प्रविष्टि तिथि:
30 DEC 2025 3:30PM by PIB Thiruvananthpuram
ജൽ ജീവൻ മിഷന് കീഴിലുള്ള സേവന വിതരണവും സമൂഹ ഉടമസ്ഥാവകാശവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നീക്കമെന്ന നിലയിൽ, കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള-ശുചിത്വ വകുപ്പ് (DDWS) ഇന്ന് ജൽ സേവ ആങ്കലൻ ഇ-ലോഞ്ച് ചെയ്തു. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുടിവെള്ള സേവനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനമാണിത്. ജൽ ജീവൻ മിഷൻ (JJM) പോർട്ടലിലൂടെ ഇത് ലഭ്യമാകും.
അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് സുസ്ഥിര സേവന വിതരണത്തിലേക്കുള്ള നിർണ്ണായകമായ മാറ്റമാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്. ഹർ ഘർ ജൽ (HGJ) ഗ്രാമങ്ങളിലെ കുടിവെള്ള വിതരണത്തിൻ്റെ കൃത്യത, പര്യാപ്തത, ഗുണനിലവാരം, സുസ്ഥിരത എന്നിവ വിലയിരുത്തുന്നതിൽ ഗ്രാമപഞ്ചായത്തുകളേയും മറ്റ് ഗ്രാമീണ സ്ഥാപനങ്ങളേയും ഇത് കേന്ദ്രസ്ഥാനത്ത് നിർത്തുന്നു.
ധാരാളം ഗ്രാമപഞ്ചായത്തുകൾ ഇതിനകം 'ഹർ ഘർ ജൽ' പദവി നേടിയതോടെ, ടാപ്പ് കണക്ഷനുകളിലൂടെ ദിവസേന വിശ്വസനീയവും സുരക്ഷിതവുമായ കുടിവെള്ള സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പുതിയ ഘട്ടത്തിലേക്ക് ജൽ ജീവൻ മിഷൻ പ്രവേശിച്ചിരിക്കുകയാണ്. അപൂർവ്വമായി മാത്രം നടക്കുന്നതും ചിലവേറിയതുമായ തേർഡ് പാർട്ടി സർവ്വേകളെ മാത്രം ആശ്രയിക്കുന്നതിന് പകരം, ഗ്രാമങ്ങൾക്ക് അവരുടെ ജല സേവന വിതരണ സംവിധാനങ്ങളെക്കുറിച്ച് കൂട്ടായി വിലയിരുത്താൻ പ്രാപ്തമാക്കുന്ന, ഒരു കമ്മ്യൂണിറ്റി അധിഷ്ഠിത സ്വയം വിലയിരുത്തൽ രീതിയിലാണ് 'ജൽ സേവാ ആങ്കലൻ' വിഭാവനം ചെയ്തിരിക്കുന്നത്.

കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ ഈ ഡിജിറ്റൽ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജലശക്തി സഹമന്ത്രിമാരായ ശ്രീ വി. സോമണ്ണ, ശ്രീ രാജ് ഭൂഷൺ ചൗധരി, കുടിവെള്ള-ശുചിത്വ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിലേയും സ്ഥാപനങ്ങളിലേയും പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, സർപഞ്ചുമാർ, വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം 'ഹർ ഘർ ജൽ' ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ഓൺലൈനായും ചടങ്ങിൽ സംബന്ധിച്ചു.

ജൽ ജീവൻ മിഷൻ (JJM) എന്നത് കേവലം ആസ്തികൾ നിർമ്മിക്കുക മാത്രമല്ലെന്നും, ഓരോ ഗ്രാമീണ കുടുംബത്തിനും സുസ്ഥിരമായ രീതിയിൽ വിശ്വസനീയമായ കുടിവെള്ള സേവനങ്ങൾ എത്തിക്കുക എന്നതാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത ബഹുമാനപ്പെട്ട മന്ത്രി ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തി, ജനപങ്കാളിത്തം, പങ്കാളികളുടെ സഹകരണം, വിഭവങ്ങളുടെ ശരിയായ ഉപയോഗം എന്നിവയാണ് മിഷൻ്റെ നാല് പ്രധാന സ്തംഭങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. ഹർ ഘർ ജൽ നേട്ടങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നിർണ്ണായകമായ സ്തംഭമാണ് ജൻ ഭാഗിദാരി (ജനപങ്കാളിത്തം) എന്നും അദ്ദേഹം അടിവരയിട്ടു.

സ്വന്തം ജലവിതരണ സംവിധാനങ്ങളുടെ സൂക്ഷിപ്പുകാരാകാൻ ജൽ സേവ ആങ്കലൻ ഗ്രാമപഞ്ചായത്തുകളെ പ്രാപ്തരാക്കുകയും ഗ്രാമസഭകളിലൂടെയുള്ള ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കുന്ന രീതിയെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജൽ ജീവൻ മിഷൻ ജനങ്ങൾക്കും ഗ്രാമങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അത് തുടർന്നു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സമൂഹത്തിന് തന്നെയാണെന്നും ഇത് ജൻ ഭാഗിദാരിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും ബഹുമാനപ്പെട്ട മന്ത്രി അഭിപ്രായപ്പെട്ടു.

ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ ദീർഘകാല നിലനിൽപ്പിന് സമൂഹ പങ്കാളിത്തവും സുതാര്യതയും അനിവാര്യമാണെന്നും, സേവന വിതരണത്തിലെ പോരായ്മകൾ നേരത്തെ തിരിച്ചറിയാനും സമയബന്ധിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രാമ പഞ്ചായത്തുകളുമായുള്ള ആശയവിനിമയം

ഗോനാഷി ഗ്രാമപഞ്ചായത്ത് (കാരാഡ് ബ്ലോക്ക്, സത്താറ ജില്ല, മഹാരാഷ്ട്ര), ഗോഗതല ഗ്രാമപഞ്ചായത്ത് (റെയിൽമാഗ്ര ബ്ലോക്ക്, രാജ്സമന്ദ് ജില്ല, രാജസ്ഥാൻ), ബിൽഹാപൂർ ഗ്രാമപഞ്ചായത്ത് (അമ്രോധ ബ്ലോക്ക്, കാൺപൂർ ദേഹത് ജില്ല, ഉത്തർപ്രദേശ്) എന്നിവിടങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ശ്രീ സി. ആർ. പാട്ടീലും തമ്മിലുള്ള ആശയവിനിമയമായിരുന്നു ഈ ചടങ്ങിൻ്റെ പ്രധാന ആകർഷണം.


ഗ്രാമീണ ജലവിതരണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലും, ജലവിതരണത്തിൻ്റെ കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിലും, കൃത്യമായ ജലപരിശോധനയിലും, ഉപയോക്തൃ നിരക്കുകൾ ശേഖരിക്കുന്നതിലും, ഹർ ഘർ ജൽ നേട്ടങ്ങൾ നിലനിർത്തുന്നതിലുമുള്ള തങ്ങളുടെ അനുഭവങ്ങൾ ഗ്രാമ പ്രതിനിധികൾ ചടങ്ങിൽ പങ്കുവെച്ചു.

ജൽ സേവ ആങ്കലൻ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു
ഗണ്യമായ എണ്ണം ഗ്രാമപഞ്ചായത്തുകൾ ഹർ ഘർ ജൽ പദവി കൈവരിച്ച സാഹചര്യത്തിൽ, സ്ഥിരവും പര്യാപ്തവും സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടെ മാത്രം നടക്കുന്ന ബാഹ്യ സർവ്വേകളെ ആശ്രയിക്കുന്നതിന് പകരം, പ്രാദേശിക ഭരണകൂടങ്ങളിൽ അധിഷ്ഠിതമായതും സ്ഥാപനപരമായ ഘടനയുള്ളതുമായ ഒരു നിരന്തര വിലയിരുത്തൽ സംവിധാനത്തിന് 'ജൽ സേവാ ആങ്കലൻ' തുടക്കം കുറിക്കുന്നു.
വിലയിരുത്തലിൽ താഴെപ്പറയുന്നവ ഉൾപ്പെടെയുള്ള പ്രധാന സേവന ഘടകങ്ങൾ ഉൾപ്പെടുന്നു:
- ജലവിതരണത്തിലെ കൃത്യതയും പര്യാപ്തതയും
- കുടിവെള്ളത്തിൻ്റെ ഗുണനിലവാരം
- സംവിധാനങ്ങളുടെ പ്രവർത്തനവും പരിപാലനവും
- ജലസ്രോതസ്സുകളുടെ സുസ്ഥിരത
- ഗ്രാമതലത്തിലെ സ്ഥാപനപരവും ഭരണപരവുമായ സംവിധാനങ്ങൾ
വിലയിരുത്തൽ പ്രക്രിയ
വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റി (VWSC) അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, സിസ്റ്റം ഓപ്പറേറ്റർമാർ, കൂടാതെ സ്ത്രീകൾ, ദുർബല വിഭാഗങ്ങൾ എന്നിവരുൾപ്പെടെയുള്ള ജല ഉപഭോക്താക്കളുടെ പ്രതിനിധികൾ എന്നിവരുമായി നടത്തുന്ന ഘടനാപരമായ ചർച്ചകളോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. ഈ ചർച്ചകളിലെ കണ്ടെത്തലുകൾ തുടർന്ന് തുറന്ന ചർച്ചകൾക്കും അംഗീകാരത്തിനുമായി ഗ്രാമസഭയ്ക്ക് മുൻപാകെ സമർപ്പിക്കുന്നു.
ഗ്രാമസഭാ പ്രമേയത്തിലൂടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഈ വിലയിരുത്തൽ വിവരങ്ങൾ JJM പഞ്ചായത്ത് ഡാഷ്‌ബോർഡിൽ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യും. തുടർന്ന് ഇ-ഗ്രാംസ്വരാജ്, മേരി പഞ്ചായത്ത് ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇവ പരസ്യപ്പെടുത്തും. വിവരങ്ങൾ അന്തിമമാക്കുന്നതിന് മുൻപായി പൗരന്മാർക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കും. ആവശ്യമുള്ളിടത്തെല്ലാം തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതിനും ഈ കണ്ടെത്തലുകൾ ജില്ലാ കളക്ടർമാർക്കും/ ജില്ലാ പഞ്ചായത്ത് CEO-മാർക്കും സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥർക്കും ലഭ്യമാക്കും.
പ്രതീക്ഷിക്കുന്ന ഫലങ്ങൾ
'ജൽ സേവാ ആങ്കലൻ' താഴെപ്പറയുന്ന നേട്ടങ്ങൾ ലക്ഷ്യമിടുന്നു:
- കുടിവെള്ള സേവനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ ഗ്രാമസഭാ ചർച്ചകളുടെ അവിഭാജ്യ ഘടകമാക്കുക.
- പ്രവർത്തനപരവും ഗുണമേന്മയുള്ളതും സുസ്ഥിരവുമായ വെല്ലുവിളികൾ നേരത്തെ തിരിച്ചറിയാൻ പ്രാപ്തമാക്കുക.
- സേവനങ്ങളുടെ പ്രകടനം പരസ്യപ്പെടുത്തുന്നതിലൂടെ സുതാര്യത മെച്ചപ്പെടുത്തുക.
- കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ-സംസ്ഥാന തല ആസൂത്രണത്തെ പിന്തുണയ്ക്കുക.
- ഗ്രാമീണ ജലവിതരണ സംവിധാനങ്ങളിൽ സാമൂഹിക മേൽനോട്ടവും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുക.
ഗ്രാമീണ ജലവിതരണ സംവിധാനങ്ങൾ സമൂഹത്തിൻ്റേതാണെന്നും സമൂഹം തന്നെ അത് കൈകാര്യം ചെയ്യണമെന്നുമുള്ള തത്വത്തെ ശക്തിപ്പെടുത്തിക്കൊണ്ട് എല്ലാ ഹർ ഘർ ജൽ ഗ്രാമപഞ്ചായത്തുകളും 2026 ജനുവരി 26-നകം ജൽ സേവാ ആങ്കലൻ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.