ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭാരത കാലാവസ്ഥാ ഫോറം -2026 നെ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 09 JAN 2026 3:07PM by PIB Thiruvananthpuram

ന്ത്യയുടെ വികസനത്തിന് കാലാവസ്ഥാ നടപടി ഒരു പ്രതിബന്ധമല്ലെന്നും മറിച്ച് സമഗ്രവളർച്ച ത്വരിതപ്പെടുത്തുന്നതിനും, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ഭാവിയ്ക്ക് അനുയോജ്യമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു തന്ത്രപ്രധാന അവസരമാണെന്നും ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഭാരത കാലാവസ്ഥാ ഫോറം 2026-ലെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ.സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

 

ഗൗരവമേറിയ പര്യാലോചനയ്ക്കും ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങൾക്കുമുള്ള ഒരു ദേശീയ വേദിയായി കാലാവസ്ഥാ ഫോറത്തെ വികസിപ്പിച്ചതിന് അന്താരാഷ്ട്ര സാമ്പത്തിക ധാരണ സമിതിയെ പ്രശംസിച്ചുകൊണ്ട്, കാലാവസ്ഥ, സുസ്ഥിരത എന്ന വിഷയങ്ങളിലുള്ള ഇന്ത്യയുടെ ഇടപെടൽ അതിന്റെ നാഗരിക ധാർമ്മികതയിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സുസ്ഥിരതയെന്നത് ഒരു സമകാലിക തത്പരതയായി ഉയർന്നുവരുന്നതിനു വളരെ മുമ്പുതന്നെ, മാനുഷിക പ്രവർത്തനവും പ്രകൃതിയും തമ്മിലുള്ള ഐക്യത്തിന് ഇന്ത്യൻ ചിന്താധാര ഊന്നൽ നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ജലസംരക്ഷണ സംവിധാനങ്ങൾ, സുസ്ഥിര കാർഷിക രീതികൾ, ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതി, അപരിഗ്രഹ തുടങ്ങിയ ധാർമ്മിക തത്വങ്ങൾ എന്നിവയിലത് പ്രതിഫലിച്ചിരുന്നു.

കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ വികസന പ്രയാണത്തെ എടുത്തുകാണിച്ചുകൊണ്ട്, വളർച്ചയ്ക്കും സമത്വത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയും, വർത്തമാനകാല ആവശ്യങ്ങളും ഭാവി ഉത്തരവാദിത്തവും രാജ്യം നിരന്തരം പിന്തുടർന്നിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, ഒരു വികസ്വര രാഷ്ട്രം കാലാവസ്ഥാ ഉത്തരവാദിത്തത്തെ എങ്ങനെ സമീപിക്കണമെന്ന് ഇന്ത്യ അടിസ്ഥാനപരമായി പുനർനിർവചിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭാ കക്ഷികളുടെ 26-ാമത് സമ്മേളന (സിഒപി-26) ത്തിൽ പ്രഖ്യാപിച്ച ഇന്ത്യയുടെ പഞ്ചാമൃത പ്രതിബദ്ധതകളെക്കുറിച്ച് പരാമർശിക്കവേ, 2070-ഓടെ ഹരിതഗൃഹവാതക ബഹിർഗമന, ആഗിരണ സന്തുലനം (നെറ്റ്-സീറോ എമിഷൻ) കൈവരിക്കുന്നത് ഉൾപ്പെടെ, കാർബൺ കുറഞ്ഞ ഭാവികാലത്തേക്കുള്ള വ്യക്തമായ പാതയാണ് ഈ ലക്ഷ്യങ്ങൾ കാണിക്കുന്നതെന്നും, അതേസമയം അത് ഇന്ത്യയുടെ വികസന മുൻഗണനകളും ഭാവി തലമുറകളോടുള്ള ഉത്തരവാദിത്തവും വീണ്ടും ഉറപ്പിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യാ നിർമ്മാണ രീതിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യകളെയോ ദുർബലമായ വിതരണ ശൃംഖലകളെയോ മാത്രം അടിസ്ഥാനമാക്കി ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും അത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ശുദ്ധ സാങ്കേതികവിദ്യകൾ, ഉത്പതിഷ്ണുതയുള്ള നിർമ്മാണം, ഭാവി സജ്ജമായ തൊഴിൽ ശക്തി എന്നിവയെ ആശ്രയിച്ചാകണമെന്നും പറഞ്ഞു.

