വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാജ്യത്തെ ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നതിനായി ഡിഡി ന്യൂസിൽ 'ക്രിയേറ്റേഴ്‌സ് കോർണർ' ആരംഭിച്ച് പ്രസാർ ഭാരതി.
प्रविष्टि तिथि:
09 JAN 2026 4:14PM by PIB Thiruvananthpuram
ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പ്രസാർ ഭാരതി ഇന്ന് “ക്രിയേറ്റേഴ്‌സ് കോർണർ” ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കൾ നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഡിഡി ന്യൂസിന്റെ ഭാഗമായ ഒരു സമർപ്പിത പ്ലാറ്റ്‌ഫോമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യ എല്ലാ മേഖലകളിലും പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അത്തരം മാറ്റങ്ങൾ ഇപ്പോൾ പ്രസാർ ഭാരതിയിലും ദൃശ്യമാണെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.

പ്രസാർ ഭാരതിയെ സംബന്ധിച്ചിടത്തോളം 2026 വലിയ പരിഷ്‌കാരങ്ങളുടെ വർഷമായിരിക്കുമെന്നും, ഇതിനോടൊപ്പം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും പൂർണ്ണമായ പുനഃസംഘടനയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കാരങ്ങൾ ദൂരദർശൻ, ആകാശവാണി തുടങ്ങിയ സ്ഥാപനങ്ങളെ വ്യവസായ പങ്കാളിത്തം, പുതിയ തലമുറയിലെ ഉള്ളടക്ക സ്രഷ്ടാക്കൾ, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രവർത്തനരീതികൾ എന്നിവയിലേക്ക് നയിക്കും. 'ക്രിയേറ്റേഴ്‌സ് കോർണർ' ആരംഭിക്കുന്നത് ഈ പരിഷ്‌കരണ യാത്രയിലെ ആദ്യ ചുവടുവെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച വേവ്സ് (WAVES) പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും ഒരു കോടി യുവജനങ്ങളെ ഇതിൻ്റെ ഭാഗമാക്കുന്നതിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ പ്ലാറ്റ്‌ഫോം വഹിച്ച പങ്ക് എടുത്തുപറഞ്ഞു. ഈ ആവാസവ്യവസ്ഥയിലേക്ക് ഏകദേശം 5,000 കോടി രൂപയുടെ സംഭാവന നല്കാൻ ഇതിന് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഇന്ത്യയിലെ വളർന്നുവരുന്ന ഉള്ളടക്ക സ്രഷ്ടാക്കളുടെ സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ദൂരദർശൻ്റെ ക്രിയേറ്റർ കോർണറിൻ്റെ സമാരംഭമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. എൽ. മുരുകൻ പറഞ്ഞു. വലിയ സ്റ്റുഡിയോകളുടെ സഹായമില്ലാതെ തന്നെ രാജ്യത്തുടനീളമുള്ള ചെറുകിട പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള സ്രഷ്ടാക്കൾ സ്വതന്ത്രമായി വീഡിയോകൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും പങ്കുവെയ്ക്കാനും അതുവഴി ഉപജീവനമാർഗ്ഗം കണ്ടെത്താനും പ്രാപ്തരായതിനെ അദ്ദേഹം എടുത്തുകാണിച്ചു. ദൂരദർശൻ ഇനി മുതൽ ഈ ക്രിയേറ്റർമാർക്ക് ശക്തമായ ദേശീയ-ആഗോള പ്ലാറ്റ്‌ഫോം നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ഡിഡി ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.

ഊർജ്ജസ്വലവും ഉത്തരവാദിത്തമുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ക്രിയേറ്റർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എടുത്തുപറഞ്ഞു. ഉള്ളടക്ക സ്രഷ്ടാക്കളെ കേവലം അഭിനേതാക്കളായല്ല, മറിച്ച് പൂർണ്ണമായ ഉള്ളടക്ക നിർമ്മാതാക്കളായാണ് ഈ സംരംഭം അംഗീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഡി ന്യൂസിൽ ആരംഭിക്കുന്ന 'ക്രിയേറ്റേഴ്‌സ് കോർണർ' ക്രമേണ എല്ലാ ദൂരദർശൻ ചാനലുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിലൂടെ വിവിധ ഭാഷകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുമുള്ള ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ഒരു ദേശീയ പ്ലാറ്റ്‌ഫോം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അനുവദിച്ചിട്ടുള്ള പ്രൈം-ടൈം സ്ലോട്ട്, ഉള്ളടക്ക സ്രഷ്ടാക്കളെ പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ കൂടുതൽ സഹായിക്കുമെന്നും പൊതു പ്രക്ഷേപണത്തെ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളാൽ സമ്പന്നമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിയേറ്റേഴ്‌സ് കോർണർ
ഗുണനിലവാരമുള്ള ഉള്ളടക്ക നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പ്രസാർ ഭാരതിയും വ്യക്തിഗത ഉള്ളടക്ക സ്രഷ്ടാക്കളും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലൂടെയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
വാർത്തകളും സമകാലിക സംഭവങ്ങളും, സംസ്കാരം, യാത്ര, പാചകം, കലയും സാഹിത്യവും, സംഗീതവും നൃത്തവും, ആരോഗ്യവും ക്ഷേമവും, വിദ്യാഭ്യാസം, ശാസ്ത്രവും സാങ്കേതികവിദ്യ, പ്രചോദനാത്മകമായ കഥകൾ, പരിസ്ഥിതിയും സുസ്ഥിര വികസനവും, വിനോദം എന്നിവയുൾപ്പെടെ വിപുലമായ വിഷയങ്ങളിലുള്ള ഉള്ളടക്കങ്ങൾ 'ക്രിയേറ്റേഴ്‌സ് കോർണറിൽ' പ്രദർശിപ്പിക്കും.
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 7 മണിക്ക് ഡിഡി ന്യൂസിൽ ഈ പരിപാടി സംപ്രേഷണം ചെയ്യും. ഇതിൻ്റെ പുനഃസംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 9:30-ന് ഉണ്ടായിരിക്കും. ഓരോ എപ്പിസോഡിലും വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നാല് മുതൽ ആറ് വരെ റീലുകൾ അല്ലെങ്കിൽ വീഡിയോകൾ പ്രദർശിപ്പിക്കും.
പരസ്പര പ്രയോജനകരമായ ഒരു പങ്കാളിത്തമാണ് ഈ സംരംഭം വിഭാവനം ചെയ്യുന്നത്. ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കൾക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് പ്രസാർ ഭാരതിയുടേയും ഡിഡി ന്യൂസിൻ്റേയും വിപുലമായ പ്രേക്ഷകരിലേക്കും വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമിലേക്കും പ്രവേശനം ലഭിക്കുന്നു. അതോടൊപ്പം തന്നെ, യുവജനങ്ങളെ ആകർഷിക്കുന്ന നൂതനവും വൈവിധ്യപൂർണ്ണവുമായ ഉള്ളടക്കങ്ങൾ ക്രോഡീകരിക്കാൻ പ്രസാർ ഭാരതിയെ ഇത് സഹായിക്കുകയും ചെയ്യുന്നു.
ഈ സംരംഭത്തിൻ്റെ ഭാഗമാകാൻ താല്പര്യമുള്ള ഉള്ളടക്ക സ്രഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കം ഡിഡി ന്യൂസിൽ സമർപ്പിക്കാവുന്നതാണ്. ഉള്ളടക്കങ്ങൾ ddnews.creatorscorner[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിലോ +91-8130555806 എന്ന നമ്പറിലോ അയക്കാവുന്നതാണ്.
****
(रिलीज़ आईडी: 2213058)
आगंतुक पटल : 7