iffi banner

ഫ്രെയിമുകളിലൂടെ ഒരു യാത്ര: ദൃശ്യങ്ങളിലൂടെയുള്ള കഥപറച്ചിലിന്റെ കല അനാവരണം ചെയ്യുമ്പോൾ


ഓരോ ഫ്രെയിമിലും വൈകാരികത കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രവി വർമ്മൻ വിവരിക്കുന്നു


രവി വർമ്മനുമായുള്ള സംവാദം: ഓരോ ഫ്രെയിമിലെയും ദർശനം തുറന്നുകാട്ടുന്നു

ഛായാഗ്രാഹകൻ രവി വർമ്മനെയും മോഡറേറ്ററും ചലച്ചിത്രകാരനുമായ സഞ്ജീവ് ശിവനെയും ജിജ്ഞാസയോടെ സജീവമായ ഒരന്തരീക്ഷത്തിലേക്കു കൊണ്ടുവന്ന, മനസിനോടടുത്തു നിൽക്കുന്ന സംവേദനാത്മക സെഷനായി ‘ലെൻസിലൂടെ: ഓരോ ഫ്രെയിമിലും വെെകാരികത ഇഴചേർക്കുന്നു’ എന്ന വിഷയത്തിൽ നടന്ന ചർച്ച മാറി. സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പാഠം മാത്രമല്ല, വർമ്മന്റെ ദൃശ്യ ലോകത്തെ രൂപപ്പെടുത്തുന്ന സഹജാവബോധങ്ങളിലേക്കും ഓർമ്മകളിലേക്കും നിശബ്ദ യുദ്ധങ്ങളിലേക്കുമുള്ള യാത്രകൂടിയായിരുന്നു അത്. തുറന്ന മനസോടെ സംസാരിച്ച അദ്ദേഹം, തന്റെ ആദ്യകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് ഇപ്പോൾ തന്റെ ഫ്രെയിമുകളെ നിർവചിക്കുന്ന കലാസൃഷ്ടിയിലേക്കുള്ള പാത വിശദീകരിച്ചു. ഓരോ ചിത്രത്തിനും പിന്നിൽ കലയും ജീവിതവും ഉണ്ടെന്ന് പ്രേക്ഷകരെ ഓർമ്മിപ്പിച്ചു.

സ്വത്വത്തിൽ വേരൂന്നിയ വെളിപ്പെടുത്തലോടെയാണ് രവി വർമ്മൻ ആരംഭിച്ചത്. തന്റെ നീണ്ട പേര് ചുരുക്കുന്നതിനെക്കുറിച്ചും 'വർമ്മൻ' എന്ന വാക്ക് മാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ഒരു പോരാളി എന്ന നിലയിൽ ആ വാക്ക് ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വളർന്നപ്പോൾ, ഒരു വലിയ ചിത്രകാരന്റെ പേരുമായി സാമ്യമുണ്ടെന്നു പറഞ്ഞ് പലരും പരിഹസിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം, ഒരു കുട്ടി അദ്ദേഹത്തോട് തന്റെ ഒരു ഫ്രെയിം രവി വർമ്മ ചിത്രം പോലെയാണെന്ന് പറഞ്ഞു. അത് അപ്രതീക്ഷിതമായ അംഗീകാരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വിമർശനം ഒരിക്കലും വേദനിപ്പിച്ചിട്ടില്ലെന്നും, കൂടുതൽ മികച്ചത് സൃഷ്ടിക്കാനുള്ള ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


കഷ്ടപ്പാടുകൾ നിറഞ്ഞ തുടക്കമായിരുന്നു. ഏഴാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച അദ്ദേഹം ചെന്നൈയിൽ എത്തിയപ്പോൾ ഒപ്പമുണ്ടായത് അനിശ്ചിതത്വം മാത്രമാണ്. കലയോടുള്ള അഭിനിവേശത്താലായിരുന്നില്ല; മറിച്ച്, അതിജീവിക്കാൻ വേണ്ടിയായിരുന്നു 130 രൂപയ്ക്ക് അദ്ദേഹം തന്റെ ആദ്യ ക്യാമറ വാങ്ങിയത്. ഛായാഗ്രഹണം എന്ന സ്വപ്നം പതുക്കെ വളർന്നു; സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടു. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സിൽ (ASC) ചേരാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹം പിന്നീട്, ഈ കലയിൽ വളർന്നതിനനുസരിച്ച് സ്വാഭാവികമായി രൂപം കൊണ്ടു. 2022 ൽ അദ്ദേഹം അത് നേടി; സ്ഥിരമായ പരിശ്രമം, അച്ചടക്കം, തന്റെ ജോലിയോടുള്ള പ്രതിജ്ഞാബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലായി അതു മാറി.

സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ പാത മുൻകൂട്ടി എഴുതിയ തിരക്കഥയല്ലായിരുന്നു. ചെന്നൈയിൽ എത്തിയപ്പോൾ, ചലച്ചിത്രം സ്വപ്നമായിരുന്നില്ല; അതിജീവനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. റെയിൽവേ സ്റ്റേഷനുകൾക്കടുത്ത് ഉറങ്ങിയത് മുതൽ, ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പരിശീലനത്തിൻ്റെ ഭാ​ഗമായിരുന്നില്ല, മറിച്ച് അനിവാര്യതയായിരുന്നു. സ്‌കൂളിലേക്കുള്ള നീണ്ട നടത്തം, പ്രഭാതത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ തിളക്കം, ദിനചര്യകളിലൂടെ കടന്നുപോകുന്ന ജനങ്ങൾ, ഇതെല്ലാം അദ്ദേഹത്തിന്റെ ദൃശ്യ സംവേദനക്ഷമതയുടെ ആദ്യ ഉദ്ഭവമായി മാറി. ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' അദ്ദേഹത്തിന്റെ ഭാവനയെ ഉണർത്തുകയും പൊന്നിയിൻ സെൽവനിലെ യുദ്ധരംഗത്തിന് പ്രചോദനമാകുകയും ചെയ്തു. മധുര ഹോളിയുടെ നിറങ്ങൾ രാമലീലയിലെ ഹോളി രംഗങ്ങളെ രൂപപ്പെടുത്തി. അദ്ദേഹത്തിന് പ്രിയപ്പെട്ട ശാന്തമായ പ്രഭാത വെളിച്ചം, ബർഫിയിലെ രംഗങ്ങളെ സ്വാധീനിച്ചു.

 
സെഷൻ പുരോഗമിക്കവേ, രവി വർമ്മൻ പ്രകാശത്തെ ഉപകരണമായല്ല; മറിച്ച്, വൈകാരികസൂചകമായാണ് അദ്ദേഹം വിലയിരുത്തിയത്. ‘മോശം വെളിച്ചം എന്നൊന്നില്ല’ - അദ്ദേഹം പറഞ്ഞു. ‘മനസ്സാണ്  നിശ്ചയിക്കുന്നത്.’ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ലൈറ്റിങ്ങിലെ സ്ഥിരത നിയന്ത്രണത്തിൽ നിന്ന് ഉണ്ടാകുന്നതല്ല, മറിച്ച് തിരക്കഥ വായിച്ച് അതിൻ്റെ 
ആന്തരിക താപം വെളിപ്പെടുന്നതിലൂടെയാണ്. നിഴൽ അഭാവമല്ല, മറിച്ച് മാനസികാവസ്ഥയാണെന്ന് അദ്ദേഹം വിശദീകരിച്ചു; അദ്ദേഹത്തിന്റെ ഫ്രെയിമുകളുടെ പകുതിയും അതിനുള്ളിലാണ്. അമിതമായി ചിന്തിക്കുന്നതിനുപകരം, സഹജവാസനയാൽ രൂപപ്പെട്ട, സാങ്കേതിക തെരഞ്ഞെടുപ്പുകൾ സ്വയമേവ അദ്ദേഹത്തിലേക്ക് വരുന്നു. സമ്മർദമേറിയ ചിത്രീകരണങ്ങളിൽ പോലും, ആ സമ്മർദം ഫ്രെയിമിനെ ബാധിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിക്കില്ല.

 
സഹകരണം എന്നത് സത്യസന്ധതയുടെ ഇടമാണെന്നും, സംഘർഷത്തിന്റെയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സംവിധായകരുമായും കലാസംവിധാന വിഭാ​ഗങ്ങളുമായും താൻ നടത്തുന്ന സംഭാഷണങ്ങൾ ഫ്രെയിമിന്റെ സമഗ്രത സംരക്ഷിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പ്രക്രിയയിൽ എന്ത് പിരിമുറുക്കങ്ങൾ ഉണ്ടായാലും, അതിന്റെ ഒരു അടയാളവും ചിത്രത്തിൽ ഒരിക്കലും അവശേഷിപ്പിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒരു ദിവസം ഞാൻ പോകും, പക്ഷേ എന്റെ ഫ്രെയിമുകൾ നിലനിൽക്കും,’ - അദ്ദേഹം പറഞ്ഞു.

