ്ങളുടെ മാതാപിതാക്കളെ വിഷമിപ്പിച്ച കാര്യങ്ങൾ, ചിലപ്പോൾ നിങ്ങളുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ച കാര്യങ്ങൾ, നിങ്ങളെ നുള്ളിയതും, വിഷമിപ്പിച്ചതും, ദേഷ്യം പിടിപ്പിച്ചതും - ഇനി നിങ്ങളുടെ സ്വന്തം ഭരണകാലത്ത് മറ്റ് പൗരന്മാർക്ക് ആ ബുദ്ധിമുട്ടുകൾ സംഭവിക്കാൻ നിങ്ങൾ അനുവദിക്കില്ല. ​ഗവൺമെന്റിന്റെ ഭാഗമാകുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ തലത്തിൽ ചെറിയ പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടിവരും. പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ നിങ്ങൾ ഈ സമീപനവുമായി മുന്നോട്ട് പോകണം.

ജീവിതം സുഗമമാക്കലും ബിസിനസ്സ് എളുപ്പമാക്കലും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നയങ്ങളിലൂടെ നടക്കുന്നു പോലെ  പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ​ഗവൺമെന്റ് ജീവനക്കാരന്റെ ഉദ്ദേശ്യത്തിലൂടെയുമാണ് പ്രാവർത്തികമാകുന്നത്. നിങ്ങൾ ഒരു കാര്യം കൂടി ഓർക്കണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, രാജ്യത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. ഈ വേഗത്തിലുള്ള മാറ്റത്തിനൊപ്പം നിങ്ങൾ സ്വയം നവീകരിക്കുകയും വേണം. iGOT കർമ്മയോഗി പോലുള്ള പ്ലാറ്റ്‌ഫോമുകൾ നിങ്ങൾ തീർച്ചയായും നന്നായി ഉപയോഗിക്കണം. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഒന്നര കോടിയോളം ​ഗവൺമെന്റ് ജീവനക്കാർ ഈ iGOT പ്ലാറ്റ്‌ഫോമിൽ ചേരുന്നതിലൂടെ സ്വയം പരിശീലനം നേടുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

പ്രധാനമന്ത്രിയായാലും ​ഗവൺമെന്റിന്റെ ഒരു ചെറിയ സേവകനായാലും, നാമെല്ലാവരും സേവകരാണ്, നമുക്കെല്ലാവർക്കും പൊതുവായ ഒരു മന്ത്രമുണ്ട്; അതിൽ, ആരും മുകളിലല്ല, ആരും വലത്തോട്ടും ഇടത്തോട്ടും അല്ല, നമുക്കെല്ലാവർക്കും, എനിക്കും നിങ്ങൾക്കും വേണ്ടി, അതാണ് ആ മന്ത്രം - "നാഗരിക് ദേവോ ഭവ" (പൗരനാണ് ദൈവം). "നാഗരിക് ദേവോ ഭവ" എന്ന മന്ത്രവുമായി നമ്മൾ പ്രവർത്തിക്കണം; നിങ്ങളും അങ്ങനെ തന്നെ തുടരുക. വീണ്ടും, നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഈ പുതിയ വസന്തം, ജീവിതത്തിന്റെ ഈ പുതിയ യുഗം ആരംഭിക്കുന്നു, 2047 ൽ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ പോകുന്നത് നിങ്ങളിലൂടെയാണ്. എന്റെ ഭാഗത്തു നിന്ന് നിങ്ങൾക്ക് നിരവധി ആശംസകൾ. വളരെ നന്ദി.

 

-NK-


(रिलीज़ आईडी: 2219138) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Punjabi , Gujarati , Odia , Telugu , Kannada