വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സുപ്രധാന നാഴികക്കല്ലായ ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കി

प्रविष्टि तिथि: 22 DEC 2025 11:39AM by PIB Thiruvananthpuram
ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും സമഗ്രവും സന്തുലിതവും ഭാവിസജ്ജവുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിന് (FTA) അന്തിമ രൂപം നല്‍കി. ഇന്തോ-പസഫിക് മേഖലയുമായുള്ള ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപരവുമായ ബന്ധങ്ങളില്‍ സുപ്രധാന നാഴികക്കല്ലായി ഈ കരാര്‍ മാറും.

 വികസിത ഭാരതം 2047 ദേശീയ ദര്‍ശനത്തിന് അനുപൂരകമായി, ഇന്ത്യ അതിവേഗം അന്തിമരൂപം നല്‍കുന്ന സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒന്നായി ഇത് മാറി. 2025 മാര്‍ച്ച് 16ന് ബഹുമാനപ്പെട്ട വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലും ന്യൂസിലാന്‍ഡ് വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും നടത്തിയ  കൂടിക്കാഴ്ചയിലാണ് ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിച്ചത്. അഞ്ച് റൗണ്ട് ഔപചാരിക ചര്‍ച്ചകളും  നേരിട്ടും വെര്‍ച്വലായുമുള്ള ഒട്ടേറെ യോഗങ്ങളും നിരന്തരവും ഊര്‍ജ്ജസ്വലവുമായ ഇടപെടലുകളിലൂടെയുമാണ് കരാറിന് അന്തിമ രൂപം നല്‍കിയത്. തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും, നൈപുണ്യ ചലനാത്മകത സുഗമമാക്കുകയും, വ്യാപാര നിക്ഷേപ മേഖലകളിലെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയും, കാര്‍ഷിക ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും, ദീര്‍ഘകാല സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ MSME പങ്കാളിത്തം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉന്നതതല സാമ്പത്തിക പങ്കാളിത്തമാണ് സ്വതന്ത്ര വ്യാപാര കരാര്‍ വിഭാവനം ചെയ്യുന്നത്.

കരാര്‍ അന്തിമമായതിനെക്കുറിച്ച് വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ പറഞ്ഞു: ജനകേന്ദ്രീകൃത വ്യാപാരം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും നമ്മുടെ കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, വനിതകള്‍ക്കും, നൂതനാശയ സംരംഭകര്‍ക്കും അവസരങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചുമാണ് ഈ സ്വതന്ത്ര വ്യാപാര കരാര്‍ വ്യക്തമാക്കുന്നത്. വിളവും കര്‍ഷക വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിലൂടെ, കരാര്‍ ആധുനിക കാര്‍ഷിക ഉത്പാദനക്ഷമതയെ മുന്നോട്ട് നയിക്കുന്നു. സുഘടിതമായ ദിശാദര്‍ശനം പ്രദാനം ചെയ്യുന്ന  കയറ്റുമതി നയത്തിലൂടെ മേഖലയിലെ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുകയും, ആഗോളതലത്തില്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും വളരാനും നമ്മുടെ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 ഇന്ത്യയുടെ എല്ലാ ഉത്പന്നങ്ങളിന്മേലുമുള്ള (100% താരിഫ് ലൈനുകളിലും) തീരുവ ഒഴിവാക്കുന്നത്, എല്ലാതരത്തിലുമുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ രഹിത പ്രവേശനം ഉറപ്പാക്കുന്നു. ഈ വിപണി പ്രവേശനം ഇന്ത്യയുടെ തൊഴില്‍തീവ്ര മേഖലകളായ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സമുദ്രോത്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, വനിതകള്‍, യുവാക്കള്‍, MSME കള്‍ എന്നിവയെ നേരിട്ട് പിന്തുണയ്ക്കുകയും ആഗോള മൂല്യ ശൃംഖലകളിലേക്ക് കൂടുതല്‍ ശക്തമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.

