രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ശക്തരായും സുസജ്ജരായും തുടരുക; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ച എൻസിസി കേഡറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക: യുവാക്കളോട് രാജ്യരക്ഷാ മന്ത്രി

प्रविष्टि तिथि: 24 JAN 2026 1:50PM by PIB Thiruvananthpuram

ലോകം അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ നമ്മുടെ യുവാക്കൾ ശാരീരികമായും മാനസികമായും വൈകാരികമായും കരുത്തുറ്റവരായി, ഏത് വെല്ലുവിളിയെയും നേരിടാൻ സദാ സന്നദ്ധരായിരിക്കണം,” എന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തുടനീളം മോക്ക് ഡ്രില്ലുകൾ സംഘടിപ്പിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ധീരരും സമർപ്പിതരുമായ എൻസിസി കേഡറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. 2026 ജനുവരി 24-ന് ഡൽഹി കന്റോൺമെന്റിലെ എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പിൽ കേഡറ്റുകളെ അഭിസംബോധന ചെയ്യവെ, ഓപ്പറേഷൻ സിന്ദൂറിന്റെ കാലത്ത് രാജ്യം മുഴുവൻ സായുധ സേനയ്ക്കു പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ, രാജ്യത്തിന്റെ മികച്ച രണ്ടാം നിര പ്രതിരോധ സേനയെന്ന നിലയിൽ എൻസിസി കേഡറ്റുകൾ അസാധാരണമായ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഹൽഗാമിലെ അങ്ങേയറ്റം അപലപനീയവും ഭീരുത്വം നിറഞ്ഞതുമായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ഉചിതമായ മറുപടിയായിരുന്നു പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരരെയും ഭീകരകേന്ദ്രങ്ങളെയും തകർത്ത നടപടി എന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സൈനികർ ധൈര്യത്തോടെയും അതീവ സംയമനത്തോടെയും പ്രവർത്തിച്ചു. നമ്മെ മുറിപ്പെടുത്തിയവരെ മാത്രമാണ് നാം കണ്ടെത്തി ശിക്ഷിച്ചത്;  മറ്റാരെയും നാം ലക്ഷ്യമിട്ടില്ല; സൈനികർ ശാരീരികമായും മാനസികമായും വൈകാരികമായും ശക്തരായതിനാലാണ് ഇത് സാധ്യമായത്, അദ്ദേഹം കൂട്ടിച്ചേർത്തു.

A person standing at a podiumDescription automatically generated

 

ഏത് തരത്തിലുള്ള ചക്രവ്യൂഹത്തിലും പ്രവേശിച്ച് അതിൽ നിന്ന് വിജയകരമായി പുറത്തുവരാൻ ശേഷിയുള്ള മഹാഭാരതത്തിലെ അഭിമന്യുവിനോടാണ്  യുവാക്കളെ രാജ്യരക്ഷാ മന്ത്രി ഉപമിച്ചത്. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ സജീവമായി സംഭാവന നകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യുവാക്കളിലുള്ള പ്രതീക്ഷകൾ ദിനംപ്രതി വർധിച്ചുവരുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് ആനയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അവർ രാജ്യത്തിന്റെ അമൂല്യമായ സമ്പത്താണ് എന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രനിർമ്മാണത്തിന് അമൂല്യമായ സംഭാവനകൾ നൽകാൻ ശേഷിയുള്ള യുവാക്കളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള  ഏറ്റവും ഫലപ്രദമായ മാധ്യമമാണ് എൻസിസിയെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സമകാലിക ലോകം ജീവിതസുഖങ്ങൾ വില്പനച്ചരക്കാക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വീഡിയോ ഗെയിമുകൾ, ഭക്ഷണ വിതരണ സംവിധാനങ്ങൾ തുടങ്ങി പലതും മനുഷ്യജീവിതത്തിന് കൂടുതൽ സുഖവും സൗകര്യവും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പരേഡുകൾ, ഡ്രില്ലുകൾ, ക്യാമ്പുകൾ എന്നിവയിലൂടെ, ആ സുഖസൗകര്യങ്ങളിൽ നിന്ന് നിങ്ങളെ പുറത്തുകൊണ്ടുവരാൻ എൻ‌സിസി സഹായിക്കുന്നു, ഇത് ഒരു കാഡറ്റിനെ മാനസികമായി ശക്തനാക്കുന്നു. കൂടാതെ, ദുരന്തസാഹചര്യങ്ങളിൽ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ രക്ഷിക്കാനും സഹായിക്കുന്ന നിരവധി ജീവിത നൈപുണ്യങ്ങൾ കേഡറ്റുകൾ അഭ്യസിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേഡറ്റുകളിൽ അച്ചടക്കവും ദേശസ്‌നേഹവും വളർത്തിയെടുക്കുന്നതിനൊപ്പം, ആധുനിക കാലഘട്ടത്തിൽ വ്യാപകമായി കാണുന്ന ‘ശ്രദ്ധക്കുറവ്’ എന്ന പ്രശ്‌നത്തെ മറികടക്കാൻ എൻസിസി സഹായിക്കുന്നുവെന്നും രാജ്യരക്ഷാ മന്ത്രി കൂട്ടിച്ചേർത്തു. എല്ലാം തൽക്ഷണം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ കാലത്ത്, ജീവിതത്തിലെ വലിയ പ്രതിസന്ധികൾ നേരിടാനും രാജ്യത്തിന്റെ മഹത്തായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ആവശ്യമായ ക്ഷമ, നൈരന്തര്യം, ഏകാഗ്രത എന്നിവയാണ് എൻസിസി യുവാക്കളിൽ വളർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സായുധ സേനയിൽ ചേരുകയായാലും, ഡോക്ടർമാരോ എഞ്ചിനീയർമാരോ അധ്യാപകരോ ശാസ്ത്രജ്ഞരോ ഭരണാധികാരികളോ രാഷ്ട്രീയക്കാരോ ആയാലും, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ ഏകാഗ്രതയും അച്ചടക്കവും പ്രതിഫലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവിതത്തിൽ പ്ലാൻ-എ മാത്രമല്ല, പ്ലാൻ-ബിയും ആവശ്യമെങ്കിൽ പ്ലാൻ-സിയും തയ്യാറാക്കി വെക്കേണ്ടതിന്റെ ആവശ്യകത കാഡറ്റുകൾക്ക് വിശദീകരിക്കവെ, പ്ലാൻ-എ മാത്രമേ ഉണ്ടാകൂ എന്ന അവസ്ഥയിൽ അത് പ്രായോഗികമല്ലെന്ന് തോന്നുമ്പോൾ  ഭയത്തിലേക്കും നിരാശയിലേക്കും വഴിമാറുമെന്ന്  ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാൽ പ്ലാൻ-ബിയും പ്ലാൻ-സിയും സജ്ജമാണെങ്കിൽ ഏത് സാഹചര്യത്തിലും കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങൾ എപ്പോഴും ഒരു പ്ലാൻ-ബിയുമായി സജ്ജരായിരിക്കണം. ഇന്ന് തോരാതെ മഴ പെയ്താലും നാളെ സൂര്യൻ പ്രകാശിക്കുമെന്ന കാര്യം മറക്കരുത്. ജീവിതത്തിൽ വിജയം കൈവരിക്കാൻ ‘മൈ വേ ഓർ ദി ഹൈവേ’ എന്ന സമീപനത്തിന് അപ്പുറം, എൻ സി സി പഠിപ്പിക്കുന്ന ‘സൈനിക മാർഗം’ മനസ്സിൽ സൂക്ഷിക്കണം,” എന്നും അദ്ദേഹം കാഡറ്റുകളെ ആഹ്വാനം ചെയ്തു.

 


 
 

രാഷ്ട്രനിർമ്മാണത്തിൽ എൻസിസിയുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്, എൻസിസിയുടെ പരിശീലനം നേടിയ അനവധി വ്യക്തികൾ രാഷ്ട്രവികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. “പരം വീർ ചക്ര ജേതാക്കളായ ക്യാപ്റ്റൻ മനോജ് പാണ്ഡെയും ക്യാപ്റ്റൻ വിക്രം ബത്രയും ഒരുകാലത്ത് എൻസിസി കേഡറ്റുകളായിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഞാനും എൻസിസി കേഡറ്റുകളായി പരിശീലനം നേടിയവരാണ്. ഇതിന് പുറമേ, എൻസിസിയിൽ നിന്ന് പരിശീലനം  നേടിയ നിരവധി പേർ ഇന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു,” അദ്ദേഹം പറഞ്ഞു. 1965-ലെയും 1971-ലെയും യുദ്ധസമയങ്ങളിൽ എൻസിസി കേഡറ്റുകളെ പ്രതിരോധത്തിന്റെ രണ്ടാം നിരയായി വിന്യസിച്ചതായും, എല്ലാ മേഖലകളിലും രാജ്യത്തിനായി എൻസിസി നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
ജനുവരി 26-ന് രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ, ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം പുതുക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഭരണഘടന കേവലമൊരു ഗ്രന്ഥമല്ല; മറിച്ച് നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിന് ദിശാബോധം നൽകുകയും അവകാശങ്ങളെയും കടമകളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാർഗരേഖയാണ് അത്,” അദ്ദേഹം വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഭരണഘടന നൽകുന്ന അവകാശങ്ങളെ മനസ്സിലാക്കുന്നതിനോടൊപ്പം അതിന് അനുബന്ധമായ കടമകൾ ആത്മാർത്ഥമായി നിർവഹിക്കണമെന്നും പറഞ്ഞു. ഈ പ്രചാരണത്തിലുടനീളം എൻസിസി കേഡറ്റുകൾക്ക്  മൂല്യങ്ങളുടെ ദൂതന്മാരായി നിർണായക പങ്ക് വഹിക്കാനാകുമെന്നും ബോധവത്കരണ ദൗത്യത്തിന്റെ പതാക വാഹകരാകാൻ കഴിയുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.  

പരിപാടിയുടെ ഭാഗമായി, ഒരു 'അനുമോദന ചടങ്ങ്' നടന്നു, അതിൽ മികച്ച പ്രകടനത്തിനും കർത്തവ്യബോധത്തിനും സമർപ്പണത്തിനും ശ്രീ രാജ്‌നാഥ് സിംഗ് കേഡറ്റുകൾക്ക് 'രാജ്യരക്ഷാ മന്ത്രി പതക്കവും' 'അഭിനന്ദന കാർഡുകളും' സമ്മാനിച്ചു. ഈ വർഷം, ജമ്മു കശ്മീർ & ലഡാക്ക് ഡയറക്ടറേറ്റിലെ കേഡറ്റ് അർപുൺ ദീപ് കൗറിനും പശ്ചിമ ബംഗാൾ & സിക്കിം ഡയറക്ടറേറ്റിലെ കേഡറ്റ് പാൽഡെൻ ലെപ്ചയ്ക്കും 'രാജ്യരക്ഷാ മന്ത്രി പതക്കം' സമ്മാനിച്ചു. കർണാടക & ഗോവ ഡയറക്ടറേറ്റിലെ പെറ്റി ഓഫീസർ ലിഷ ദേജപ്പ സുവർണ, മധ്യപ്രദേശ് & ഛത്തീസ്ഗഡ് ഡയറക്ടറേറ്റിലെ ജൂനിയർ അണ്ടർ ഓഫീസർ പവൻ ഭാഗേൽ, നോർത്ത് ഈസ്റ്റേൺ റീജിയൻ ഡയറക്ടറേറ്റിലെ കോർപ്പറൽ രാധ ദോർജി, ഉത്തരാഖണ്ഡ് ഡയറക്ടറേറ്റിലെ കേഡറ്റ് പ്രിൻസ് സിംഗ് റാണ എന്നിവർക്ക് 'അഭിനന്ദന കാർഡുകൾ' സമ്മാനിച്ചു.


 

എൻസിസിയുടെ മൂന്ന് വിഭാഗങ്ങളിൽ നിന്നുമുള്ള കേഡറ്റുകൾ ഒരുക്കിയ ശ്രദ്ധേയമായ 'ഗാർഡ് ഓഫ് ഓണർ' രാജ്യരക്ഷാ മന്ത്രി സ്വീകരിച്ചു.

 


 

ഗ്വാളിയോറിലെ (മധ്യപ്രദേശ് & ഛത്തീസ്ഗഡ് ഡയറക്ടറേറ്റ്) സിന്ധ്യ സ്കൂളിലെ എൻസിസി കാഡറ്റുകളുടെ അനുപമമായ ബാൻഡ് പ്രകടനവും പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ സാമൂഹിക അവബോധ വിഷയങ്ങളിൽ 17 ഡയറക്ടറേറ്റുകളിലെയും കാഡറ്റുകൾ സസൂക്ഷ്മം തയ്യാറാക്കിയ 'ഫ്ലാഗ് ഏരിയ' ശ്രീ രാജ്‌നാഥ് സിംഗ് സന്ദർശിച്ചു. കാഡറ്റുകൾ അവതരിപ്പിച്ച സാംസ്കാരിക പ്രകടനങ്ങളും അദ്ദേഹം വീക്ഷിച്ചു. ഡിജി എൻസിസി ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്‌സും എൻസിസിയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

A group of people on a stageDescription automatically generated

***


(रिलीज़ आईडी: 2218300) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil