iffi banner

സ്മരണകൾ, ഉല്പതിഷ്ണുത, അതിജീവനം എന്നിവയെക്കുറിച്ചുള്ള കഥകൾ ഐഎഫ്എഫ്‌ഐയിൽ കേന്ദ്രബിന്ദുവാകുന്നു

അപ്രത്യക്ഷരായവരെ സ്മരിക്കുന്നു: 'ഫോറൻസിക്സിൽ' വ്യക്തിപരമായ വേദനയുടെ രാഷ്ട്രീയം

'കു ഹാൻഡ്സ'യിൽ മൊസാംബിക്കിന്റെ യഥാർത്ഥ കഥകൾ സചേതനമാവുന്നു

ഇന്ന് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌ഐ) യിൽ കൊളംബിയയിലെയും മൊസാംബിക്കിലെയും ചലച്ചിത്ര ഛായാഗ്രഹണത്തിലൂടെ, പലപ്പോഴും പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ ജീവിതത്തിലേക്കുള്ള ഒരു അപൂർവ കാഴ്ച പ്രേക്ഷകർക്ക് ലഭ്യമായി. 'ഫോറൻസിക്‌സ്', 'കു ഹാൻഡ്സ' എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുമായുള്ള പത്രസമ്മേളനം കലയെ പോലെ തന്നെ, സ്മരണകളെയും ഉല്പതിഷ്ണുതയെയും കുറിച്ചുള്ള കഥാഖ്യാനത്തിലും ഒരു വിദഗ്‌ദ്ധ ക്ലാസ് പ്രദാനം ചെയ്യുകയും ചെയ്തു.
 

 
ഫെഡറിക്കോ അറ്റെഹോർട്ടുവ ആർട്ടിഗയുടെ 'ഫോറൻസിക്‌സ്' മൂന്ന് ആഖ്യാനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ധീരവും പരീക്ഷണാത്മകവുമായ ചലച്ചിത്രമാണ്. മരിച്ചുപോയ ഒരു ട്രാൻസ്ജെൻഡർ സ്ത്രീയുടെ ജീവിതം പുനർനിർമ്മിക്കുന്ന ഒരു വനിതാ സംവിധായിക, ഫെഡറിക്കോയുടെ സ്വന്തം ചലച്ചിത്ര നിർമ്മാതാവിന്റെ കുടുംബം കാണാതായ ഒരു ബന്ധുവുമായി മല്ലിടുന്നത്, ഫോറൻസിക് പാത്തോളജിസ്റ്റ് (രോഗലക്ഷണശാസ്ത്രവിദഗ്ദ്ധൻ) കാരെൻ ക്വിന്റേറോയുടെ സാക്ഷ്യപത്രം എന്നിവയാണവ. കൊളംബിയയുടെ പ്രക്ഷുബ്ധമായ ഭൂതകാലവും തിരോധാനങ്ങൾ അവശേഷിപ്പിച്ച മുറിവുകളും പര്യവേക്ഷണം ചെയ്യുന്ന, വ്യക്തിത്വം രാഷ്ട്രീയമാകുന്ന ഒരു ചലച്ചിത്രമാണ് അതിന്റെ പരിണതഫലം.
 
തന്റെ ചലച്ചിത്രങ്ങളെ നയിക്കുന്ന യഥാർത്ഥ ജീവിതബന്ധങ്ങളെക്കുറിച്ച് ഫെഡറിക്കോ ആവേശത്തോടെ സംസാരിച്ചു. "കൊളംബിയയിലെ പലരുടെയും കഥ ഇതാണ്. കാണാതായ ഒരാളെയെങ്കിലും രാജ്യത്തെ എല്ലാവർക്കും അറിയാം. ഈ ചലച്ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം ആളുകൾ കൈകൾ ഉയർത്തി പറഞ്ഞു. 'എന്റെ അമ്മാവൻ, എന്റെ സഹോദരൻ...' എന്ന് ചിലർ കരയുകയും ചെയ്തു," അദ്ദേഹം ഓർമ്മിച്ചു. "ഒരു കഥ ഇത്രയും ആഴത്തിൽ ആളുകളിലേക്ക് എത്തുന്നത് കാണുന്നതിൽ ഞാൻ വിനീതനാണ്. ഓർമ്മകൾ അനിവാര്യമാണ്, അത് സംഘർഷത്തിന്റെ മാനുഷികമൂല്യത്തെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കുന്നു. ഫെഡറിക്കോയെ സംബന്ധിച്ചിടത്തോളം, ചലച്ചിത്രത്തിനു വേണ്ടി നടത്തിയ ഗവേഷണം വെല്ലുവിളി നിറഞ്ഞതും നിർണായകവുമായിരുന്നു. കൂടാതെ കാണാതായവരെ അന്വേഷിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുള്ള ഒരു വേദിയായി ഈ ചിത്രം മാറി."
 


ജസീന്ത മരിയ ഡി ബറോസ് ഡാ മോട്ട പിന്റോയും റൂയി സെസാർ ഡി ഒലിവേര സിമോസും ചേർന്ന് നിർമ്മിച്ച 'കു ഹാൻഡ്സ' ലോകമെമ്പാടും യാഥാർത്ഥ്യത്തിന്റെ വേറിട്ട അഭിരുചി കൊണ്ടുവന്നു. തന്റെ മകന്റെ ജന്മദിനത്തിനായി പണം കണ്ടെത്താൻ യത്‌നിക്കുന്ന ബെഞ്ചമിൻ, കുടുംബവും യുദ്ധകാല ചുമതലകളും ഒരു പോലെ സന്തുലിതമാക്കുന്ന ഫിലിമോൺ, പ്രസവിച്ച് ദിവസങ്ങൾക്ക് ശേഷം ഒരു മാലിന്യകേന്ദ്രത്തിലെ ജോലിക്ക് മടങ്ങിയെത്തുന്ന യൂലാലിയ തുടങ്ങി അസാധാരണമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരെ മൊസാംബിക്കിനെ പശ്ചാത്തലമാക്കിയ ഈ ചലച്ചിത്രം പിന്തുടരുന്നു.

സിനിമയുടെ ആധികാരികത അതിലെ ആളുകളിൽ നിന്നാണ് വരുന്നതെന്ന് ജസീന്ത വിശദീകരിച്ചു, കാരണം അവർ അഭിനേതാക്കളല്ല, മറിച്ച് ഒരു ചലച്ചിത്ര ആഖ്യാനത്തിൽ ഇഴചേർന്ന യഥാർത്ഥ ജീവിതങ്ങളാണ്. ''മൊസാംബിക്ക് സംവിധായകന് ഒരു രണ്ടാം വീടായി മാറി. ഈ ജീവിതങ്ങളെ സത്യസന്ധമായി, അവരിൽ ഒരാളായി ചിത്രീകരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു,'' അവർ പറഞ്ഞു.

വ്യത്യസ്തമായ യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയതാണെങ്കിലും, കേൾക്കപ്പെടാതെ പോയവർക്ക് ശബ്ദം നൽകാനുള്ള കഴിവിൽ രണ്ട് ചലച്ചിത്രങ്ങളും ഒത്തുചേരുന്നു. 'ഫോറൻസിക്‌സ്' കൊളംബിയയുടെ ദുഃഖവും രാഷ്ട്രീയ പ്രക്ഷുബ്ധതയും അനാവരണം ചെയ്യുമ്പോൾ, മൊസാംബിക്കൻ ജീവിതത്തിന്റെ ഉല്പതിഷ്ണുതയെയും ദൈനംദിന വീരസാഹസികത്വത്തെയും 'കു ഹാൻഡ്സ' പകർത്തുന്നു. ചലച്ചിത്രത്തിന് വിനോദിപ്പിക്കാൻ മാത്രമല്ല, അതിർത്തികൾക്കപ്പുറമുള്ള മനുഷ്യാനുഭവങ്ങളെ രേഖപ്പെടുത്താനും ബന്ധിപ്പിക്കാനും പ്രകാശിപ്പിക്കാനും ശക്തിയുണ്ടെന്ന് അവയൊരുമിച്ച് പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നു.

ഈ ചലച്ചിത്രങ്ങൾ കഥാഖ്യാനത്തേക്കാൾ കൂടുതൽ ചെയ്യുന്നുവെന്നത് സെഷന്റെ അവസാനത്തോടെ വ്യക്തമായിരുന്നു. പ്രേക്ഷകർ ഒരിക്കലും സന്ദർശിക്കാൻ സാധ്യതയില്ലാത്തതും എന്നാൽ അവർക്ക്  ആഴത്തിൽ അനുഭവവേദ്യമാവുന്നതുമായ സ്ഥലങ്ങളിലെ പോരാട്ടങ്ങൾ, അതിജീവനം, പ്രത്യാശ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം നൽകിക്കൊണ്ട് അവ ലോകങ്ങൾക്കിടയിൽ പാലങ്ങൾ സൃഷ്ടിക്കുന്നു.

*****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2195167   |   Visitor Counter: 3