പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും സമൂഹത്തെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

प्रविष्टि तिथि: 18 DEC 2025 2:45PM by PIB Thiruvananthpuram

നമസ്തേ!

അഹ്ലന്‍ വാ സഹ്ലന്‍ !!!

നിങ്ങളുടെ യുവത്വത്തിന്റെ ആവേശവും ഊർജ്ജവും ഇവിടുത്തെ അന്തരീക്ഷത്തെ ശരിക്കും ഊർജ്ജസ്വലമാക്കിയിരിക്കുന്നു. ഈ ഹാളിൽ ഇരിക്കാൻ കഴിയാത്തവരും അടുത്തുള്ള ഹാളിലെ സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണുന്നവരുമായ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇത്രയും ദൂരം വന്നിട്ടും ഹാളിൽ പ്രവേശിക്കാൻ കഴിയാത്തതിൽ അവർക്ക് എങ്ങനെ തോന്നുന്നുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

സുഹൃത്തുക്കളേ,

എന്റെ മുന്നിൽ ഒരു മിനി ഇന്ത്യയെ ഞാൻ കാണുന്നു; ഇവിടെയും ധാരാളം മലയാളികളുണ്ടെന്ന് ഞാൻ കരുതുന്നു.

സുഖം ആണോ ?

മലയാളം സംസാരിക്കുന്നവർ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നിവ സംസാരിക്കുന്ന ധാരാളം ആളുകളും ഇവിടെയുണ്ട്.

നലമ?
ബാഗുന്നാരാ?
ചെന്ന-ഗിദ്ദിരാ?
കെമ ഛോ?

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ ഒരു കുടുംബം പോലെ ഒത്തുകൂടി. ഇന്ന് നമ്മൾ നമ്മുടെ രാജ്യത്തെ, നമ്മുടെ ടീം ഇന്ത്യയെ ആഘോഷിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ, നമ്മുടെ വൈവിധ്യം നമ്മുടെ സംസ്കാരത്തിന്റെ ശക്തമായ അടിത്തറയാണ്. എല്ലാ ദിവസവും ജീവിതത്തിന് ഒരു പുതിയ നിറം നൽകുന്നു, ഓരോ സീസണും ഒരു ആഘോഷമായി മാറുന്നു, ഓരോ പാരമ്പര്യവും ഒരു പുതിയ കാഴ്ചപ്പാട് കൊണ്ടുവരുന്നു.

അതുകൊണ്ടാണ്, ഇന്ത്യക്കാർ എവിടെ പോയാലും എവിടെ ജീവിച്ചാലും, നമ്മൾ വൈവിധ്യത്തെ ബഹുമാനിക്കുന്നു. പ്രാദേശിക സംസ്കാരത്തോടും പാരമ്പര്യങ്ങളോടും നമ്മൾ പൊരുത്തപ്പെടുന്നു. ഇന്ന് ഒമാനിലും ഞാൻ അതേ ചൈതന്യം കാണുന്നു

ഈ ഇന്ത്യൻ പ്രവാസികൾ സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് അടുത്തിടെ മറ്റൊരു അത്ഭുതകരമായ അംഗീകാരം ലഭിച്ചു. നിങ്ങൾക്കറിയാവുന്നതുപോലെ, യുനെസ്കോ ദീപാവലിയെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ, ദീപാവലി വിളക്ക് നമ്മുടെ വീടുകളെ മാത്രമല്ല, ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കും. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ദീപാവലിയുടെ ആഗോള അംഗീകാരം നമ്മൾ പങ്കിടുന്ന പ്രകാശത്തെ ആദരിക്കുന്നു; പ്രതീക്ഷ, ഐക്യം, മാനവികത എന്നിവ പരത്തുന്ന ഒരു വെളിച്ചമാണത്.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യ-ഒമാൻ "സൗഹൃദ ഉത്സവം (മൈത്രി പർവ്)" ആഘോഷിക്കാൻ നാമെല്ലാവരും ഇവിടെയുണ്ട്.

