ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും വീരമൃത്യു വരിച്ചവർക്ക് പാർലമെൻ്റ് ഹൗസ് സമുച്ചയത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 13 DEC 2025 2:03PM by PIB Thiruvananthpuram

2001-ൽ പാർലമെൻ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ വാർഷികം ഇന്ത്യ ഇന്ന് ആദരപൂർവ്വം അനുസ്മരിച്ചു. രാജ്യത്തിൻ്റെ പരമോന്നത ജനാധിപത്യ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും രാജ്യം ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ശ്രീ സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി, രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, പാർലമെൻ്റ്  അംഗങ്ങൾ, മുൻ പാർലമെൻ്റ്  അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ലോക്‌സഭാ സെക്രട്ടറി ജനറൽ ശ്രീ ഉത്പൽ കുമാർ സിംഗ്, രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി, രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ എന്നിവരും ശ്രദ്ധാഞ്ജലി അർപ്പിച്ചവരിൽ ഉൾപ്പെടുന്നു.

 


 

നേരത്തെ, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള സമൂഹ മാധ്യമമായ എക്സിൽ പങ്കിട്ട സന്ദേശം ഇപ്രകാരമായിരുന്നു;

"2001-ൽ ഇന്ത്യൻ പാർലമെൻ്റിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരുടേയും അർപ്പണബോധമുള്ള ജീവനക്കാരുടേയും പരമോന്നത ത്യാഗത്തിന് പ്രണാമം.

ജനാധിപത്യത്തിൻ്റെ പരമോന്നത സ്ഥാപനമായ നമ്മുടെ പാർലമെൻ്റിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച വീരന്മാർക്ക് നന്ദി. രാജ്യത്തോടുള്ള അവരുടെ സമാനതകളില്ലാത്ത സമർപ്പണം നിരന്തരമായ പ്രചോദനത്തിൻ്റെ ഉറവിടമാണ്.

ആ അനശ്വര വീരന്മാർ ഭീകരരെ നേരിട്ട ധീരത, കർത്തവ്യബോധത്തിൻ്റേയും ജനാധിപത്യ മൂല്യങ്ങളോടും ദേശീയ പ്രതിരോധത്തോടുമുള്ള ഇന്ത്യയുടെ അജയ്യമായ ഇച്ഛാശക്തിയുടേയും പ്രതീകമാണ്. ഇന്ത്യ എപ്പോഴും   ഭീകരതയ്‌ക്കെതിരെ ഉറച്ചുനിന്നിട്ടുണ്ട്. രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധത കേവലമൊരു ഔപചാരിക പ്രഖ്യാപനം മാത്രമല്ല, ഭീകരതയുടെ ഏത് ശ്രമത്തിനും മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ്.

ഈ സമാനതകളില്ലാത്ത ത്യാഗം നമ്മുടെ ഭാവി തലമുറകൾക്ക് ധൈര്യം, നിസ്വാർത്ഥത, കർത്തവ്യബോധം എന്നിവയ്ക്കുള്ള പ്രചോദനത്തിൻ്റെ ഉറവിടമായി തുടരും.”

2001 ഡിസംബർ 13ന് പാർലമെൻ്റിന് നേരെയുണ്ടായ ഭീകരാക്രമണം തടയുന്നതിനിടെ വീരമൃത്യു വരിച്ച  രാജ്യസഭാ സെക്രട്ടേറിയറ്റിലെ സുരക്ഷാ സഹായികളായ ശ്രീ ജഗദീഷ് പ്രസാദ് യാദവ്, ശ്രീ മത്ബർ സിംഗ് നേഗി; സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ കോൺസ്റ്റബിൾ ശ്രീമതി കമലേഷ് കുമാരി; ഡൽഹി പോലീസിലെ അസിസ്റ്റൻ്റ്  സബ്-ഇൻസ്പെക്ടർമാരായ ശ്രീ നാനാക് ചന്ദ്, ശ്രീ രാംപാൽ; ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ ശ്രീ ഓം പ്രകാശ്, ശ്രീ ബിജേന്ദർ സിംഗ്, ശ്രീ ഘനശ്യാം; കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ഗാർഡനർ ശ്രീ ദേശ്‌രാജ് എന്നിവരെ രാജ്യം ആദരവോടെ അനുസ്മരിച്ചു.

മാതൃകാപരമായ ധീരതയ്ക്കുള്ള അംഗീകാരമായി, ശ്രീ ജഗദീഷ് പ്രസാദ് യാദവ്, ശ്രീ മത്ബർ സിംഗ് നേഗി, ശ്രീമതി കമലേഷ് കുമാരി എന്നിവർക്ക് മരണാനന്തര ബഹുമതിയായി അശോക ചക്രയും ശ്രീ നാനാക് ചന്ദ്, ശ്രീ രാംപാൽ, ശ്രീ ഓം പ്രകാശ്, ശ്രീ ബിജേന്ദർ സിംഗ്, ശ്രീ ഘനശ്യാം എന്നിവർക്ക്  മരണാനന്തര ബഹുമതിയായി കീർത്തി ചക്രയും നല്കി ആദരിച്ചു.

 

****


(रिलीज़ आईडी: 2203534) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu , Kannada