മുംബൈയുടെ സ്പന്ദനത്തില്‍ നടക്കുന്ന ആര്‍ദ്രവും ലിംഗഭദേദമില്ലാത്തതുമായൊരു പ്രണയകഥയായ 'ലാലയും പോപ്പിയും' എന്ന ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍, ചലച്ചിത്രത്തിന്റെ പ്രയാണം, സാമൂഹിക പ്രതിധ്വനി, സത്യസന്ധമായ വര്‍ണനയോടുള്ള അഗാധ പ്രതിബന്ധത എന്നിവയെക്കുറിച്ച് ഇന്ന് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യില്‍ നടന്ന പത്രസമ്മേളനത്തില്‍ മനസ്സു തുറന്നു.
ലേബലുകള്‍ക്ക് മുകളില്‍ സ്നേഹത്തെയും, ബൈനറികള്‍ക്ക് മുകളില്‍ മനുഷ്യത്വത്തെയും, ദൃശ്യഭംഗിയ്ക്ക് മുകളില്‍ ആധികാരികതയെയും കേന്ദ്രീകരിക്കാന്‍ ധൈര്യപ്പെടുന്ന ഒരു ചലച്ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംവിധായകന്‍ കൈസാദ് ഗുസ്താദ്, നിര്‍മ്മാതാവ് ബോബി ബേദി, നടന്മാരായ വീര്‍ സിംഗ്, സുരുജ് രാജ്ഖോവ എന്നിവര്‍ ഒത്തുചേര്‍ന്നു.
സത്യസന്ധമായ ഒരു കഥാകഥനം: ആദ്യം മനുഷ്യര്‍, ലിംഗഭേദം പിന്നീട്
പതിറ്റാണ്ടുകളായി പ്രധാന ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനുശേഷം ഈ ചലച്ചിത്ര പദ്ധതിയെ പിന്തുണയ്ക്കാന്‍ താന്‍ തീരുമാനിച്ചതിന്റെ കാരണം പ്രതിഫലിപ്പിച്ചുകൊണ്ട് നിര്‍മ്മാതാവ് ബോബി ബേദി തുടക്കത്തില്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കി. 'എല്ലാ വലിയ സിനിമകളും വലുതാകുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനാലാണ്' അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയും അടുപ്പവും അതിന്റെ കാതലായി നിലനിര്‍ത്തിക്കൊണ്ട് 'ലാലയും പോപ്പിയും' ഒരേ ദിശയിലേക്ക് നീങ്ങുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലാണ് ചിത്രം അന്തിമരൂപം നേടിയതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ വികസിതമായ സാമൂഹിക ഭൂപ്രകൃതിയെ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പൊതുവായ സാമൂഹിക സ്വീകാര്യത ഇപ്പോഴും പിന്നിലാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ചിത്രം ആരംഭിക്കുന്നത് 'മനുഷ്യര്‍ ആദ്യം, ലിംഗഭേദം പിന്നീട്' എന്ന ഒരു ലളിതമായ വിശ്വാസത്തോടെയാണ്. സ്വതന്ത്രനാകാനും സ്നേഹിക്കാനും ഭയരഹിതമായി ജീവിക്കാനുമുള്ള അവകാശം ഓരോ മനുഷ്യനും അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വീറും സുരുജും അവരുടെ യാത്രകളെ ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു:
ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാരായ വീര്‍ സിങ്ങും സുരുജ് രാജ്ഖോവയും സംവാദത്തെ വളരെ അടുപ്പമുള്ള, വൈയക്തികമായ ഒരിടത്തിലേക്ക് കൊണ്ടുവന്നു. വളര്‍ന്നുവരുന്ന സമയത്ത് തങ്ങളെപ്പോലുള്ള ആളുകള്‍ ചലച്ചിത്ര തിരശ്ശീലയില്‍ ഇല്ലായിരുന്നുവെന്നും ഇന്ന് മറ്റൊരാള്‍ക്ക് അത് പ്രതിനിധാനം ചെയ്യാനാകണമെന്നാണ് ആഗ്രഹമെന്നും വീര്‍ പറഞ്ഞു. ''എന്നെപ്പോലുള്ള ആളുകള്‍ വെള്ളിത്തിരയില്‍ എന്നെ കാണണമെന്നും ഈ വ്യക്തിക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ എനിക്കുമത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു,'' വീര്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയില്‍ വളരെക്കാലമായി സ്വവര്‍ഗാനുരാഗി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അവയെ പലപ്പോഴും കാരിക്കേച്ചറുകളോ നര്‍മ്മാവതരണമോ ആയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് സുരുജ് കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ആദ്യമായി വെള്ളിത്തിരയില്‍ മനുഷ്യരായി നിലനില്‍ക്കാനുള്ള അവസരം 'ലാലയും പോപ്പിയും' നല്‍കുന്നു. അത് തന്നെ വിപ്ലവകരമായി തോന്നുന്നു''. സുരുജ് പറഞ്ഞു.
കഥയെ മുഖ്യധാരയിലേക്ക് കൊണ്ടുപോകുന്നു
ചലച്ചിത്രം ഒരു പ്രത്യേകതരം പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണോ അതോ മുഖ്യധാരാ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണോ എന്ന ചോദ്യത്തിന്, ബോബി ബേദിയുടെ മറുപടി വ്യക്തമായിരുന്നു. ''ഇത് ജനങ്ങള്‍ക്കുള്ള ചലച്ചിത്രമാണ്, മേളകള്‍ക്കായുള്ള ചലച്ചിത്രമല്ല.'' അതിന്റെ കാതലായ അര്‍ത്ഥത്തില്‍ ചലച്ചിത്രം പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയ ബോബി, മുഖ്യധാരാ ചലച്ചിത്രോത്സവങ്ങളിലേക്കും സിനിമാശാലകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും ചലച്ചിത്രം കൊണ്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ചു.
'ലാലയും പോപ്പിയും' ഒരു ''സന്ദേശ സിനിമ'' അല്ലെന്ന് കൈസാദ് ആവര്‍ത്തിച്ചു. പരസ്യമായ ധാര്‍മ്മികവത്കരണം ഒഴിവാക്കി, ചലച്ചിത്രത്തിന്റെ വൈകാരിക സത്യം സ്വയം സംസാരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷയര്‍പ്പിക്കുന്നു. 'ഒരു കഥ അതിന്റെ പ്രേക്ഷകരെ ആകര്‍ഷിക്കണം. സ്നേഹം ലിംഗഭേദത്തെ മറികടക്കുന്നു, ആ സന്ദേശം ഉച്ചത്തില്‍ വിളിച്ചുപറയേണ്ടതില്ല; അത് അനുഭവിച്ചറിയണം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
****