 
വെളിച്ചം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സഹജമായ സംഭാഷണമാണ്. സ്വാഭാവിക വെളിച്ചത്തിലേക്ക് താൻ പലപ്പോഴും ആദ്യം തിരിയുന്നതിനെക്കുറിച്ചും അതിന്റെ സത്യസന്ധതയിലും പ്രവചിക്കാനാകാത്ത സ്വഭാവത്തിലും വിശ്വസിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വലിയ സിനിമകളിൽ പോലും മറ്റെന്തെങ്കിലും ചേർക്കുന്നതിന് മുമ്പ് സൂര്യനോ, പ്രഭാതമോ, സാധാരണ ജനലോ നൽകുന്ന വെളിച്ചം ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. പകൽവെളിച്ചമോ മെഴുകുതിരിവെളിച്ചമോ ശ്രദ്ധാപൂർവ്വം പുനർനിർമ്മിച്ച പ്രഭാതമോ അദ്ദേഹം ഉപയോഗിച്ചാലും, ഓരോ തെരഞ്ഞെടുപ്പും സാങ്കേതികപരമായ പ്രകടനത്തേക്കാൾ ലക്ഷ്യബോധത്താലാണു നയിക്കപ്പെടുന്നത്. നിർമ്മിതബുദ്ധി എന്ന വിഷയത്തിൽ, അദ്ദേഹത്തിന്റെ നിലപാട് ഉറച്ചതായിരുന്നു: മനുഷ്യ മനസ്സാണ് ഉപകരണത്തെ നയിക്കുന്നത്; മറിച്ചല്ല. നിർമ്മിതബുദ്ധി, പിന്തുണാസംവിധാനങ്ങൾ സൃഷ്ടിച്ചേക്കാം. പക്ഷേ, അതിന് സർഗ്ഗാത്മകതയെ ഭരിക്കാൻ കഴിയില്ല. ചിന്തയും സഹജാവബോധവുമാണ് ആദ്യം വരുന്നത്, ഓരോ ദൃശ്യവും ആത്യന്തികമായി രൂപപ്പെടുന്നത് ഛായാഗ്രാഹകന്റെ സ്വന്തം ഭാവനയിലും കാഴ്ചപ്പാടിലുമാണ്.


സ്ത്രീകളെക്കുറിച്ചും, പ്രത്യേകിച്ച് തന്റെ അമ്മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചതോടെ സെഷൻ അതിന്റെ വൈകാരികമായ ഉച്ചസ്ഥായിയിലെത്തി. സ്‌ക്രീനിൽ സ്ത്രീകളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് അമ്മയുടെ ലാളിത്യവും കരുത്തും ഇപ്പോഴും വഴികാട്ടുന്നു. തന്റെ യാത്രയ്ക്ക് അടിത്തറ പാകിയതിന് അമ്മയെയും ഭാര്യയെയും അദ്ദേഹം പ്രശംസിക്കുകയും ഓരോ ചിത്രത്തിനും പിന്നിൽ സ്‌നേഹവും സഹിഷ്ണുതയും കൊണ്ട് രൂപപ്പെടുത്തിയ ജീവിതമുണ്ടെന്ന് പ്രേക്ഷകരെ അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. സെഷൻ അവസാനിക്കുമ്പോഴേക്കും, അതൊരു സംഭാഷണത്തേക്കാൾ, സ്ഥിരോത്സാഹം, ഓർമ്മശക്തി, ഏറ്റവും തീവ്രമായ വെളിച്ചത്തിൽ പോലും സൗന്ദര്യം കാണാനുള്ള ധൈര്യം എന്നിവയിൽ നിന്ന് കല എങ്ങനെ വളരുന്നു എന്നതിന്റെ പ്രതിഫലനമായി മാറി.

 

 

 

കൂടുതൽ വിവരങ്ങൾക്ക്:

IFFI വെബ്സൈറ്റ്: https://www.iffigoa.org/
PIB-യുടെ IFFI മൈക്രോസൈറ്റ്: https://www.pib.gov.in/iffi/56/
PIB IFFIWood ബ്രോഡ്കാസ്റ്റ് ചാനൽ: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F
X ഹാൻഡിലുകൾ: @IFFIGoa, @PIB_India, @PIB_Panaji

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195209   |   Visitor Counter: 22