iffi banner

ഇതിഹാസ ചലച്ചിത്രകാരൻ്റെ യാത്രയ്ക്ക് ജീവനേകി 'ദാസ്താന്‍-എ-ഗുരു ദത്ത്' സംഗീതാവലോകനം

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) അഞ്ചാം ദിവസം ഗോവയിലെ കലാ അക്കാദമിയിൽ 'ദാസ്താന്‍-ഏ-ഗുരു ദത്ത്' എന്ന പേരിൽ  പ്രത്യേക സംഗീതാവലോകനം അവതരിപ്പിച്ചു. ഇതിഹാസ ചലച്ചിത്രകാരന്‍ ഗുരു ദത്തിൻ്റെ ജീവിതത്തെക്കുറിച്ചും കലാ പാരമ്പര്യത്തെക്കുറിച്ചും പ്രേക്ഷകർക്ക്  സജീവ വിവരണം നല്‍കുന്നതായിരുന്നു ഫൗസിയയും സംഘവും അവതരിപ്പിച്ച ഈ പരിപാടി.

ഇന്ത്യൻ സിനിമയ്ക്ക് ഗുരു ദത്ത് നൽകിയ സംഭാവനകളെക്കുറിച്ച് പ്രശസ്ത ചലച്ചിത്രകാരനും മുതിർന്ന സംവിധായകനുമായ രാഹുൽ റവൈൽ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.  തുടർന്ന് ഗായിക ലതിക ജെയിനൊപ്പം തബലയില്‍ സുദീപും ഹാർമോണിയത്തില്‍  ഋഷഭും ഗിറ്റാറില്‍  അങ്കിതും വിസ്മയം തീര്‍ത്ത സംഗീതത്തിന്റെ അകമ്പടിയോടെ ആകർഷകമായ  അവതരണത്തിന്  ഫൗസിയ നേതൃത്വം നൽകി. ആശാ ബത്രയുടെ ഗവേഷണ പിന്തുണയോടെ വികാസ് ജലാനാണ് പരിപാടിയുടെ അവതരണ നിര്‍വഹണത്തിന് നേതൃത്വം നൽകിയത്.

ഗുരു ദത്തിൻ്റെ ആദ്യകാല ജീവിതം രേഖപ്പെടുത്തുന്നു

ഗുരു ദത്തിൻ്റെ കൊൽക്കത്തയിലെ ബാല്യകാലത്തെക്കുറിച്ച് പറഞ്ഞാണ് ഫൗസിയ അവതരണം ആരംഭിച്ചത്. മാതൃകുടുംബത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച സർഗാത്മക സ്വാധീനവും മാർഗനിർദേശങ്ങളും  ഫൗസിയ എടുത്തുപറഞ്ഞു. 16-ാം വയസ്സിൽ അൽമോറയിലെ ഉദയ് ശങ്കർ സാംസ്കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന അദ്ദേഹത്തിൻ്റെ വളർച്ചയുടെ വർഷങ്ങള്‍ അവർ വിവരിച്ചു.  കലാപരമായ കഴിവുകളും പ്രകടന കലകളോടുള്ള സ്നേഹവും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം അവിടെ ചെലവിട്ട കാലം നിർണായക പങ്കുവഹിച്ചു.
 

 
ദേവ് ആനന്ദുമായുള്ള ബന്ധം

പൂനെയിലെ പ്രഭാത് സ്റ്റുഡിയോയില്‍ ആദ്യകാലങ്ങളിൽ തുടങ്ങിയ ഗുരു ദത്തിൻ്റെയും ദേവ് ആനന്ദിൻ്റെയും സുപ്രധാന സൗഹൃദവും ഈ സംഗീതാവലോകനത്തില്‍ എടുത്തു കാണിച്ചു.  രണ്ട് കലാകാരന്മാരും തമ്മിലുണ്ടായ ആഴമേറിയ ബന്ധം പിന്നീട് സംഗീത നിർമാണ രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പരസ്പരം വാഗ്ദാനത്തിലെത്തിച്ചു.  ഈ  വാഗ്ദാനം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സർഗാത്മക പങ്കാളിത്തങ്ങളിലൊന്നിനാണ് തുടക്കം കുറിച്ചത്.

മുംബൈയിലെ  യാത്രയും ചലച്ചിത്രകാരനിലേക്കുള്ള വളർച്ചയും

ദേവ് ആനന്ദ് മുംബൈയില്‍ നവ്കേതൻ ഫിലിം കമ്പനി സ്ഥാപിച്ചതിന് ശേഷം ഗുരു ദത്ത് മുംബൈയിലേക്ക് മാറിയതിനെക്കുറിച്ച് ഫൗസിയ വിവരിച്ചു. തൻ്റെ വാഗ്ദാനം പാലിച്ച് കമ്പനിയുടെ ആദ്യ ചിത്രം "ബാസി" സംവിധാനം ചെയ്യാൻ ഗുരു ദത്തിനെ ദേവ് ആനന്ദ് ക്ഷണിച്ചു.  ഗുരു ദത്തിൻ്റെ ശോഭനമായ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കമായിരുന്നു ഇത്.  ഈ സിനിമയുടെ സമയത്താണ് ഗുരു ദത്ത് നടൻ ബദറുദ്ദീൻ ജമാലുദ്ദീൻ കാസിക്ക് ‘ജോണി വാക്കർ’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ അപരനാമം നൽകിയത്.

'ബാസി'യുടെ വിജയത്തിന് ശേഷം ലോക സിനിമയിലെ  നാഴികക്കല്ലായി തുടരുന്ന "പ്യാസ" ഉൾപ്പെടെ എക്കാലത്തെയും നിരവധി മികച്ച ക്ലാസിക് ചിത്രങ്ങള്‍ ഗുരു ദത്ത് സൃഷ്ടിച്ചു.

വ്യക്തി ജീവിതത്തിലെ  ഉൾക്കാഴ്ചകൾ

ഗുരു ദത്തിൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ചും വിവരിക്കുന്നതായിരുന്ന അവതരണം.  "കാഗസ് കെ ഫൂൽ" എന്ന സിനിമയുടെ വാണിജ്യപരമായ പരാജയത്തെത്തുടർന്ന് ചലച്ചിത്രകാരൻ നേരിട്ട വൈകാരിക പോരാട്ടങ്ങളും അവതരണത്തില്‍ പ്രതിഫലിച്ചു. അദ്ദേഹത്തിൻ്റെ അവസാന കാലത്ത് വലിയ  വിഷാദത്തിനും ഒറ്റപ്പെടലിനും ഇത് കാരണമായിരുന്നു.
 


 
രാജ്യത്തെ ഏറ്റവും പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരിലൊരാളായ ഗുരു ദത്തിൻ്റെ പൈതൃകം സംരക്ഷിക്കുന്നതിലെയും അവതരിപ്പിക്കുന്നതിലെയും സംഭാവനകൾക്ക് ദാസ്താന്‍-എ-ഗുരു ദത്തിൻ്റെ മുഴുവൻ സംഘത്തെയും പരിപാടിയുടെ സമാപനത്തിൽ  നിർമാതാവ് രവി കൊട്ടാരക്കര  അഭിനന്ദിച്ചു.
 
 
*****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194461   |   Visitor Counter: 19