റെയില്‍വേ മന്ത്രാലയം
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പരിശോധിച്ചു
प्रविष्टि तिथि:
03 JAN 2026 8:02PM by PIB Thiruvananthpuram
കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പരിശോധിച്ചു.
സീറ്റിംഗ്-ബെർത്തിംഗ് ക്രമീകരണങ്ങൾ, ആധുനിക ഇൻ്റീരിയറുകൾ, സുരക്ഷാ സവിശേഷതകൾ, യാത്രക്കാരുടെ സൗകര്യ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ സ്ലീപ്പർ കോച്ചുകൾ, പരിശോധനയ്ക്കിടെ കേന്ദ്രമന്ത്രി സൂക്ഷ്മമായി വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിനിനുള്ളിലെ മറ്റ് സൗകര്യങ്ങൾക്കും പ്രത്യേക പ്രാധാന്യമാണ് നല്കിയിരിക്കുന്നത്.
ഓട്ടോമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, മെച്ചപ്പെട്ട അഗ്നി സുരക്ഷാ സംവിധാനങ്ങൾ, അണുനശീകരണ സാങ്കേതികവിദ്യ, എല്ലാ കോച്ചുകളിലും സിസിടിവി നിരീക്ഷണ സംവിധാനം എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനും ശുചിത്വത്തിനും ഇന്ത്യൻ റെയിൽവേ നല്കുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ, നൂതനമായ ഡിസൈൻ ഘടകങ്ങൾക്ക് ഈ ട്രെയിനിൽ ഊന്നൽ നല്കിയിട്ടുണ്ട്. പ്രത്യേകിച്ച് ശൗചാലയങ്ങളിൽ മികച്ച ശുചിത്വം ഉറപ്പാക്കുന്നതിനും വെള്ളം പുറത്തേക്ക് തെറിക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ദീർഘദൂര രാത്രികാല റെയിൽ യാത്രയിലെ പരിവർത്തനാത്മകമായ ഒരു ചുവടുവെയ്പ്പായി ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിൽ സർവ്വീസ് നടത്തും. ട്രെയിനിൻ്റെ പരീക്ഷണ ഓട്ടങ്ങൾ, സാങ്കേതിക പരിശോധനകൾ, സർട്ടിഫിക്കേഷൻ നടപടികൾ എന്നിവയുടെ മുഴുവൻ ഘട്ടങ്ങളും വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. ഈ ജനുവരി മാസത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ റൂട്ടിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
കേന്ദ്രമന്ത്രി റെയിൽവേ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ട്രെയിനിൻ്റെ സാങ്കേതിക വശങ്ങൾ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, സർവ്വീസിന് പൂർണ്ണമായും സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. 16 കോച്ചുകളുള്ള ഈ ട്രെയിനിൽ 11 എസി ത്രീ-ടയർ കോച്ചുകളും, നാല് എസി ടു-ടയർ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് സാധിക്കും. മികച്ച യാത്രാ അനുഭവം പ്രദാനം ചെയ്യുന്ന നൂതന സസ്പെൻഷൻ സംവിധാനങ്ങൾ, ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഉൾഭാഗം, ഉയർന്ന ശുചിത്വ മാനദണ്ഡങ്ങൾ എന്നിവയോടെയാണ് ഈ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്രക്കാർക്ക് തദ്ദേശീയമായ രുചിക്കൂട്ടുകൾ ആസ്വദിക്കാനുള്ള അവസരമുണ്ടാകും. ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ അസ്സമീസ് വിഭവങ്ങളും കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ പരമ്പരാഗത ബംഗാളി വിഭവങ്ങളും ലഭ്യമാക്കും. ഇതിലൂടെ യാത്രക്കാർക്ക് ആസ്വാദ്യകരവും സാംസ്‌കാരികമായി സമ്പന്നവുമായ ഒരു ഭക്ഷണാനുഭവം ഉറപ്പാക്കുന്നു.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന സെമി-ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, ആധുനിക സൗകര്യങ്ങളും വേഗതയേറിയ യാത്രാ സമയവും സംയോജിപ്പിക്കുന്നു. യാത്രക്കാർക്ക് മുൻഗണന നല്കുന്ന സേവനങ്ങളും സാങ്കേതിക നവീകരണവും ലക്ഷ്യമിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ മുന്നേറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
*****
(रिलीज़ आईडी: 2211202)
आगंतुक पटल : 23