മൈത്രി (MAITRI) എന്നാൽ:

M എന്നാൽ നാവിക പൈതൃകം (maritime heritage) 

A എന്നാൽ അഭിലാഷങ്ങൾ ( Aspirations)

I എന്നാൽ നവീനത (Innovation) 

T എന്നാൽ വിശ്വാസം, സാങ്കേതികവിദ്യ (Trust and technology)

R എന്നാൽ ബഹുമാനം(Respect)

​I എന്നാൽ സമഗ്ര വളർച്ച (Inclusive growth)

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ "മൈത്രി പർവ്" നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയും, നമ്മുടെ പങ്കിട്ട ചരിത്രത്തെയും, നമ്മുടെ സമ്പന്നമായ ഭാവിയെയും ആഘോഷിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയും ഒമാനും ഊഷ്മളവും ഊർജ്ജസ്വലവുമായ ബന്ധം ആസ്വദിച്ചുവരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ മൺസൂൺ കാറ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ നയിച്ചു. ലോത്തൽ, മാണ്ഡ്വി, താമ്രലിപ്തി തുടങ്ങിയ തുറമുഖങ്ങളിൽ നിന്ന് മസ്കറ്റ്, സൂർ, സലാല എന്നിവിടങ്ങളിലേക്ക് നമ്മുടെ പൂർവ്വികർ മരവഞ്ചികളിൽ കപ്പൽ കയറി.

ഒപ്പം സുഹൃത്തുക്കളേ,

മാണ്ഡ്വിയും മസ്കറ്റും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ നമ്മുടെ എംബസി ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇവിടെയുള്ള എല്ലാ നിവാസികളും, പ്രത്യേകിച്ച് യുവാക്കളും ഇത് വായിക്കാനും അവരുടെ ഒമാനി സുഹൃത്തുക്കളുമായി പങ്കിടാനും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.

ഇപ്പോൾ, അധ്യാപകർ സ്കൂളിൽ ഗൃഹപാഠം നൽകുന്നു,ഇവിടെ മോദിജിയും ഗൃഹപാഠം നൽകുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടാകും!

സുഹൃത്തുക്കളേ,

ഇന്ത്യയും ഒമാനും ഭൂമിശാസ്ത്രപരമായി മാത്രമല്ല, തലമുറകളിലൂടെയും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പുസ്തകം കാണിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ബന്ധത്തിന്റെ ഏറ്റവും വലിയ സംരക്ഷകരാണ് നിങ്ങൾ എല്ലാവരും.

സുഹൃത്തുക്കളേ, 

"ഇന്ത്യയെ അറിയുക" ക്വിസിൽ ഒമാനിൽ നിന്നുള്ള പങ്കാളിത്തത്തെക്കുറിച്ചും ഞാൻ മനസ്സിലാക്കി. ഒമാനിൽ നിന്നുള്ള പതിനായിരത്തിലധികം ആളുകൾ ഈ ക്വിസിൽ പങ്കെടുത്തു. ആഗോളതലത്തിൽ ഒമാൻ നാലാം സ്ഥാനം നേടി.

പക്ഷേ ഞാൻ ഇതുവരെ കൈയടിക്കില്ല. ഒമാൻ ഒന്നാം സ്ഥാനത്തെത്തണം! കഴിയുന്നത്ര ആളുകൾ പങ്കെടുക്കുന്നതോടെ ഇതിലും വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ കുട്ടികൾ തീർച്ചയായും പങ്കെടുക്കണം, അതേസമയം നിങ്ങളുടെ ഒമാനി സുഹൃത്തുക്കളെയും ക്വിസിൽ ചേരാൻ പ്രോത്സാഹിപ്പിക്കണം.

സുഹൃത്തുക്കളേ,

വ്യാപാരത്തിൽ ആരംഭിച്ച ഇന്ത്യ-ഒമാൻ ബന്ധം ഇപ്പോൾ വിദ്യാഭ്യാസത്തിലൂടെ ശക്തിയാർജ്ജിച്ചു. ഒമാനിൽ താമസിക്കുന്ന മറ്റ് സമൂഹങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ ഏകദേശം 46,000 വിദ്യാർത്ഥികൾ ഇവിടുത്തെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു.

ഒമാനിലെ ഇന്ത്യൻ വിദ്യാഭ്യാസം അമ്പത് വർഷം പൂർത്തിയാക്കുന്നു. ഇത് നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 

സുഹൃത്തുക്കളേ,

പരേതനായ സുൽത്താൻ ഖാബൂസിന്റെ പരിശ്രമമില്ലാതെ ഇന്ത്യൻ സ്കൂളുകളുടെ വിജയം സാധ്യമാകുമായിരുന്നില്ല. മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സ്കൂളുകൾക്ക് അദ്ദേഹം ഭൂമിയും ആവശ്യമായ എല്ലാ പിന്തുണയും നൽകി. സുൽത്താൻ ഹൈതം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി.

ഇന്ത്യൻ സമൂഹത്തെ അവർ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിക്ക് എന്റെ പ്രത്യേക നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

'പരീക്ഷ പേ ചർച്ച' പരിപാടിയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും പരിചിതമാണ്. ഒമാനിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. സമ്മർദ്ദരഹിതമായ രീതിയിൽ പരീക്ഷകളെ സമീപിക്കാൻ നമ്മെ നയിക്കുന്നതിനാൽ ഈ ചർച്ചകൾ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സഹായകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർ പതിവായി ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുകയും രാജ്യത്തെ എല്ലാ വികസനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയുകയും ചെയ്യുന്നു. ഇന്ത്യ പുരോഗതിയുടെ പുതിയ ഗതിവേഗത്തോടെ മുന്നേറുന്നത് എങ്ങനെയെന്ന് നിങ്ങൾ എല്ലാവരും കാണുന്നു. ഈ വേഗത നമ്മുടെ ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു, നമ്മുടെ പ്രകടനത്തിൽ ഇത് സ്പഷ്ടമാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സാമ്പത്തിക വളർച്ചാ കണക്കുകൾ പുറത്തിറങ്ങി, നിങ്ങൾക്കറിയാവുന്നതുപോലെ, ഇന്ത്യയുടെ വളർച്ചാ നിരക്ക് 8% കവിഞ്ഞു. ഇതിനർത്ഥം ഇന്ത്യ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു എന്നാണ്. ലോകം മുഴുവൻ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇത് സംഭവിച്ചത്. കുറച്ച് ശതമാനം വളർച്ച കൈവരിക്കാൻ പോലും ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ  പാടുപെടുന്നു, എന്നിട്ടും ഇന്ത്യ ഉയർന്ന വളർച്ചയുടെ പാതയിലാണ്. ഇത് ഇന്ന് ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യ എല്ലാ മേഖലകളിലും മുന്നണിയിലും അഭൂതപൂർവമായ വേഗതയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തെ ചില കണക്കുകൾ ഞാൻ നിങ്ങളുമായി പങ്കിടാം, അത് നിങ്ങളെയും അഭിമാനഭരിതരാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും ഇവിടെയുള്ളതിനാൽ, വിദ്യാഭ്യാസ, നൈപുണ്യ മേഖലയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ഞാൻ ആരംഭിക്കും. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, ഇന്ത്യയിൽ ആയിരക്കണക്കിന് പുതിയ കോളേജുകൾ സ്ഥാപിതമായി.

ഐഐടികളുടെ എണ്ണം പതിനാറിൽ നിന്ന് ഇരുപത്തിമൂന്നായി വർദ്ധിച്ചു. പതിനൊന്ന് വർഷം മുമ്പ് ഇന്ത്യയിൽ 13 ഐഐഎമ്മുകൾ ഉണ്ടായിരുന്നു; ഇന്ന് 21 എണ്ണം ഉണ്ട്. അതുപോലെ, എയിംസിനെ സംബന്ധിച്ചിടത്തോളം, 2014 ന് മുമ്പ് ഏഴ് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്ന് ഇന്ത്യയിൽ 22 എയിംസുകൾ ഉണ്ട്.

ഇന്ത്യയിൽ മെഡിക്കൽ കോളേജുകളുടെ എണ്ണം 400 ൽ താഴെയായിരുന്നു, ഇന്ന്, രാജ്യത്തുടനീളം ഏകദേശം 800 മെഡിക്കൽ കോളേജുകൾ ഉണ്ട്.

സുഹൃത്തുക്കളേ, 

ഇന്ന്, വികസിത ഇന്ത്യയ്ക്കായി നമ്മുടെ വിദ്യാഭ്യാസ, നൈപുണ്യ ആവാസവ്യവസ്ഥയെ നാം തയ്യാറാക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ നയ മാതൃകയുടെ ഭാഗമായി, പതിനാലായിരത്തിലധികം പ്രധാനമന്ത്രി ശ്രീ സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നു. 

സുഹൃത്തുക്കളേ, 

സ്കൂളുകളും കോളേജുകളും സർവകലാശാലകളും വികസിക്കുമ്പോൾ, കെട്ടിടങ്ങൾ മാത്രമല്ല നിർമ്മിക്കപ്പെടുന്നത്; രാജ്യത്തിന്റെ ഭാവി ശക്തിപ്പെടുത്തുന്നു. 

