പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംയുക്ത പ്രസ്താവന: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം

प्रविष्टि तिथि: 19 JAN 2026 8:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ജനുവരി 19-ന് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കൂടിയാണിത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യ-യു.എ.ഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്താർജിച്ചതായി ഇരുനേതാക്കളും വിലയിരുത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ നടത്തിയ ഇന്ത്യാ സന്ദർശനങ്ങളെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഈ സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെ തലമുറകളായുള്ള തുടർച്ചയെ അടയാളപ്പെടുത്തുന്നതാണെന്ന് അവർ കുറിച്ചു.

2025 സെപ്റ്റംബറിൽ നടന്ന നിക്ഷേപങ്ങൾക്കായുള്ള പതിമൂന്നാമത് ഉന്നതതല ദൗത്യസംഘത്തിന്റെയും 2025 ഡിസംബറിൽ നടന്ന പതിനാറാമത് ഇന്ത്യ-യു.എ.ഇ സംയുക്ത കമ്മീഷൻ യോഗത്തിൻ്റെയും അഞ്ചാമത് നയതന്ത്ര സംഭാഷണത്തിൻ്റെയും ഫലങ്ങൾ ഇരുനേതാക്കളും അംഗീകരിച്ചു.

2022-ൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പിട്ടശേഷം വ്യാപാര-സാമ്പത്തിക സഹകരണത്തിലുണ്ടായ കരുത്തുറ്റ വളർച്ചയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിൽ 100 ശതകോടി ഡോളറിലെത്തിയ ഉഭയകക്ഷിവ്യാപാരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച അവർ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളിലെയും വ്യവസായ സമൂഹത്തിന്റെ ആവേശം കണക്കിലെടുത്ത്, 2032-ഓടെ ഉഭയകക്ഷിവ്യാപാരം ഇരട്ടിയാക്കി 200 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലെത്തിക്കാൻ അവർ തീരുമാനിച്ചു.

ഇരുവശത്തുമുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്നതിന്  ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ മേഖലകളിൽ ചെറുകിട സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനായി 'ഭാരത് മാർട്ട്', 'വെർച്വൽ വാണിജ്യ ഇടനാഴി', 'ഭാരത്-ആഫ്രിക്ക സേതു' തുടങ്ങിയ പ്രധാന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ അവർ ആഹ്വാനം ചെയ്തു.

2024-ൽ ഒപ്പിട്ട ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളിലേക്കുള്ള നിക്ഷേപ പ്രവാഹം കൂടുതൽ ശക്തമാക്കിയതിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഗുജറാത്തിലെ ധോലേരയിൽ പ്രത്യേക നിക്ഷേപ മേഖല വികസിപ്പിക്കുന്നതിൽ യു.എ.ഇ പങ്കാളിയാകുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ അവർ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളം, പൈലറ്റ് പരിശീലന കേന്ദ്രം, അറ്റകുറ്റപ്പണി - അഴിച്ചുപണി കേന്ദ്രം, ഗ്രീൻഫീൽഡ് പോർട്ട്, സ്മാർട്ട് അർബൻ ടൗൺഷിപ്പ്, റെയിൽവേ കണക്റ്റിവിറ്റി, ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന തന്ത്രപരമായ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഈ പങ്കാളിത്തത്തിൽ ഉൾപ്പെടും. ആദ്യത്തെ NIIF അടിസ്ഥാനസൗകര്യ നിധിയുടെ  വിജയം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 2026-ൽ ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ള രണ്ടാമത്തെ അടിസ്ഥാനസൗകര്യ നിധിയിൽ  പങ്കുചേരാൻ യു.എ.ഇ സോവറിൻ വെൽത്ത് ഫണ്ടുകളെ ക്ഷണിച്ചു. ഗിഫ്റ്റ് സിറ്റിയിൽ ഡി.പി വേൾഡ്, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയുടെ ശാഖകൾ സ്ഥാപിച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇത് ഗിഫ്റ്റ് സിറ്റി പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമായി മാറുന്നതിനെ ശക്തിപ്പെടുത്തുന്നു. എഫ്.എ.ബി-യുടെ ഗിഫ്റ്റ് സിറ്റി ശാഖ ഇന്ത്യൻ കമ്പനികളെയും നിക്ഷേപകരെയും GCC, MENA വിപണികളിലെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായി പ്രവർത്തിക്കും.


ഭക്ഷ്യസുരക്ഷാ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ ശക്തമായ പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. സുസ്ഥിരമായ വിതരണശൃംഖല ഉറപ്പാക്കുന്നതിനും ദീർഘകാല പ്രതിരോധശേഷി കൈവരിക്കുന്നതിനും ഇതിനുള്ള തന്ത്രപ്രധാനമായ പ്രാധാന്യം ഇരുരാജ്യങ്ങളും തിരിച്ചറിഞ്ഞു. ഇരുരാജ്യങ്ങളുടെയും ദേശീയ മുൻഗണനകൾക്ക് അനുസൃതമായി സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഭക്ഷ്യ സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തം, നൂതനാശയങ്ങൾ, വിജ്ഞാന വിനിമയം എന്നിവയുടെ പങ്കിന് അവർ ഊന്നൽ നൽകി.

ബഹിരാകാശ മേഖലയിലെ സഹകരണം ആഴത്തിലാക്കാൻ ഇരുനേതാക്കളും ധാരണയായി. ഈ സാഹചര്യത്തിൽ, ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയിലൂടെ ഈ മേഖലയുടെ വാണിജ്യവൽക്കരണത്തിന് ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭത്തിൽ ഏർപ്പെടാൻ ധാരണയായതിനെ അവർ സ്വാഗതം ചെയ്തു. സമ്പൂർണ്ണമായ അടിസ്ഥാനസൗകര്യങ്ങളും ശക്തമായ വ്യവസായ അടിത്തറയുമുള്ള  സംയോജിത ബഹിരാകാശ ആവാസവ്യവസ്ഥ  നിർമ്മിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യ-യു.എ.ഇ സംയുക്ത ദൗത്യങ്ങൾ പ്രാപ്തമാക്കുന്നതിനും ആഗോള വാണിജ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും സൃഷ്ടിക്കുന്നതിനും സുസ്ഥിരമായ വ്യവസായ മാതൃകകളിലൂടെ  ഉഭയകക്ഷിനിക്ഷേപം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

ശാസ്ത്ര-സാങ്കേതിക രംഗത്തും നൂതനാശയങ്ങൾ കൈമാറുന്നതിലും, പ്രത്യേകിച്ച് AI, വളർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള സഹകരണ തീരുമാനത്തെ സ്വാഗതം ചെയ്ത അവർ, ഇന്ത്യയിൽ ഡേറ്റ സെന്ററുകൾ സജ്ജീകരിക്കുന്നതിനുള്ള സാധ്യതകൾ തേടാനും സമ്മതിച്ചു. പരസ്പര അംഗീകാരമുള്ള പരമാധികാര ക്രമീകരണങ്ങൾക്ക് കീഴിൽ യു.എ.ഇക്കും ഇന്ത്യയ്ക്കും ഇടയിൽ 'ഡിജിറ്റൽ എംബസികൾ' സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ ഇരുനേതാക്കളും തങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകി. 2026 ഫെബ്രുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 'AI ഇംപാക്ട് സമ്മിറ്റിന്' ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പിന്തുണ അറിയിച്ചു.

