രാജ്യരക്ഷാ മന്ത്രാലയം
NCC റിപ്പബ്ലിക് ദിന ക്യാമ്പ് 2026-ന് തുടക്കമായി
898 പെൺ കേഡറ്റുകളുൾപ്പെടെ ആകെ 2406 കേഡറ്റുകൾ പങ്കെടുക്കുന്നു
प्रविष्टि तिथि:
30 DEC 2025 12:56PM by PIB Thiruvananthpuram
നാഷണൽ കേഡറ്റ് കോറിൻ്റെ (NCC) 2026-ലെ റിപ്പബ്ലിക് ദിന ക്യാമ്പ് 2025 ഡിസംബർ 30-ന് ഡൽഹി കൻ്റോൺമെൻ്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ "സർവ്വ ധർമ്മ പൂജ"യോടെ ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ മികച്ച കേഡറ്റ് മത്സരം, സ്മോൾ ആംസ് ഫയറിംഗ്, കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ മാർച്ചിംഗ് കണ്ടിജൻ്റ്, ഫ്ലാഗ് ഏരിയ ഡിസൈനിംഗ് തുടങ്ങിയ വിവിധ ഇൻ്റർ-ഡയറക്ടറേറ്റ് മത്സരങ്ങളും പരിപാടികളും ഉൾപ്പെടുന്നു.
28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 898 പെൺ കേഡറ്റുകളുൾപ്പെടെ ആകെ 2,406 കേഡറ്റുകളാണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പങ്കാളിത്തമാണ്. കൂടാതെ, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന് (YEP) കീഴിൽ 25 സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും ഉദ്യോഗസ്ഥരും ഈ വർഷത്തെ ആഘോഷങ്ങളിൽ പങ്കുചേരും.
ചടങ്ങിൽ സംസാരിച്ച NCC ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ വീരേന്ദ്ര വത്സ്, കേഡറ്റുകളെ സ്വാഗതം ചെയ്യുകയും അഭിമാനകരമായ റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. മതം, ഭാഷ, ജാതി എന്നിവയുടെ തടസ്സങ്ങളെ മറികടന്ന് 'രാഷ്ട്രം ആദ്യം' എന്ന യഥാർത്ഥ മനോഭാവത്തോടെ സ്വഭാവ ശുദ്ധി, അഖണ്ഡത, നിസ്വാർത്ഥ സേവനം, സഹവർത്തിത്വം, കൂട്ടായ പ്രവർത്തനം എന്നിവയുടെ ഉന്നതമായ ഗുണങ്ങൾ പ്രദർശിപ്പിക്കാൻ അദ്ദേഹം കേഡറ്റുകളോട് ആഹ്വാനം ചെയ്തു.
'ഐക്യവും അച്ചടക്കവും' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, റിപ്പബ്ലിക് ദിന ക്യാമ്പ് രാജ്യത്തുടനീളമുള്ള NCC കേഡറ്റുകളെ ഒരുമിച്ച് കൊണ്ടുവരികയും അവർക്ക് പരിശീലനത്തിനും സാംസ്കാരിക കൈമാറ്റത്തിനും അവസരങ്ങൾ നല്കുകയും അതോടൊപ്പം കേഡറ്റുകളിൽ ആഴത്തിലുള്ള രാജ്യസ്‌നേഹം, അച്ചടക്കം, നേതൃപാടവം എന്നിവ വളർത്തുകയും ചെയ്യുന്നു.
*****
(रिलीज़ आईडी: 2209784)
आगंतुक पटल : 8