പ്രധാനമന്ത്രിയുടെ ഓഫീസ്
ലഖ്‌നൗവിൽ രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
प्रविष्टि तिथि:
25 DEC 2025 6:05PM by PIB Thiruvananthpuram
ഭാരത് മാതാ കി – ജയ്!
ഭാരത് മാതാ കി – ജയ്!
ഭാരത് മാതാ കി – ജയ്!
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി; യുപിയിലെ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനുമായ ശ്രീ പങ്കജ് ചൗധരി ജി; സംസ്ഥാന ഗവൺമെന്റിന്റെ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് ജി; ഇവിടെ സന്നിഹിതരായ മറ്റ് മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളെ,
ഇന്ന്, ലഖ്‌നൗവിലെ ഈ ഭൂമി ഒരു പുതിയ പ്രചോദന സ്രോതസ്സിന് സാക്ഷ്യം വഹിക്കുകയാണ്. അതിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നതിന് മുമ്പ്, രാജ്യത്തെയും ലോകത്തെയും ജനങ്ങൾക്ക് ഞാൻ എന്റെ ക്രിസ്മസ് ആശംസകൾ നേരുന്നു. ഇന്ന് ഭാരതത്തിലും കോടിക്കണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ഈ ക്രിസ്തുമസ് ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ! ഇതാണ് ഞങ്ങളുടെ ആഗ്രഹം.
സുഹൃത്തുക്കളേ,
ഈ ഡിസംബർ 25-ാം തീയതി, രാഷ്ട്രത്തിന്റെ രണ്ട് മഹാന്മാരായ പുത്രന്മാരായ ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയി ജിയുടെയും ഭാരതരത്ന മഹാമന മദൻ മോഹൻ മാളവ്യ ജിയുടെയും ജന്മവാർഷികങ്ങളുടെ അപൂർവവും അത്ഭുതകരവുമായ യാദൃശ്ചികത കൂടി ചേരുന്നതാണ്. ഈ രണ്ട് മഹാന്മാരും ഭാരതത്തിന്റെ സ്വത്വവും ഐക്യവും അഭിമാനവും സംരക്ഷിച്ചു, രാഷ്ട്രനിർമ്മാണത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.
സുഹൃത്തുക്കളേ,
ഇന്ന്, ഡിസംബർ 25-ാം തീയതി, മഹാരാജ ബിജ്‌ലി പാസിയുടെ ജന്മദിനവും കൂടിയാണ്. ലഖ്‌നൗവിലെ പ്രശസ്തമായ ബിജ്‌ലി പാസി കോട്ട ഇവിടെ നിന്ന് വളരെ അകലെയല്ല. മഹാരാജ ബിജ്‌ലി പാസി അവശേഷിപ്പിച്ച ധീരതയുടെയും സദ്ഭരണത്തിന്റെയും ഉൾക്കൊള്ളലിന്റെയും പൈതൃകം പാസി സമൂഹം അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോയി. 2000-ൽ മഹാരാജ ബിജ്‌ലി പാസിയുടെ ബഹുമാനാർത്ഥം ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് അടൽ ജി തന്നെയാണെന്നതും യാദൃശ്ചികമാണ്.
സുഹൃത്തുക്കളെ,
അൽപ്പം മുമ്പ് ഇവിടെ രാഷ്ട്ര പ്രേരണ സ്ഥലം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഭാരതത്തിന് ആത്മാഭിമാനത്തിൻ്റെയും ഐക്യത്തിൻ്റെയും സേവനത്തിൻ്റെയും പാത കാണിച്ചുതന്ന ആദർശങ്ങളുടെ പ്രതീകമാണ് ഈ രാഷ്ട്ര പ്രേരണ സ്ഥലം. ഡോ. ശ്യാമ പ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജി, അടൽ ബിഹാരി വാജ്പേയി ജി എന്നിവരുടെ പ്രതിമകൾ ഉയർന്ന് നിൽക്കുന്നുവെങ്കിലും, അവർ നൽകുന്ന പ്രചോദനം അതിലും വലുതാണ്. അടൽ ജി ഒരിക്കൽ എഴുതി: नीरवता से मुखरित मधुबन, परहित अर्पित अपना तन-मन, जीवन को शत-शत आहुति में, जलना होगा, गलना होगा। क़दम मिलाकर चलना होगा। (നിശബ്ദതയിൽ നിന്ന്, പൂന്തോട്ടം സംസാരിക്കുന്നു; മറ്റുള്ളവരുടെ ക്ഷേമത്തിനായി, ഒരാൾ ശരീരത്തെയും ആത്മാവിനെയും സമർപ്പിക്കണം. ജീവിതത്തിലെ എണ്ണമറ്റ ത്യാഗങ്ങളിൽ, ഒരാൾ ജ്വലിക്കണം, ഒരാൾ ഉരുകണം. നമ്മൾ ഒരുമിച്ച് ചുവടുവെക്കണം.)
നമ്മൾ എടുക്കുന്ന ഓരോ ചുവടും, നമ്മൾ എടുക്കുന്ന ഓരോ ശ്രമവും രാഷ്ട്രനിർമ്മാണത്തിനായി സമർപ്പിക്കപ്പെടണം എന്ന സന്ദേശമാണ് ഈ രാഷ്ട്ര പ്രേരണ സ്ഥൽ നൽകുന്നത്. 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന ദൃഢനിശ്ചയം നിറവേറ്റുന്നത് എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ്. ഈ ആധുനിക പ്രചോദന കേന്ദ്രത്തിന് ഞാൻ ഉത്തർപ്രദേശിലെ ലഖ്‌നൗവിനെയും മുഴുവൻ രാജ്യത്തെയും അഭിനന്ദിക്കുന്നു. ഇപ്പോൾ പരാമർശിച്ചതും വീഡിയോയിൽ കാണിച്ചിരിക്കുന്നതുമായതുപോലെ, 30 ഏക്കറിലധികം വിസ്തൃതിയുള്ള ഈ പ്രേരണ സ്ഥൽ നിർമ്മിച്ചിരിക്കുന്ന ഭൂമി നിരവധി പതിറ്റാണ്ടുകളായി മാലിന്യക്കൂമ്പാരമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി, ഇത് പൂർണ്ണമായും വൃത്തിയാക്കപ്പെട്ടു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികൾക്കും, കരകൗശല വിദഗ്ധർക്കും, ആസൂത്രകർക്കും, യോഗി ജിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
രാജ്യത്തിന് ദിശാബോധം നൽകുന്നതിൽ ഡോ. ശ്യാമ പ്രസാദ് മുഖർജി നിർണായക പങ്ക് വഹിച്ചു. ഭാരതത്തിലെ രണ്ട് ഭരണഘടനകൾ, രണ്ട് പതാകകൾ, രണ്ട് പ്രധാനമന്ത്രിമാർ എന്നിവരുടെ സമ്പ്രദായം നിരസിച്ചത് ഡോ. മുഖർജിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും, ജമ്മു കശ്മീരിലെ ഈ ക്രമീകരണം ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ വെല്ലുവിളി ഉയർത്തി. ആർട്ടിക്കിൾ 370 ന്റെ മതിൽ പൊളിക്കാൻ നമ്മുടെ ഗവണ്മെന്റിന് അവസരം ലഭിച്ചതിൽ ബിജെപി അഭിമാനിക്കുന്നു. ഇന്ന്, ജമ്മു കശ്മീരിലും ഭാരതത്തിന്റെ ഭരണഘടന പൂർണ്ണമായും നടപ്പിലാക്കിയിരിക്കുന്നു.
സുഹൃത്തുക്കളേ,
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ മന്ത്രി എന്ന നിലയിൽ, ഡോ. മുഖർജി രാജ്യത്ത് സാമ്പത്തിക സ്വാശ്രയത്വത്തിന് അടിത്തറ പാകി. ഭാരതത്തിലെ വ്യവസായവൽക്കരണത്തിന് അടിത്തറ പാകിക്കൊണ്ട് അദ്ദേഹം രാജ്യത്തിന് ആദ്യത്തെ വ്യാവസായിക നയം നൽകി. ഇന്ന്, സ്വാശ്രയത്വത്തിന്റെ ആ മന്ത്രം തന്നെ നമ്മൾ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള വിപണികളിൽ എത്തുന്നു. ഉത്തർപ്രദേശ് തന്നെ നോക്കൂ! ഒരു വശത്ത്, ഒരു ജില്ല, ഒരു ഉൽപ്പന്നം എന്ന വലിയ കാമ്പെയ്‌ൻ ചെറുകിട വ്യവസായങ്ങളെയും യൂണിറ്റുകളെയും ശക്തിപ്പെടുത്തുന്നു; മറുവശത്ത്, സംസ്ഥാനത്ത് ഒരു പ്രധാന പ്രതിരോധ ഇടനാഴി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ലോകം കണ്ട ബ്രഹ്മോസ് മിസൈലിന്റെ ശക്തി ഇപ്പോൾ ലഖ്‌നൗവിൽ നിർമ്മിക്കുന്നു. പ്രതിരോധ നിർമ്മാണത്തിന് ഉത്തർപ്രദേശിന്റെ പ്രതിരോധ ഇടനാഴി ലോകമെമ്പാടും അറിയപ്പെടുന്ന ദിവസം വിദൂരമല്ല.
സുഹൃത്തുക്കളേ,
ദശകങ്ങൾക്ക് മുമ്പ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജി അന്ത്യോദയ എന്ന സ്വപ്നം കണ്ടു. ഇന്ത്യയുടെ പുരോഗതിയുടെ യഥാർത്ഥ തോത്, വരിയുടെ ഏറ്റവും അറ്റത്ത് നിൽക്കുന്ന വ്യക്തിയുടെ മുഖത്തെ പുഞ്ചിരിയിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സമഗ്രമായ വികസനം വിഭാവനം ചെയ്യുന്ന സമഗ്ര മാനവികതയുടെ തത്ത്വചിന്തയും ദീൻദയാൽ ജി ആവിഷ്കരിച്ചു. ദീൻദയാൽ ജിയുടെ സ്വപ്നത്തെ മോദി സ്വന്തം ദൃഢനിശ്ചയമാക്കി. പരിപൂർണ്ണതയിൽ എത്തിക്കുക (saturation) എന്ന പുതിയ സമീപനത്തിലൂടെ, അതായത്, എല്ലാ ആവശ്യക്കാരെയും എല്ലാ ഗുണഭോക്താക്കളെയും ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളുടെ പരിധിയിൽ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, ഞങ്ങൾ അന്ത്യോദയയെ വികസിപ്പിച്ചു. പരിപൂർണത (saturation) എന്ന മനോഭാവം ഉണ്ടാകുമ്പോൾ, വിവേചനമില്ല, അതാണ് യഥാർത്ഥ സദ്ഭരണം, യഥാർത്ഥ സാമൂഹിക നീതി, യഥാർത്ഥ മതേതരത്വം. ഇന്ന്, കോടിക്കണക്കിന് പൗരന്മാർക്ക് വിവേചനമില്ലാതെ ആദ്യമായി സ്ഥിരമായ വീടുകൾ, ശൗചാലയങ്ങൾ, പൈപ്പ് വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ എന്നിവ ലഭിക്കുമ്പോൾ; കോടിക്കണക്കിന് ആളുകൾക്ക് ആദ്യമായി സൗജന്യ ഭക്ഷ്യധാന്യങ്ങളും സൗജന്യ വൈദ്യചികിത്സയും ലഭിക്കുമ്പോൾ; വരിയിൽ നിൽക്കുന്ന അവസാനത്തെ വ്യക്തിയിലേക്ക് പോലും എത്തിച്ചേരാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് പണ്ഡിറ്റ് ദീൻദയാൽ ജിയുടെ ദർശനത്തിന് യഥാർത്ഥത്തിൽ നീതി ലഭിക്കുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകത്തിൽ, കോടിക്കണക്കിന് ഇന്ത്യക്കാർ ദാരിദ്ര്യത്തെ തോൽപ്പിച്ച് അതിനെ മറികടന്നു. ബിജെപി സർക്കാർ പിന്നോക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുകയും ഏറ്റവും അവസാന സ്ഥാനത്തുള്ളവർക്ക് മുൻഗണന നൽകുകയും ചെയ്തതിനാലാണ് ഇത് സാധ്യമായത്. സുഹൃത്തുക്കളേ, 2014 ന് മുമ്പ്, ഏകദേശം 25 കോടി പൗരന്മാരെ ഗവൺമെന്റിന്റെ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് കീഴിൽ ഉൾപ്പെടുത്തിയിരുന്നു. വെറും 25 കോടി ആളുകൾ മാത്രം! ഇന്ന്, ഏകദേശം 95 കോടി ഇന്ത്യക്കാർ ഈ സംരക്ഷണ കുടയ്ക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലും, വലിയൊരു വിഭാഗം ആളുകൾ ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്. മറ്റൊരു ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകട്ടെ. ഒരുകാലത്ത് ബാങ്ക് അക്കൗണ്ടുകൾ കുറച്ച് ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതുപോലെ, ഇൻഷുറൻസും സമ്പന്നർക്ക് മാത്രമായിരുന്നു. അവസാനമുള്ള വ്യക്തിക്ക് ഇൻഷുറൻസ് സുരക്ഷ നൽകാനുള്ള ഉത്തരവാദിത്തം നമ്മുടെ ഗവൺമെന്റ് ഏറ്റെടുത്തു. ഇതിനായി, നാമമാത്ര പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന ആരംഭിച്ചു. ഇന്ന്, 25 കോടിയിലധികം ദരിദ്ര പൗരന്മാർ ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, അപകട ഇൻഷുറൻസിനായി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന നടപ്പിലാക്കുന്നു, കൂടാതെ ഏകദേശം 55 കോടി ദരിദ്ര പൗരന്മാരെ ഇതിന്റെ കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഇൻഷുറൻസിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത പൗരന്മാരായിരുന്നു ഇവർ.
സുഹൃത്തുക്കളേ,
ഈ പദ്ധതികളിലൂടെ ഏകദേശം 25,000 കോടി രൂപയുടെ ക്ലെയിമുകൾ നൽകിയിട്ടുണ്ട്, ഇത് എളിമയുള്ള ജീവിതം നയിക്കുന്ന സാധാരണ ദരിദ്ര കുടുംബങ്ങൾക്ക് പ്രയോജനകരമാണ് എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ ദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ ഈ പണം എത്തിയിരിക്കുന്നു.
സുഹൃത്തുക്കളേ,
അടൽ ജിയുടെ ജന്മദിനമായ ഇന്ന്, സദ്ഭരണം ആഘോഷിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണ്. വളരെക്കാലമായി, "ഗരീബി ഹഠാവോ" പോലുള്ള മുദ്രാവാക്യങ്ങൾ ഈ രാജ്യത്ത് ഭരണം എന്ന നിലയിൽ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ അടൽ ജി സദ് ഭരണത്തെ യഥാർത്ഥ അർത്ഥത്തിൽ താഴെ തട്ടിലേക്ക് കൊണ്ടുവന്നു. യഥാർത്ഥത്തിൽ. ഇന്ന്, ഡിജിറ്റൽ ഐഡന്റിറ്റിയെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്. അതിന്റെ അടിത്തറ പാകിയത് അടൽ ജിയുടെ ഗവൺമെന്റ് തന്നെയാണ്. അന്ന് ഒരു പ്രത്യേക കാർഡിൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്ന് ആധാർ എന്ന പേരിൽ ആഗോളതലത്തിൽ പ്രശസ്തമായി. ഭാരതത്തിൽ ടെലികോം വിപ്ലവം ത്വരിതപ്പെടുത്തിയതിന്റെ ബഹുമതിയും അടൽ ജിക്കാണ്. അദ്ദേഹത്തിന്റെ ഗവൺമെന്റ് രൂപപ്പെടുത്തിയ ടെലികോം നയം എല്ലാ വീടുകളിലേക്കും ടെലിഫോണുകളും ഇന്റർനെറ്റും എത്തിക്കുന്നത് എളുപ്പമാക്കി, ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ മൊബൈൽ, ഇന്റർനെറ്റ് ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഭാരതം.
സുഹൃത്തുക്കളേ,
അടൽ ജി ഇന്ന് എവിടെയായിരുന്നാലും, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാവായി മാറിയെന്ന് അറിയുന്നതിൽ അദ്ദേഹം സന്തോഷിക്കും. അദ്ദേഹം പാർലമെന്റ് അംഗമായിരുന്ന ഉത്തർപ്രദേശ് ഇന്ന് ഭാരതത്തിന്റെ ഒന്നാം നമ്പർ മൊബൈൽ നിർമ്മാണ സംസ്ഥാനമാണ്.
