പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


കലിയുഗത്തിൽ, ഭഗവാന്റെ നാമജപത്തിലൂടെ മാത്രമേ ലൗകിക അസ്തിത്വത്തിന്റെ സമുദ്രത്തിൽ നിന്ന് മോചനം നേടാനാകൂ: പ്രധാനമന്ത്രി

ഗീതയിലെ വാക്കുകൾ വ്യക്തികളെ മാത്രമല്ല, രാഷ്ട്രത്തിൻ്റെ നയങ്ങളെയും രൂപപ്പെടുത്തുന്നു: പ്രധാനമന്ത്രി

സമാധാനവും സത്യവും ഉയർത്തിപ്പിടിക്കുന്നതിന് അനീതിയുടെ ശക്തികളെ നേരിടുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു, ഈ തത്വമാണ് രാജ്യത്തിന്റെ സുരക്ഷാ സമീപനത്തിന്റെ കാതൽ: പ്രധാനമന്ത്രി

ജല സംരക്ഷണം, വൃക്ഷത്തൈ നടൽ, ദരിദ്രരെ ഉന്നമിപ്പിക്കൽ, സ്വദേശി സ്വീകരിക്കൽ, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കൽ, യോഗാ പരിശീലനം, കൈയെഴുത്തുപ്രതികൾ സംരക്ഷിക്കൽ, കുറഞ്ഞത് 25 പൈതൃക സ്ഥലങ്ങളെങ്കിലും സന്ദർശിക്കൽ തുടങ്ങിയ ഒമ്പത് പ്രതിജ്ഞകൾ നമുക്ക് എടുക്കാം: പ്രധാനമന്ത്രി

प्रविष्टि तिथि: 28 NOV 2025 2:05PM by PIB Thiruvananthpuram


കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഇന്ന് നടന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനത്തിന്റെ സംതൃപ്തി, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ തനിക്ക് ഒരു പരമഭാഗ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എണ്ണമറ്റ അനുഗ്രഹങ്ങൾ നേടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

മൂന്ന് ദിവസം മുമ്പ് താൻ ഗീതയുടെ നാടായ കുരുക്ഷേത്രത്തിൽ ആയിരുന്നുവെന്ന് അനുസ്മരിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു, ഇന്ന് ശ്രീകൃഷ്ണ ഭഗവാൻ  അനുഗ്രഹിച്ചതും ജഗദ്ഗുരു ശ്രീ മാധവാചാര്യ  ജിയുടെ മഹത്വത്താൽ അനുഗ്രഹിക്കപ്പെട്ടതുമായ ഈ ഭൂമിയിലേക്ക് വരുന്നത് തനിക്ക് പരമമായ സംതൃപ്തിയുടെ അവസരമാണ്. ഒരു ലക്ഷം പേർ ഒരുമിച്ച് ഭഗവദ്ഗീതയുടെ ശ്ലോകങ്ങൾ പാരായണം ചെയ്ത ഈ അവസരത്തിൽ, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ആത്മീയ പൈതൃകത്തിന്റെ ജീവിക്കുന്ന ദിവ്യത്വത്തിന് സാക്ഷ്യം വഹിച്ചതായി അദ്ദേഹം പറഞ്ഞു.

കർണാടകയുടെ മണ്ണിൽ വരുന്നതും ഇവിടുത്തെ സ്നേഹനിധികളായ ജനങ്ങളോടൊപ്പം കഴിയുന്നതും എപ്പോഴും തനിക്ക് ഒരു സവിശേഷ അനുഭവം നൽകുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉഡുപ്പി എന്ന പുണ്യഭൂമി സന്ദർശിക്കുന്നത് എപ്പോഴും അസാധാരണമാണെന്ന് എടുത്തുകാണിച്ച അദ്ദേഹം, ഗുജറാത്തിലാണ് ജനിച്ചതെങ്കിലും ഗുജറാത്തിനും ഉഡുപ്പിക്കും ഇടയിൽ എപ്പോഴും ആഴമേറിയതും സവിശേഷവുമായ ഒരു ബന്ധം ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടി. ഇവിടെ സ്ഥാപിച്ച ശ്രീകൃഷ്ണ വിഗ്രഹം മുമ്പ് ദ്വാരകയിൽ മാതാ രുക്മിണി ദേവി ആരാധിച്ചിരുന്നതായും പിന്നീട് ജഗദ്ഗുരു ശ്രീ മാധവാചാര്യ ഉഡുപ്പിയിൽ ഈ വിഗ്രഹം പ്രതിഷ്ഠിച്ചതായും വിശ്വസിക്കപ്പെടുന്ന കാര്യം ശ്രീ മോദി അനുസ്മരിച്ചു. കഴിഞ്ഞ വർഷമാണ് കടലിനടിയിൽ ശ്രീ ദ്വാരക ജിയെ സന്ദർശിച്ചതിന്റെ ദിവ്യാനുഭവം തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പരാമർശിച്ചു. ഈ വിഗ്രഹം ദർശിക്കുമ്പോൾ തനിക്ക് അനുഭവപ്പെട്ട ആഴമേറിയ അനുഭവം ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുമെന്നും ഈ ദർശനം തനിക്ക് വളരെയധികം ആത്മീയ സന്തോഷം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉഡുപ്പിയിലേക്ക് വരുന്നത് മറ്റൊരു കാരണത്താലും തനിക്ക് സവിശേഷമാണെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും ഭരണ മാതൃകയുടെ കർമ്മഭൂമിയാണ് ഉഡുപ്പിയെന്ന് അദ്ദേഹം അടിവരയിട്ടു. 1968 ൽ ഉഡുപ്പിയിലെ ജനങ്ങൾ ജനസംഘത്തിന്റെ വി.എസ്. ആചാര്യയെ മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുത്തുവെന്നും ഇതോടെ ഉഡുപ്പി ഒരു പുതിയ ഭരണ മാതൃകയ്ക്ക് അടിത്തറ പാകിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് ദേശീയ തലത്തിൽ കാണുന്ന ശുചിത്വ യജ്ഞം അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ഉഡുപ്പി സ്വീകരിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജലവിതരണത്തിന്റെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും ഒരു പുതിയ മാതൃക നൽകുന്ന കാര്യത്തിൽ, 1970 കളിൽ ഉഡുപ്പി അത്തരം പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് ഈ പ്രചാരണങ്ങൾ ദേശീയ വികസനത്തിന്റെയും ദേശീയ മുൻഗണനയുടെയും ഭാഗമായി മാറിയിരിക്കുന്നുവെന്നും അത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാമചരിതമാനസത്തിലെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, "കലിയുഗത്തിൽ, ഭഗവാന്റെ നാമജപത്തിലൂടെ മാത്രമേ ഒരാൾക്ക് ലൗകിക അസ്തിത്വത്തിന്റെ സമുദ്രത്തിൽ നിന്ന് മോചനം ലഭിക്കൂ". സമൂഹത്തിൽ, നൂറ്റാണ്ടുകളായി മന്ത്രങ്ങളുടെയും ഗീതാ ശ്ലോകങ്ങളുടെയും പാരായണം നടന്നുവരികയാണെന്നും ഒരു ലക്ഷം ശബ്ദങ്ങൾ ഒരുമിച്ച് ഈ ശ്ലോകങ്ങൾ ഏകസ്വരത്തിൽ ചൊല്ലുമ്പോൾ, അത് ഒരു സവിശേഷ അനുഭവം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇത്രയധികം ആളുകൾ ഗീത പോലുള്ള ഒരു വിശുദ്ധ ഗ്രന്ഥം ചൊല്ലുമ്പോൾ, അത്തരം ദിവ്യവചനങ്ങൾ ഒരിടത്ത് പ്രതിധ്വനിക്കുമ്പോൾ, മനസ്സിനും ബുദ്ധിക്കും ഒരു പുതിയ സ്പന്ദനവും പുതിയ ശക്തിയും നൽകുന്ന ഒരു പ്രത്യേക ഊർജ്ജം ഉയർന്നുവരുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ഊർജ്ജം ആത്മീയതയുടെ ശക്തിയും സാമൂഹിക ഐക്യത്തിന്റെ ശക്തിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗീതാ പാരായണം ചെയ്യുന്ന ഒരു ലക്ഷം ശബ്ദങ്ങളുടെ ഇന്നത്തെ അവസരം വിശാലമായ ഒരു ഊർജ്ജ മേഖല അനുഭവിക്കാനുള്ള അവസരമായി മാറിയിരിക്കുന്നുവെന്നും ലോകത്തിന് കൂട്ടായ ബോധത്തിന്റെ ശക്തി കാണിച്ചുകൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ കണ്ഠ ഗീതയുടെ ആശയം ദിവ്യമായി പ്രകടമാക്കിയ പരമപൂജ്യ ശ്രീ ശ്രീ സുഗുണേന്ദ്ര തീർത്ഥ സ്വാമിജിയെ ഈ ദിവസം താൻ പ്രത്യേകം വണങ്ങുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകമെമ്പാടുമുള്ള ആളുകളെ സ്വന്തം കൈപ്പത്തിയിൽ ഗീത എഴുതാൻ പ്രചോദിപ്പിച്ചുകൊണ്ട്, സനാതന പാരമ്പര്യത്തിന്റെ ആഗോള ബഹുജന പ്രസ്ഥാനമായി മാറിയ കോടി ഗീതാ ലേഖന യജ്ഞത്തിന് സ്വാമിജി തുടക്കമിട്ടുവെന്ന് എടുത്തുപറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ ഭഗവദ്ഗീതയുടെ വികാരങ്ങളോടും പ്രബോധനങ്ങളോടും ബന്ധപ്പെടുന്ന രീതി തന്നെ വളരെ പ്രധാനപ്പെട്ട ഒരു സംഭവവികാസമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളായി ഇന്ത്യയിൽ വേദങ്ങൾ, ഉപനിഷത്തുകൾ, ശാസ്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ് പാരമ്പര്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, അടുത്ത തലമുറയെ ഭഗവദ്ഗീതയുമായി ബന്ധിപ്പിക്കുന്നതിനുള്ള അർത്ഥവത്തായ ശ്രമമായി ഈ പരിപാടിയും മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ വരുന്നതിന് മൂന്ന് ദിവസം മുമ്പ്, താൻ അയോധ്യ സന്ദർശിച്ചിരുന്നുവെന്ന് അറിയിച്ച ശ്രീ മോദി, നവംബർ 25-ന് വിവാഹ പഞ്ചമി ദിനത്തിൽ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ധർമ്മ ധ്വജം സ്ഥാപിച്ചതായി എടുത്തുപറഞ്ഞു. അയോധ്യ മുതൽ ഉഡുപ്പി വരെ, ശ്രീരാമന്റെ എണ്ണമറ്റ ഭക്തർ ഈ ഏറ്റവും ദിവ്യവും മഹത്തായതുമായ ആഘോഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമക്ഷേത്ര പ്രസ്ഥാനത്തിൽ ഉഡുപ്പി വഹിച്ച പ്രധാന പങ്ക് മുഴുവൻ രാജ്യത്തിനും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ്, പരമ പൂജ്യനായ പരേതനായ വിശ്വേശ തീർത്ഥ സ്വാമിജി മുഴുവൻ ഈ പ്രസ്ഥാനത്തിന് മുഴുവൻ  ദിശാബോധം നൽകിയെന്നും ആ സംഭാവനയുടെ ഫലപ്രാപ്തിയെ അടയാളപ്പെടുത്തുന്ന ഒരു ഉത്സവമായി ധ്വജാരോഹണ ചടങ്ങ് മാറിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉഡുപ്പിയെ സംബന്ധിച്ചിടത്തോളം രാമ ക്ഷേത്രത്തിൻ്റെ  നിർമ്മാണം മറ്റൊരു കാരണത്താൽ സവിശേഷമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, കാരണം പുതിയ ക്ഷേത്രത്തിൽ ജഗദ്ഗുരു മാധവാചാര്യ ജിയുടെ പേരിൽ ഒരു വലിയ കവാടം നിർമ്മിച്ചിട്ടുണ്ട്. ശ്രീരാമന്റെ കടുത്ത ഭക്തനായ ജഗദ്ഗുരു മാധവാചാര്യ ജി, ഭഗവാൻ ശ്രീരാമൻ ആറ് ദിവ്യ ഗുണങ്ങളാൽ അലംകൃതനാണെന്നും പരമേശ്വരനാണെന്നും  അപാരമായ ശക്തിയുടെയും ധൈര്യത്തിന്റെയും സമുദ്രമാണെന്നും 
അർത്ഥമുള്ള ഒരു വാക്യം എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, രാമക്ഷേത്ര സമുച്ചയത്തിൽ  ജഗദ്ഗുരു മാധവാചാര്യ ജിയുടെ  പേരിൽ ഒരു ഗേറ്റ് സ്ഥാപിക്കുന്നത് കർണാടകയിലെയും  ഉഡുപ്പിയിലെയും മുഴുവൻ രാജ്യത്തിലെയും ജനങ്ങൾക്ക് അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ദ്വൈത തത്ത്വചിന്തയുടെ ഉപജ്ഞാതാവും വേദാന്തത്തിന്റെ തിളക്കമാർന്ന പ്രകാശവുമാണ് ജഗദ്ഗുരു ശ്രീ മാധവാചാര്യ ജിയെന്ന് അടിവരയിട്ടുകൊണ്ട്, അദ്ദേഹം സൃഷ്ടിച്ച ഉഡുപ്പിയിലെ അഷ്ടമഠങ്ങളുടെ സമ്പ്രദായം സ്ഥാപന നിർമ്മാണത്തിന്റെയും പുതിയ പാരമ്പര്യങ്ങളുടെ സൃഷ്ടിയുടെയും ജീവിക്കുന്ന ഉദാഹരണമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ഭക്തി, വേദാന്തത്തെക്കുറിച്ചുള്ള അറിവ്, ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിളമ്പാനുള്ള ദൃഢനിശ്ചയം എന്നിവ ഇവിടെയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു തരത്തിൽ ഈ സ്ഥലം അറിവിന്റെയും ഭക്തിയുടെയും സേവനത്തിന്റെയും പവിത്രമായ സംഗമസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ജഗദ്ഗുരു മാധവാചാര്യരുടെ ജനനകാലത്ത് ഇന്ത്യ നിരവധി ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ നേരിട്ടിരുന്നുവെന്നും, ആ സമയത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എല്ലാ വിശ്വാസങ്ങളെയും ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ഭക്തിമാർഗ്ഗം അദ്ദേഹം കാണിച്ചുതന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. ഈ മാർഗനിർദേശം കാരണം, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹം സ്ഥാപിച്ച മഠങ്ങൾ എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകളെ സേവിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ധർമ്മം, സേവനം, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെ എപ്പോഴും മുന്നോട്ട് നയിച്ച നിരവധി മഹാന്മാർ ദ്വൈത പാരമ്പര്യത്തിൽ ഉയർന്നുവന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പൊതുസേവനത്തിന്റെ ഈ ശാശ്വത പാരമ്പര്യമാണ് ഉഡുപ്പിയുടെ ഏറ്റവും വലിയ പൈതൃകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജഗദ്ഗുരു മാധവാചാര്യരുടെ പാരമ്പര്യം ഹരിദാസ പാരമ്പര്യത്തിന് ഊർജ്ജം നൽകിയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പുരന്ദര ദാസ്, കനകദാസ് തുടങ്ങിയ മഹാനായ സന്യാസിമാർ ലളിതവും ശ്രുതിമധുരവും എളുപ്പത്തിൽ വായിക്കാവുന്നതുമായ കന്നഡ ഭാഷയിൽ ഭക്തി ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് എടുത്തുപറഞ്ഞു. അവരുടെ രചനകൾ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ ഹൃദയങ്ങളിലേക്കും എത്തിച്ചേരുകയും അവരെ ധർമ്മവുമായും സനാതന മൂല്യങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്തുവെന്നും ഈ രചനകൾ ഇന്നത്തെ തലമുറയ്ക്കും ഒരുപോലെ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ റീലുകളിൽ പുരന്ദരദാസിന്റെ "ചന്ദ്രചൂഡ ശിവ ശങ്കര പാർവതി" എന്ന രചന യുവാക്കൾ കേൾക്കുമ്പോൾ, അവർ വ്യത്യസ്തമായ ഒരു ആത്മീയ വികാരത്തിലേക്ക് നയിക്കപ്പെടുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്നും ഉഡുപ്പിയിൽ തന്നെപ്പോലുള്ള ഒരു ഭക്തൻ ഒരു ചെറിയ ജനാലയിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദർശനം നടത്തുമ്പോൾ, കനകദാസിന്റെ ഭക്തിയുമായി ബന്ധപ്പെടാനുള്ള അവസരമായി അത് മാറുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നും ഇതിനുമുമ്പും കനകദാസിനെ വണങ്ങാൻ അവസരം ലഭിച്ചതിൽ താൻ വളരെ ഭാഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു.

ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾ എല്ലാ യുഗങ്ങളിലും പ്രായോഗികമാണെന്നും ഗീതയിലെ വാക്കുകൾ വ്യക്തികളെ മാത്രമല്ല, രാഷ്ട്രത്തിന്റെ നയങ്ങളെയും നയിക്കുന്നുവെന്നും എടുത്തുപറഞ്ഞ ശ്രീ മോദി, ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ എല്ലാവരുടെയും ക്ഷേമത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അനുസ്മരിച്ചു. തന്റെ ജീവിതത്തിലുടനീളം ജഗദ്ഗുരു മാധവാചാര്യർ ഈ വികാരങ്ങൾ വഹിച്ചിരുന്നുവെന്നും ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സബ്കാ സാത്ത്, സബ്കാ വികാസ്, സർവജൻ ഹിതായ, സർവജൻ സുഖായ എന്നീ നയങ്ങൾക്ക് പിന്നിൽ ശ്രീകൃഷ്ണ ശ്ലോകങ്ങളുടെ പ്രചോദനമുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, ദരിദ്രരെ സഹായിക്കുക എന്ന മന്ത്രം ശ്രീകൃഷ്ണൻ നൽകുന്നുവെന്നും ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ആവാസ് തുടങ്ങിയ പദ്ധതികളുടെ അടിസ്ഥാനം ഈ പ്രചോദനമാണെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. സ്ത്രീ സുരക്ഷയെയും ശാക്തീകരണത്തെയും കുറിച്ചുള്ള അറിവ് ഭഗവാൻ ശ്രീകൃഷ്ണൻ പകർന്നുനൽകുന്നുവെന്നും നാരീ ശക്തി വന്ദൻ അധിനിയത്തിൻ്റെ (നിയമത്തിൻ്റെ) ചരിത്രപരമായ തീരുമാനം എടുക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചത് ഈ ജ്ഞാനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ക്ഷേമം എന്ന തത്വം ഭഗവാൻ ശ്രീകൃഷ്ണൻ പഠിപ്പിക്കുന്നുവെന്നും വാക്സിൻ മൈത്രി, സോളാർ അലയൻസ്, വസുധൈവ കുടുംബകം തുടങ്ങിയ ഇന്ത്യയുടെ നയങ്ങൾക്ക് ഈ തത്വം അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുദ്ധക്കളത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയുടെ സന്ദേശം നൽകിയതായും സമാധാനവും സത്യവും സ്ഥാപിക്കുന്നതിന്, പീഡകരെ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ സുരക്ഷാ നയത്തിന്റെ കാതലായ വികാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വസുധൈവ കുടുംബകം എന്ന് സംസാരിക്കുകയും 'ധർമ്മോ രക്ഷതി രക്ഷിതഃ' എന്ന മന്ത്രം ആവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെങ്കോട്ടയിൽ നിന്ന് ശ്രീകൃഷ്ണന്റെ കാരുണ്യത്തിന്റെ സന്ദേശം കൈമാറപ്പെട്ടുവെന്നും, അതേ കൊത്തളങ്ങളിൽ നിന്നാണ് മിഷൻ സുദർശൻ ചക്രത്തിന്റെ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിഷൻ സുദർശൻ ചക്ര എന്നാൽ രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങൾക്കും അതിന്റെ വ്യാവസായിക, പൊതു മേഖലകൾക്കും ചുറ്റും ഒരു സംരക്ഷണ മതിൽ പണിയുന്നതാണെന്നും ശത്രുവിന് അത് തകർക്കാൻ കഴിയില്ലെന്നും ശത്രു ധൈര്യം കാണിക്കാൻ തുനിഞ്ഞാൽ ഇന്ത്യയുടെ സുദർശൻ ചക്ര അവയെ നശിപ്പിക്കുമെന്നും ശ്രീ മോദി വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂറിൻ്റെ പ്രവർത്തനത്തിൽ രാജ്യം ഈ ദൃഢനിശ്ചയത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പഹൽഗാമിലെ ഭീകരാക്രമണത്തിൽ കർണാടകയിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി രാജ്യവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് എടുത്തുപറഞ്ഞു. മുമ്പ്, ഇത്തരം ഭീകരാക്രമണങ്ങൾ നടന്നപ്പോൾ ഗവൺമെന്റുകൾ വെറുതെ ഇരിക്കുമായിരുന്നു, എന്നാൽ ഇപ്പോൾ ആരുടെയും മുന്നിൽ തലകുനിക്കുകയോ പൗരന്മാരെ സംരക്ഷിക്കാനുള്ള കടമയിൽ നിന്ന് പതറുകയോ ചെയ്യാത്ത ഒരു പുതിയ ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. "സമാധാനം എങ്ങനെ സ്ഥാപിക്കണമെന്നും സമാധാനം എങ്ങനെ സംരക്ഷിക്കണമെന്നും ഇന്ത്യയ്ക്ക് അറിയാം", പ്രധാനമന്ത്രി പറഞ്ഞു.

ഭഗവദ്ഗീത നമ്മുടെ കടമകളെയും ജീവിത പ്രതിബദ്ധതകളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു, ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചില പ്രമേയങ്ങൾ സ്വീകരിക്കാൻ എല്ലാവരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഭ്യർത്ഥനകൾ നമ്മുടെ വർത്തമാനത്തിനും ഭാവിക്കും വളരെ അത്യാവശ്യമായ ഒമ്പത് പ്രമേയങ്ങൾ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിമാരുടെ സമൂഹം ഈ അഭ്യർത്ഥനകളെ അനുഗ്രഹിച്ചുകഴിഞ്ഞാൽ, ഓരോ പൗരനിലേക്കും എത്തിച്ചേരുന്നതിൽ നിന്ന് അവയെ തടയാൻ യാതൊന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ ആദ്യ പ്രതിജ്ഞ ജലം സംരക്ഷിക്കുക, വെള്ളം ലാഭിക്കുക, നദികളെ സംരക്ഷിക്കുക എന്നിവയായിരിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ടാമത്തെ പ്രതിജ്ഞ വൃക്ഷത്തൈ നടുക എന്നതായിരിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി, "ഏക് പെഡ് മാ കേ നാം" എന്ന ദേശീയ പ്രചാരണ പരിപാടിക്ക് ശക്തി കൂടിവരികയാണെന്നും എല്ലാ മഠങ്ങളുടെയും ശക്തി ഈ പ്രചാരണ പരിപാടിയിൽ പങ്കുചേർന്നാൽ അതിന്റെ സ്വാധീനം കൂടുതൽ വിപുലമാകുമെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു ദരിദ്രന്റെയെങ്കിലും ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുകയെന്നതായിരിക്കണം മൂന്നാമത്തെ പ്രതിജ്ഞയെന്ന് അദ്ദേഹം പറഞ്ഞു. നാലാമത്തെ പ്രതിജ്ഞ സ്വദേശി എന്ന ആശയമായിരിക്കണമെന്നും ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയിൽ നാമെല്ലാവരും സ്വദേശി സ്വീകരിക്കണമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആത്മനിർഭർ ഭാരത്, സ്വദേശി എന്ന മന്ത്രങ്ങളുമായി ഇന്ത്യ ഇന്ന് മുന്നോട്ട് പോകുകയാണെന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥ, വ്യവസായങ്ങൾ, സാങ്കേതികവിദ്യ എന്നിവ സ്വന്തം കാലിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ നാം പൂർണ്ണ ശക്തിയോടെ 'വോക്കൽ ഫോർ ലോക്കൽ' അഥവാ 'പ്രാദേശികതയ്ക്ക് വേണ്ടി ശബ്ദിക്കുക' എന്ന് 
പറയണമെന്ന് അദ്ദേഹം അടിവരയിട്ടുയ

അഞ്ചാമത്തെ പ്രതിജ്ഞയെക്കുറിച്ച് സംസാരിക്കവെ, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ശ്രീ മോദി ആഹ്വാനം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, എണ്ണയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ആറാമത്തെ പ്രതിജ്ഞയായിരിക്കണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഏഴാമത്തെ പ്രതിജ്ഞ യോഗയെ സ്വീകരിക്കുകയും അതിനെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചെയ്യുക എന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തെ പിന്തുണയ്ക്കുക എന്നതാണ് എട്ടാമത്തെ പ്രതിജ്ഞയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ഇന്ത്യയുടെ പുരാതന അറിവിന്റെ ഭൂരിഭാഗവും ഈ കൈയെഴുത്തുപ്രതികളിൽ മറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അറിവ് സംരക്ഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ജ്ഞാൻ ഭാരതം ദൗത്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങളുടെ സഹകരണം ഈ വിലമതിക്കാനാവാത്ത പൈതൃകം സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പരാമർശിച്ചു.

നമ്മുടെ പൈതൃകവുമായി ബന്ധപ്പെട്ട രാജ്യത്തെ കുറഞ്ഞത് 25 സ്ഥലങ്ങളെങ്കിലും സന്ദർശിക്കുക എന്നതാണ് ഒൻപതാമത്തെ പ്രതിജ്ഞയെന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ഹരിയാനയിലെ കുരുക്ഷേത്രയിൽ മഹാഭാരത അനുഭവ കേന്ദ്രം ഉദ്ഘാടനം ചെയ്തത് വെറും മൂന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണെന്ന് ശ്രീ മോദി അനുസ്മരിച്ചു. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിത തത്ത്വചിന്തയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ കേന്ദ്രം സന്ദർശിക്കാൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു. ഗുജറാത്തിൽ, എല്ലാ വർഷവും ഭഗവാൻ ശ്രീകൃഷ്ണന്റെയും രുക്മിണി ദേവിയുടെയും വിവാഹത്തിനായി സമർപ്പിച്ചിരിക്കുന്ന മാധവപൂർ മേള സംഘടിപ്പിക്കാറുണ്ടെന്നും ഇത് രാജ്യമെമ്പാടുമുള്ള ആളുകളെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നുണ്ടെന്നും അടുത്ത വർഷം അതിൽ പങ്കെടുക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ശ്രീ മോദി ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണ ഭഗവാന്റെ മുഴുവൻ ജീവിതവും ഗീതയിലെ ഓരോ അധ്യായവും പ്രവൃത്തിയുടെയും കടമയുടെയും ക്ഷേമത്തിന്റെയും സന്ദേശം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇന്ത്യക്കാർക്ക് 2047 കാലഘട്ടം അമൃത്കാലം മാത്രമല്ല, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കടമ നിർവ്വഹിക്കേണ്ട ഒരു കാലഘട്ടം കൂടിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ പൗരനും ഓരോ ഇന്ത്യക്കാരനും ഒരു ഉത്തരവാദിത്തമുണ്ടെന്നും ഓരോ വ്യക്തിക്കും സ്ഥാപനത്തിനും അതിന്റേതായ കടമയുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഈ കടമകൾ നിറവേറ്റുന്നതിൽ കർണാടകയിലെ കഠിനാധ്വാനികളായ ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ ശ്രമങ്ങളും രാഷ്ട്രത്തിനായി സമർപ്പിക്കണമെന്നും ഈ കടമയുടെ മനോഭാവം പിന്തുടരുന്നതിലൂടെ, വികസിത കർണാടകയും വികസിത ഇന്ത്യയും എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉഡുപ്പിയുടെ നാട്ടിൽ നിന്ന് ഉത്ഭവിക്കുന്ന ഊർജ്ജം വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തെ തുടർന്നും നയിക്കട്ടെ എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി ഉപസംഹരിച്ചു. ഈ പുണ്യവേളയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും  അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.

കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെഹ്‍ലോട്ട്, കേന്ദ്രമന്ത്രി 
ശ്രീ പ്രള്ഹാദ് ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രധാനമന്ത്രി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിച്ച് ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയിൽ പങ്കെടുത്തു - വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതന്മാർ, വിവിധ മേഖലകളിൽ നിന്നുള്ള പൗരന്മാർ എന്നിവരുൾപ്പെടെ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഒരു ഭക്തിസാന്ദ്രമായ ഒത്തുചേരൽ, അവർ ശ്രീമദ് ഭഗവദ്ഗീത ഏകസ്വരത്തിൽ പാരായണം ചെയ്യും.

ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ തീർത്ഥ മണ്ഡപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും കനകദാസന് ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനം ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന പവിത്രമായ കനകനക്കിണ്ടിക്കായി കനക കവചം (സ്വർണ്ണ കവർ) സമർപ്പിക്കുകയും ചെയ്തു. വേദാന്ത ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനായ ശ്രീ മാധവാചാര്യരാണ് 800 വർഷങ്ങൾക്ക് മുമ്പ് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സ്ഥാപിച്ചത്.

 

 

***

AT


(रिलीज़ आईडी: 2195923) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Kannada