ഊർജ്ജമേഖലയിലെ ഉഭയകക്ഷിപങ്കാളിത്തത്തിന്റെ കരുത്തിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും ഇന്ത്യയുടെ ഊർജ്ജസുരക്ഷയിൽ യു.എ.ഇ നൽകുന്ന സംഭാവനകളെ ഊന്നിപ്പറയുകയും ചെയ്തു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) അഡ്‌നോക് ഗ്യാസും തമ്മിൽ 10 വർഷത്തെ എൽ.എൻ.ജി വിതരണ കരാർ ഒപ്പിട്ടതിനെ അവർ സ്വാഗതം ചെയ്തു. ഇത് പ്രകാരം 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാകും. ഇന്ത്യയിലെ 'ശാന്തി' (SHANTI - Sustainable Harnessing and Advancement of Nuclear Energy for Transforming India) നിയമം പാസാക്കിയതിനെ നേതാക്കൾ സ്വാഗതം ചെയ്തു; ഇത് സിവിൽ ആണവ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ കുറിച്ചു. വലിയ ആണവ റിയാക്ടറുകളുടെയും സ്മോൾ മോഡുലാർ റിയാക്ടറുകളുടെയും (SMRs) വികസനവും വിന്യാസവും ഉൾപ്പെടെയുള്ള നൂതന ആണവ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം തേടാനും, അതോടൊപ്പം നൂതന റിയാക്ടർ സംവിധാനങ്ങൾ, ആണവനിലയങ്ങളുടെ പ്രവർത്തനം, അറ്റകുറ്റപ്പണി, ആണവ സുരക്ഷ എന്നിവയിൽ സഹകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക മേഖലയിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുന്നതിനെ ഇരുനേതാക്കളും അഭിനന്ദിച്ചു. കാര്യക്ഷമവും വേഗത്തിലുള്ളതും ചിലവ് കുറഞ്ഞതുമായ അന്താരാഷ്ട്ര പണമിടപാടുകൾ സാധ്യമാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ദേശീയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം കണക്കിലെടുത്ത്, ലോഥലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിലേക്ക് പുരാവസ്തുക്കൾ നൽകാനുള്ള യു.എ.ഇയുടെ തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യ-യു.എ.ഇ സൗഹൃദത്തിന്റെ ശാശ്വത സ്മരണയ്ക്കായി അബുദാബിയിൽ 'ഹൗസ് ഓഫ് ഇന്ത്യ' സ്ഥാപിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. സാംസ്കാരിക ധാരണ കൂടുതൽ ആഴത്തിലാക്കുന്നതിന് ലക്ഷ്യമിട്ടുള്ള യുവജന വിനിമയ പരിപാടികളിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായി നിലനിർത്താനും അവർ സമ്മതിച്ചു.

ഇന്ത്യ-യു.എ.ഇ പങ്കാളിത്തത്തിന്റെ ആണിക്കല്ലായി വിദ്യാഭ്യാസ മേഖലയെ നേതാക്കൾ അടയാളപ്പെടുത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) അഹമ്മദാബാദ് എന്നിവയുടെ വിദേശ ക്യാമ്പസുകൾ യു.എ.ഇയിൽ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളിലെയും സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും വിദ്യാർത്ഥി വിനിമയം വിപുലീകരിക്കാനും കൂടുതൽ ശ്രമങ്ങൾ നടത്താൻ നേതാക്കൾ പ്രോത്സാഹിപ്പിച്ചു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിൽ 'അറിവിന്റെ പാലമായി' പ്രവർത്തിക്കും. സ്കൂളുകളിലും കോളേജുകളിലും ഇന്നൊവേഷൻ ആൻഡ് ടിങ്കറിംഗ് ലാബുകൾ വ്യാപിപ്പിക്കുന്നതിനുള്ള സഹകരണവും ഇതിൽ ഉൾപ്പെടും. ഇന്ത്യൻ അക്കാദമിക് ബിരുദങ്ങളുടെയും രേഖകളുടെയും തടസ്സമില്ലാത്ത പരിശോധനയ്ക്കായി ഇന്ത്യയുടെ ഡിജിലോക്കർ, യു.എ.ഇ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാൻ ധാരണയായതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇത് കൂടുതൽ സാമ്പത്തിക-വിദ്യാഭ്യാസ അവസരങ്ങൾക്കും ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.


