പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവംബർ 29-30 തീയതികളിൽ റായ്പൂരിൽ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും


സമ്മേളനത്തിന്റെ പ്രമേയം: 'വികസിത ഭാരതം: സുരക്ഷാ മാനങ്ങൾ'

പോലീസിം​ഗിലെ പ്രധാന വെല്ലുവിളികളെ നേരിടുന്നതിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുന്നതിനും 'സുരക്ഷിത ഭാരതം' കെട്ടിപ്പടുക്കുന്നതിന് ഭാവി കാഴ്ചപ്പാടുള്ള ഒരു രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള സമ്മേളനം ലക്ഷ്യമിടുന്നു

ഇടതുപക്ഷ തീവ്രവാദം, ഭീകരവാദത്തിനെതിരായ പോരാട്ടം, ദുരന്തനിവാരണം, സ്ത്രീ സുരക്ഷ, ക്രമസമാധാന പാ‌ലനത്തിൽ ഫോറൻസിക് സയൻസിന്റെയും എഐയുടെയും ഉപയോഗം എന്നിവയാണ് ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും പ്രധാനമന്ത്രി സമ്മാനിക്കും

प्रविष्टि तिथि: 27 NOV 2025 12:01PM by PIB Thiruvananthpuram

2025 നവംബർ 29 മുതൽ 30 വരെ ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടക്കുന്ന പോലീസ് ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.

നവംബർ 28 മുതൽ 30 വരെ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം, പോലീസിം​ഗിൽ ഇതുവരെയുള്ള വെല്ലുവിളികളെ നേരിടുന്നതിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുന്നതിനും 'വികസിത ഭാരതം' എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന ഒരു 'സുരക്ഷിത ഭാരതം' കെട്ടിപ്പടുക്കുന്നതിനുള്ള ഭാവി കാഴ്ചപ്പാടുള്ള ഒരു രൂപരേഖ തയ്യാറാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

'വികസിത ഭാരതം: സുരക്ഷാ മാനങ്ങൾ' എന്ന മുഖ്യ പ്രമേയത്തിൽ നടക്കുന്ന സമ്മേളനം, ഇടതുപക്ഷ തീവ്രവാദം, ഭീകരവാദത്തിനെതിരായ പോരാട്ടം, ദുരന്തനിവാരണം, സ്ത്രീ സുരക്ഷ, ക്രമസമാധാന പാലനത്തിൽ ഫോറൻസിക് ശാസ്ത്രത്തിന്റെയും നിർമിത ബുദ്ധിയുടെയും ഉപയോഗം തുടങ്ങിയ പ്രധാന സുരക്ഷാ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും പ്രധാനമന്ത്രി സമ്മാനിക്കും.

രാജ്യത്തുടനീളമുള്ള മുതിർന്ന പോലീസ് നേതാക്കൾക്കും സുരക്ഷാ ഭരണാധികാരികൾക്കും വിപുലമായ ദേശീയ സുരക്ഷാ വിഷയങ്ങളിൽ തുറന്നതും അർത്ഥവത്തായതുമായ ചർച്ചകളിൽ ഏർപ്പെടുന്നതിന് ഈ സമ്മേളനം ഒരു സുപ്രധാന സംവേദനാത്മക വേദി നൽകുന്നു. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ക്രമസമാധാനം നിലനിർത്തുന്നതിലും ആഭ്യന്തര സുരക്ഷാ ഭീഷണികളോട് പ്രതികരിക്കുന്നതിലും പോലീസ് സേന നേരിടുന്ന പ്രവർത്തനപരവും അടിസ്ഥാന സൗകര്യപരവും ക്ഷേമപരവുമായ വെല്ലുവിളികളും ചർച്ച ചെയ്യാനും സമ്മേളനം സൗകര്യമൊരുക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ വാർഷിക സമ്മേളനത്തിൽ നിരന്തരം അതീവ താല്പര്യം കാണിക്കുകയും സത്യസന്ധമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും പോലീസിംഗിനെക്കുറിച്ചുള്ള പുതിയ ആശയങ്ങൾ ഉയർന്നുവരുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് ബിസിനസ് സെഷനുകൾ, ബ്രേക്ക്-ഔട്ട് സംവാദങ്ങൾ, തീമാറ്റിക് ഡൈനിംഗ് ടേബിൾ ചർച്ചകൾ എന്നിവയിലൂടെ നിർണായകമായ ആഭ്യന്തര സുരക്ഷ, നയപരമായ കാര്യങ്ങളിൽ പ്രധാനമന്ത്രിയുമായി നേരിട്ട് അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാൻ അവസരം നൽകുന്നു.

2014 മുതൽ പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം സമ്മേളനത്തിൻ്റെ രൂപരേഖയ്ക്ക് തുടർച്ചയായി നവീകരണം വരുത്തുകയും രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഇത് നടത്തുകയും ചെയ്തിട്ടുണ്ട്. ഗുവാഹത്തി (അസം), റാൻ ഓഫ് കച്ച് (ഗുജറാത്ത്), ഹൈദരാബാദ് (തെലങ്കാന), ടെകാൻപൂർ (ഗ്വാളിയോർ, മധ്യപ്രദേശ്), സ്റ്റാച്യു ഓഫ് യൂണിറ്റി (കെവാഡിയ, ഗുജറാത്ത്), പൂനെ (മഹാരാഷ്ട്ര), ലഖ്‌നൗ (ഉത്തർപ്രദേശ്), ന്യൂഡൽഹി, ജയ്പൂർ (രാജസ്ഥാൻ), ഭുവനേശ്വർ (ഒഡീഷ) എന്നിവിടങ്ങളിൽ സമ്മേളനം നടന്നു. ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട്, 60-ാമത് ഡിജിഎസ്പി/ഐജിഎസ്പി സമ്മേളനം ഈ വർഷം ഛത്തീസ്ഗഡിലെ റായ്പൂരിൽ സംഘടിപ്പിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സഹമന്ത്രിമാർ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡിജിപിമാർ, കേന്ദ്ര പോലീസ് സംഘടനകളുടെ തലവന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പുതിയതും നൂതനവുമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആഭ്യന്തര വകുപ്പ് മേധാവികളും ഡിഐജി, എസ്പി റാങ്കിലുള്ള തിരഞ്ഞെടുത്ത ചില മുൻനിര പോലീസ് ഉദ്യോഗസ്ഥരും ഈ വർഷം സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കും.

***

AT


(रिलीज़ आईडी: 2195260) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Bengali , Gujarati , Kannada