വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വ്യക്തത വരുത്തി കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
प्रविष्टि तिथि:
02 DEC 2025 2:54PM by PIB Thiruvananthpuram
സഞ്ചാർ സാഥി മൊബൈല്‍ അപ്ലിക്കേഷന്‍ പൂർണമായും ജനാധിപത്യപരവും സ്വമേധയാ ഉപയോഗിക്കാവുന്നതുമാണെന്ന് അപ്ലിക്കേഷന്റെ നിർബന്ധിത ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍സ്, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. അപ്ലിക്കേഷന്റെ ഗുണങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് സൗകര്യാനുസരണം ആപ്പ് പ്രവർത്തനക്ഷമമാക്കാമെന്നും ഏത് സമയത്തും പ്രവര്‍ത്തനരഹിതമാക്കുകയോ കളയുകയോ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരന്മാർക്ക് പ്രഥമ പരിഗണന; സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനം
ഉപഭോക്താക്കളെ സംരക്ഷിക്കുകയെന്നത് സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും ഓരോ മൊബൈൽ ഉപയോക്താവിനെയും ശാക്തീകരിക്കാനാണ് സഞ്ചാർ സാഥി രൂപകല്പന ചെയ്തിരിക്കുന്നതെന്നും ശ്രീ സിന്ധ്യ എടുത്തുപറഞ്ഞു. സുതാര്യവും, സുഗമമായി ഉപയോഗിക്കാവുന്നതുമായ സംവിധാനങ്ങളിലൂടെ സ്വയം സുരക്ഷിതരാകാന്‍ പൗരന്മാരെ സഹായിക്കുന്ന അപ്ലിക്കേഷനും പോർട്ടലുമാണ് സഞ്ചാർ സാഥി. സ്വന്തം ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളെ സുരക്ഷിതമാക്കുന്നതില്‍ പൗരന്മാര്‍ക്ക് സജീവമായി പങ്കുചേരാനാവുന്ന ‘ജൻ ഭഗീദാരി’യിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാർ സാഥിയുടെ സ്വാധീനവും ഗുണഫലങ്ങളും
തുടക്കം മുതല്‍ തന്നെ മികച്ച ഫലങ്ങളാണ് സഞ്ചാർ സാഥി നൽകിയിരിക്കുന്നത്:
- 21.5 കോടിയിലധികം പോർട്ടൽ സന്ദർശനങ്ങൾ.
- 1.4 കോടിയിലധികം ആപ്പ് ഡൗൺലോഡുകൾ.
- "സ്വന്തം നമ്പറല്ല" എന്ന് തിരഞ്ഞെടുത്ത് 1.43 കോടിയിലധികം മൊബൈൽ കണക്ഷനുകൾ ജനങ്ങള്‍ വിച്ഛേദിച്ചു.
- നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 26 ലക്ഷം മൊബൈൽ ഫോണുകൾ കണ്ടെത്തുകയും 7.23 ലക്ഷം വിജയകരമായി തിരികെ നൽകുകയും ചെയ്തു.
- ജനങ്ങള്‍ ആപ്പിലൂടെ നല്‍കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 40.96 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു.
- തട്ടിപ്പുമായി ബന്ധപ്പെട്ട 6.2 ലക്ഷം ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ചെയ്തു.
- ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (എഫ്ആര്‍ഐ) വഴി 475 കോടി രൂപയുടെ സാമ്പത്തിക നഷ്ടം തടഞ്ഞു.
സൈബർ സുരക്ഷയും പൗര സംരക്ഷണവും പ്രധാന ലക്ഷ്യം
സംശയാസ്പദമായ തട്ടിപ്പുകളെ കോൾ ലോഗുകളിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സഞ്ചാർ സാഥി അപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഇത് ഡിജിറ്റല്‍ സാക്ഷരരായ പൗരന്മാർക്ക് ഇതുമായി ബന്ധപ്പെട്ട അറിവില്‍ പരിമിതരായ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് സജീവമായി സഹായിക്കാൻ അവസരം നൽകുന്നു.
ഓരോ പൗരനും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ സുപ്രധാന മുൻഗണനയാണെന്ന് ശ്രീ സിന്ധ്യ ഉപസംഹരിച്ചു. സ്വമേധയാ തിരഞ്ഞെടുക്കാവുന്നതും സുതാര്യവുമായ സഞ്ചാർ സാഥി അപ്ലിക്കേഷന്‍ ഇന്ത്യയിലെ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ ഏത് സമയത്തും ആപ്പ് പ്രവർത്തനക്ഷമമാക്കാനും പ്രവര്‍ത്തനരഹിതമാക്കാനും കളയാനും ഉപയോക്താക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
****
(रिलीज़ आईडी: 2197920)
आगंतुक पटल : 3