വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

60 വര്‍ഷത്തെ പാരമ്പര്യത്തില്‍ പുതിയ അക്കാദമിക നാഴികക്കല്ല് അടയാളപ്പെടുത്തി പിഎച്ച്.ഡി പ്രോഗ്രാമിന് തുടക്കം കുറിച്ച് ഐ.ഐ.എം.സി

प्रविष्टि तिथि: 02 JAN 2026 8:14PM by PIB Thiruvananthpuram

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (കല്പിത സര്‍വകലാശാല) 2026 ജനുവരി 1ന് ഔദ്യോഗികമായി പിഎച്ച്.ഡി പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഐ.ഐ.എം.സിയുടെ 60 വര്‍ഷത്തെ അക്കാദമിക പ്രയാണത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിത്. 2025-26 അധ്യയന വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനാണ് ഗവേഷകരെ തിരഞ്ഞെടുക്കുന്നത്.

ഫുള്‍ടൈം, പാര്‍ട്ട്‌ടൈം ഗവേഷക ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2026 ജനുവരി 1ന് ആരംഭിച്ച  ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍  ജനുവരി 30 വരെ തുടരും. യുജിസി- നെറ്റ്  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  നേരിട്ട് അഭിമുഖം നടത്തും.  യുജിസി- നെറ്റ് യോഗ്യതയില്ലാത്ത പാര്‍ട്ട്‌ടൈം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ഫെബ്രുവരി 15ന് പ്രവേശന പരീക്ഷയുണ്ടാകും.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ഫെബ്രുവരി 23ന് പ്രസിദ്ധീകരിക്കുകയും മാര്‍ച്ച് 9 മുതല്‍ അഭിമുഖങ്ങള്‍ ആരംഭിക്കുകയും ചെയ്യും.  പ്രവേശന നടപടികള്‍ മാര്‍ച്ച് 27നകം പൂര്‍ത്തിയാക്കി ഏപ്രില്‍ 1 മുതല്‍ ഗവേഷണ പഠനം ആരംഭിക്കും.  



പുനരുജ്ജീവന പാതയില്‍ മുന്നേറുന്ന ഇന്ത്യയുടെ ഗവേഷണ മേഖലയ്ക്ക് യഥാര്‍ത്ഥ സംഭാവനകള്‍ നല്‍കുകയാണ് പിഎച്ച്.ഡി പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് പ്രവേശന പോര്‍ട്ടലിന്റെ ഉദ്ഘാടന വേളയില്‍  ഐ.ഐ.എം.സി വൈസ് ചാന്‍സലര്‍ ഡോ. പ്രജ്ഞ പാലിവാള്‍ ഗൗര്‍ പറഞ്ഞു. പരമ്പരാഗത രീതികള്‍ക്ക് പുറത്ത് സമൂഹത്തിനും രാഷ്ട്രത്തിനും വലിയ തോതില്‍ ഉപകരിക്കുന്ന ഗവേഷണ പദ്ധതികള്‍ ലക്ഷ്യമിടേണ്ടതിന്റെ ആവശ്യകത അവര്‍  വ്യക്തമാക്കി.  

ഐ.ഐ.എം.സിയില്‍ പിഎച്ച്.ഡി പ്രോഗ്രാമിന്  തുടക്കം കുറിച്ചതിന് പ്രതീകാത്മകമായി  ന്യൂഡല്‍ഹി കാമ്പസില്‍ വൈസ് ചാന്‍സലര്‍  'ജ്ഞാന വൃക്ഷം'  എന്ന നിലയില്‍ കോവിദാര തൈ നട്ടു.

കൃത്യമായ അക്കാദമിക അന്തരീക്ഷം ഉറപ്പാക്കാനും വിവിധ വിഷയങ്ങളെ കോര്‍ത്തിണക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാധ്യമപഠനം, ആശയവിനിമയം, അനുബന്ധ മേഖലകള്‍ എന്നിവയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനശേഖരത്തിലേക്ക് സംഭാവന നല്‍കാനുമാണ് ഐ.ഐ.എം.സിയിലെ പിഎച്ച്.ഡി പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. മാധ്യമ  ആശയവിനിമയ പഠന മേഖലയില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി  രൂപകല്പന ചെയ്ത പ്രോഗ്രാമില്‍  ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ മീഡിയ, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍, മീഡിയ ഇന്‍ഡസ്ട്രി മാനേജ്‌മെന്റ്, ഫിലിം സ്റ്റഡീസ്, പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍, ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍, അഡ്വര്‍ടൈസിംഗ്, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ ഗവേഷകര്‍ക്ക് അവസരമുണ്ട്.  വിവിധ വിജ്ഞാന ശാഖകളെ കോര്‍ത്തിണക്കി നടത്തുന്ന ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന  പദ്ധതി മാധ്യമ ഗവേഷണത്തില്‍ നൂതനാശയങ്ങളും അക്കാദമിക മികവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു.

***


(रिलीज़ आईडी: 2210975) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Bengali-TR , Punjabi , Telugu