വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ
प्रविष्टि तिथि:
12 DEC 2025 4:42PM by PIB Thiruvananthpuram
ഭരണഘടന അനുച്ഛേദം 19(1) രാജ്യത്തെ പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. അതേസമയം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വർധിച്ചു വരുന്ന വ്യാജവും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങൾ സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് സർക്കാരിന് പൂര്‍ണ ബോധ്യമുണ്ട്.
2000 -ത്തിലെ വിവരസാങ്കേതിക നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ 2021-ലെ വിവരസാങ്കേതിക (പ്ലാറ്റ് ഫോമുകള്‍ക്കുള്ള മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മിക കോഡും) ചട്ടങ്ങൾ 2021 ഫെബ്രുവരി 25-ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഈ ചട്ടങ്ങളുടെ മൂന്നാം ഭാഗം ഓൺലൈന്‍ (പ്ലാറ്റ് ഫോമുകള്‍ക്കായി (ഒടിടി പ്ലാറ്റ്‌ഫോമുകൾ) തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുടെ പ്രസാധകർക്ക് ഒരു ധാര്‍മിക പെരുമാറ്റച്ചട്ടം വ്യവസ്ഥ ചെയ്യുന്നു. നിലവിൽ പ്രാബല്യത്തിലുള്ള നിയമപ്രകാരം നിരോധിച്ച ഉള്ളടക്കങ്ങൾ പങ്കിടരുതെന്നാണ് ഈ ചട്ടത്തിലെ പ്രധാന വ്യവസ്ഥ.
ചട്ടങ്ങളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന പൊതു മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായത്തിനനുസരിച്ച് ഉള്ളടക്കം 5 വിഭാഗങ്ങളായി തരംതിരിക്കാൻ ഈ കോഡ് അവശ്യപ്പെടുന്നു.
കൂടാതെ പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നത് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏർപ്പെടുത്തണമെന്നും കോഡ് വ്യവസ്ഥ ചെയ്യുന്നു.
വാര്‍ത്തകളും സമകാലിക സംഭവങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പിന്തുടരേണ്ട പെരുമാറ്റച്ചട്ടവും ഈ കോഡില്‍ ഉൾപ്പെടുന്നു. 1995 -ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് നിയമപ്രകാരം പ്രോഗ്രാം കോഡും 1978 -ലെ പ്രസ് കൗൺസിൽ നിയമപ്രകാരം പത്രപ്രവർത്തന പെരുമാറ്റച്ചട്ടങ്ങളും പാലിക്കണമെന്ന് ഇത് വ്യവസ്ഥ ചെയ്യുന്നു.
കൃത്യമല്ലാത്തതോ തെറ്റിദ്ധാരണാജനകമായതോ വ്യാജമോ അര്‍ധസത്യങ്ങളോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് പ്രോഗ്രാം കോഡും പത്രപ്രവർത്തന പെരുമാറ്റച്ചട്ടങ്ങളും പ്രസാധകരോട് ആവശ്യപ്പെടുന്നു.
ഈ ചട്ടങ്ങള്‍ പാലിക്കുന്നതിന് ത്രിതല പരാതി പരിഹാര സംവിധാനവും ഐടി ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്:
ചട്ടങ്ങളില്‍ ആദ്യതലത്തിലെയും രണ്ടാംതലത്തിലെയും നിര്‍ദിഷ്ട സ്വയം നിയന്ത്രണ വ്യവസ്ഥകൾ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അന്തസ്സത്ത നിലനിർത്തുന്നു.
കൂടാതെ, പ്രകടമായി വ്യാജമോ വസ്തുതാവിരുദ്ധമോ തെറ്റിദ്ധാരണാജനകമോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കുന്ന ഐടി ചട്ടങ്ങളുടെ രണ്ടാംഭാഗം യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് ഉത്തരവാദിത്തം നൽകുന്നു.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പരിശോധിക്കുന്നതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കീഴില്‍ 2019 നവംബറിൽ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും അംഗീകൃത സ്രോതസ്സുകളിൽ നിന്ന് വാർത്തകളുടെ ആധികാരികത പരിശോധിച്ച ശേഷം ശരിയായ വിവരങ്ങൾ ഫാക്ട്ചെക്ക് യൂണിറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു.
2000-ത്തിലെ വിവരസാങ്കേതിക നിയമം സെക്ഷൻ 69-എ പ്രകാരം രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനുമായി വെബ്സൈറ്റുകള്‍ക്കോ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കോ ഉള്ളടക്കങ്ങള്‍ക്കോ വിലക്കേര്‍പ്പെടുത്താനാവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കുന്നു.
സര്‍ഗസൃഷ്ടി സമ്പദ്‍വ്യവസ്ഥ
രാജ്യത്തെ സര്‍ഗാത്മക ഉള്ളടക്ക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാന്‍ നിരവധി സംരംഭങ്ങൾ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ലോക ദൃശ്യ-ശ്രാവ്യ ഉച്ചകോടി, (വേവ്സ്) 2025, ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങള്‍, വേവ്സ് ബസാർ തുടങ്ങിയ സംരംഭങ്ങൾ ഡിജിറ്റൽ മേഖലയിൽ പ്രാദേശിക സാംസ്കാരിക പ്രാതിനിധ്യം വർധിപ്പിക്കാൻ വഴിയൊരുക്കി.
രാജ്യവ്യാപകമായി സര്‍ഗസൃഷ്ടി പ്രതിഭാശേഷി സമാഹരിച്ച ക്രിയേറ്റ് ഇന്‍ ഇന്ത്യ മത്സരങ്ങള്‍ പ്രാദേശിക നൈപുണ്യം വിദഗ്ധ ഡിജിറ്റൽ ഉള്ളടക്കമാക്കി മാറ്റാൻ സഹായിക്കുന്നതിന് വ്യാവസായിക അനുബന്ധ പരിശീലനവും നൽകി. പ്രാദേശിക സംഗീതവും നാടൻ കലകളും പ്രദർശിപ്പിച്ച വേവ്സ് 2025-ലെ സാംസ്കാരിക പരിപാടികൾ സാധാരണ കലാകാരന്മാർക്ക് ആഗോള വേദിയൊരുക്കുകയും അവരുടെ ദൃശ്യപരതയും ഉപജീവനമാർഗവും മെച്ചപ്പെടുത്തുകയും ചെയ്തു.
രാജ്യത്തെ സര്‍ഗാത്മക ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ആഗോള ഉപഭോക്താക്കളും നിക്ഷേപകരും വിതരണക്കാരുമായി നേരിട്ട് ഇടപെടാനാവുന്ന ദേശീയ വിപണിയായി വേവ്സ് ബസാര്‍ മാറി. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രാദേശിക ഉള്ളടക്കത്തെ അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമായി.
പ്രാദേശിക ഉള്ളടക്കം പ്രസിദ്ധീകരിക്കാനും പ്രോത്സാഹിപ്പിക്കാനും വരുമാനം നേടാനും സഹായിക്കുന്ന ഏകീകൃത ഡിജിറ്റൽ വേദിയുമായി പ്രസാർ ഭാരതിയുടെ വേവ്സ് ഒടിടി പ്രാദേശിക ഉള്ളടക്ക സ്രഷ്ടാക്കളെ പിന്തുണയ്ക്കുന്നു.
രാജ്യസഭയിൽ ഡോ. കനിമൊഴി എൻവിഎൻ സോമുവിൻ്റെ ചോദ്യത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
****
(रिलीज़ आईडी: 2203213)
आगंतुक पटल : 5