പ്രധാനമന്ത്രിയുടെ ഓഫീസ്
ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ (Piprahwa Relics) അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്,പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ :
प्रविष्टि तिथि:
03 JAN 2026 2:59PM by PIB Thiruvananthpuram
നമോ ബുദ്ധായ.
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, കിരൺ റിജിജു ജി, രാംദാസ് അതാവാലെ ജി, റാവു ഇന്ദർജിത് ജി, ഡൽഹി മുഖ്യമന്ത്രിക്ക് മുൻകൂട്ടിനിശ്ചയിച്ച പരിപാടിക്ക് പോകേണ്ടിവന്നു, ഡൽഹിയിലെ എല്ലാ സഹമന്ത്രിമാരും, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ സക്‌സേന ജി, മാന്യരേ, നയതന്ത്ര സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങളെ , ബുദ്ധ പണ്ഡിതരെ , ധർമ്മത്തിന്റെ അനുയായികളെ , സ്ത്രീകളേ, മാന്യരേ.
നൂറ്റിയിരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം, ഇന്ത്യയുടെ പൈതൃകം തിരിച്ചെത്തി, ഇന്ത്യയുടെ പാരമ്പര്യം തിരിച്ചെത്തി. ഇന്ന് മുതൽ, ഇന്ത്യയിലെ ജനങ്ങൾക്ക് ഭഗവാൻ ബുദ്ധന്റെ ഈ പുണ്യാവശിഷ്ടങ്ങൾ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാനും കഴിയും. ഈ പുണ്യവേളയിൽ, ഇവിടെ സന്നിഹിതരായ എല്ലാ അതിഥികൾക്കും ഞാൻ ഊഷ്മളമായ സ്വാഗതവും ആശംസകളും നേരുന്നു. ഈ പുണ്യവേളയിൽ, ബുദ്ധ പാരമ്പര്യവുമായി ബന്ധപ്പെട്ട സന്യാസിമാരും ധർമ്മ അധ്യാപകരും നമ്മെ അനുഗ്രഹിക്കാൻ സന്നിഹിതരാണ്. ഞാൻ നിങ്ങളെയെല്ലാം വണങ്ങുന്നു. നിങ്ങളുടെ സാന്നിധ്യം ഈ പരിപാടിക്ക് പുതിയ ഉയരങ്ങളും പുതിയ ഊർജ്ജവും നൽകുന്നു. 2026 ന്റെ തുടക്കത്തിൽ തന്നെ, ഈ ശുഭകരമായ ആഘോഷം എന്നത് ശരിക്കും പ്രചോദനാത്മകമാണ്. 2026 ലെ എന്റെ ആദ്യ പൊതുപരിപാടി ഭഗവാൻ ബുദ്ധന്റെ കാൽക്കൽ നിന്ന് ആരംഭിക്കുന്നത് എന്റെ ഭാഗ്യമാണ്. ഭഗവാൻ ബുദ്ധന്റെ അനുഗ്രഹത്താൽ 2026 ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും ഒരു പുതിയ യുഗത്തിന് തുടക്കമിടട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
സുഹൃത്തുക്കളേ,
ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്ന ഈ സ്ഥലം തന്നെ സവിശേഷമാണ്. ക്വില റായ് പിത്തോറയുടെ ഈ മണ്ണ് ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിന്റെ ഭാഗമാണ്. ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ്, അന്നത്തെ ഭരണാധികാരികൾ ഈ ചരിത്രപ്രസിദ്ധമായ കോട്ടയ്ക്ക് ചുറ്റും ശക്തവും സുരക്ഷിതവുമായ മതിലുകളാൽ ചുറ്റപ്പെട്ട ഒരു നഗരം സ്ഥാപിച്ചു. ഇന്ന്, അതേ ചരിത്ര നഗര സമുച്ചയത്തിൽ, നമ്മുടെ ചരിത്രത്തിലേക്ക് ഒരു ആത്മീയവും വിശുദ്ധവുമായ അദ്ധ്യായം കൂടി നമ്മൾ കൂട്ടിച്ചേർക്കുകയാണ്.
സുഹൃത്തുക്കളേ,
ഇവിടെ എത്തുന്നതിന് മുമ്പ്, ഞാൻ ഈ ചരിത്ര പ്രദർശനം വിശദമായി കണ്ടു. ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ തിരുശേഷിപ്പുകൾ നമുക്കിടയിൽ ഉണ്ടാകുന്നത് നമ്മെയെല്ലാം അനുഗ്രഹീതരാക്കുന്നു. അവ ഭാരതത്തിൽ നിന്ന് കൊണ്ടുപോയതും ഒടുവിൽ തിരിച്ചെത്തിയതും നമുക്ക് വലിയ പാഠങ്ങളാണ് നൽകുന്നത്. അടിമത്തം എന്നത് കേവലം രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല, അത് നമ്മുടെ പൈതൃകത്തെക്കൂടി നശിപ്പിക്കുന്നു എന്നതാണ് ആ പാഠം. ഭഗവാൻ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. അടിമത്തത്തിന്റെ കാലഘട്ടത്തിൽ, അവ ഭാരതത്തിൽ നിന്ന് കൊണ്ടുപോകുകയും ഏകദേശം നൂറ്റിയിരുപ്പത്തിയഞ്ചു വർഷത്തോളം രാജ്യത്തിന് പുറത്ത് ഇരിക്കുകയും ചെയ്തു. അവ കൊണ്ടുപോയവർക്കും അവരുടെ പിൻഗാമികൾക്കും ഈ തിരുശേഷിപ്പുകൾ വെറും ജീവനില്ലാത്ത പുരാവസ്തുക്കൾ മാത്രമായിരുന്നു. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ ഈ വിശുദ്ധ തിരുശേഷിപ്പുകൾ ലേലം ചെയ്യാൻ അവർ ശ്രമിച്ചത്. എന്നാൽ ഭാരതത്തെ സംബന്ധിച്ചിടത്തോളം, ഈ തിരുശേഷിപ്പുകൾ നമ്മുടെ ആദരണീയനായ ദൈവത്തിന്റെ ഭാഗമാണ്, നമ്മുടെ നാഗരികതയുടെ അവിഭാജ്യ ഘടകമാണ്. അതിനാൽ, അവ പരസ്യമായി ലേലം ചെയ്യുന്നത് അനുവദിക്കില്ലെന്ന് ഭാരതം തീരുമാനിച്ചു. ഈ വിശുദ്ധ തിരുശേഷിപ്പുകൾ ബുദ്ധന്റെ കർമ്മഭൂമിയിലേക്കും, അദ്ദേഹത്തിന്റെ ചിന്താഭൂമിയിലേക്കും, മഹാബോധി ഭൂമിയിലേക്കും, മഹാപരിനിർവാണ ഭൂമിയിലേക്കും തിരിച്ചെത്തുന്നു എന്ന് ഉറപ്പാക്കാൻ സഹകരിച്ച ഗോദ്‌റെജ് ഗ്രൂപ്പിനോടും ഞാൻ ഇന്ന് നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
ഭഗവാൻ ബുദ്ധന്റെ ജ്ഞാനവും അദ്ദേഹം കാണിച്ചുതന്ന പാതയും മുഴുവൻ മാനവരാശിക്കും അവകാശപ്പെട്ടതാണ്; അവ കാലാതീതവും കാലമാറ്റങ്ങൾക്കതീതവുമാണ്. സമീപ മാസങ്ങളിൽ നാം ഈ വികാരം ആവർത്തിച്ച് അനുഭവിച്ചതാണ്. ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ തിരുശേഷിപ്പുകൾ കഴിഞ്ഞ മാസങ്ങളിൽ എവിടെയൊക്കെ യാത്ര ചെയ്തോ, അവിടെയെല്ലാം വിശ്വാസത്തിന്റെയും ഭക്തിയുടെയും വലിയ തരംഗങ്ങൾ തന്നെ ഉണ്ടായി. തായ്‌ലൻഡിലെ വിവിധ സ്ഥലങ്ങളിൽ ഈ വിശുദ്ധ തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചപ്പോൾ, ഒരു മാസത്തിനുള്ളിൽ 40 ലക്ഷത്തിലധികം ഭക്തരാണ് ദർശനത്തിനായി എത്തിയത്. വിയറ്റ്‌നാമിലാകട്ടെ, പൊതുജനങ്ങളുടെ താൽപ്പര്യം അത്രയേറെ ശക്തമായിരുന്നതിനാൽ പ്രദർശനത്തിന്റെ കാലാവധി നീട്ടേണ്ടി വന്നു; ഒൻപത് നഗരങ്ങളിലായി ഏകദേശം ഒരു കോടി തൊണ്ണൂറ് ലക്ഷം ആളുകൾ തിരുശേഷിപ്പുകൾക്ക് മുന്നിൽ ആദരവർപ്പിച്ചു. മംഗോളിയയിൽ, ഗന്ദൻ മഠത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകളാണ് മണിക്കൂറുകളോളം കാത്തുനിന്നത്; ബുദ്ധന്റെ നാട്ടിൽ നിന്ന് വന്നവർ എന്ന നിലയിൽ പലരും ഇന്ത്യൻ പ്രതിനിധികളെ തൊടാൻ പോലും ആഗ്രഹിച്ചു. റഷ്യയിലെ കൽമിക്കിയ മേഖലയിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ ഒന്നര ലക്ഷത്തിലധികം ഭക്തർ വിശുദ്ധ തിരുശേഷിപ്പുകൾ ദർശിച്ചു, ഇത് അവിടുത്തെ പ്രാദേശിക ജനസംഖ്യയുടെ പകുതിയിലധികം വരും. വിവിധ രാജ്യങ്ങളിൽ നടന്ന ഈ പരിപാടികളിൽ, സാധാരണ പൗരന്മാരായാലും ഭരണത്തലവന്മാരായാലും എല്ലാവരും ഒരേ ആദരവോടെ ഒന്നിച്ചുനിന്നു. ഭഗവാൻ ബുദ്ധൻ എല്ലാവരുടേതുമാണ്. ഭഗവാൻ ബുദ്ധൻ എല്ലാവരെയും തമ്മിൽ ബന്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഭഗവാൻ ബുദ്ധൻ എന്റെ ജീവിതത്തിൽ എന്നും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുള്ളതിനാൽ ഞാൻ എന്നെത്തന്നെ വളരെ ഭാഗ്യവാനായി കരുതുന്നു. എന്റെ ജന്മനാടായ വട്‌നഗർ ബുദ്ധമത പഠനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ഭഗവാൻ ബുദ്ധൻ, അദ്ദേഹത്തിൻ്റെ ആദ്യ പ്രഭാഷണം നടത്തിയ സാരനാഥ് ഇന്ന് എന്റെ കർമ്മഭൂമിയാണ്. സർക്കാർ ഉത്തരവാദിത്തങ്ങളിൽ ഇല്ലാതിരുന്ന സമയത്ത് പോലും ഞാൻ ബുദ്ധമത കേന്ദ്രങ്ങളിലേക്ക് തീർത്ഥാടകനായി യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ ലോകമെമ്പാടുമുള്ള ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. നേപ്പാളിലെ ലുംബിനിയിലുള്ള പവിത്രമായ മായാദേവി ക്ഷേത്രത്തിൽ പ്രണമിച്ചത് തികച്ചും അസാധാരണമായ ഒരു അനുഭവമായിരുന്നു. ജപ്പാനിലെ തോ-ജി ക്ഷേത്രത്തിലും കിങ്കാകു-ജിയിലും എത്തിയപ്പോൾ ബുദ്ധന്റെ സന്ദേശം കാലത്തിന്റെ അതിരുകൾക്കും അപ്പുറമാണെന്ന് എനിക്ക് തോന്നി. ബുദ്ധമത ഗ്രന്ഥങ്ങൾ ഏഷ്യയിലുടനീളം വ്യാപിച്ച ചൈനയിലെ ഷിയാനിലുള്ള ബിഗ് വൈൽഡ് ഗൂസ് പഗോഡ ഞാൻ സന്ദർശിച്ചു; അവിടെ ഭാരതത്തിന്റെ പങ്ക് ഇന്നും സ്മരിക്കപ്പെടുന്നു. മംഗോളിയയിലെ ഗന്ദൻ മഠത്തിൽ ബുദ്ധന്റെ പൈതൃകവുമായി ജനങ്ങൾക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തിന് ഞാൻ സാക്ഷ്യം വഹിച്ചു. ശ്രീലങ്കയിലെ അനുരാധപുരയിലുള്ള ജയശ്രീ മഹാബോധി സന്ദർശിച്ചത് അശോക ചക്രവർത്തിയും ഭിക്ഷു മഹീന്ദനും സംഘമിത്രയും വിതച്ച പാരമ്പര്യവുമായി ബന്ധപ്പെടുന്ന അനുഭവമായിരുന്നു. തായ്‌ലൻഡിലെ വാട്ട് ഫോ, സിംഗപ്പൂരിലെ ബുദ്ധ ടൂത്ത് റെലിക് ടെമ്പിൾ എന്നിവിടങ്ങളിലെ സന്ദർശനം ഭഗവാൻ ബുദ്ധന്റെ പഠനങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള എന്റെ ധാരണ കൂടുതൽ ആഴത്തിലുള്ളതാക്കി.
സുഹൃത്തുക്കളേ,
ഞാൻ എവിടെയൊക്കെ യാത്ര ചെയ്തോ, അവിടെയെല്ലാം ഭഗവാൻ ബുദ്ധന്റെ പൈതൃകത്തിന്റെ ഒരു പ്രതീകം എത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചൈന, ജപ്പാൻ, കൊറിയ, മംഗോളിയ എന്നിവിടങ്ങളിലേക്ക് ഞാൻ ബോധി വൃക്ഷത്തിന്റെ തൈകൾ കൊണ്ടുപോയത്. അണുബോംബ് വിസ്‌ഫോടനത്തിൽ തകർന്നുപോയ ഹിരോഷിമ നഗരത്തിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു ബോധി വൃക്ഷം നിൽക്കുമ്പോൾ അത് മാനവരാശിക്ക് നൽകുന്ന ആഴത്തിലുള്ള സന്ദേശം നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളൂ.
സുഹൃത്തുക്കളേ,
ഭഗവാൻ ബുദ്ധന്റെ ഈ പങ്കുവെക്കപ്പെട്ട പൈതൃകം തെളിയിക്കുന്നത്, ഭാരതം കേവലം രാഷ്ട്രീയം, നയതന്ത്രം, സാമ്പത്തികം എന്നിവയിലൂടെ മാത്രമല്ല, മറിച്ച് അതിലും ആഴത്തിലുള്ള ബന്ധങ്ങളിലൂടെയാണ് ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ്. മനസ്സ് കൊണ്ടും വികാരങ്ങൾ കൊണ്ടും, വിശ്വാസം കൊണ്ടും ആത്മീയത കൊണ്ടും നമ്മൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതം ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ തിരുശേഷിപ്പുകളുടെ സംരക്ഷകർ മാത്രമല്ല, അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ ജീവസ്സുറ്റ വാഹകർ കൂടിയാണ്. പിപ്രഹ്വ, വൈശാലി, ദേവ്‌നി മോറി, നാഗാർജുനകൊണ്ട എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ ബുദ്ധന്റെ സന്ദേശത്തിന്റെ സജീവ സാന്നിധ്യങ്ങളാണ്. ശാസ്ത്രത്തിലൂടെയും ആത്മീയതയിലൂടെയും ഈ തിരുശേഷിപ്പുകളെ എല്ലാ രീതിയിലും ഭാരതം സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
ലോകമെമ്പാടുമുള്ള ബുദ്ധമത പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിന് സംഭാവന നൽകാൻ ഭാരതം നിരന്തരമായി പരിശ്രമിച്ചിട്ടുണ്ട്. നേപ്പാളിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ പുരാതന സ്തൂപങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചപ്പോൾ, അവയുടെ പുനർനിർമ്മാണത്തിന് ഭാരതം പിന്തുണ നൽകി. മ്യാൻമറിലെ ബഗാനിലുണ്ടായ ഭൂകമ്പത്തിന് ശേഷം, പതിനൊന്നിലധികം പഗോഡകളുടെ സംരക്ഷണം ഭാരതം ഏറ്റെടുത്തു. ഇത്തരത്തിൽ അനേകം ഉദാഹരണങ്ങളുണ്ട്. ഭാരതത്തിനുള്ളിലും, ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെയും തിരുശേഷിപ്പുകളുടെയും കണ്ടെത്തലിനും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, ഗുജറാത്തിലെ എന്റെ ജന്മനാടായ വട്‌നഗർ ബുദ്ധമത പാരമ്പര്യത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തിരുശേഷിപ്പുകൾ അവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ന്, അവ സംരക്ഷിക്കുന്നതിനും നിലവിലെ തലമുറയെ അവയുമായി ബന്ധിപ്പിക്കുന്നതിനുമാണ് നമ്മുടെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 2500 വർഷത്തെ ചരിത്രം അനുഭവിച്ചറിയാൻ സാധിക്കുന്ന സവിശേഷമായ ഒരു മ്യൂസിയം അവിടെ നിർമ്മിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ബുദ്ധകാലഘട്ടത്തിലെ ഒരു പ്രധാന കേന്ദ്രം കണ്ടെത്തിയത്; അതിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിലാക്കി വരികയാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ പത്ത് പതിനൊന്ന് വർഷത്തിനിടയിൽ, ബുദ്ധമത കേന്ദ്രങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനും ഭാരതം പരിശ്രമിച്ചിട്ടുണ്ട്. ബോധ്ഗയയിൽ ഒരു കൺവെൻഷൻ സെന്ററും മെഡിറ്റേഷൻ ആൻഡ് എക്സ്പീരിയൻസ് സെന്ററും സ്ഥാപിച്ചു. സാരനാഥിലെ ധമേക് സ്തൂപത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഒരു ബുദ്ധ തീം പാർക്കും നിർമ്മിച്ചു. ശ്രാവസ്തി, കപിലവസ്തു, കുശിനഗർ എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തു. തെലങ്കാനയിലെ നൽകൊണ്ടയിൽ ഒരു ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. സാഞ്ചി, നാഗാർജുന സാഗർ, അമരാവതി എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി പുതിയ സൗകര്യങ്ങൾ ഒരുക്കി. ഇന്ന്, ഭാരതത്തിലെ എല്ലാ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളും തമ്മിൽ മികച്ച സമ്പർക്കം ഉറപ്പാക്കുന്നതിനായി രാജ്യത്ത് ഒരു 'ബുദ്ധിസ്റ്റ് സർക്യൂട്ട്' രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ലോകമെമ്പാടുമുള്ള ഭക്തർക്കും തീർത്ഥാടകർക്കും വിശ്വാസത്തിന്റെയും ആത്മീയതയുടെയും ആഴത്തിലുള്ള അനുഭവം നൽകാൻ സാധിക്കും.
സുഹൃത്തുക്കളേ,
ബുദ്ധമത പൈതൃകം സ്വാഭാവികമായ രീതിയിൽ തന്നെ ഭാവി തലമുറകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നമ്മുടെ ശ്രമം. ആഗോള ബുദ്ധമത ഉച്ചകോടിയും (Global Buddhist Summit), വൈശാഖ്, ആഷാഢ പൂർണിമ തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളും ഇതേ ചിന്തയാലാണ് നയിക്കപ്പെടുന്നത്. ഭഗവാൻ ബുദ്ധന്റെ അഭിധമ്മയും അദ്ദേഹത്തിന്റെ വാക്കുകളും ഉപദേശങ്ങളും യഥാർത്ഥത്തിൽ പാലി ഭാഷയിലായിരുന്നുവെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. പാലി ഭാഷ സാധാരണക്കാർക്ക് പ്രാപ്യമാക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്. ഇക്കാരണത്താൽ, പാലി ഭാഷയ്ക്ക് 'ക്ലാസിക്കൽ ഭാഷാ' പദവി നൽകിയിട്ടുണ്ട്. ഇത് ധമ്മത്തെ അതിന്റെ യഥാർത്ഥ സത്തയിൽ മനസ്സിലാക്കാനും വിശദീകരിക്കാനും എളുപ്പമാക്കും; കൂടാതെ ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഭഗവാൻ ബുദ്ധന്റെ ജീവിതദർശനം അതിരുകൾക്കും ഭൂപ്രദേശങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിക്കുകയും ലോകത്തിന് പുതിയൊരു പാത കാണിച്ചുകൊടുക്കുകയും ചെയ്തു. “ഭവതു സബ്ബ മംഗളം, രക്ഖന്തു സബ്ബ ദേവതാ, സബ്ബ ബുദ്ധാനുഭാവേന സദാ സുത്തീ ഭവന്തു തേ” — ഇത് ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായുള്ള പ്രാർത്ഥനയാണ്. ഭഗവാൻ ബുദ്ധൻ മാനവരാശിയെ തീവ്രചിന്തകളിൽ നിന്ന് രക്ഷിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു: “അത്ത ദീപോ ഭവ ഭിക്ഖവേ! പരീക്ഷ്യ ഭിക്ഷവോ ഗ്രാഹ്യം, മദ്‌വചോ ന തു ഗൗരവാത്.” ഇതിനർത്ഥം, "ഭിക്ഷുക്കളേ, നിങ്ങൾ സ്വന്തം വെളിച്ചമാകുക. എന്റെ വാക്കുകൾ പോലും അവയോടുള്ള ബഹുമാനം കൊണ്ട് മാത്രം സ്വീകരിക്കരുത്, മറിച്ച് അവയെ പരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം സ്വീകരിക്കുക" എന്നാണ്.
സുഹൃത്തുക്കളേ,
ബുദ്ധന്റെ ഈ സന്ദേശം എല്ലാ കാലഘട്ടത്തിലും എല്ലാ യുഗത്തിലും പ്രസക്തമാണ്. നമ്മൾ തന്നെ നമ്മുടെ വെളിച്ചമായി മാറുക എന്നതാണ് ആത്മാഭിമാനത്തിന്റെ അടിസ്ഥാനവും സ്വയംപര്യാപ്തതയുടെ സത്തയും — “അത്ത ദീപോ ഭവ.”
സുഹൃത്തുക്കളേ,
സംഘർഷത്തിന്റെയും ആധിപത്യത്തിന്റെയും പാതയ്ക്ക് പകരം ഒത്തൊരുമിച്ച് മുന്നേറുന്ന പാതയാണ് ഭഗവാൻ ബുദ്ധൻ ലോകത്തിന് കാണിച്ചുകൊടുക്കത്തത്. ഇത് തന്നെയാണ് എല്ലായ്പ്പോഴും ഭാരതത്തിന്റെ അടിസ്ഥാന ദർശനവും. ആശയങ്ങളുടെ കരുത്തിലൂടെയും വികാരങ്ങളുടെ ആഴത്തിലൂടെയും, മാനവികതയുടെ നന്മ ലക്ഷ്യമിട്ട് ആഗോള ക്ഷേമത്തിന്റെ പാതയാണ് നമ്മൾ സ്വീകരിച്ചിട്ടുള്ളത്. ഈ കാഴ്ചപ്പാടോടെ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിന് ഭാരതം അതിന്റെ സംഭാവനകൾ നൽകുന്നത്. അതുകൊണ്ടാണ്, 'ഈ യുഗം യുദ്ധത്തിന്റേതല്ല, ബുദ്ധന്റേതാണ്' എന്ന് നമ്മൾ പറയുമ്പോൾ ഭാരതത്തിന്റെ നിലപാട് വ്യക്തമാകുന്നത്: മാനവികതയുടെ ശത്രുക്കൾക്കെതിരെ പോരാടാൻ കരുത്ത് അത്യാവശ്യമാണ്, എന്നാൽ തർക്കങ്ങൾ മാത്രമുള്ളിടത്ത് സംവാദവും സമാധാനവുമാണ് അനിവാര്യം.
സുഹൃത്തുക്കളേ,
'സർവ്വജന ഹിതായ, സർവ്വജന സുഖായ' (എല്ലാവരുടെയും ഹിതത്തിനും എല്ലാവരുടെയും സുഖത്തിനും) എന്ന ആശയത്തിൽ ഭാരതം പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഭഗവാൻ ബുദ്ധൻ നമ്മെ പഠിപ്പിച്ചത്. ഈ പ്രദർശനം സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും ആ പ്രചോദനവുമായി ബന്ധപ്പെടാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളേ,
ഭഗവാൻ ബുദ്ധന്റെ ഈ പവിത്രമായ തിരുശേഷിപ്പുകൾ ഭാരതത്തിന്റെ പൈതൃകമാണ്. ഒരു നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് അവ രാജ്യത്തേക്ക് തിരിച്ചെത്തിയത്. അതിനാൽ, ഈ വിശുദ്ധ തിരുശേഷിപ്പുകൾ ദർശിക്കാനും ഭഗവാൻ ബുദ്ധന്റെ ചിന്തകളുമായി താദാത്മ്യം പ്രാപിക്കാനും രാജ്യത്തുടനീളമുള്ള ജനങ്ങളോട് കുറഞ്ഞത് ഒരു തവണയെങ്കിലും സന്ദർശിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് സ്കൂൾ-കോളേജ് വിദ്യാർത്ഥികളോടും യുവാക്കളോടും നമ്മുടെ മക്കളോടും ഈ പ്രദർശനം തീർച്ചയായും കാണണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു . നമ്മുടെ ഭൂതകാലത്തിന്റെ മഹത്വത്തെ ഭാവിയിലെ സ്വപ്നങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള മികച്ചൊരു മാധ്യമമാണ് ഈ പ്രദർശനം. ഈ പ്രദർശനത്തിൽ പങ്കാളികളാകാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ അഭ്യർത്ഥനയോടെ, ഈ പരിപാടിയുടെ വിജയത്തിനായി ഒരിക്കൽ കൂടി എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു. ഏവർക്കും നന്ദി!
നമോ ബുദ്ധായ!
-SK-
(रिलीज़ आईडी: 2211591)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada