ജനറേറ്റീവ് എഐ, എൽഎൽഎം എന്നിവ ഉപയോഗിച്ചുള്ള ചലച്ചിത്ര നിർമ്മാണ ഭാവി പര്യവേക്ഷണം ചെയ്ത് ' പുതിയ എഐ ചലച്ചിത്രം' എന്ന വിഷയത്തിലെ മാസ്റ്റർക്ലാസ്
സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ദർശനാത്മക സംവാദത്തിന് ശേഖർ കപൂർ നേതൃത്വം നൽകി
2025-ലെ ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യുടെ ആറാം ദിനം, '' പുതിയ എഐ ചലച്ചിത്രം (ദി ന്യൂ എഐ സിനിമ): ഉത്പാദനപരമായ നിർമ്മിതബുദ്ധി(ജനറേറ്റീവ് എഐ), ബൃഹദ് ഭാഷാ മാതൃകകൾ എന്നിവയെക്കുറിച്ചുള്ള ആശയസംവാദം'' എന്ന ശീർഷകത്തിൽ ചിന്തോദ്ദീപകമായൊരു മാസ്റ്റർക്ലാസ് (വിദഗ്ധക്ലാസ്) അവതരിപ്പിച്ചു. ദ്രുതഗതിയിൽ വികസിതമാവുന്ന എ.ഐ അധിഷ്ഠിത ചലച്ചിത്ര നിർമാണത്തിന്റെ പശ്ചാത്തലപ്രകൃതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സാങ്കേതികവിദ്യാരംഗത്തും, ചലച്ചിത്രമേഖലയിലുമുള്ള പ്രമുഖശബ്ദങ്ങളെ അതിൽ ഒരുമിച്ച് കൊണ്ടുവന്നു..
പ്രശസ്ത സാങ്കേതിക വിദഗ്ധനായ ശ്രീ. ശങ്കർ രാമകൃഷ്ണൻ, എഐ വിദഗ്ദ്ധൻ ശ്രീ. വി. മുരളീധരൻ, അന്താരാഷ്ട്ര പ്രശസ്തി നേടിയ ചലച്ചിത്ര നിർമ്മാതാവ് ശ്രീ. ശേഖർ കപൂർ എന്നിവരുൾപ്പെട്ടതായിരുന്നു സംവാദ പാനൽ.
ഇന്ത്യൻ ചലച്ചിത്രരംഗത്തിന് ശേഖർ കപൂർ നൽകിയ മികവാർന്ന സംഭാവനകൾക്ക് ശ്രീ. രവി കൊട്ടാരക്കരയുടെ ആദരവോടെയാണ് പരിപാടി തുടങ്ങിയത്.

കