iffi banner

സിനിമയുടെ മായാജാലം ഹൃദയങ്ങളിൽ പതിപ്പിച്ചുകൊണ്ട് 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു.

ഈ സായാഹ്നത്തിൽ, ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ 2025 ലെ  56-ാമത്  ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക്  (ഐഎഫ്എഫ്ഐ)  തിരശ്ശീല വീഴുമ്പോൾ, ആകർഷകമായ സാംസ്കാരിക പ്രകടനങ്ങളാൽ പ്രശോഭിതവും ലോകമെമ്പാടുമുള്ള സിനിമാ വ്യക്തിത്വങ്ങളാൽ അലങ്കരിക്കപ്പെട്ടതുമായ വർണ്ണാഭമായ സമാപന ചടങ്ങ്, സിനിമയുടേയും സംസ്കാരത്തിൻ്റേയും കഥപറച്ചിലിൻ്റേയും വിലമതിക്കാനാകാത്ത  ഈ ആഘോഷത്തിൻ്റെ ശ്രദ്ധേയമായ മറ്റൊരു പതിപ്പിന് അന്ത്യം കുറിച്ചു. ഈ അഭിമാനകരമായ ചലച്ചിത്രമേളയുടെ അടുത്ത അധ്യായത്തിനായുള്ള പ്രതീക്ഷകൾ  ഇതിനോടകം ഉയർന്നു കഴിഞ്ഞു.

കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി,  ഗോവയിലുടനീളം വ്യാപിച്ചുകിടക്കുന്ന ചലച്ചിത്രോത്സവ വേദികളിലെ വെള്ളിത്തിരകളിലും വിവിധ വേദികളിലും അരങ്ങേറിയ  ശക്തമായ കഥകളും ഊർജ്ജസ്വലമായ പ്രകടനങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും സാർവത്രികമായ ഒരു കലാസൃഷ്ടിയെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

വളർന്നുവരുന്നവരും പ്രശസ്തരുമായ കലാകാരന്മാർ അണിനിരന്ന റെഡ് കാർപെറ്റ് നിമിഷങ്ങൾ, മനോഹരമായ സാംസ്കാരിക പ്രകടനങ്ങൾ, കൂടാതെ വിശിഷ്ടരും പുതുതായി കണ്ടെത്തിയവരുമായ സിനിമാ പ്രതിഭകളെ ആദരിക്കുന്ന അവാർഡുകൾ എന്നിവയെല്ലാം സിനിമാ പ്രേമികൾക്കും ചലച്ചിത്രാസ്വാദകർക്കും  മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചു.

നിരവധി പ്രശസ്ത അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡുകളിലും പ്രശംസ നേടിയ, റാച്ച്‌പൂം ബൂൺബുഞ്ചാച്ചോക്ക് സംവിധാനം ചെയ്ത  'എ യൂസ്ഫുൾ ഗോസ്റ്റ്’ എന്ന ചിത്രത്തിൻ്റെ  പ്രദർശനത്തോടെയാണ് മേളയ്ക്ക് സമാപനം കുറിച്ചത്.

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അവാർഡുകളുടെ പ്രഖ്യാപനമാണ് സായാഹ്ന ആഘോഷങ്ങൾക്കിടയിലെ പ്രധാന ആകർഷണം. കലാപരമായ മികവ് കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച മികച്ച സ്രഷ്ടാക്കളേയും  പ്രതിഭകളേയും ആദരിച്ചുകൊണ്ടാണ് ഈ മഹോത്സവം സമാപിച്ചത്.

 

ആഷ്‌ലീ മെയ്‌ഫെയർ സംവിധാനം ചെയ്ത 'സ്‌കിൻ ഓഫ് യൂത്ത്'  മികച്ച ചിത്രത്തിനുള്ള  സുവർണ്ണ മയൂരം കരസ്ഥമാക്കി.

ആഷ്‌ലീ മെയ്‌ഫെയർ രചനയും സംവിധാനവും നിർവ്വഹിച്ച വിയറ്റ്നാമീസ് ചിത്രമായ 'സ്‌കിൻ ഓഫ് യൂത്ത്' അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ഫീച്ചർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഐഎഫ്എഫ്ഐയുടെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ സുവർണ്ണമയൂരം ചിത്രം  കരസ്ഥമാക്കി.

ആകർഷകമായ ആഖ്യാനത്തിലൂടെ മാനവികതയെ ഉയർത്തിക്കാട്ടാനും, പ്രകാശിപ്പിക്കാനും, നിശബ്ദതയെ വെല്ലുവിളിക്കാനുമുള്ള  ശക്തമായ സന്ദേശമാണ് ഈ സിനിമ നല്കുന്നത്. മികച്ച സംഗീതവും വിദഗ്ധമായ എഡിറ്റിംഗും ഉൾപ്പെടെ സിനിമയുടെ എല്ലാ ഘടകങ്ങളും മനോഹരമായി ഒത്തുചേർന്നു. ധീരവും ചങ്കൂറ്റമുള്ളതും, അതിശയകരവും ആകർഷകവുമായ ശൈലിയിയുള്ളതുമായ ചിത്രമെന്നാണ് ജൂറി ഇതിനെ വിശേഷിപ്പിച്ചത്. സിനിമയിൽ കാണിച്ചിരിക്കുന്ന സ്നേഹവും ത്യാഗവും നമ്മളിൽ പലർക്കും അറിയാത്ത ഒരു ജീവിതത്തെക്കുറിച്ചുള്ള അറിവ് നല്കുന്നു. അതിനാൽ ഈ ചിത്രം നമ്മുടെ മനസ്സിൽ ഏറെക്കാലം നിലനിൽക്കും.

 

 
 

മറാത്തി ചിത്രമായ  ‘ഗോന്ധൾ’ സംവിധാനം ചെയ്ത സന്തോഷ് ദവാഖറിന്  മികച്ച സംവിധായകനുള്ള രജത മയൂരം.

മറാത്തി ചിത്രമായ  ‘ഗോന്ധൾ’  സംവിധാനം ചെയ്ത സന്തോഷ് ദവാഖർ  56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം കരസ്ഥമാക്കി.

സാംസ്കാരിക പാരമ്പര്യത്തിൻ്റെ സമ്പന്നമായ പശ്ചാത്തലത്തിൽ, സംവിധായകൻ സന്തോഷ് ദവാഖർ രത്നതുല്യമായ ഒരു സിനിമയ്ക്ക്  ജന്മം നല്കിയിരിക്കുന്നു.  ഭാവനയ്ക്ക് അപ്പുറത്തേക്ക് പ്രേക്ഷകരെ  അത്ഭുതപ്പെടുത്തുകയും, ആകാംഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന ആകർഷകമായ ആഖ്യാനമാണിതെന്നാണ് ജൂറി ചിത്രത്തെ പ്രശംസിച്ചത്. യഥാർത്ഥ ലോകത്ത് നടക്കുന്ന ഷേക്സ്പിയർ കെട്ടുകഥ പോലെയാണ് ഗോന്ധൾ  എന്നും ജൂറി കൂട്ടിച്ചേർത്തു.

 


 

സ്പാനിഷ് ചിത്രം ‘എ പോയറ്റി’ലെ പ്രധാന നടൻ ഉബൈമർ റിയോസിന് മികച്ച നടനുള്ള രജത മയൂരം

സ്പാനിഷ് ചിത്രം ‘എ പോയറ്റ്’ ലെ പ്രധാന നടനായ ഉബൈമർ റിയോസ് 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച നടനുള്ള (പുരുഷൻ) രജത മയൂരം പുരസ്കാരം ഏറ്റുവാങ്ങി.

കലയും അതിജീവനവും തമ്മിലുള്ള കാലഹരണപ്പെട്ട സംഘർഷമാണ് ചിത്രം പര്യവേക്ഷണം ചെയ്യുന്നത്. എന്നാൽ ഇത് അതുല്യവും അപ്രതീക്ഷിതവുമായ രീതിയിലാണ്. തീവ്രമായ വൈകാരിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന , പരാജിതനായ ഒരു കവിയെ ഉബൈമർ റിയോസ് അതിമനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചു. ഒടുവിൽ അദ്ദേഹത്തിൻ്റെ ജീവിതം മാറ്റിമറിക്കാൻ കഴിവുള്ള ഒരു കൗമാരക്കാരനെ കവിയുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഈ ചിത്രത്തിൽ  ഒരു പുതുമുഖമെന്ന നിലയിൽ ഉബൈമർ റിയോസ്  മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു. സിനിമയും ഉബൈമറിൻ്റെ  അവതരണവും അത്യധികം ആവേശം നല്കുന്നതും ആത്യന്തം മനോഹരവുമാണെന്നും ജൂറി പ്രശംസിച്ചു.

 



 

സ്ലോവേനിയൻ ചിത്രം ‘ലിറ്റിൽ ട്രബിൾ ഗേൾസി’ലെ അഭിനയ മികവിന്  ജാരാ സോഫിജ ഓസ്താന് മികച്ച നടിക്കുള്ള രജത മയൂരം

സ്ലോവേനിയൻ ചിത്രമായ 'ലിറ്റിൽ ട്രബിൾ ഗേൾസ്' ലെ അഭിനയ മികവിന്  ജാരാ സോഫിജ ഓസ്താൻ   56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള രജത മയൂരം കരസ്ഥമാക്കി. ശ്രദ്ധേയമാംവിധം സൂക്ഷ്മവും ആഴത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതുമായ പ്രകടനത്തിനാണ് അവർ ഈ ബഹുമതിക്ക് അർഹയായത്.

ഏറ്റവും ലളിതവും, സത്യസന്ധവും , സൂക്ഷ്മവുമായ ഭാവങ്ങളിലൂടെയും അതിസൂക്ഷ്മമായ ആംഗ്യങ്ങളിലൂടെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞുവെക്കുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്  ജൂറി അവരുടെ അഭിനയ വൈദഗ്ദ്ധ്യത്തെ പ്രശംസിച്ചു.



മികച്ച നടിക്കുള്ള രജത മയൂരം പുരസ്‌കാരം ജാരാ സോഫിജ ഓസ്താന് വേണ്ടി, 'ലിറ്റിൽ ട്രബിൾ ഗേൾസ്' എന്ന സിനിമയുടെ നിർമ്മാതാവാണ് ഏറ്റുവാങ്ങിയത്.

 

‘മൈ ഫാദേഴ്സ് ഷാഡോ’ സംവിധാനം ചെയ്ത അകിനോള ഡേവിസ് ജൂനിയറിന് പ്രത്യേക ജൂറി പുരസ്കാരം.

ബ്രിട്ടീഷ്-നൈജീരിയൻ ചലച്ചിത്ര സംവിധായകൻ  അകിനോള ഡേവിസ് ജൂനിയറിന് 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

അടുപ്പമുള്ള നിമിഷങ്ങളും ചെറിയ ആംഗ്യങ്ങളുമാണ് ഈ സിനിമയുടെ ഊഷ്മളമായ ആശ്ലേഷത്തിൻ്റെ  കാതലെന്ന്  പ്രശംസിച്ചുകൊണ്ട്  സംവിധായകനും തിരക്കഥാകൃത്തുമായ അദ്ദേഹത്തെ ജൂറി പ്രശംസിച്ചു.

 


 

പേർഷ്യൻ ചിത്രം 'മൈ ഡോട്ടേഴ്സ് ഹെയർ (റാഹ)’ ഒരുക്കിയ ഹെസാം ഫറാഹ്മന്ദും എസ്തോണിയൻ ചിത്രം ‘ഫ്രാങ്ക്’ ഒരുക്കിയ ടോണിസ് പില്ലും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം പങ്കിട്ടു

മൈ ഡോട്ടേഴ്‌സ് ഹെയർ (റാഹ) എന്ന ആദ്യ ചിത്രത്തിലൂടെ ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ഹെസാം  ഫറാഹ്മന്ദും, ഫ്രാങ്ക് എന്ന ആദ്യ ചിത്രത്തിലൂടെ എസ്റ്റോണിയൻ ചലച്ചിത്ര സംവിധായകൻ ടോണിസ് പില്ലും 56-ാമത് ഐഎഫ്‌എഫ്‌ഐയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം പങ്കിട്ടു.

രണ്ട് സിനിമകളും മികച്ച നിലവാരം പുലർത്തുന്നതായും, അവയുടെ  മികവ് ജൂറിയെ ഒരേപോലെ  ആകർഷിച്ചതായും ചൂണ്ടിക്കാട്ടിക്കൊണ്ട്, ജൂറി ഇരു സിനിമകളേയും പ്രശംസിച്ചു.

 


 

ഹിന്ദി ചിത്രമായ കേസരി ചാപ്റ്റർ 2 ൻ്റെ സംവിധായകൻ കരൺ സിംഗ് ത്യാഗിക്ക്  മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം നവാഗത സംവിധായകനുള്ള പുരസ്കാരം.

56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തൻ്റെ ആദ്യ ചിത്രത്തിനുള്ള പുരസ്കാരം കേസരി ചാപ്റ്റർ 2  സംവിധായകൻ കരൺ സിംഗ് ത്യാഗി സ്വന്തമാക്കി. ഈ ചിത്രത്തിൻ്റെ  സംവിധായകൻ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ ഇന്ത്യൻ പനോരമ ജൂറി അഭിനന്ദിച്ചു.

 


 

ബാൻദിഷ് ബാൻഡിറ്റ്സ് സീസൺ 2 ന് മികച്ച വെബ് സീരീസ് (ഒടിടി) പുരസ്കാരം.

56-ാമത് ഐഎഫ്എഫ്ഐ യിലെ മികച്ച വെബ് സീരീസ് (ഒടിടി) പുരസ്കാരം ബാൻദിഷ് ബാൻഡിറ്റ്സ് സീസൺ 2 കരസ്ഥമാക്കി. കലയും സംഗീതവും എല്ലാവരിലേക്കും എത്തിച്ചേരുന്ന തരത്തിലുള്ള ഈ പരമ്പരയുടെ  കഥാവിഷയം ജൂറിയുടെ പ്രശംസയ്ക്ക് അർഹമായി.

 



 

നോർവീജിയൻ ചിത്രമായ 'സേഫ് ഹൗസ്' അഭിമാനകരമായ  ICFT–UNESCO ഗാന്ധി മെഡൽ നേടി.

സമാധാനം, അഹിംസ, സാംസ്കാരിക സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമയ്ക്ക് നല്കുന്ന ICFT–UNESCO ഗാന്ധി മെഡലിന്, ഐറിക് സ്വെൻസൺ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം സേഫ് ഹൗസ് അർഹമായി. 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI 2025) വെച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

 



 

ഒരു സുവർണ്ണ ഗാഥ : ഇന്ത്യൻ സിനിമ രജനീകാന്തിൻ്റെ  50 വർഷം ആഘോഷിക്കുന്നു

ഇന്ത്യൻ സിനിമയുടെ സംസ്കാരത്തിൽ തൻ്റെ ശാശ്വതമായ സ്വാധീനം ഉറപ്പിക്കുന്ന, നാഴികക്കല്ലായ 50 വർഷം പൂർത്തിയാക്കിയ ഇതിഹാസ താരം രജനീകാന്തിനെ ഇന്ന് നടന്ന സമാപന ചടങ്ങിൽ പ്രത്യേകം ആദരിച്ചു. അരനൂറ്റാണ്ടായി ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇതിഹാസ താരം ഈ ബഹുമതിക്ക് കേന്ദ്ര സർക്കാരിനോട് നന്ദി അറിയിച്ചു. തിരിഞ്ഞു നോക്കുമ്പോൾ, സമയം പറന്നുപോയതായി തോന്നുന്നുവെന്നും  കാരണം താൻ സിനിമയേയും അഭിനയത്തേയും വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്ത് എന്ന നിലയിൽ ഒരു നടനായി നൂറ് ജന്മങ്ങൾ എടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ  സ്നേഹത്തിനും വാത്സല്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഈ ബഹുമതി മുഴുവൻ സിനിമാ വ്യവസായത്തിനും - നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ, വിതരണക്കാർ, പ്രദർശകർ, ഉൾപ്പെടെയുള്ള മറ്റെല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ഇതിഹാസ താരം പറഞ്ഞു.




 

ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ  ഗോവയിലെത്തിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എല്ലാ പുരസ്കാര ജേതാക്കളെയും അറിയിച്ചു. വസുധൈവ കുടുംബകം എന്ന മനോഭാവം സർഗ്ഗാത്മകത, നവീകരണം, സാങ്കേതികവിദ്യ, കഥപറച്ചിൽ, സിനിമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.  ലോകത്തെ ചലിപ്പിക്കുന്ന സിനിമകളേയും കഥകളേയും ആഘോഷിക്കാനാണ് എല്ലാവരും ഇവിടെ ഒത്തുചേർന്നിരിക്കുന്നതെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി, ഈ സായാഹ്നം ഒരു മേളയുടെ സമാപനം മാത്രമല്ല, സൃഷ്ടിപരമായ മനസ്സുകളുടേയും കലാപരമായ വൈഭവത്തിൻ്റേയും ആഗോള സഹകരണത്തിൻ്റേയും  ശ്രദ്ധേയമായ ഒത്തുചേരലിൻ്റെ പരിസമാപ്തിയാണെന്നും കൂട്ടിച്ചേർത്തു. സിനിമയുടെ പരിവർത്തന ശക്തിയെക്കുറിച്ച്   എടുത്തുപറഞ്ഞുകൊണ്ട്, സിനിമ കേവലം വിനോദം മാത്രമല്ല അവ പൊതുബോധത്തെ രൂപപ്പെടുത്തുകയും സാമൂഹിക മാറ്റത്തിന് പ്രചോദനമാകുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും
ഇന്ത്യയുടെ വൈവിധ്യമാർന്ന സമൂഹത്തിലുടനീളം ഐക്യം വളർത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഉള്ളടക്ക സ്രഷ്ടാക്കൾ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ള പുതിയ ആഖ്യാനങ്ങൾ രൂപപ്പെടുത്തുകയും പുതിയ ഫോർമാറ്റുകൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോ. സാവന്ത് ചൂണ്ടിക്കാട്ടി. വർഷങ്ങളായി ഐഎഫ്എഫ്ഐ യുടെ സ്ഥിരം വേദിയായി ഗോവ നിലകൊള്ളുന്നുണ്ടെന്നും മേളയെ ഒരു ആഗോള സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിൽ ഗോവ സർക്കാർ അക്ഷീണമായ പരിശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഐഎഫ്എഫ്ഐ 2025 ൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ മേളയുടെ 56-ാമത് പതിപ്പിലെ പ്രധാന പുതുമകളെ എടുത്തുകാട്ടി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചുകൊണ്ട്, ഈ വർഷത്തെ  ഐഎഫ്എഫ്ഐ യിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുമുള്ള നിശ്ചലദൃശ്യങ്ങളും സാംസ്കാരിക പ്രദർശനങ്ങളും ഗോവയിലുടനീളം അവതരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎഫ്എഫ്ഐ യുടെ  ഓരോ പതിപ്പും പുതിയ സവിശേഷതകൾ  കൊണ്ടുവരുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. ചലച്ചിത്ര, വിനോദ, മാധ്യമ, ക്രിയേറ്റീവ് വ്യവസായങ്ങളിൽ നിന്നുള്ള  പ്രധാന പങ്കാളികളുടേയും  77 രാജ്യങ്ങളുടേയും പങ്കാളിത്തത്തോടെയാണ് മുംബൈയിൽ ആദ്യമായി വേവ്സ്  ഉച്ചകോടി നടന്നതെന്ന് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗുരു ദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, ഭൂപൻ ഹസാരിക, പി. ഭാനുമതി, സലിൽ ചൗധരി, കെ. വൈകുണ്ഠ് തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രതിഭകളുടെ ശതാബ്ദി ആഘോഷിച്ച ഈ വർഷത്തെ ചലച്ചിത്രമേള, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ രജനീകാന്തിനെ ആദരിച്ചതായും മന്ത്രി അറിയിച്ചു. വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്കായി 1,050 കോടിയിലധികം രൂപയുടെ ബിസിനസ് അവസരങ്ങൾ  വേവ്സ് ഫിലിം ബസാർ സൃഷ്ടിച്ചുവെന്നും, 125 യുവ പ്രതിഭകൾ CMOT പരിപാടിയിൽ പങ്കെടുത്തുവെന്നും ഡോ. എൽ. മുരുകൻ കൂട്ടിച്ചേർത്തു. പുതിയ ചലച്ചിത്രകാരന്മാരെ വളർത്തിയെടുക്കുന്നതിനുള്ള ഐ‌എഫ്‌എഫ്‌ഐ യുടെ  പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഐ‌എഫ്‌എഫ്‌ഐ യുടെ ചരിത്രത്തിൽ ആദ്യമായി, സ്ത്രീകൾ സംവിധാനം ചെയ്ത 50 സിനിമകൾ പ്രദർശിപ്പിച്ചു. ഇത് സിനിമയിൽ സ്ത്രീകളെ  ശാക്തീകരിക്കുന്നതിലുള്ള തങ്ങളുടെ ശ്രദ്ധയെ  വീണ്ടും ഉറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും കൂടിച്ചേരുന്ന മേഖലയിൽ  നവീകരണത്തിന് കൂടുതൽ ഉത്തേജനം നല്കുന്നതിനായി മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിച്ചതിനെക്കുറിച്ചും  ഡോ. മുരുകൻ എടുത്തുപറഞ്ഞു.

 

 

ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ ഉദയത്തിനുള്ള സമയമാണിതെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വേവ്സ്  ഉച്ചകോടിയിൽ പറഞ്ഞതായി ചടങ്ങിൽ സംസാരിച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു. ആ ദിശയിലേക്കുള്ള ഒരു ധീരമായ ചുവടുവെയ്പ്പാണ്  ഐഎഫ്എഫ്ഐ 2025 എന്നും, ഇത് സ്രഷ്ടാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യൻ പ്രതിഭകളെ ആഗോള വേദിയിൽ അഭിമാനത്തോടെ പ്രദർശിപ്പിക്കുകയും ചെയ്തുവെന്നും  വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  സെക്രട്ടറി ശ്രീ ജാജു കൂട്ടിച്ചേർത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (IICT),  സ്രഷ്ടാക്കൾക്ക്  അവരുടെ കഴിവുകളും കലാവിരുതും  മെച്ചപ്പെടുത്താൻ മാത്രമല്ല, ഏതൊരു സൃഷ്ടിപരമായ ഉത്പാദനത്തിൻ്റേയും അവിഭാജ്യ ഘടകമായ സാങ്കേതികവിദ്യ പഠിക്കാനും സഹായിക്കുമെന്ന് ശ്രീ ജാജു പറഞ്ഞു.  ഐഐസിടി യുടെ എൻ‌എഫ്‌ഡി‌സി  കാമ്പസ് ഇതിനോടകം പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. മുംബൈയിലെ ഐഐസിടി രാജ്യമെമ്പാടുമുള്ള സ്രഷ്ടാക്കൾക്ക് പ്രയോജനകരമാകുന്ന ഒരു 'ഹബ് ആൻഡ് സ്പോക്ക് മോഡൽ' പോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നല്കിയ ധർമ്മേന്ദ്ര, കാമിനി കൗശൽ, സുലക്ഷണ പണ്ഡിറ്റ്, സതീഷ് ഷാ, പിയൂഷ് പാണ്ഡെ, ഋഷഭ് ടണ്ടൺ, ഗോവർദ്ധൻ അസ്രാണി, പങ്കജ് ധീർ, വാരീന്ദർ സിംഗ് ഗുമൻ, സുബീൻ ഗാർഗ്, ബാൽ കർവെ, ജസ്വിന്ദർ ഭല്ല, ജ്യോതി ചന്ദേക്കർ, രത്തൻ തിയം, ബി. സരോജാ ദേവി, ഷെഫാലി ജാരിവാല, പാർത്ഥോ ഘോഷ്, വിഭു രാഘവ്, ഷാജി എൻ. കരുൺ, മനോജ് കുമാർ, അലോക് ചാറ്റർജി, ശ്യാം ബെനഗൽ, സക്കീർ ഹുസൈൻ തുടങ്ങി ഈ വർഷം വിട പറഞ്ഞ മഹത് വ്യക്തിത്വങ്ങളെ ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ അനുസ്മരിച്ചു.

ചലച്ചിത്ര രംഗത്തെ പ്രമുഖരായ രമേഷ് സിപ്പി, നവാസുദ്ദീൻ സിദ്ദിഖി, അഭയ് സിൻഹ, ഓംപ്രകാശ് മെഹ്‌റ, കിരൺ ശാന്താറാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, എൻ‌എഫ്‌ഡി‌സി എം.ഡി ശ്രീ പ്രകാശ് മഗ്ദും, ഇ‌എസ്‌ജി ഗോവ ചെയർപേഴ്‌സൺ ഡെലീല ലോബോ, രവി കിസാൻ, ഋഷഭ് ഷെട്ടി, രൺ‌വീർ സിംഗ്, അമിത് സാദ്, നിഹാരിക കൊനിഡേല, ജി.വി.പ്രകാശ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗണേശവന്ദനം, പരമ്പരാഗത നൃത്തങ്ങൾ, ദിവ്യാംഗ കലാകാരന്മാരുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ, വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയുടെ ആകർഷകമായ പ്രദർശനം, കർണ്ണാടകയുടെ പരമ്പരാഗത നാടോടി നാടകരൂപമായ യക്ഷഗാനം, രാജസ്ഥാനിൽ നിന്നുള്ള മംഗനിയാർമാരുടെ പ്രകടനം എന്നിവയിലൂടെ ഇന്ത്യൻ പൈതൃകത്തിൻ്റെ വൈവിധ്യവും ഊർജ്ജസ്വലതയും ഈ പരിപാടി എടുത്തു കാണിച്ചു.

 



 

സമാപന ചടങ്ങിലെ ഇന്ത്യൻ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സാന്നിധ്യം, കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി  ഐഎഫ്എഫ്ഐ വേദികളിൽ ഏർപ്പെടുത്തിയ നിരവധി ദിവ്യാംഗ സൗഹൃദ നടപടികളിലൂടെ പ്രതിഫലിച്ച മേളയുടെ സമഗ്രമായ മനോഭാവത്തെ എടുത്തുകാണിച്ചു.

ഈ വർഷത്തെ ചലച്ചിത്രമേള, AI ഫിലിം ഫെസ്റ്റിവലും സിനിമാ AI ഹാക്കത്തോണും അവതരിപ്പിച്ചു. തിരക്കഥാരചന, വീഡിയോ നിർമ്മാണം, എഡിറ്റിംഗ്, പ്രൊഡക്ഷൻ എന്നിവയ്ക്കായി നിർമ്മിതബുദ്ധി  സാങ്കേതികവിദ്യ ഉപയോഗിച്ച് കഥപറച്ചിലിൻ്റെ അതിരുകൾ വികസിപ്പിക്കാൻ ലോകമെമ്പാടുമുള്ള  സ്രഷ്ടാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദി ഇത് വാഗ്ദാനം ചെയ്തു. 56-ാമത് ഐഎഫ്എഫ്ഐ വിജ്ഞാനം വർദ്ധിപ്പിക്കുന്ന ചർച്ചകൾ, ഇൻ-കോൺവെർസേഷനുകൾ, മാസ്റ്റർ ക്ലാസുകൾ, റൗണ്ട് ടേബിളുകൾ എന്നിവക്കായി സിനിമ, സർഗ്ഗാത്മകത എന്നിവയിലെ നിരവധി വിദഗ്ധരെ ഒരുമിച്ചു കൊണ്ടുവന്നു.

സിനിമ, കഥപറച്ചിൽ, സർഗ്ഗാത്മകത എന്നിവയുടെ ഊർജ്ജസ്വലമായ ആഘോഷത്തോടെ സമാപിച്ച 56-ാമത് ഐഎഫ്.എഫ്ഐ പ്രതിഭാധനരായ കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾക്കും അർഹരായ സിനിമകളേയും വ്യക്തിത്വങ്ങളേയും ആദരിക്കുന്നതുമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട്  ചലച്ചിത്ര പ്രവർത്തകരുടേയും ആഗോള ചലച്ചിത്ര സമൂഹത്തിൻ്റേയും ഹൃദയത്തിൽ അവിസ്മരണീയമായ ഇടം നേടി. അതോടൊപ്പം നവീകരണം, കഴിവ്, കലാപരമായ സംരംഭം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ചലച്ചിത്രമേളയ്ക്കുള്ള പങ്ക് എടുത്തു കാണിച്ചുകൊണ്ട്, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയിലും ഈ മേള ശ്രദ്ധേയമായ സ്ഥാനം നേടി.

സിനിമാ മികവിനെ ആഘോഷിക്കാനും, മികച്ച പ്രതിഭകളെ തിരിച്ചറിയാനും, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വീണ്ടും ഒരു ആഗോള വേദി ഒരുക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അടുത്ത പതിപ്പിനായുള്ള കാത്തിരിപ്പ് ആരംഭിക്കുകയായി.

****


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2196236   |   Visitor Counter: 5