ഇതുവരെ അന്തിമമാക്കിയ ന്യൂസിലാന്‍ഡിന്റെ സ്വതന്ത്ര വ്യാപാര കരാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏറ്റവും മികച്ചതും അഭിലഷണീയവുമായ പ്രാധാന്യം സേവന മേഖലയ്ക്ക് ഈ കരാര്‍ നല്‍കുന്നു. ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, പ്രൊഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങള്‍, വിനോദസഞ്ചാരം, നിര്‍മാണം, മറ്റ് ബിസിനസ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള വിവിധ മേഖലകളില്‍ ഇന്ത്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ സേവന വിതരണ സ്ഥാപനങ്ങള്‍ക്കും ഉന്നത നൈപുണ്യമുള്ള തൊഴിലുകള്‍ക്കും ഗണ്യമായ പുതിയ അവസരങ്ങള്‍ തുറക്കുന്നു.

''തീരുവ, കാര്‍ഷിക ഉത്പാദനക്ഷമത, നിക്ഷേപം, നൈപുണ്യം എന്നിവ അടിസ്ഥാനമാക്കി പരസ്പരപൂരകമായി രൂപകല്‍പ്പന ചെയ്ത പുതുതലമുറ വ്യാപാര കരാര്‍' എന്നാണ് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ കരാര്‍ ഇന്ത്യന്‍ കയറ്റുമതി വിപുലീകരിക്കുകയും, തൊഴില്‍തീവ്ര വളര്‍ച്ചയെയും ഊര്‍ജ്ജ സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വിപുലവും, വളരുന്നതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് ന്യൂസിലന്‍ഡിന് കൂടുതല്‍ ആഴത്തിലുള്ള, പ്രവചനാത്മകമായ  പ്രവേശനം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, നൈപുണ്യമുള്ള തൊഴിലാളികള്‍ എന്നിവരുടെ സഞ്ചാരം ഈ ശക്തിയെ കൂടുതല്‍ ഏകീകരിക്കുന്നു.

ഭാവി സജ്ജവും സൗകര്യപ്രദവും ലളിതവുമായ മൊബിലിറ്റി ചട്ടക്കൂട്, നൈപുണ്യമുള്ളതും അര്‍ദ്ധനൈപുണ്യമുള്ളതുമായ പ്രതിഭകളെ വിതരണം ചെയ്യുന്ന പ്രധാന രാജ്യമായി ഇന്ത്യയെ സ്ഥാപിക്കുന്നു.  ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മെച്ചപ്പെട്ട പ്രവേശന, പാര്‍പ്പിട വ്യവസ്ഥകള്‍ FTA നല്‍കുന്നു. പഠനസമയത്ത് തൊഴിലവസരങ്ങള്‍, പഠനാനന്തര ജോലികള്‍, സമര്‍പ്പിത വിസ ക്രമീകരണങ്ങള്‍, വര്‍ക്കിംഗ് ഹോളിഡേ വിസ ചട്ടക്കൂട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ യുവാക്കള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

വൈദഗ്ധ്യമുള്ള തൊഴിലുകളിലേര്‍പ്പെടുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് താല്‍ക്കാലിക എംപ്ലോയ്‌മെന്റ് എന്‍ട്രി വിസ മാര്‍ഗ്ഗത്തിലൂടെ നൈപുണ്യമാവശ്യമുള്ള തൊഴിലുകളിലേക്കുള്ള വഴികള്‍ സ്വതന്ത്ര വ്യാപാര കരാര്‍ തുറന്നു നല്‍കുന്നു. 5,000 വിസകളുടെ ക്വാട്ടയും മൂന്ന് വര്‍ഷം വരെ താമസവും ഇതില്‍ ഉള്‍പ്പെടുന്നു. ആയുഷ് പ്രാക്ടീഷണര്‍മാര്‍, യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ഇന്ത്യന്‍ പാചക വിദഗ്ദ്ധര്‍, സംഗീത അധ്യാപകര്‍ തുടങ്ങിയ ഇന്ത്യന്‍ തൊഴിലുകളും ഐടി, എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിര്‍മ്മാണം എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ആവശ്യകതയുള്ള മേഖലകളും, തൊഴില്‍ ശക്തിയുടെ ചലനാത്മകതയും സേവന വ്യാപാരവും ശക്തിപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് തൊഴില്‍ ശക്തിയുടെ ചലനാത്മകതയും സേവന വ്യാപാരത്തിന്റെ വളര്‍ച്ചയും ശക്തിപ്പെടുത്തുന്നു.

'കിവി, ആപ്പിള്‍, തേന്‍ എന്നീ കാര്‍ഷിക മേഖലകളില്‍ സമര്‍പ്പിത കാര്‍ഷിക സാങ്കേതിക പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കി, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, സാങ്കേതികവിദ്യയും ഗവേഷണ സഹകരണവും, ഗുണനിലവാരമുയര്‍ത്തല്‍, മൂല്യ ശൃംഖല വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ആഭ്യന്തര ശേഷി ശക്തിപ്പെടുത്താനും, ഇന്ത്യന്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും സഹായിക്കുന്നു. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, മെച്ചപ്പെട്ട നടീല്‍ വസ്തുക്കളുടെ ഉപയോഗം, കര്‍ഷകരുടെ കാര്യക്ഷമതാ വികസനം, തോട്ടങ്ങളുടെ പരിപാലനത്തിന് സാങ്കേതിക പിന്തുണ, വിളവെടുപ്പാനന്തര പ്രക്രിയകള്‍, വിതരണ ശൃംഖലയുടെ പ്രകടനം, ഭക്ഷ്യ സുരക്ഷ എന്നിവയും സഹകരണത്തിലുണ്ട്. ആപ്പിള്‍ കര്‍ഷകര്‍ക്കുള്ള പദ്ധതികളും സുസ്ഥിര തേനീച്ച വളര്‍ത്തല്‍ രീതികളും ഉത്പാദന ശേഷിയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം ഈ കരാര്‍ ഗണ്യമായി ശക്തിപ്പെടുത്തുന്നു. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം സുഗമമാക്കാന്‍ ന്യൂസിലന്‍ഡ് പ്രതിജ്ഞാബദ്ധമാണ്. തദ്വാരാ, 'മെയ്ക്ക് ഇന്‍ ഇന്ത്യ' ദര്‍ശനത്തിന്റെ കീഴില്‍ ഉത്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, നൂതനാശയങ്ങള്‍, തൊഴില്‍ എന്നിവ ശക്തിപ്പെടുത്തപ്പെടുന്നു. കൂടാതെ, ന്യൂസിലന്‍ഡിലെ സാന്നിധ്യം ഇന്ത്യന്‍ സംരംഭങ്ങള്‍ക്കു പ്രയോജനപ്പെടുകയും, വിശാലമായ പസഫിക് ദ്വീപ് വിപണികളിലേക്കുള്ള പ്രവേശനത്തിന്റെ കവാടം തുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

US FDA, EMA, UK MHRA എന്നിവയുള്‍പ്പെടെയുള്ള സമാന റെഗുലേറ്റര്‍മാരുടെ അംഗീകാരങ്ങളും GMP, GCP  എന്നിവയുടെ പരിശോധനാ റിപ്പോര്‍ട്ടുകളും സ്വീകരിക്കുന്നതിലൂടെ, അതിവേഗമുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ സാധ്യമാകുകയും ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പ്രോത്സാഹനം ലഭിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിച്ചുള്ള പരിശോധനകളും അനുവര്‍ത്തന ചെലവുകളും കുറയ്ക്കുകയും, ഉത്പന്ന അംഗീകാര പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഇതുവഴി, ന്യൂസിലാന്‍ഡിലേക്കുള്ള ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണ കയറ്റുമതിയില്‍ വളര്‍ച്ചക്ക് വഴിതെളിക്കുന്നു.

ഇന്ത്യന്‍ വൈനുകള്‍, പ്രാദേശിക ലഹരി പാനീയങ്ങള്‍, 'മറ്റ് സാധനങ്ങള്‍' എന്നിവയുടെ രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഭൗമശാസ്ത്ര സൂചകങ്ങളിലേക്ക് പ്രതിബദ്ധത വ്യാപിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് യൂറോപ്യന്‍ യൂണിയന് നല്‍കിയ ആനുകൂല്യമാണിത്. നിര്‍വചിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും.

ആയുഷ്, സംസ്‌കാരം, മത്സ്യബന്ധനം, ദൃശ്യ ശ്രവ്യ വിനോദസഞ്ചാരം, വനസംരക്ഷണം, പൂന്തോട്ടപരിപാലനം, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങള്‍ എന്നിവയില്‍ സഹകരണത്തിന് ധാരണയായി. സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ ആയുഷ് സംവിധാനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പ്രോത്സാഹിപ്പിക്കുകയും, മെഡിക്കല്‍ ടൂറിസത്തെ വളര്‍ത്തുകയും, ഇന്ത്യയെ ഒരു ആഗോള വെല്‍നസ് ഹബ്ബാക്കി ഉയര്‍ത്തുകയും ചെയ്യുന്നു

താരിഫ് ഇളവുകള്‍ക്കൊപ്പം, മെച്ചപ്പെട്ട നിയന്ത്രണ സഹകരണം, സുതാര്യത, കാര്യക്ഷമമായ കസ്റ്റംസ് നടപടികള്‍, സാനിറ്ററി-ഫൈറ്റോ സാനിറ്ററി (SPS) നടപടികള്‍, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്നിവയിലൂടെ താരിഫ് ഇതര തടസ്സങ്ങള്‍ നീക്കാനുള്ള വ്യവസ്ഥകളും സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതികള്‍ക്കുള്ള  തീരുവ ഇളവുകള്‍ ഫലപ്രദവും അര്‍ത്ഥവത്തുമായ വിപണി പ്രവേശനത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യ-ന്യൂസിലാന്‍ഡ് സാമ്പത്തിക ബന്ധങ്ങള്‍ സ്ഥായിയായ വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. 2024-25 വര്‍ഷത്തില്‍ ഉഭയകക്ഷി ചരക്ക് വ്യാപാരം 1.3 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തി, 2024ല്‍ ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെയുള്ള മൊത്ത വ്യാപാരം ഏകദേശം 2.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. സഞ്ചാരം, ഐടി, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കമുള്ള  സേവന വ്യാപാരം മാത്രം 1.24 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഈ ബന്ധത്തിന്റെ പൂര്‍ണ്ണ സാധ്യതകള്‍ സാക്ഷാത്കരിക്കാന്‍, സ്ഥിരവും പ്രവചനാത്മകവുമായ ഒരു ചട്ടക്കൂട് സ്വതന്ത്ര വ്യാപാര കരാര്‍ സൃഷ്ടിക്കുന്നു

ആദരണീയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തില്‍ ഈ വര്‍ഷം അന്തിമ രൂപം നല്‍കുന്ന മൂന്നാമത്തെ സ്വതന്ത്ര വ്യാപാര കരാര്‍ ആയ ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍, പുതുതലമുറ വ്യാപാര പങ്കാളിത്തത്തിന്റെ പ്രതീകമാണ്. 2047 ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കുകയെന്ന ദര്‍ശനത്തിന് കീഴില്‍, ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ദീര്‍ഘകാല പ്രതിരോധശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥയായി പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍.
***
 

(रिलीज़ आईडी: 2207586) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil