സാംസ്‌കാരിക മന്ത്രാലയം
2026 ലെ റിപ്പബ്ലിക് ദിനപരേഡിൽ സാംസ്കാരിക മന്ത്രാലയം ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്ന പ്രമേയത്തിൽ ടാബ്ലോ അവതരിപ്പിക്കും
प्रविष्टि तिथि:
21 JAN 2026 9:59PM by PIB Thiruvananthpuram
2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്ന പ്രമേയത്തിലെ ടാബ്ലോ സാംസ്കാരിക മന്ത്രാലയം അവതരിപ്പിക്കും. ഇത് ഇന്ത്യയുടെ നാഗരിക സ്മരണ, കൂട്ടായ ബോധം, സാംസ്കാരിക നൈരന്തര്യം എന്നിവയുടെ സജീവ രൂപമായ ദേശീയ ഗീതത്തിനെ ആവിഷ്കരിക്കും.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന ടാബ്ലോകൾ പ്രദർശനങ്ങളേക്കാളുപരി രാജ്യത്തിന്റെ നാഗരിക സ്മരണയുടെ ചലനാത്മകമായ ശേഖരണങ്ങളായി വർത്തിക്കുന്നു എന്ന് ഈ പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് അഗർവാൾ അഭിപ്രായപ്പെട്ടു. ഓരോ വർഷവും ആശയങ്ങൾ, മൂല്യങ്ങൾ, ചരിത്രാനുഭവങ്ങൾ എന്നിവയെ റിപ്പബ്ലിക് ദിന പരേഡിൽ ദൃശ്യഭാഷയായി, ടാബ്ലോരൂപത്തിൽ വിവർത്തനം ചെയ്യപ്പെടുന്നു. സംസ്കാരമെന്നത് റിപ്പബ്ലിക്കിന്റെ ഒരു അലങ്കാരമല്ല, മറിച്ച് അതിന്റെ നിതാന്ത ആത്മാവാണെന്ന് വീണ്ടും സ്ഥിരീകരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വന്ദേമാതരത്തിന് സ്ഥായിയായ ഒരു സവിശേഷസ്ഥാനമുണ്ട്.
വിപ്ലവകാരികൾ ഉറക്കെ ചൊല്ലുകയും ജയിലുകളിലും യോഗങ്ങളിലും ഘോഷയാത്രകളിലും ആലപിക്കുകയും ചെയ്തിരുന്ന വന്ദേമാതരം കേവലം ഒരു ഗാനത്തേക്കാൾ കൂടുതൽ അർത്ഥമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ അരബിന്ദോ അതിൽ കൂട്ടായ അവബോധത്തെ ഉണർത്താൻ കഴിവുള്ള ഒരു ആത്മീയ ശക്തിയെ - ചരിത്രം അന്നുമുതൽ സ്ഥിരീകരിച്ച ഒരു ദർശനത്തെ തിരിച്ചറിഞ്ഞു. 1875-ൽ ബങ്കിംചന്ദ്ര ചതോപാധ്യായ രചിച്ച ഈ ഗാനം രാഷ്ട്രത്തെ മാതാവായി - സുജലാം, സുഫലാം - പ്രകൃതി, പോഷണം, ആന്തരിക ശക്തി എന്നിവയുടെ സമൃദ്ധിയായി സങ്കൽപ്പിച്ചു. കൊളോണിയൽ കാലഘട്ടത്തിൽ, അത് അന്തസ്സും ആത്മവിശ്വാസവും പുനഃസ്ഥാപിച്ചു.ഭക്തിയെ ധൈര്യമായും കവിതയെ ദൃഢനിശ്ചയമായും മാറ്റി. സ്വാതന്ത്ര്യത്തിനായുള്ള പൊതു അഭിലാഷത്തിൽ പ്രദേശങ്ങൾ, ഭാഷകൾ, വിശ്വാസങ്ങൾ എന്നിവയിൽ വ്യത്യസ്തരായ ഇന്ത്യക്കാരെ ഈ ഗാനം ഒന്നിപ്പിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന്റെ 2026 ലെ റിപ്പബ്ലിക് ദിന ടാബ്ലോ ഈ ദീർഘവും സങ്കീർണ്ണവുമായ യാത്രയ്ക്ക് ശക്തമായ ഒരു ദൃശ്യരൂപം നൽകുന്നു. പരേഡിൽ ചലിക്കുന്ന ട്രാക്ടറിൽ വന്ദേമാതരത്തിന്റെ യഥാർത്ഥ കൈയെഴുത്തുപ്രതി പ്രദർശിപ്പിക്കും. അതിനെ തുടർന്ന് രാജ്യത്തിന്റെ നാല് ദിശകളിൽ നിന്നുള്ള നാടോടി കലാകാരന്മാർ രാജ്യത്തിന്റെ സാംസ്കാരിക ബഹുസ്വരതയെ പ്രതിഫലിപ്പിച്ചുകൊണ്ട് അണിനിരക്കും. വിഷ്ണുപന്ത് പഗ്നിസിന്റെ ചരിത്രപരമായ ആലാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നത്തെ തലമുറയെ പ്രതിനിധീകരിക്കുന്ന ജെൻ ജി, ടാബ്ലോയുടെ കേന്ദ്രത്തിൽ നിന്നും വന്ദേമാതരം ആലപിക്കും. കൊളോണിയൽ സെൻസർഷിപ്പിനെ മറികടക്കാൻ വാക്യങ്ങളുടെ ക്രമം മാറ്റിയാണ് അദ്ദേഹം സാരംഗ് രാഗത്തിൽ ഗാനം റെക്കോർഡ് ചെയ്തത്. സ്വാതന്ത്ര്യസമരകാലത്തെ കലാപരമായ പ്രതിരോധത്തിന്റെ ഒരു പ്രധാന ഉദാഹരണമായി ഇത് മാറി.
2021 മുതൽ, സാംസ്കാരിക മന്ത്രാലയത്തിന്റെ റിപ്പബ്ലിക് ദിന ടാബ്ലോയുടെ ആശയവും ആവിഷ്കാരവും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സിനെ (IGNCA) ഏൽപ്പിച്ചിരിക്കുന്നു. വർഷങ്ങളായി, ഇന്ത്യയുടെ ദാർശനിക, ചരിത്ര, സാംസ്കാരിക അടിത്തറകളെ അടിസ്ഥാനമാക്കി ഐജിഎൻസിഎ പ്രമേയങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. തലമുറകളിലുടനീളം പ്രതിധ്വനിക്കുന്ന ഒരു ദൃശ്യ ഭാഷയിലൂടെ അവ പരേഡിൽ അവതരിപ്പിക്കപ്പെടുന്നു. ഈ സമീപനം 2026 ലെ ടാബ്ലോയിലും തുടരുന്നു. വന്ദേമാതരത്തെ കേവലം ഒരു ചരിത്ര രചനയായി മാത്രമല്ല, ധാർമ്മികവും സാംസ്കാരികവും വൈകാരികവുമായ അനുരണനത്തിന്റെ നിരന്തര സ്രോതസ്സായി ഇത് സ്ഥാപിക്കുന്നു.
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സിന്റെ (ഐജിഎൻസിഎ) മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി, സാംസ്കാരിക മന്ത്രാലയത്തിന്റെ ടാബ്ലോ ഒരു മന്ത്രാലയത്തെയോ വകുപ്പിനെയോ പ്രതിനിധീകരിക്കുന്നതിനപ്പുറം, രാജ്യത്തിന്റെ പൊതു വികാരങ്ങളെയും ചരിത്രത്തെയും ദേശീയ ബോധത്തെയും പ്രതിഫലിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിനായുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ ടാബ്ലോയുടെ പ്രമേയം 'വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ' എന്ന് അന്തിമമാക്കിയിട്ടുണ്ടെന്നും ഇത് ദേശീയ ഗീതത്തിന്റെ പ്രചോദനാത്മകമായ ചരിത്രപരവും സാംസ്കാരികവുമായ യാത്രയെ കലാപരമായ ആവിഷ്കാരത്തിലൂടെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
***
(रिलीज़ आईडी: 2217190)
आगंतुक पटल : 8