തലൈവർക്ക് സിനിമയിൽ 50ൻ്റെ നിറവ്: 56-ാമത് IFFI ൽ രജനികാന്തിനെ ആദരിച്ചു
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ 50 വർഷം പൂർത്തിയാക്കിയ ഇതിഹാസ താരം രജനികാന്തിനെ 56-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരിച്ചു. ഇന്ത്യൻ സിനിമയിലെ ചരിത്രപരമായ നാഴികക്കല്ലായിരുന്നു ഈ ആഘോഷം. 'തലൈവർ' എന്ന് ഏവരും സ്നേഹപൂർവ്വം വിളിക്കുന്ന രജനികാന്ത്, തൻ്റെ ആകർഷകമായ കഥാപാത്രങ്ങൾ, സവിശേഷമായ ശൈലി, അവിസ്മരണീയമായ പ്രകടനങ്ങൾ എന്നിവയിലൂടെ തലമുറകളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
മേളയുടെ സമാപന ചടങ്ങിൻ്റെ ഭാഗമായി നടന്ന ആദരവിൽ, തമിഴ് സിനിമകൾക്കു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകൾക്കും അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകളെ പ്രകീർത്തിച്ചു. 170-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഈ സൂപ്പർതാരം ജനപ്രിയ സിനിമാ സംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. പത്മഭൂഷൺ (2000), പത്മവിഭൂഷൺ (2016), ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം (2020) തുടങ്ങി നിരവധി ബഹുമതികൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും രജനികാന്തിനെ ആദരിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, നടൻ രൺവീർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.
ആദരം ഏറ്റുവാങ്ങിക്കൊണ്ട്, രജനികാന്ത് കേന്ദ്ര സർക്കാരിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സിനിമയെയും അഭിനയത്തെയും അത്രയേറെ സ്നേഹിക്കുന്നത് കൊണ്ട്, തിരിഞ്ഞുനോക്കുമ്പോൾ 50 വർഷങ്ങൾ പത്തോ പതിനഞ്ചോ വർഷങ്ങൾ പോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. "ഇനിയൊരു 100 ജന്മങ്ങൾ ലഭിച്ചാലും രജനികാന്തായി തന്നെ ജനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," സൂപ്പർ താരം കൂട്ടിച്ചേർത്തു.
ഭാഷയ്ക്കും അതിരുകൾക്കും അപ്പുറത്തേക്ക് വളർന്ന, സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും പ്രചോദനമായ ഒരു സാംസ്കാരിക നായകനെയാണ് ഈ ആഘോഷത്തിലൂടെ 2025 IFFI ആദരിക്കുന്നത്. ഈ സുവർണ്ണ ജൂബിലി രജനികാന്തിൻ്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല, ഇന്ത്യയുടെ ജനപ്രിയ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ സിനിമയ്ക്കുള്ള വലിയ സ്വാധീനത്തിൻ്റെ സാക്ഷ്യപത്രം കൂടിയാണ്.
****
रिलीज़ आईडी:
2196155
| Visitor Counter:
4