സുഹൃത്തുക്കളേ,
കണക്റ്റിവിറ്റിയെക്കുറിച്ചുള്ള അടൽ ജിയുടെ ദർശനം 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന് ആദ്യകാല ശക്തി നൽകി. ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ കാലത്താണ്. ഹൈവേകളുടെ വികസനമായ സുവർണ്ണ ചതുർഭുജത്തിന്റെ (Golden Quadrilateral) പ്രവർത്തനങ്ങൾ ആരംഭിച്ചതും അന്നുതന്നെയാണ്.
സുഹൃത്തുക്കളേ,
2000 മുതൽ, പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം ഗ്രാമങ്ങളിൽ ഇതുവരെ ഏകദേശം 800,000 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ, കഴിഞ്ഞ 10–11 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 400,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചു.
സുഹൃത്തുക്കളേ,
ഇന്ന്, രാജ്യത്തുടനീളം എത്ര വേഗത്തിലാണ് എക്സ്പ്രസ് വേകൾ അഭൂതപൂർവമായ വേഗതയിൽ നിർമ്മിക്കപ്പെടുന്നതെന്ന് നിങ്ങൾക്ക് സ്വയം കാണാൻ കഴിയും. ഉത്തർപ്രദേശും ഒരു എക്സ്പ്രസ് വേ സംസ്ഥാനമെന്ന നിലയിൽ അതിന്റെ സവിശേഷ വ്യക്തിത്വം സ്ഥാപിക്കുകയാണ്. ഡൽഹി മെട്രോയ്ക്ക് തുടക്കമിട്ടത് അടൽ ജിയാണ്. ഇന്ന്, രാജ്യത്തെ 20-ലധികം നഗരങ്ങളിലെ മെട്രോ ശൃംഖലകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം എളുപ്പമാക്കുന്നു. ബിജെപി-എൻഡിഎ ഗവൺമെന്റ് സൃഷ്ടിച്ച സദ്ഭരണത്തിന്റെ പാരമ്പര്യം ഇപ്പോൾ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഗവൺമെന്റുകൾ പുതിയ ഉയരങ്ങളിലേക്കും പുതിയ മാനങ്ങളിലേക്കും കൊണ്ടുപോകുന്നു.
സുഹൃത്തുക്കളേ,
ഡോ. മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ജി, അടൽ ജി എന്നീ മൂന്ന് മഹാന്മാരിൽ നിന്ന് ലഭിച്ച പ്രചോദനവും ഈ ഉയർന്ന പ്രതിമകളും ഒരുമിച്ച് ഒരു 'വികസിത് ഭാരത'ത്തിന് വളരെ ശക്തമായ അടിത്തറയായി മാറുന്നു. ഇന്ന്, ഈ പ്രതിമകൾ നമ്മെ പുത്തൻ ഊർജ്ജം കൊണ്ട് നിറയ്ക്കുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഭാരതത്തിൽ എല്ലാ നല്ല പ്രവൃത്തികളും ഒരൊറ്റ കുടുംബത്തിന് മാത്രമായി കണക്കാക്കുന്ന ഒരു പ്രവണത എങ്ങനെ വികസിച്ചുവെന്ന് നാം മറക്കരുത്. പുസ്തകങ്ങൾ, ഗവൺമെന്റ് പദ്ധതികൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, പാതകൾ, റോഡുകൾ അല്ലെങ്കിൽ പൊതു ചത്വരങ്ങൾ എന്നിവ എന്തുതന്നെയായാലും, എല്ലാം ഒരു കുടുംബത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു വ്യായാമമായി മാറി: പേരുകൾ, പ്രതിമകൾ, എല്ലാം അവയെ ചുറ്റിപ്പറ്റിയാണ്. ഒരൊറ്റ കുടുംബത്തിന്റെ തടവിലാക്കപ്പെടുന്ന ഈ പഴയ പ്രവണതയിൽ നിന്ന് ബിജെപി രാജ്യത്തെ മോചിപ്പിച്ചു. മാ ഭാരതിയെ സേവിച്ച ഓരോ അനശ്വര മകന്റെയും മകളുടെയും സംഭാവനയെ നമ്മുടെ ഗവൺമെന്റ് ആദരിക്കുന്നു. കുറച്ച് ഉദാഹരണങ്ങൾ ഞാൻ നിങ്ങൾക്ക് നൽകട്ടെ. ഇന്ന്, ഡൽഹിയിലെ കർത്തവ്യ പാതയിലാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ നിലകൊള്ളുന്നത്. നേതാജി ത്രിവർണ്ണ പതാക ഉയർത്തിയ ആൻഡമാനിലെ ദ്വീപ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരാണ് വഹിക്കുന്നത്.
സുഹൃത്തുക്കളേ,
ബാബാസാഹേബ് അംബേദ്കറുടെ പൈതൃകം ഇല്ലാതാക്കാൻ ശ്രമിച്ചത് ആർക്കും മറക്കാൻ കഴിയില്ല. ഡൽഹിയിൽ, കോൺഗ്രസ് ഭരണകുടുംബമാണ് ഈ ഗുരുതരമായ തെറ്റ് ചെയ്തത്, ഇവിടെ ഉത്തർപ്രദേശിൽ, സമാജ്‌വാദി പാർട്ടിയും അത് ചെയ്യാൻ ധൈര്യപ്പെട്ടു. എന്നാൽ ബാബാസാഹേബിന്റെ പൈതൃകം ഇല്ലാതാക്കാൻ ബിജെപി അനുവദിച്ചില്ല. ഇന്ന്, ഡൽഹി മുതൽ ലണ്ടൻ വരെ, ബാബാസാഹേബ് അംബേദ്കറുടെ പഞ്ചതീർത്ഥങ്ങൾ അദ്ദേഹത്തിന്റെ പൈതൃകം പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളേ, നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന നമ്മുടെ രാജ്യത്തെ സർദാർ വല്ലഭായ് പട്ടേൽ ഏകീകരിച്ചു. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹത്തിന്റെ സ്ഥാനത്തെയും താഴ്ത്താൻ ശ്രമിച്ചു. സർദാർ സാഹിബിന് അദ്ദേഹം അർഹിക്കുന്ന ബഹുമാനവും ആദരവും നൽകിയത് ബിജെപിയാണ്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ബിജെപി നിർമ്മിച്ചു, ഏക്താ നഗർ എന്നറിയപ്പെടുന്ന ഒരു പ്രചോദനാത്മക സ്ഥലം വികസിപ്പിച്ചു. ഇപ്പോൾ, എല്ലാ വർഷവും ഒക്ടോബർ 31 ന് രാഷ്ട്രം ദേശീയ ഐക്യദിനത്തിന്റെ പ്രധാന ആഘോഷമായി ഇത് ആചരിക്കുന്നു.
സുഹൃത്തുക്കളേ,
പതിറ്റാണ്ടുകളായി, ആദിവാസി സമൂഹങ്ങളുടെ സംഭാവനകൾക്ക് അർഹമായ സ്ഥാനം നൽകിയിരുന്നില്ല. ഭഗവാൻ ബിർസ മുണ്ടയ്ക്ക് വേണ്ടി ഒരു മഹത്തായ സ്മാരകം നിർമ്മിച്ചത് നമ്മുടെ ഗവൺമെന്റാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഛത്തീസ്ഗഡിൽ ഷഹീദ് വീർ നാരായൺ സിംഗ് ട്രൈബൽ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടു.
സുഹൃത്തുക്കളേ,
രാജ്യത്തുടനീളം അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ഇവിടെ ഉത്തർപ്രദേശിൽ പോലും, മഹാരാജ സുഹൽദേവിന്റെ കാര്യം എടുക്കുക. ബിജെപി സർക്കാർ അധികാരത്തിൽസുഹൃത്തുക്കളേ, പതിറ്റാണ്ടുകളായി, ആദിവാസി സമൂഹങ്ങളുടെ സംഭാവനകൾക്ക് അർഹമായ സ്ഥാനം നൽകിയിരുന്നില്ല. ഭഗവാൻ ബിർസ മുണ്ടയ്ക്ക് വേണ്ടി ഒരു മഹത്തായ സ്മാരകം നിർമ്മിച്ചത് നമ്മുടെ ഗവൺമെന്റാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഛത്തീസ്ഗഡിൽ ഷഹീദ് വീർ നാരായൺ സിംഗ് ട്രൈബൽ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടു. സുഹൃത്തുക്കളേ, രാജ്യത്തുടനീളം അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ഇവിടെ ഉത്തർപ്രദേശിൽ പോലും, മഹാരാജ സുഹൽദേവിന്റെ കാര്യം എടുക്കുക. ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം മാത്രമാണ് അദ്ദേഹത്തിനായി സമർപ്പിത സ്മാരകം നിർമ്മിച്ചത്. ഇവിടെ, നിഷാദ് രാജിന്റെയും ഭഗവാൻ ശ്രീരാമന്റെയും സംഗമസ്ഥലത്തിന് ഒടുവിൽ അർഹമായ ബഹുമാനവും അംഗീകാരവും ലഭിച്ചു. രാജ മഹേന്ദ്ര പ്രതാപ് സിംഗ് മുതൽ ചൗരി ചൗരയിലെ രക്തസാക്ഷികൾ വരെ, ഭാരത മാതാവിന്റെ ഈ പുത്രന്മാരുടെ സംഭാവനകളെ പൂർണ്ണ ബഹുമാനത്തോടെയും വിനയത്തോടെയും ഓർമ്മിച്ചത് ബിജെപി ഗവൺമെന്റാണ്.
