രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വിവിധ ലക്ഷദ്വീപ് ദ്വീപുകളിൽ ഇന്ത്യൻ നാവികസേന സംയുക്ത സൈനിക മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

प्रविष्टि तिथि: 10 JAN 2026 2:45PM by PIB Thiruvananthpuram

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ 2026 ജനുവരി 12 മുതൽ 16 വരെ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ സംയുക്ത സൈനിക മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആരോഗ്യപരിചരണ രംഗത്തെ ഗുണമേന്മയുള്ള സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക, സാമൂഹിക ക്ഷേമം ശക്തിപ്പെടുത്തുക, സിവിൽ–സൈനിക സഹകരണം ദൃഢമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംരംഭം നടപ്പാക്കുന്നത്. പൊതുജനാരോഗ്യത്തോടുള്ള ഇന്ത്യൻ നാവികസേനയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ ക്യാമ്പിലൂടെ വ്യക്തമാകുന്നത്.

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ ആരോഗ്യ ക്യാമ്പ് നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപിലെ ജനങ്ങൾക്ക് സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയെന്നതാണ് ക്യാമ്പിൻ്റെ മുഖ്യലക്ഷ്യം. ഇതിൻ്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാ സേവനങ്ങളും വിശദമായ ആരോഗ്യ പരിശോധനകളും ലഭ്യമാക്കും. കൂടാതെ തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകളും ക്യാമ്പിൻ്റെ ഭാഗമായി നടപ്പാക്കും.

നാവിക ദിന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ലക്ഷദ്വീപിലെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി നാവികസേന തുടർച്ചയായി ഇത്തരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലക്ഷദ്വീപിലെ ഭൂരിഭാഗം ദ്വീപുകളിലും പ്രാഥമിക ചികിത്സ, ദന്ത ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ക്യാമ്പുകൾ വിജയകരമായി നടത്തിവരുന്നു. ആരോഗ്യരംഗത്ത് കൈവരിച്ച പുരോഗതി, ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നിരന്തരമായ പിന്തുണ, പ്രാദേശിക സമൂഹങ്ങളുടെ മികച്ച സഹകരണവും പ്രതികരണവും എന്നിവ പരിഗണിച്ചാണ് ഈ വർഷം മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പായി ഇതിനെ വിപുലീകരിക്കുന്നത്.

ജില്ലാ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ സർക്കാർ ആരോഗ്യസംവിധാനങ്ങൾ ലക്ഷദ്വീപിൽ നിലവിലുണ്ട്. ഈ മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് അനുപൂരകമായി പ്രവർത്തിക്കുന്നതിനോടൊപ്പം, വിദഗ്ധ ഡോക്ടർമാരുടെയും സൂപ്പർ–സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും ചികിത്സകൾ ഏകോപിതവും രോഗീകേന്ദ്രിതവുമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായും രൂപകൽപ്പന ചെയ്തതാണ്. രോഗങ്ങളുടെ പ്രാരംഭഘട്ട നിർണയം, സമയബന്ധിത ചികിത്സാ ഇടപെടലുകൾ, സാധാരണ രോഗങ്ങളും മാറാ രോഗങ്ങളും ഉൾപ്പെടെയുള്ളക്ക് ക്യാമ്പ് പ്രത്യേക ഊന്നൽ നൽകും.

ഈ മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അഗത്തി, കവരത്തി, ആന്ത്രോത്ത്, അമിനി, മിനിക്കോയ് എന്നീ ദ്വീപുകളിലായി സംഘടിപ്പിക്കും. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനാവിഭാഗങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ മെഡിക്കൽ ഓഫീസർമാരും വിദഗ്ധരുമടങ്ങുന്ന സംയുക്ത സൈനിക മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. മൂന്ന് സേനകളിലെയും വിദഗ്ധരുടെ സജീവ പങ്കാളിത്തം വിപുലമായ ക്ലിനിക്കൽ പരിജ്ഞാനം ഉറപ്പാക്കുകയും, സമഗ്രവും ഏകീകൃതവുമായ ആരോഗ്യപരിചരണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. 

 
ദന്ത ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന ചികിത്സാ വിഭാഗങ്ങളോടൊപ്പം, ഹൃദ്രോഗ ചികിത്സ, എൻഡോക്രിനോളജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻററോളജി തുടങ്ങിയ സൂപ്പർ–സ്പെഷ്യാലിറ്റി വിഭാഗങ്ങളിലുമുള്ള വിശദമായ മെഡിക്കൽ പരിശോധനകൾ ലഭ്യമാകും.

ഔട്ട്‌പേഷ്യൻ്റ് സേവനങ്ങൾക്ക് പുറമെ, പരിചയസമ്പന്നരായ ശസ്ത്രക്രിയാ സംഘങ്ങളുടെ നേതൃത്വത്തിൽ തിമിര ശസ്ത്രക്രിയകളും വിവിധ ജനറൽ സർജിക്കൽ പ്രക്രിയകളും ക്യാമ്പിൻ്റെ ഭാഗമായി നടക്കും. ഈ ശസ്ത്രക്രിയകൾ പ്രാദേശിക ആരോഗ്യ പ്രവർത്തകരുമായുള്ള സഹകരണത്തിലൂടെയാണ് നടപ്പാക്കുന്നത്. ശസ്ത്രക്രിയാ സൗകര്യം, ശസ്ത്രക്രിയ ആവശ്യമായ രോഗികളുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടനുബന്ധമായി, ദ്വീപുകളിലുടനീളം മെഡിക്കൽ വിദഗ്ധരുടെ നേതൃത്വത്തിൽ രോഗനിർണയത്തിനായുള്ള സ്ക്രീനിംഗ് പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു.

ക്യാമ്പ് കാലയളവ് അവസാനിച്ചതിന് ശേഷവും രോഗികൾക്ക് തുടർചികിത്സ സംബന്ധിച്ച വ്യക്തമായ മാർഗനിർദേശങ്ങൾ മെഡിക്കൽ സംഘങ്ങൾ നൽകും. ചികിത്സയും ശസ്ത്രക്രിയകളും മാത്രമല്ല, പ്രതിരോധ ആരോഗ്യസംരക്ഷണത്തിനും ആരോഗ്യബോധവത്കരണത്തിനും ക്യാമ്പിൽ സവിശേഷ പ്രാധാന്യം നൽകും. ജീവിതശൈലി രോഗങ്ങൾ, മാതൃ–ശിശു ആരോഗ്യപരിപാലനം, പോഷണം, പൊതുവായ ആരോഗ്യസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യ വിദഗ്‌ദ്ധർ ജനങ്ങളുമായി സംവദിച്ച് അവബോധം വളർത്തും. 
 
മാനുഷിക സഹായം, ദുരന്തനിവാരണം, സാമൂഹിക പിന്തുണ എന്നീ മേഖലകളിൽ ഇന്ത്യൻ നാവികസേനയ്ക്ക് ദീർഘകാല  പാരമ്പര്യമുണ്ട്. സേവനത്തിൻ്റെയും ആരോഗ്യബോധവത്കരണത്തിൻ്റെയും ആ പാരമ്പര്യം തുടരുന്നതിൻ്റെ ഭാഗമാണ്  ലക്ഷദ്വീപിൽ സംഘടിപ്പിക്കുന്ന ഈ ആരോഗ്യ ക്യാമ്പ്.

ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ്–ഇൻ–ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, സർജൻ വൈസ് അഡ്മിറൽ ആർതി സരിൻ (ഡയറക്ടർ ജനറൽ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്), സർജൻ വൈസ് അഡ്മിറൽ കവിത സഹായി (ഡയറക്ടർ ജനറൽ മെഡിക്കൽ സർവീസസ് – നാവികസേന) എന്നിവരുള്‍പ്പെടെ ഇന്ത്യൻ നാവികസേനയുടെ മുതിർന്ന നേതൃത്വം പങ്കെടുക്കും. ഇതോടൊപ്പം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവും ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെയും സായുധ സേനകളുടെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരാകും.

രാഷ്ട്രസേവനമാണ് ഇന്ത്യൻ നാവികസേനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്ന്. 2026 ജനുവരി 12 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ഈ മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, വലിയൊരു വിഭാഗം ജനങ്ങൾക്ക് ഗുണകരമാകുമെന്നും, ഇന്ത്യൻ നാവികസേനയും ലക്ഷദ്വീപിലെ ജനങ്ങളും തമ്മിലുള്ള വിശ്വാസവും സൗഹൃദവും ദൃഢമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
 
***
 

(रिलीज़ आईडी: 2213278) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Tamil