ഇരുരാജ്യങ്ങളുടെയും പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ആഴമായ ബഹുമാനവും തന്ത്രപരമായ സ്വയംഭരണത്തിന്റെ പ്രാധാന്യവും നേതാക്കൾ എടുത്തുപറഞ്ഞു. സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന തൂണായി സ്ഥിരതയുള്ളതും ശക്തവുമായ ഉഭയകക്ഷി പ്രതിരോധ-സുരക്ഷാ സഹകരണത്തെ അവർ അംഗീകരിച്ചു. ഇരുരാജ്യങ്ങളിലെയും കര, നാവിക, വ്യോമസേനകളുടെ മേധാവിമാരും കമാൻഡർമാരും അടുത്തിടെ നടത്തിയ സന്ദർശനങ്ങളും ഉഭയകക്ഷി സൈനികാഭ്യാസങ്ങളുടെ വിജയകരമായ നടത്തിപ്പും നൽകിയ ഉണർവിനെ അവർ സ്വാഗതം ചെയ്തു. ഒരു 'തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തം' പൂർത്തിയാക്കുന്നതിലേക്കുള്ള താൽപ്പര്യപത്രം ഒപ്പിട്ടതിനെയും അവർ സ്വാഗതം ചെയ്തു.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും ഇരുനേതാക്കളും അസന്ദിഗ്ധമായി അപലപിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നവർക്കോ, ആസൂത്രണം ചെയ്യുന്നവർക്കോ, പിന്തുണയ്ക്കുന്നവർക്കോ അല്ലെങ്കിൽ അത് നടപ്പിലാക്കുന്നവർക്കോ ഒരു രാജ്യവും സുരക്ഷിത താവളം ഒരുക്കരുതെന്ന് അവർ ഊന്നിപ്പറഞ്ഞു. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സഹകരണം തുടരാൻ അവർ തീരുമാനിച്ചു.

2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ 'ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി' (IMEC) ആരംഭിച്ചത് ഇരുനേതാക്കളും അനുസ്മരിച്ചു.


ഇരുനേതാക്കളും പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലുള്ള തങ്ങളുടെ പങ്കാളിത്ത താൽപ്പര്യം അവർ അടിവരയിട്ടു. വിവിധ ബഹുമുഖ വേദികളിലെ മികച്ച സഹകരണവും പരസ്പര പിന്തുണയും അവർ എടുത്തുപറഞ്ഞു. 2026-ലെ ഇന്ത്യയുടെ BRICS അധ്യക്ഷപദവിയുടെ വിജയത്തിന് യു.എ.ഇ പൂർണ്ണ പിന്തുണ അറിയിച്ചു. 2026 അവസാനത്തോടെ യു.എ.ഇ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജല സമ്മേളനത്തിന് ഇന്ത്യ പിന്തുണ അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യം 6 നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും എല്ലാവർക്കും ജലലഭ്യതയും ശുചിത്വവും ഉറപ്പാക്കുന്നതിനും ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും.

ധ്രുവ ശാസ്ത്ര മേഖലയിലെ സഹകരണം ഇരുപക്ഷവും എടുത്തുപറയുകയും സംയുക്ത പര്യവേഷണങ്ങളുടെയും സ്ഥാപനപരമായ സഹകരണത്തിന്റെയും നല്ല ഫലങ്ങൾ വിലയിരുത്തുകയും ചെയ്തു. ശാസ്ത്രീയ സംരംഭങ്ങൾ, ഏകോപിപ്പിച്ച ഗവേഷണ ആസൂത്രണം, ദേശീയ ധ്രുവ ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണം എന്നിവയിലൂടെ ഈ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഇരുപക്ഷവും തീരുമാനിച്ചു. ധ്രുവപ്രദേശങ്ങളിലെ തുടർച്ചയായ സഹകരണം തെളിവുകളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്നും ആഗോള ശാസ്ത്ര പരിശ്രമങ്ങൾക്ക് സംഭാവന നൽകുമെന്നും അവർ ഊന്നിപ്പറഞ്ഞു.

തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.

*** 

 


(रिलीज़ आईडी: 2216299) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Odia