സുഹൃത്തുക്കളേ,
വംശപരമ്പരയാൽ നയിക്കപ്പെടുന്ന രാഷ്ട്രീയത്തിന് ഒരു പ്രത്യേക സ്വഭാവമുണ്ട്: അത് അരക്ഷിതാവസ്ഥയിൽ വേരൂന്നിയതാണ്. അതുകൊണ്ടാണ്, രാജവംശ രാഷ്ട്രീയക്കാർക്ക്, മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നത് ഒരു നിർബന്ധമായി മാറുന്നത്, അങ്ങനെ അവരുടെ സ്വന്തം കുടുംബം വലുതായി കാണപ്പെടുകയും അവരുടെ സംരംഭം തുടരുകയും ചെയ്യുന്നു. ഈ മാനസികാവസ്ഥ ഭാരതത്തിൽ രാഷ്ട്രീയ തൊട്ടുകൂടായ്മയ്ക്ക് കാരണമായി. ചിന്തിക്കുക, സ്വതന്ത്ര ഭാരതത്തിൽ നിരവധി പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്, എന്നാൽ തലസ്ഥാനമായ ഡൽഹിയിൽ, നിലവിലുണ്ടായിരുന്ന മ്യൂസിയം നിരവധി മുൻ പ്രധാനമന്ത്രിമാരെ അവഗണിച്ചു. ഈ സാഹചര്യം മാറ്റിയത് ബിജെപിയും എൻഡിഎയുമാണ്. ഇന്ന്, നിങ്ങൾ ഡൽഹിയിലേക്ക് പോകുമ്പോൾ, മഹത്തായ പ്രധാനമന്ത്രിമാരുടെ മ്യൂസിയം നിങ്ങളെ സ്വാഗതം ചെയ്യുന്നു, സ്വതന്ത്ര ഭാരതത്തിലെ ഓരോ പ്രധാനമന്ത്രിക്കും, അവരുടെ കാലാവധി എത്ര കുറവാണെങ്കിലും, അർഹമായ ബഹുമാനവും ഇടവും നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയെ രാഷ്ട്രീയമായി "തൊട്ടുകൂടാത്തവരായി" നിലനിർത്തി. എന്നാൽ ബിജെപിയുടെ മൂല്യങ്ങൾ എല്ലാവരെയും ബഹുമാനിക്കാൻ നമ്മെ പഠിപ്പിക്കുന്നു. കഴിഞ്ഞ 11 വർഷത്തെ ബിജെപി-എൻഡിഎ ഭരണത്തിനിടയിൽ നരസിംഹറാവു ജിക്കും പ്രണബ് ബാബുവിനും ഭാരതരത്നം നൽകിയിട്ടുണ്ട്. മുലായം സിംഗ് യാദവ് ജി, തരുൺ ഗൊഗോയ് ജി എന്നിവരുൾപ്പെടെ നിരവധി നേതാക്കളെ ദേശീയ അവാർഡുകൾ നൽകി ആദരിച്ചത് നമ്മുടെ ഗവണ്മെന്റാണ്. കോൺഗ്രസിൽ നിന്നോ സമാജ്‌വാദി പാർട്ടിയിൽ നിന്നോ അത്തരം പ്രകടനങ്ങൾ പ്രതീക്ഷിക്കാനാവില്ല. അവരുടെ ഭരണകാലത്ത് ബിജെപി നേതാക്കൾക്ക് അപമാനം മാത്രമേ ലഭിച്ചുള്ളൂ. സുഹൃത്തുക്കളേ, ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവണ്മെന്റിൽ നിന്ന് ഉത്തർപ്രദേശ് വളരെയധികം നേട്ടങ്ങൾ കൈവരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ ഉത്തർപ്രദേശ് സ്വയം ഒരു പ്രത്യേക വ്യക്തിത്വം രൂപപ്പെടുത്തുകയാണ്. യുപിയിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗമാണ് ഞാൻ എന്നത് എന്റെ ഭാഗ്യമാണ്. ഇന്ന്, ഉത്തർപ്രദേശിലെ കഠിനാധ്വാനികളായ ജനങ്ങൾ ഒരു പുതിയ ഭാവി എഴുതുകയാണെന്ന് എനിക്ക് വളരെ അഭിമാനത്തോടെ പറയാൻ കഴിയും. യുപി ക്രമസമാധാനത്തിന്റെ കാര്യത്തിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു; ഇന്ന് യുപി അതിന്റെ വികസനത്തിനായി ചർച്ച ചെയ്യപ്പെടുന്നു. ഇന്ന്, രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ യുപി അതിവേഗം ഉയർന്നുവരുന്നു. അയോധ്യയിലെ ഗംഭീരമായ രാമക്ഷേത്രവും കാശി വിശ്വനാഥ ധാമും യുപിയുടെ പുതിയ ആഗോള സ്വത്വത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. രാഷ്ട്ര പ്രേരണ സ്ഥൽ പോലുള്ള ആധുനിക വികസനങ്ങൾ സംസ്ഥാനത്തിന്റെ പുതിയ പ്രതിച്ഛായയെ കൂടുതൽ പ്രകാശിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
സദ്ഭരണത്തിൻ്റെയും സമൃദ്ധിയുടെയും യഥാർത്ഥ സാമൂഹിക നീതിയുടെയും മാതൃകയായി നമ്മുടെ ഉത്തർപ്രദേശ് ഇനിയും ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷയോടെ, ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും രാഷ്ട്ര പ്രേരണ സ്ഥലിന്റെ പേരിൽ അഭിനന്ദിക്കുന്നു. ഞാൻ: ഡോ. ശ്യാമ പ്രസാദ് മുഖർജി എന്ന് പറയുമ്പോൾ നിങ്ങൾ അമർ രഹേ, അമർ രഹേ എന്ന് പറയും പ്രതികരിക്കും. ഞാൻ : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജി എന്ന് പറയുമ്പോൾ നിങ്ങൾ അമർ രഹേ, അമർ രഹേ എന്ന് പ്രതികരിക്കും. ഞാൻ : അടൽ ബിഹാരി വാജ്പേയി ജി എന്ന് പറയുമ്പോൾ അമർ രഹേ, അമർ രഹേ എന്ന് നിങ്ങൾ പ്രതികരിക്കും.
ശ്യാമ പ്രസാദ് മുഖർജി -- അമർ രഹേ, അമർ രഹേ.
ശ്യാമ പ്രസാദ് മുഖർജി -- അമർ രഹേ, അമർ രഹേ.
ശ്യാമ പ്രസാദ് മുഖർജി -- അമർ രഹേ, അമർ രഹേ.
പണ്ഡിറ്റ് ദീൻദയാൽ ജി -- അമർ രഹേ, അമർ രഹേ.
പണ്ഡിറ്റ് ദീൻദയാൽ ജി -- അമർ രഹേ, അമർ രഹേ.
പണ്ഡിറ്റ് ദീൻദയാൽ ജി -- അമർ രഹേ, അമർ രഹേ.
അടൽ ബിഹാരി വാജ്പേയി ജി -- അമർ രഹേ, അമർ രഹേ.
അടൽ ബിഹാരി വാജ്പേയി ജി -- അമർ രഹേ, അമർ രഹേ.
അടൽ ബിഹാരി വാജ്പേയി ജി -- അമർ രഹേ, അമർ രഹേ.
ഭാരത് മാതാ കി - ജയ്!
വന്ദേമാതരം!
വന്ദേമാതരം!
വളരെ നന്ദി.
-SK-
(रिलीज़ आईडी: 2209877)
आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Kannada