സുഹൃത്തുക്കളേ,

വിദ്യാഭ്യാസത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും ഇന്ത്യയുടെ വികസനത്തിന്റെ വേഗതയും വ്യാപ്തിയും പ്രകടമാണ്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, ഇന്ത്യയുടെ സ്ഥാപിത സൗരോർജ്ജ ശേഷി മുപ്പത് മടങ്ങ് വർദ്ധിച്ചു, സോളാർ മൊഡ്യൂൾ നിർമ്മാണം പത്തിരട്ടിയായി വളർന്നു. അങ്ങനെ ഇന്ത്യ ഹരിത വളർച്ചയിലേക്ക് അതിവേഗം മുന്നേറുകയാണ്.

ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് ആവാസവ്യവസ്ഥയുടെ ആസ്ഥാനമാണ് ഇന്ത്യ, രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപ്പാദക രാജ്യവും രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവുമാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ സന്ദർശിക്കുന്ന ഏതൊരാളും നമ്മുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ അത്ഭുതപ്പെടുന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, അടിസ്ഥാന സൗകര്യങ്ങളിൽ അഞ്ച് മടങ്ങ് കൂടുതൽ നിക്ഷേപം നടത്തിയതിനാലാണ് ഇത് സാധ്യമായത്.

വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. ഇന്ന്, ഹൈവേകൾ മുമ്പത്തേതിന്റെ ഇരട്ടി വേഗതയിൽ നിർമ്മിക്കപ്പെടുന്നു, റെയിൽവേ ലൈനുകൾ വേഗത്തിൽ സ്ഥാപിക്കപ്പെടുന്നു, റെയിൽവേ വൈദ്യുതീകരണം പുരോഗമിക്കുന്നു.

സുഹൃത്തുക്കളേ,

ഈ കണക്കുകൾ വെറും നേട്ടങ്ങളല്ല; വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ ദർശനത്തിലേക്കുള്ള ചുവടുവയ്പ്പുകളാണിവ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ധീരമായ തീരുമാനങ്ങൾ എടുക്കുന്നു, വേഗത്തിൽ പ്രവർത്തിക്കുന്നു, അഭിലാഷ ലക്ഷ്യങ്ങൾ പിന്തുടരുന്നു, നിശ്ചിത സമയപരിധിക്കുള്ളിൽ ഫലങ്ങൾ നൽകുന്നു. 

സുഹൃത്തുക്കളേ,

ഞാൻ അഭിമാനകരമായ മറ്റൊരു കാര്യം പങ്കുവെക്കട്ടെ. ഇന്ന്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയാണ്.

ഇന്ത്യയുടെ യുപിഐ, അല്ലെങ്കിൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്, ലോകത്തിലെ ഏറ്റവും വലിയ തത്സമയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ്. ഈ പേയ്‌മെന്റ് സംവിധാനത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ നൽകാൻ, ഞാൻ ഒരു ചെറിയ ഉദാഹരണം പങ്കുവെക്കട്ടെ.

ഞാൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഏകദേശം 30 മിനിറ്റായി. കേവലം ഈ 30 മിനിറ്റിനിടയിൽ, ഇന്ത്യ യുപിഐ വഴി ഏകദേശം പതിനാല് ദശലക്ഷം തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്തു. ഈ ഇടപാടുകളുടെ ആകെ മൂല്യം ഇരുപത് ബില്യൺ രൂപ കവിയും. വലിയ ഷോറൂമുകൾ മുതൽ ചെറുകിട വിൽപ്പനക്കാർ വരെ, ഇന്ത്യയിലെ എല്ലാവരും ഈ പേയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

സുഹൃത്തുക്കളേ,

ഇവിടെ ധാരാളം വിദ്യാർത്ഥികളുണ്ട്, മറ്റൊരു രസകരമായ ഉദാഹരണം ഞാൻ പങ്കിടാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഒരു ആധുനിക ഡിജിലോക്കർ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ ബോർഡ് പരീക്ഷകൾ നടത്തുമ്പോൾ, മാർക്ക് ഷീറ്റുകൾ വിദ്യാർത്ഥികളുടെ ഡിജിലോക്കർ അക്കൗണ്ടുകളിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുന്നു. ജനനം മുതൽ വാർദ്ധക്യം വരെ, ​ഗവൺമെന്റ് നൽകുന്ന ഏത് രേഖയും ഡിജിലോക്കറിൽ സൂക്ഷിക്കാം. ഇന്ന് അത്തരം നിരവധി ഡിജിറ്റൽ സംവിധാനങ്ങൾ ഇന്ത്യയിലുടനീളം ജീവിത സൗകര്യം ഉറപ്പാക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്റെ അത്ഭുതം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഒരു ദൗത്യത്തിൽ ഒരേസമയം 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ട് ഞങ്ങൾ ഒരു റെക്കോർഡ് സ്ഥാപിച്ചു.

ഗഗൻയാൻ പ്രോഗ്രാമിന് കീഴിൽ ഇന്ത്യ ഇപ്പോൾ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിനായുള്ള വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ എത്തുന്ന സമയം വിദൂരമല്ല.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ബഹിരാകാശ പദ്ധതി അതിന്റെ അതിരുകളിൽ മാത്രം ഒതുങ്ങുന്നില്ല; ഒമാന്റെ ബഹിരാകാശ അഭിലാഷങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ആറ് മുതൽ ഏഴ് വർഷം മുമ്പ്, ബഹിരാകാശ സഹകരണത്തെക്കുറിച്ച് ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചു. ഇന്ത്യ-ഒമാൻ ബഹിരാകാശ പോർട്ടൽ ഐഎസ്ആർഒ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ബഹിരാകാശ പങ്കാളിത്തത്തിൽ നിന്ന് ഒമാനി യുവാക്കൾക്കും പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ തുടർച്ചയായ ശ്രമം.

ഇവിടെ സന്നിഹിതരായ വിദ്യാർത്ഥികളുമായി ഒരു വിവരം കൂടി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ബഹിരാകാശ ശാസ്ത്രത്തിൽ ഉൾപ്പെടുത്തുന്ന 'യുവിക' എന്ന പേരിൽ ഒരു പ്രത്യേക പരിപാടി ഐ എസ് ആർ ഒ നടത്തുന്നു. ഒമാനി വിദ്യാർത്ഥികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ശ്രമം.

ഒമാനിൽ നിന്നുള്ള ചില വിദ്യാർത്ഥികൾ ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രം സന്ദർശിച്ച് അവിടെ കുറച്ച് സമയം ചെലവഴിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒമാനി യുവാക്കളുടെ ബഹിരാകാശ അഭിലാഷങ്ങളെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ഒരു മികച്ച തുടക്കമാണിത്.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യ സ്വന്തം വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക മാത്രമല്ല, ഈ പരിഹാരങ്ങൾ വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന് കണ്ടെത്താനും പ്രവർത്തിക്കുന്നു. 

സോഫ്റ്റ്‌വെയർ വികസനം മുതൽ ശമ്പള മാനേജ്‌മെന്റ് വരെയും, ഡാറ്റ വിശകലനം മുതൽ ഉപഭോക്തൃ പിന്തുണ വരെയും, ഇന്ത്യയുടെ കഴിവിന്റെ ശക്തിയാൽ നിരവധി ആഗോള ബ്രാൻഡുകൾ മുന്നേറുകയാണ്. 

പതിറ്റാണ്ടുകളായി, ഐടി, ഐടി അധിഷ്ഠിത സേവനങ്ങളിൽ ഇന്ത്യ ഒരു ആഗോള ശക്തികേന്ദ്രമാണ്. ഇപ്പോൾ, ഞങ്ങൾ ഐടിയുടെ ശക്തിയുമായി നിർമ്മാണത്തെ സംയോജിപ്പിക്കുന്നു. ഇതിന് പിന്നിലെ തത്ത്വചിന്ത 'വസുധൈവ കുടുംബകം' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, ലോകം ഒരു കുടുംബമാണ് എന്ന ആശയത്തിൽ ഉൾക്കൊള്ളുന്നു: മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്. 

സുഹൃത്തുക്കളേ, 

വാക്സിനുകളോ ജനറിക് മരുന്നുകളോ ആകട്ടെ, ലോകം നമ്മെ 'ഫാർമസി ഓഫ് ദി വേൾഡ്' എന്ന് വിളിക്കുന്നു. ഇന്ത്യയുടെ താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നു. 

കോവിഡ് സമയത്ത്, ഇന്ത്യ ഏകദേശം 300 ദശലക്ഷം വാക്സിനുകൾ ലോകത്തിലേക്ക് അയച്ചു. ഒമാനിലെ ജനങ്ങൾക്കായി ഏകദേശം ഒരു ലക്ഷം 'മെയ്ഡ് ഇൻ ഇന്ത്യ' കോവിഡ് വാക്സിനുകൾ എത്തിക്കാൻ  കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്.

സുഹൃത്തുക്കളേ,

മറ്റുള്ളവരെല്ലാം സ്വയം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്താണ് ഇന്ത്യ ഈ ജോലി ഏറ്റെടുത്തതെന്ന് ഓർമ്മിക്കുക. ലോകത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ഇന്ത്യ റെക്കോർഡ് സമയത്തിനുള്ളിൽ 1.4 ബില്യൺ പൗരന്മാർക്ക് വാക്സിനുകൾ നൽകി, അതോടൊപ്പം ആഗോള ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു.

ഇത് ഇന്ത്യയുടെ മാതൃകയാണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്ന ഒരു മാതൃക. അതിനാൽ, ഇന്ന്, ഇന്ത്യ 'മെയ്ക്ക് ഇൻ ഇന്ത്യ' ചിപ്പുകൾ നിർമ്മിക്കുകയും AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയിൽ ദൗത്യ മോഡിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയുടെ വിജയം അവർക്ക് സഹകരണവും പിന്തുണയും നൽകുമെന്ന പ്രതീക്ഷ മറ്റ് രാജ്യങ്ങളിലും ഉണർത്തുന്നു.

സുഹൃത്തുക്കളേ,

നിങ്ങൾ ഇവിടെ ഒമാനിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. വരും വർഷങ്ങളിൽ, ഒമാനിന്റെയും ഇന്ത്യയുടെയും വികസനത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. ലോകത്തിന് നേതൃത്വം നൽകുന്ന തലമുറയാണ് നിങ്ങൾ.

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ, ഒമാൻ ​ഗവൺമെന്റ് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നു. നിങ്ങളുടെ സൗകര്യത്തിന് ഇന്ത്യാ ഗവൺമെന്റും പൂർണ്ണ ശ്രദ്ധ നൽകുന്നു. ഒമാനിലുടനീളം പതിനൊന്ന് കോൺസുലാർ സേവന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ, എല്ലാ ആഗോള പ്രതിസന്ധികളിലും, ഇന്ത്യക്കാരെ സഹായിക്കാൻ ഞങ്ങളുടെ ​ഗവൺമെന്റ് വേഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ലോകത്ത് എവിടെ ഇന്ത്യക്കാർ താമസിക്കുന്നുവോ, ഞങ്ങളുടെ ​ഗവൺമെന്റ് ഓരോ ഘട്ടത്തിലും അവരോടൊപ്പം നിൽക്കുന്നു. അവരെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്, സമർപ്പിത സഹായ പോർട്ടലുകൾ, പ്രവാസി ഭാരതീയ ഭീമ യോജന തുടങ്ങിയ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഈ മുഴുവൻ മേഖലയും ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, ഒമാൻ ഞങ്ങൾക്ക് കൂടുതൽ പ്രധാനമാണ്. ഇന്ത്യ-ഒമാൻ ബന്ധം ഇപ്പോൾ നൈപുണ്യ വികസനം, ഡിജിറ്റൽ പഠനം, വിദ്യാർത്ഥി കൈമാറ്റം, സംരംഭകത്വം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

നിങ്ങളുടെ ഇടയിൽ നിന്ന് യുവ നവീനാശയക്കാർ ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അവർ വരും വർഷങ്ങളിൽ ഇന്ത്യ-ഒമാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഇവിടുത്തെ ഇന്ത്യൻ സ്കൂളുകൾ അവരുടെ 50-ാം വാർഷികം ആഘോഷിച്ചു. ഇനി, അടുത്ത 50 വർഷത്തേക്ക് ലക്ഷ്യങ്ങളുമായി നമ്മൾ മുന്നോട്ട് പോകണം. അതിനാൽ, ഓരോ ചെറുപ്പക്കാരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു:

വലിയ സ്വപ്നം കാണുക.
ആഴത്തിൽ പഠിക്കുക.****
ധൈര്യത്തോടെ നവീകരിക്കുക.

കാരണം നിങ്ങളുടെ ഭാവി നിങ്ങളുടേത് മാത്രമല്ല, അത് എല്ലാ മനുഷ്യരാശിയുടെയും ഭാവിയാണ്.

ശോഭനവും സമൃദ്ധവുമായ ഒരു ഭാവിക്കായി നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

നന്ദി!

****


(रिलीज़ आईडी: 2206602) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Gujarati , Odia , Telugu , Kannada