'എ യൂസ്ഫുൾ ഗോസ്റ്റ്' എന്ന തായ്‌ലൻഡ് ചിത്രത്തോടെ ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര സെക്ഷന് പര്യവസാനമായി
ഇതിലും അവിസ്മരണീയമായൊരു കൊടിയിറക്കം ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌ഐ)യുടെ അന്താരാഷ്ട്ര സെക്ഷന് ആവശ്യപ്പെടാൻ സാധിക്കില്ലായിരുന്നു. തായ്ലൻഡിന്റെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രീ വിജയിയുമായ 'എ യൂസ്ഫുൾ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ, തങ്ങളുടെ പ്രശസ്തമായ സിനിമയുടെ ശൈലിയെ പ്രതിഫലിപ്പിക്കുന്ന വിചിത്രത, വിഷാദം, സാമൂഹിക വ്യാഖ്യാനം, നർമ്മം എന്നിവയുടെ അപൂർവ ചേരുവയുമായി ഇന്ന് പത്രസമ്മേളനത്തിലെത്തി.
ദുഃഖിതനായ ഭർത്താവ് തന്റെ മരിച്ചുപോയ ഭാര്യയെ ഒരു വാക്വം ക്ലീനറിൽ പുനർജന്മമായി കണ്ടെത്തുന്നൊരു കഥയുടെ വിചിത്രവും ആർദ്രവുമായ പ്രപഞ്ചത്തെ അനാവരണം ചെയ്യാൻ സംവിധായകൻ രാത്ചപൂം ബൂൺബഞ്ചാചോക്ക്, സഹ നിർമാതാവ് (അസോസിയേറ്റ് പ്രൊഡ്യൂസർ) തനാദെ അമോൺപിയലെർക്ക്, നടൻ വിസരുത് ഹോംഹുവാൻ, ഛായാഗ്രാഹകൻ സോങ് പാസിത് എന്നിവർ വേദിയിലെത്തി.
"ഒരു ഭ്രാന്തൻ ആശയത്തിന് ഇത്രയും ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് ആരറിഞ്ഞു?''-രാത്ചപൂം
സിനിമയുടെ ആഗോള യാത്രയെക്കുറിച്ച് പ്രതികരിക്കവെ, സംവിധായകൻ രാത്ചപൂം തന്റെ സന്ദേഹവും സന്തോഷവും പങ്കുവെച്ചു: "ഇത്രയും ഭ്രാന്തൻ ആശയമുള്ള ഇത്തരമൊരു സിനിമ ഇത്രയും ദൂരം സഞ്ചരിച്ച് ഇത്രയധികം ആളുകളിലേക്ക് എത്തുമെന്ന് ആരാണ് കരുതിയിട്ടുണ്ടാവുക?" മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു പ്രേതത്തിന്റെ കൂടുതൽ പരമ്പരാഗതമായ ചിത്രീകരണത്തോടെയാണ് ചിത്രം ആരംഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആ ആശയം പരിചിതവും, നൂതനാവിഷ്‌കാരമില്ലാത്തതുമായി തോന്നി. അപ്പോഴാണ് ഒരു വാക്വം ക്ലീനറായി പുനർജനിച്ച പ്രേതമെന്ന അപ്രതീക്ഷിതമായൊരു ആശയത്തെ സ്വീകരിച്ചത്.
ഈ വിചിത്രമായ തിരഞ്ഞെടുപ്പ് ആഴത്തിൽ പ്രതീകാത്മകമായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. "തായ്ലൻഡിലെ ഒരു യഥാർത്ഥ പ്രശ്‌നമായ പൊടി മലിനീകരണം, സിനിമയിലെ മുഖ്യകഥാപാത്രത്തിന്റെ ജീവനെടുക്കുന്നു, വാക്വം ക്ലീനർ അവളുടെ മരണകാരണത്തോടുള്ള കാവ്യാത്മക പ്രതികരണമായി മാറുന്നു." ലോകമെമ്പാടുമുള്ള പ്രേത ചിത്രീകരണങ്ങൾ പഠിക്കാൻ താൻ ഗണ്യമായ സമയം ചെലവഴിച്ചുവെന്നും, കനത്ത ചമയം ഉപയോഗിക്കുന്നവ മുതൽ സൂക്ഷ്മമായ അദൃശ്യ സാന്നിധ്യങ്ങൾ വരെ, ഒടുവിൽ അപരിചിതവും, ശാന്തവും, കൂടുതൽ അടുപ്പമുള്ളതുമായ ഒന്നിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും രാത്ചപൂം പങ്കുവെച്ചു. ഈ തീരുമാനം അപ്രതീക്ഷിതമായ ശാസ്ത്ര സാങ്കൽപ്പിക (സയൻസ് ഫിക്ഷൻ) ഘടകങ്ങളെ അവതരിപ്പിച്ചു, അത് ബോധപൂർവമായ ഒരു പദ്ധതിയുടെ ഭാഗമല്ലായിരുന്നെന്ന് അദ്ദേഹം തമാശരൂപേണ സമ്മതിച്ചു.
''സിനിമാറ്റിക് ആവാതിരിക്കാൻ ഭയപ്പെടരുത്''- ഛായാഗ്രാഹകൻ സോങ് പാസിത്
ചിത്രത്തിന്റെ ദൃശ്യഭാഷയെ കാര്യഗൗരവത്തിനും വിവേകശൂന്യതയ്ക്കും ഇടയിലുള്ള ഒരു മനഃപൂർവ്വമായ നൃത്തം എന്നാണ് ഛായാഗ്രാഹകൻ സോങ് പാസിത് വിശേഷിപ്പിച്ചത്. '''സിനിമാറ്റിക് ആകാതിരിക്കാൻ ഭയപ്പെടരുത്' എന്നതായിരുന്നു ഞങ്ങളെ നയിച്ച ചിന്ത'' അദ്ദേഹം പറഞ്ഞു.
വിചിത്രമായ കോണുകൾ, രസകരമായ രചനാ നിർമിതി, കട്ടിയുള്ള നിറങ്ങൾ, പ്രത്യേകിച്ച് കൂടുതൽ തിളക്കമാർന്നിരിക്കണമെന്ന് സംവിധായകൻ നിർബന്ധിച്ച ചുവപ്പ് നിറം എന്നിവ സ്വീകരിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. രസകരവും നിഗൂഢവും എപ്പോഴും അൽപ്പം അസന്തുലിതവുമായ ഒരു ലോകത്ത് പ്രേക്ഷകരെ മുഴുകാനിടയാക്കുക എന്നതായിരുന്നു ലക്ഷ്യം.
തായ്ലൻഡിന്റെ ചലച്ചിത്ര പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കുന്നു
തായ്ലൻഡ് സിനിമയുടെ പിന്നാമ്പുറ ലോകത്തേക്ക് സഹ നിർമാതാവ് തനാദെ അമോൺപിയലെർക്ക് വെളിച്ചം വീശുന്നു. പുതിയ ചലച്ചിത്ര സ്രഷ്ടാക്കളുടെ നവതരംഗം ഉയർന്നുവരുമ്പോഴും, ഹോളിവുഡ് ചലച്ചിത്രങ്ങൾ വളരെയധികം ആധിപത്യം പുലർത്തുന്ന ചാഞ്ചാട്ടമുള്ള ആവാസവ്യവസ്ഥയിൽ, തായ്‌ലൻഡ് ചലച്ചിത്ര വ്യവസായ മേഖല ഇപ്പോഴും പ്രതിവർഷം ഏകദേശം 30 സിനിമകളോളം മാത്രമെ തിയേറ്ററുകളിൽ പുറത്തിറങ്ങുന്നുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഭാഗ വൈവിധ്യം പരിമിതമായി തുടരുകയാണെന്നും 'ശുദ്ധമായ വിനോദം' ആയിരിക്കാമെങ്കിലും, ചലച്ചിത്രങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടാവണമെന്നാണ് വ്യക്തിപരമായി വിശ്വസിക്കുന്നതെന്ന് രാത്ചപൂം കൂട്ടിച്ചേർത്തു.
'ഈ വേഷം എനിക്ക് കാര്യങ്ങൾ മാറ്റിമറിച്ചു' - നടൻ വിസരുത് ഹോംഹുവാൻ
നടൻ വിസരുത് ഹോംഹുവാന്, 'എ യൂസ്ഫുൾ ഗോസ്റ്റ്' ഒരേസമയം വെല്ലുവിളി നിറഞ്ഞതും കരിയറിനെ നിർവചിക്കുന്നതുമായിരുന്നു. 'തായ്ലൻഡിൽ ഒരു നടനാകുക ബുദ്ധിമുട്ടാണ്,' അദ്ദേഹം സമ്മതിച്ചു. 'ഞാൻ ടെലിവിഷൻ, ടിക് ടോക്ക് എന്നിങ്ങനെ എല്ലായിടത്തും പ്രവർത്തിച്ചിട്ടുണ്ട്. അധികം അവസരങ്ങളില്ലായിരുന്നു. ഈ ചലച്ചിത്രം എനിക്ക് വലിയൊരു വഴിത്തിരിവായിരുന്നു, ഒടുവിൽ ഒരു സിനിമാ നടനായി എന്നെ തിരിച്ചറിയാൻ ആളുകളെ അനുവദിച്ച ഒന്നാണിത്.'
'എ യൂസ്ഫുൾ ഗോസ്റ്റ്' നെ വൈരുദ്ധ്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സിനിമയെന്ന് അണിയറപ്രവർത്തകർ ഒന്നടങ്കം വിശേഷിപ്പിച്ചു. നർമ്മം നിറഞ്ഞതാണെങ്കിലും വേട്ടയാടുന്ന, അതിശയകരമെങ്കിലും യഥാർത്ഥ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ വേരൂന്നിയ, അതിന്റെ വിചിത്രപ്രകൃതമുള്ള ആത്മാവ് ഒരിക്കലും നഷ്ടപ്പെടാതെ സ്പർശിക്കുന്നതുമായ ഒരു കഥയാണിതെന്ന് അവർ പറഞ്ഞു.
പത്രസമ്മേളനം അവസാനിച്ചപ്പോൾ, ചിത്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ കാരണം വ്യക്തമായിരുന്നു. അത് ഒരേസമയം വിചിത്രവും, ആത്മാർത്ഥവും, സാമൂഹികമായി അനുരണനപരവുമാകാൻ ധൈര്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ചിത്രം ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര വിഭാഗത്തിന് ഒരേസമയം ആനന്ദകരവും മറക്കാനാവാത്തതുമായ ഒരു സമാപന കുറിപ്പേകുകയും ചെയ്തു.
*****
रिलीज़ आईडी:
2195960
| Visitor Counter:
3