 പുനരുപയോഗ ഊർജ്ജം, ഊർജ്ജ സംഭരണം, ഗ്രീൻ ഹൈഡ്രജൻ, ഇലക്ട്രിക് മൊബിലിറ്റി, സുസ്ഥിര അസംസ്‌കൃത വസ്തുക്കൾ, കാലാവസ്ഥാ-സ്മാർട്ട് കൃഷി, ഡിജിറ്റൽ കാലാവസ്ഥാ പരിഹാരങ്ങൾ എന്നിവയിൽ ഇന്ത്യ ആഗോള നിർമ്മാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇന്ത്യയിൽ നിർമ്മിക്കുക എന്നിടത്ത് നിന്നും ലോകത്തിന് വേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക എന്നതിലേക്ക് പരിവർത്തനപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കമ്പനികൾ സൗര മൊഡ്യൂളുകൾ, ബാറ്ററി നിർമ്മാണം, വൈദ്യുത വാഹന ഘടകങ്ങൾ, വൈദ്യുത വിശ്ലേഷണ ഉപകരണങ്ങൾ, ഹരിത ഇന്ധനങ്ങൾ എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ടെന്നും, അതേസമയം സ്റ്റാർട്ടപ്പുകൾ കാലാവസ്ഥാ ഡാറ്റ, ഊർജ്ജ കാര്യക്ഷമത, മാലിന്യ സംസ്‌കരണം എന്നിവയിൽ നൂതനാശയങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

കൂട്ടായ പ്രവർത്തനം ആവശ്യമുള്ള ഒരു പൊതു വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ആഗോള സഹകരണത്തെക്കുറിച്ച് പ്രതിപാദിക്കവെ ഉപരാഷ്ട്രപതി പറഞ്ഞു. ആശ്രയത്വമില്ലാത്ത സഹകരണമാണ് ഇന്ത്യയുടെ പങ്കാളിത്ത സമീപനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന് പിന്നിലെ സ്ഥാപക ശക്തി എന്ന നിലയിൽ, താങ്ങാനാവുന്നതും വിപുലീകരിക്കാവുന്നതുമായ സൗരോർജ്ജ പരിഹാരങ്ങൾക്കായി ആഗോള ദക്ഷിണേന്ത്യൻ രാജ്യങ്ങളെ ഇന്ത്യ അണിനിരത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രേരിത ആഘാതങ്ങൾക്കെതിരെ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഭാവി ദർശക സമീപനമാണ് ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ സഖ്യത്തിനുള്ള ഇന്ത്യയുടെ നേതൃത്വം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത കാലാവസ്ഥാ വേദി ചെയർമാനും മുൻ രാജ്യസഭാംഗവുമായ ശ്രീ. എൻ.കെ. സിങ്; ഭാരത കാലാവസ്ഥാ വേദി കൺവീനറും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീമതി. മീനാക്ഷി ലേഖി; ഭാരത കാലാവസ്ഥാ വേദിയുടെ സഹ-അധ്യക്ഷൻ ശ്രീ. സുമന്ത് സിൻഹ; ഭാരത കാലാവസ്ഥാ വേദി അധ്യക്ഷൻ ഡോ. അശ്വനി മഹാജൻ എന്നിവരും ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ, അക്കാദമിക വിദഗ്ധർ, മറ്റ് തത്പരകക്ഷികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

****


(रिलीज़ आईडी: 2213097) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil