പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു

ഇന്ത്യയുടെ വികസനഗാഥയും വോളിബോൾ കളിയും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്; ഒരു വിജയവും ഒറ്റയ്ക്ക് നേടാനാവില്ലെന്നും നമ്മുടെ വിജയം നമ്മുടെ ഏകോപനത്തെയും വിശ്വാസത്തെയും ടീമിന്റെ സന്നദ്ധതയെയും ആശ്രയിച്ചിരിക്കുന്നവെന്നും വോളിബോൾ നമ്മെ പഠിപ്പിക്കുന്നു :പ്രധാനമന്ത്രി

ഓരോരുത്തർക്കും അവരവരുടെ പങ്കും ഉത്തരവാദിത്തവുമുണ്ട്. ഓരോ വ്യക്തിയും തങ്ങളുടെ ഉത്തരവാദിത്തം ഗൗരവത്തോടെ നിറവേറ്റുമ്പോൾ മാത്രമാണ് നാം വിജയിക്കുന്നത്; നമ്മുടെ രാജ്യവും ഇതേ രീതിയിൽ തന്നെയാണ് പുരോഗമിക്കുന്നത്: പ്രധാനമന്ത്രി

2014 മുതൽ വിവിധ കായിക ഇനങ്ങളിൽ ഇന്ത്യയുടെ പ്രകടനം ക്രമാനുഗതമായി മെച്ചപ്പെട്ടു. പുതുതലമുറ (Gen-Z) കളിസ്ഥലങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാണുമ്പോൾ നമുക്ക് വലിയ അഭിമാനം തോന്നുന്നു: പ്രധാനമന്ത്രി

2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കാൻ പോകുന്നു. കൂടാതെ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ ശ്രമങ്ങളും രാജ്യം നടത്തിവരികയാണ്: പ്രധാനമന്ത്രി

प्रविष्टि तिथि: 04 JAN 2026 1:12PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, വാരാണസിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ എല്ലാ കളിക്കാരെയും സ്വാഗതം ചെയ്യുന്നതിലും അഭിനന്ദിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ വാരാണസിയിൽ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് താരങ്ങൾ ഈ ദേശീയ ടൂർണമെന്റിൽ എത്തിയതെന്നും അവരുടെ പരിശ്രമങ്ങൾ വരും ദിവസങ്ങളിൽ വാരാണസിയിലെ മൈതാനങ്ങളിൽ പരീക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഒത്തുചേർന്നത് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മനോഹരമായ ചിത്രം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചാമ്പ്യൻഷിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

കളിക്കാർ ഇപ്പോൾ വാരാണസിയിൽ എത്തിയെന്നും അവർക്ക് നഗരത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്നും ബനാറസിയിലെ ഒരു പ്രാദേശിക പഴമൊഴി അനുസ്മരിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു. ഗുസ്തി, ബോക്സിംഗ്, ബോട്ട് റേസ്, കബഡി എന്നിവയ്ക്ക് ഏറെ പ്രചാരമുള്ള കായിക പ്രേമികളുടെ നഗരമാണ് വാരാണസിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാരാണസി ദേശീയ തലത്തിലുള്ള നിരവധി കായികതാരങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്നും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, യുപി കോളേജ്, കാശി വിദ്യാപീഠം തുടങ്ങിയ സ്ഥാപനങ്ങളിലെ കായികതാരങ്ങൾ  സംസ്ഥാന-ദേശീയ തലങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വർഷങ്ങളായി വിദ്യയ്ക്കും കലയ്ക്കുമായി എത്തുന്ന എല്ലാവരെയും വാരാണസി സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിലുടനീളം വാരാണസിയുടെ ആവേശം ഉയർന്ന നിലയിലായിരിക്കുമെന്നും, കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ കാണികൾ ഉണ്ടാകുമെന്നും, വാരാണസിയുടെ സമ്പന്നമായ ആതിഥ്യമര്യാദ അവർക്ക് അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വോളിബോൾ ഒരു സാധാരണ കായിക വിനോദമല്ലെന്നും അത് ബാലൻസിന്റെയും സഹകരണത്തിന്റെയും കളിയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. പന്ത് എപ്പോഴും ഉയർത്തി നിർത്താനുള്ള ശ്രമത്തിൽ ദൃഢനിശ്ചയം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോളിബോൾ കളിക്കാരെ ടീം സ്പിരിറ്റുമായി ബന്ധിപ്പിക്കുന്നു, അവിടെ ഓരോ കളിക്കാരനും 'ടീം ഫസ്റ്റ്' (ടീമിനാണ് പ്രഥമ പരിഗണന) എന്ന മന്ത്രത്താൽ നയിക്കപ്പെടുന്നു. ഓരോ കളിക്കാരനും വ്യത്യസ്തമായ കഴിവുകൾ ഉണ്ടായിരിക്കാമെങ്കിലും എല്ലാവരും കളിക്കുന്നത് സ്വന്തം ടീമിന്റെ വിജയത്തിന് വേണ്ടിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതത്തിന്റെ വികസനഗാഥയും വോളിബോളും തമ്മിലുള്ള സാമ്യങ്ങൾ ശ്രീ മോദി നിരീക്ഷിച്ചു. ഒരു വിജയവും ഒറ്റയ്ക്ക് നേടാനാവില്ലെന്നും അത് ഏകോപനം, വിശ്വാസം, ടീമിന്റെ സന്നദ്ധത എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്നും ഈ കായിക വിനോദം പഠിപ്പിക്കുന്നു. ഓരോരുത്തർക്കും അവരവരുടെ പങ്കും ഉത്തരവാദിത്തവുമുണ്ട്, ഓരോരുത്തരും തങ്ങളുടെ കടമ ഗൗരവത്തോടെ നിറവേറ്റുമ്പോൾ മാത്രമാണ് വിജയം ഉണ്ടാകുന്നത്. ശുചിത്വം മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വരെയും, 'ഏക് പേഡ് മാ കേ നാം' മുതൽ വികസിത ഭാരതത്തിനായുള്ള പ്രചാരണം വരെയും, ഓരോ പൗരനും ഓരോ വിഭാഗവും ഓരോ പ്രദേശവും കൂട്ടായ ബോധത്തോടെയും 'ഇന്ത്യ ആദ്യം' എന്ന വികാരത്തോടെയും പ്രവർത്തിക്കുന്നതിലൂടെ രാജ്യം ഈ രീതിയിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകം ഇന്ത്യയുടെ വളർച്ചയെയും സമ്പദ്‌വ്യവസ്ഥയെയും പ്രശംസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ പുരോഗതി സാമ്പത്തിക രംഗത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും കായിക രംഗത്ത് കാണുന്ന ആത്മവിശ്വാസത്തിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. 2014 മുതൽ വിവിധ കായിക ഇനങ്ങളിൽ ഇന്ത്യയുടെ പ്രകടനം ക്രമാനുഗതമായി മെച്ചപ്പെട്ടതായും പുതുതലമുറ (Gen-Z) കായികതാരങ്ങൾ കളിക്കളങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നതായും അദ്ദേഹം പറഞ്ഞു.

കായികരംഗത്തോട് ഗവണ്മെന്റും സമൂഹവും നിസ്സംഗത കാട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇത് കായികതാരങ്ങൾക്കിടയിൽ തങ്ങളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുകയും വളരെ കുറച്ച് യുവാക്കൾ മാത്രം കായികരംഗത്തെ ഒരു കരിയറായി തിരഞ്ഞെടുക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കി. എന്നാൽ കഴിഞ്ഞ ദശകത്തിൽ, കായികരംഗത്തോടുള്ള ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിൽ മാറ്റം വന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. കായിക ബജറ്റിൽ ഗവണ്മെന്റ് ഗണ്യമായ വർദ്ധനവ് വരുത്തിയെന്നും, ഇന്ന് ഇന്ത്യയുടെ കായിക മാതൃക 'അത്‌ലറ്റ് കേന്ദ്രീകൃതമായി'  മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഭകളെ തിരിച്ചറിയുന്നതിനും ശാസ്ത്രീയ പരിശീലനം, പോഷകാഹാരം, സുതാര്യമായ തിരഞ്ഞെടുപ്പ് എന്നിവയ്ക്കും മുൻഗണന നൽകുന്നതിലൂടെ ഓരോ തലത്തിലും കായികതാരങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പുനൽകി.

"ഇന്ന് രാജ്യം 'റിഫോം എക്സ്പ്രസ്സിലാണ്' (പരിഷ്കരണ എക്സ്പ്രസ്) സഞ്ചരിക്കുന്നത്. എല്ലാ മേഖലകളും വികസന ലക്ഷ്യസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു, കായികരംഗം അതിലൊന്നാണ്," പ്രധാനമന്ത്രി പറഞ്ഞു. നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്, ഖേലോ ഭാരത് പോളിസി 2025 എന്നിവയുൾപ്പെടെ കായിക മേഖലയിൽ ഗവണ്മെന്റ് വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് ശരിയായ പ്രതിഭകൾക്ക് അവസരങ്ങൾ നൽകുകയും കായിക സംഘടനകളിൽ സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യവസ്ഥകൾ യുവാക്കളെ കായികരംഗത്തും വിദ്യാഭ്യാസത്തിലും ഒരുപോലെ മുന്നേറാൻ സഹായിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

TOPs പോലുള്ള സംരംഭങ്ങൾ ഇന്ത്യയിലെ കായിക ആവാസവ്യവസ്ഥയെ മാറ്റിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ഫണ്ടിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിനും യുവ കായികതാരങ്ങൾക്ക് ആഗോളതലത്തിൽ അവസരങ്ങൾ നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഫിഫ അണ്ടർ-17 ലോകകപ്പ്, ഹോക്കി ലോകകപ്പ്, പ്രധാന ചെസ്സ് ടൂർണമെന്റുകൾ തുടങ്ങി 20-ലധികം അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. "2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കും. കൂടുതൽ കായികതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ശക്തമായ പരിശ്രമങ്ങൾ നടത്തിവരികയാണ്," പ്രധാനമന്ത്രി പറഞ്ഞു.

സ്കൂൾ തലത്തിലും യുവ കായികതാരങ്ങൾക്ക് ഒളിമ്പിക് കായിക ഇനങ്ങളിൽ പരിശീലനം നൽകാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഖേലോ ഇന്ത്യ പ്രചാരണത്തിലൂടെ നൂറുകണക്കിന് യുവാക്കൾക്ക് ദേശീയ തലത്തിലേക്ക് മുന്നേറാൻ അവസരം ലഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച സൻസദ് ഖേൽ മഹോത്സവത്തിൽ ഏകദേശം ഒരു കോടി യുവാക്കൾ തങ്ങളുടെ കഴിവ് തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൻസദ് ഖേൽ മഹോത്സവത്തിനിടെ വാരാണസിയിൽ നിന്നുള്ള മൂന്ന് ലക്ഷത്തോളം യുവാക്കൾ കളിക്കളത്തിൽ  തങ്ങളുടെ കരുത്തും കഴിവും പ്രകടിപ്പിച്ചതിൽ അവിടെ നിന്നുള്ള എം.പി എന്ന നിലയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

കായിക അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം വാരാണസിക്കും ഗുണകരമാകുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ആധുനിക കായിക സൗകര്യങ്ങൾ വികസിപ്പിക്കുകയും വിവിധ കായിക ഇനങ്ങൾക്കായി സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. പുതിയ സ്പോർട്സ് കോംപ്ലക്സുകൾ സമീപ ജില്ലകളിലെ കായികതാരങ്ങൾക്ക് പരിശീലനത്തിന് അവസരമൊരുക്കുന്നു. നിലവിൽ പരിപാടി നടക്കുന്ന സിഗ്ര സ്റ്റേഡിയം നിരവധി ആധുനിക സൗകര്യങ്ങളാൽ സജ്ജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാന പരിപാടികൾക്കായി വാരാണസി സ്വയം സജ്ജമാകുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ദേശീയ വോളിബോൾ മത്സരത്തിലൂടെ രാജ്യത്തിന്റെ കായിക ഭൂപടത്തിൽ ഇടംപിടിക്കുന്നത് നഗരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന് എടുത്തുപറഞ്ഞു. ഈ ചാമ്പ്യൻഷിപ്പിന് മുമ്പ് ജി-20 യോഗങ്ങൾ, കാശി തമിഴ് സംഗമം, കാശി തെലുങ്ക് സംഗമം തുടങ്ങിയ സാംസ്കാരിക ഉത്സവങ്ങൾ, പ്രവാസി ഭാരതീയ സമ്മേളനം എന്നിവയ്ക്കും വാരാണസി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഷാങ്ഹായ് സഹകരണ സംഘടനയുടെ സാംസ്കാരിക തലസ്ഥാനമായി വാരാണസി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം അനുസ്മരിച്ചു. ഈ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു പൊൻതൂവലായി ഈ ചാമ്പ്യൻഷിപ്പും മാറുന്നുവെന്നും വലിയ വേദികൾക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമായി വാരാണസി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ വാരാണസിയിൽ വളരെ സുഖകരമായ തണുപ്പും ഒപ്പം രുചികരമായ ഭക്ഷണങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു; പ്രത്യേകിച്ച് വാരാണസിയിലെ പ്രശസ്തമായ 'മലൈയോ' (Malaiyyo) ആസ്വദിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ബാബ വിശ്വനാഥിനെ സന്ദർശിക്കുകയും ഗംഗയിൽ ബോട്ടിംഗ് നടത്തുകയും നഗരത്തിന്റെ പൈതൃകത്തിൽ മുഴുകുകയും ചെയ്ത അനുഭവം കൂടെ കൊണ്ടുപോകാൻ അദ്ദേഹം ടൂർണമെന്റിൽ പങ്കെടുക്കുന്നവരോട് അഭ്യർത്ഥിച്ചു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കായികതാരങ്ങൾക്ക്  പ്രോത്സാഹനം നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. വാരാണസിയുടെ മണ്ണിൽ നിന്നുള്ള ഓരോ സ്പൈക്കും, ബ്ലോക്കും, പോയിന്റും ഇന്ത്യയുടെ കായിക അഭിലാഷങ്ങളെ ഉയർത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ നേരുകയും ചെയ്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

ജനുവരി 4 മുതൽ 11 വരെ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,000-ത്തിലധികം വോളിബോൾ താരങ്ങൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന 58 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ വോളിബോളിലെ ഉയർന്ന നിലവാരത്തിലുള്ള മത്സരം, കായികക്ഷമത, പ്രതിഭ എന്നിവയുടെ പ്രദർശനമായിരിക്കും ഈ ടൂർണമെന്റ്.

72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിന് വാരാണസി ആതിഥേയത്വം വഹിക്കുന്നത് നഗരത്തിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും നൽകുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. പ്രധാന സാംസ്കാരിക-കായിക സംരംഭങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ വാരാണസി കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തിന് അനുസൃതമായി, പ്രമുഖ ദേശീയ പരിപാടികളുടെ ഒരു കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ ഖ്യാതി ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

***

SK

(रिलीज़ आईडी: 2211270) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada