മഹാരാഷ്ട്രയുടെ പരമ്പരാഗത പാതിരാ അനുഷ്ടാനത്തിനും സംഗീതത്തിനും ജീവൻ നല്കി IFFI യിൽ ‘ഗോന്ധൾ’ പ്രദർശിപ്പിച്ചു
മറാത്തി ചിത്രമായ ‘ഗോന്ധൾ’ സംബന്ധിച്ച് ഇന്ന് IFFI യിൽ നടന്ന പത്രസമ്മേളനത്തിൽ സംവിധായകൻ സന്തോഷ് ദവാഖർ, നടൻ കിഷോർ ഭാനുദാസ് കദം എന്നിവർ പങ്കെടുത്തു .
സിനിമയുടെ ഭാഷയായി ഗോന്ധൾ
നമ്മുടെ കൺമുന്നിൽ നിന്ന് മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരമാണ് ഗോന്ധൾ പുരാണമെന്നും സിനിമ ഈ കലാരൂപത്തിൽ നിന്ന് നേരിട്ട് വേരൂന്നിയതാണെന്നും സംഭാഷണം ആരംഭിച്ച സന്തോഷ് വിശദീകരിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ സിനിമ വെറുമൊരു ത്രില്ലർ മാത്രമല്ല, അത് സാംസ്കാരിക സംരക്ഷണത്തിൻ്റെ ഒരു പ്രവൃത്തി കൂടിയാണ്.
അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യത്തെ പിടിച്ചുനിർത്താൻ തങ്ങൾ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. "മഹാരാഷ്ട്രയിൽ എണ്ണമറ്റ ഗ്രാമീണ സാംസ്കാരിക ഘടകങ്ങളുണ്ട്. ഗോന്ധൾ അതിൻ്റെ ഏറ്റവും ശക്തമായ ആവിഷ്കാരങ്ങളിൽ ഒന്നാണ്. ചിത്രത്തിൻ്റെ നിർമ്മാണ സമയത്തുണ്ടായ പ്രതിബന്ധങ്ങൾക്കിടയിലും, ആ പൈതൃകം സംരക്ഷിക്കണമെന്ന വിശ്വാസം ഞങ്ങളുടെ ടീമിനുണ്ടായിരുന്നു.” അദ്ദേഹം വിശദീകരിച്ചു.

നടൻ കിഷോർ കദം തൻ്റെ ഓർമ്മകൾ പങ്കുവെച്ചു. തൻ്റെ ഗ്രാമത്തിലെ ഗോന്ധളിൽ പങ്കെടുത്തുകൊണ്ടാണ് താൻ വളർന്നതെന്നും ഇത് വെറുമൊരു നൃത്തം മാത്രമല്ല, മറിച്ച് ഒരു സമൂഹം ജീവൻ പ്രാപിക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം ഓർമ്മിച്ചു. അയൽക്കാർ ഒത്തുകൂടുകയും പ്രാർത്ഥിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പ്രകടനങ്ങളെക്കുറിച്ച് അദ്ദേഹം ഗൃഹാതുരത്വത്തോടെ സംസാരിച്ചു. സിനിമയുടെ ആഖ്യാന തിരഞ്ഞെടുപ്പിനെ "ആഴത്തിലുള്ള ഒരു സിനിമാ ചിന്ത" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആചാരങ്ങൾ തന്നെ കഥപറച്ചിലിൻ്റെ വാഹനമായി മാറുന്നത് എങ്ങനെയെന്ന് എടുത്തുപറഞ്ഞു.
ഇത്രയും വേരൂന്നിയ ഒരു കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിനു പിന്നിലെ കലാപരമായ പ്രക്രിയയെക്കുറിച്ചും കിഷോർ മനസ്സുതുറന്നു. പഠിക്കാതിരിക്കുക എന്നതാണ് തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. “അഭിനേതാക്കൾ എന്ന നിലയിൽ കലാവിരുതിനെക്കുറിച്ചോ അനുഭവത്തെക്കുറിച്ചോ ചിന്തിച്ചുകൊണ്ട് സെറ്റിലേക്ക് കാലെടുത്തുവയ്ക്കാൻ നമുക്ക് കഴിയില്ല. തിരക്കഥ നിങ്ങൾക്ക് എല്ലാം പറഞ്ഞുതരും. ചിലപ്പോൾ വികാരം വാക്കുകളിൽ നിലനിൽക്കുന്നതിനാൽ ഡയലോഗ് പറഞ്ഞാൽ മാത്രം മതി എന്ന് സംവിധായകൻ ആവശ്യപ്പെടും. നിങ്ങൾ എല്ലായ്പ്പോഴും അഭിനയിക്കേണ്ടതില്ല." അദ്ദേഹം പറഞ്ഞു.
ഓരോ ഫ്രെയിമിലും പാരമ്പര്യം സംരക്ഷിക്കുന്നു ; മറാത്തി സിനിമയ്ക്ക് ഒരു പുതിയ മാനദണ്ഡം
സന്തോഷിനെ സംബന്ധിച്ചിടത്തോളം, ഗോന്ധൾ വ്യക്തിപരമായി വളരെ പ്രധാനപ്പെട്ടതാണ്. ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുകയും, വെളിച്ചം കുറവായിരിക്കുകയും, നാല് സംഗീതോപകരണങ്ങൾ മാത്രം ഗാനങ്ങൾക്ക് അകമ്പടി സേവിക്കുകയും ചെയ്തിരുന്ന, തൻ്റെ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം പോയിരുന്ന പഴയ കാല പ്രകടനങ്ങൾ അദ്ദേഹം ഓർമ്മിച്ചു.
എന്നാൽ ഇന്ന് കാറ്ററിംഗ് സർവീസുകൾ , പരമ്പരാഗത ഉപകരണങ്ങൾക്കൊപ്പം കീബോർഡുകൾ , അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ നിലവിൽ വന്നതായി അദ്ദേഹം പറഞ്ഞു. ഭാവി തലമുറകൾക്കായി യഥാർത്ഥ ഗോന്ധൾ പകർത്താൻ താൻ ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാത്രിയിൽ മാത്രം കഥ ചിത്രീകരിച്ചത് ബജറ്റ് നിയന്ത്രിക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് വേഷങ്ങൾ മാറ്റേണ്ടിവന്നില്ല എന്നത് സഹായകമായെന്നും എന്നാൽ അത് യഥാർത്ഥ ഗോന്ധൾ അനുഭവത്തോട് നീതി പുലർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ പ്രേക്ഷകരുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികളെക്കുറിച്ചും സന്തോഷ് തുറന്നു സംസാരിച്ചു. മറാത്തി പ്രേക്ഷകർക്ക് ഹിന്ദി സിനിമകൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ, പ്രാദേശിക സിനിമകൾ ഗുണമേന്മ സ്ഥിരമായി നിലനിർത്തണമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.
സിനിമാ പ്രവർത്തകരെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു, എന്നാൽ ബജറ്റുകൾ ഒരേപോലെ നിലനിൽക്കുന്നതിലുള്ള പരിമിതികൾ അദ്ദേഹം എടുത്തുപറഞ്ഞു. ബജറ്റ് കൂട്ടിയില്ലെങ്കിൽ നിർമ്മാണ നിലവാരം കുറയുമെന്നും കഥകൾ നന്നായി പറയാൻ, തിരക്കഥാ തലത്തിൽ വിട്ടുവീഴ്ചകൾ പാടില്ലെന്നും ദക്ഷിണേന്ത്യൻ സിനിമകളുടെ വിജയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
*****
Release ID:
2195407
| Visitor Counter:
4