പ്രധാനമന്ത്രിയുടെ ഓഫീസ്
ജർമ്മൻ ചാൻസലറുമായി ചേർന്നുള്ള സംയുക്ത വാർത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
प्रविष्टि तिथि:
12 JAN 2026 1:25PM by PIB Thiruvananthpuram
അങ്ങേയറ്റത്തെ ആദരണീയനും, എന്റെ സുഹൃത്തുമായ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളെ, മാധ്യമ സുഹൃത്തുക്കളെ,
നമസ്കാരം!
ഗുട്ടൻ ടാഗ് (Guten Tag)!
സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ഇന്ന് ചാൻസലർ മെർസിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. സ്വാമി വിവേകാനന്ദൻ തന്നെ ഭാരതത്തിനും ജർമ്മനിക്കും ഇടയിൽ ദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും ഒരു പാലം പണിതിരുന്നു എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. ഇന്ന് ചാൻസലർ മെർസിന്റെ സന്ദർശനം ആ പാലത്തിന് പുതിയ ഊർജ്ജവും പുതുക്കിയ വിശ്വാസവും വ്യാപ്തിയും നൽകുന്നു.
ചാൻസലർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള മാത്രമല്ല, ഏഷ്യയിലേക്കുള്ള തന്നെ ആദ്യ സന്ദർശനമാണിത്. ഇന്ത്യയുമായുള്ള ബന്ധത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യത്തിന്റെ ശക്തമായ തെളിവാണ് ഇത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ശ്രദ്ധയ്ക്കും പ്രതിബദ്ധതയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. ജർമ്മനിയുമായുള്ള സൗഹൃദവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
ഗുജറാത്തിൽ ഞങ്ങൾ ‘ആവ്കാരോ മിഠോ ആപ്ജെ രെ’ (आवकारो मिठो आपजे रे) എന്ന് പറയാറുണ്ട്; അതിനർത്ഥം ഒരാളെ ഊഷ്മളതയോടും സ്നേഹത്തോടും കൂടി സ്വാഗതം ചെയ്യുക എന്നാണ്. അതേ മനോഭാവത്തോടും വികാരത്തോടും കൂടി ചാൻസലർ മെർസിനെ ഞങ്ങൾ ഇന്ത്യയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളെ,
ചാൻസലർ മെർസിന്റെ സന്ദർശനം വളരെ സവിശേഷമായ ഒരു സമയത്താണ് നടക്കുന്നത്. കഴിഞ്ഞ വർഷം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വർഷങ്ങൾ നമ്മൾ പൂർത്തിയാക്കി. ഈ വർഷം നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കുകയാണ്. ഈ നാഴികക്കല്ലുകൾ കേവലം സമയത്തിന്റെ അടയാളപ്പെടുത്തലുകൾ മാത്രമല്ല; അവ നമ്മുടെ പങ്കിട്ട ലക്ഷ്യങ്ങളുടെയും പരസ്പര വിശ്വാസത്തിന്റെയും ക്രമാനുഗതമായി ശക്തിപ്പെടുന്ന സഹകരണത്തിന്റെയും പ്രതീകങ്ങളാണ്.
ഇന്ത്യയെയും ജർമ്മനിയെയും പോലുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള അടുത്ത സഹകരണം മാനവികതയ്ക്ക് മൊത്തം പ്രധാനമാണ്. വളർന്നുവരുന്ന വ്യാപാര-നിക്ഷേപ ബന്ധങ്ങൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജ്ജം പകർന്നിട്ടുണ്ട്. നമ്മുടെ ഉഭയകക്ഷി വ്യാപാരം ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തുകയും 50 ബില്യൺ യുഎസ് ഡോളർ പിന്നിടുകയും ചെയ്തിരിക്കുന്നു.
രണ്ടായിരത്തിലധികം ജർമ്മൻ കമ്പനികൾ ദീർഘകാലമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തെയും ഇവിടെ നിലനിൽക്കുന്ന അപാരമായ അവസരങ്ങളെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് രാവിലെ നടന്ന ഇന്ത്യ - ജർമ്മനി സിഇഒ ഫോറത്തിൽ (India - Germany CEO Forum) ഇത് വ്യക്തമായിരുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സാങ്കേതിക സഹകരണം വർഷം തോറും ശക്തമായിക്കൊണ്ടിരിക്കുകയാണ്, ഇന്ന് അതിന്റെ സ്വാധീനം പ്രായോഗിക തലത്തിൽ വ്യക്തമായി ദൃശ്യമാണ്.
പുനരുപയോഗ ഊർജ്ജ (Renewable energy) മേഖലയിൽ ഇന്ത്യയ്ക്കും ജർമ്മനിക്കും ഒരേപോലെയുള്ള മുൻഗണനകളാണുള്ളത്. ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി, 'ഇന്ത്യ - ജർമ്മനി സെന്റർ ഓഫ് എക്സലൻസ്' (India - Germany Centre of Excellence) സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വിജ്ഞാനം, സാങ്കേതികവിദ്യ, നവീന ആശയങ്ങൾ എന്നിവ പങ്കുവെക്കുന്നതിനുള്ള ഒരു പൊതു പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കും.
കാലാവസ്ഥ, ഊർജ്ജം, നഗരവികസനം, അർബൻ മൊബിലിറ്റി(നഗരങ്ങളിലെ ചലനക്ഷമത)എന്നീ മേഖലകളിൽ ഞങ്ങൾ സംയുക്തമായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. ഇരുരാജ്യങ്ങളിലെയും കമ്പനികൾ ഉൾപ്പെടുന്ന ഹരിത ഹൈഡ്രജൻ (Green Hydrogen) മേഖലയിലെ പുതിയ ബൃഹദ് പദ്ധതി ഭാവിയിലെ ഊർജ്ജ ആവശ്യങ്ങളിൽ വലിയൊരു മാറ്റത്തിന് വഴിതെളിക്കും.
സുരക്ഷിതവും വിശ്വസനീയവും കരുത്തുറ്റതുമായ വിതരണ ശൃംഖലകൾ (Supply chains) കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയും ജർമ്മനിയും ഒന്നിച്ച് പ്രവർത്തിക്കുന്നു. ഈ മേഖലകളിലെല്ലാം ഇന്ന് ഒപ്പുവെക്കുന്ന ധാരണാപത്രങ്ങൾ (MoUs) നമ്മുടെ സഹകരണത്തിന് പുതിയ വേഗതയും കരുത്തും നൽകും.
സുഹൃത്തുക്കളെ,
പ്രതിരോധ-സുരക്ഷാ മേഖലകളിൽ വളർന്നുവരുന്ന സഹകരണം നമ്മുടെ പരസ്പര വിശ്വാസത്തിന്റെയും പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ്. പ്രതിരോധ വ്യാപാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കിയതിന് ചാൻസലർ മെർസിനോട് ഞാൻ എന്റെ ഹൃദയപൂർവ്വമായ നന്ദി രേഖപ്പെടുത്തുന്നു.
നമ്മുടെ പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കർമ്മരേഖയ്ക്കായി (roadmap) ഞങ്ങൾ പ്രവർത്തിക്കും. ഇത് സംയുക്ത വികസനത്തിനും സംയുക്ത ഉൽപ്പാദനത്തിനുമായി പുതിയ അവസരങ്ങൾ തുറന്നു നൽകും.
സുഹൃത്തുക്കളെ,
ഇന്ത്യയിലെയും ജർമ്മനിയിലെയും ജനങ്ങൾ തമ്മിലുള്ളത് ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധമാണ്. രവീന്ദ്രനാഥ ടാഗോറിന്റെ കൃതികൾ ജർമ്മനിയുടെ ബൗദ്ധിക ലോകത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകി. സ്വാമി വിവേകാനന്ദന്റെ ദർശനങ്ങൾ ജർമ്മനിയെ മാത്രമല്ല, യൂറോപ്പിനെ മുഴുവനായും പ്രചോദിപ്പിച്ചു. മാഡം കാമ ജർമ്മനിയിൽ ആദ്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യ പതാക ഉയർത്തിയതിലൂടെ നമ്മുടെ സ്വാതന്ത്ര്യ മോഹങ്ങൾക്ക് ആഗോള അംഗീകാരം നേടാനായി . ഇന്ന്, ഈ ചരിത്രപരമായ ബന്ധത്തിന് നമ്മൾ ഒരു ആധുനിക പങ്കാളിത്തത്തിന്റെ രൂപം നൽകുകയാണ്.
കുടിയേറ്റം (Migration), ചലനക്ഷമത , നൈപുണ്യ വികസനം (Skilling) എന്നിവ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ കഴിവുറ്റ യുവ തൊഴിൽശക്തി ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നുണ്ട്.
'ഗ്ലോബൽ സ്കിൽസ് പാർട്ണർഷിപ്പിനെ'ക്കുറിച്ച് (Global Skills Partnership) ഇന്ന് പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനം ഈ വിശ്വാസത്തിന്റെ പ്രതീകമാണ്. ഇത് പ്രത്യേകിച്ച് ആരോഗ്യ പരിരക്ഷാ രംഗത്തെ പ്രൊഫഷണലുകളുടെ ചലനാത്മകത സുഗമമാക്കും.
കായിക മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇന്ന് നമ്മൾ കൃത്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇത് നമ്മുടെ യുവാക്കളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി മാറും.
ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ന് പുറത്തിറക്കിയ സമഗ്രമായ കർമ്മരേഖ (Comprehensive Roadmap) വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകും. ജർമ്മൻ സർവ്വകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ ഞാൻ ക്ഷണിക്കുന്നു.
ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാത്ത ട്രാൻസിറ്റ് (Visa-free transit) പ്രഖ്യാപിച്ചതിന് ചാൻസലർ മെർസിനോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും.
ഗുജറാത്തിലെ ലോത്തലിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സിൽ (National Maritime Heritage Complex) ജർമ്മൻ മാരിടൈം മ്യൂസിയം പങ്കുചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇരുരാജ്യങ്ങളുടെയും സമുദ്ര ചരിത്രത്തെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണിത്.
പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ ഗുജറാത്ത് ആയുർവേദ സർവ്വകലാശാലയ്ക്ക് ജർമ്മനിയുമായി അടുത്ത സഹകരണമുണ്ട്. ഇന്ന് ഒപ്പുവെക്കുന്ന ധാരണാപത്രം (MoU) ഈ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തും.
സുഹൃത്തുക്കളെ,
ഇന്ത്യയും ജർമ്മനിയും എപ്പോഴും തോളോട് തോൾ ചേർന്ന് നിന്നിട്ടുണ്ട്. നമ്മുടെ സൗഹൃദത്തിന്റെ കരുത്ത് ആഗോള തലത്തിൽ ദൃശ്യമാണ്. ഘാന, കാമറൂൺ, മലാവി തുടങ്ങിയ രാജ്യങ്ങളിലെ സംയുക്ത പദ്ധതികളിലൂടെയുള്ള നമ്മുടെ ത്രിരാഷ്ട്ര വികസന പങ്കാളിത്തം (Trilateral development partnership) ലോകത്തിന് തന്നെ വിജയകരമായ ഒരു മാതൃകയാണ്. ഗ്ലോബൽ സൗത്തിന്റെ (Global South) വികസനത്തെ പിന്തുണയ്ക്കുന്നതിനായി നമ്മൾ തുടർന്നും ഒന്നിച്ച് പ്രവർത്തിക്കും.
ഇന്തോ-പസഫിക് മേഖല ഇരുരാജ്യങ്ങൾക്കും വലിയ മുൻഗണനയുള്ള വിഷയമാണ്. ഈ മേഖലയിലെ നമ്മുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി നമ്മൾ ഒരു കൂടിയാലോചനാ സംവിധാനം (Consultation Mechanism) ആരംഭിക്കാൻ പോവുകയാണ്.
ഇന്ന് ഉക്രെയ്ൻ, ഗാസ എന്നിവയുൾപ്പെടെയുള്ള ആഗോളവും പ്രാദേശികവുമായ വിവിധ വിഷയങ്ങൾ നമ്മൾ വിശദമായി ചർച്ച ചെയ്തു. എല്ലാ പ്രശ്നങ്ങളും തർക്കങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ എന്നും വാദിക്കുന്നത്, ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഭീകരവാദം മാനവികതയ്ക്ക് തന്നെ വലിയൊരു ഭീഷണിയാണെന്ന് നമ്മൾ സമ്മതിക്കുന്നു. ഭീകരവാദത്തിനെതിരെ പൂർണ്ണ നിശ്ചയദാർഢ്യത്തോടെ ഇന്ത്യയും ജർമ്മനിയും ഒന്നിച്ച് പോരാടും.
ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ആഗോള സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യയും ജർമ്മനിയും വിശ്വസിക്കുന്നു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ (UN Security Council) പരിഷ്കാരങ്ങൾ വരുത്തുന്നതിനായി ജി4 (G4) ഗ്രൂപ്പിലൂടെ നമ്മൾ നടത്തുന്ന സംയുക്ത ശ്രമങ്ങൾ ഈ പങ്കിട്ട വിശ്വാസത്തിന്റെ തെളിവാണ്.
ആദരണീയനായ ചാൻസലർ ,
140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ഞാൻ ഒരിക്കൽ കൂടി നിങ്ങളെ ഇന്ത്യയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്നത്തെ ചർച്ചകൾ ഇന്ത്യ-ജർമ്മനി പങ്കാളിത്തത്തിന് പുതിയ ഊർജ്ജവും വ്യക്തമായ ദിശാബോധവും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങളുടെ സന്ദർശനത്തിനും വ്യക്തിപരമായ പിന്തുണയ്ക്കും ഇന്ത്യയോടുള്ള സൗഹൃദത്തിനും നന്ദി.
ദാങ്കെ ഷൂൺ (Danke schön).
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
-NK-
(रिलीज़ आईडी: 2214240)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Kannada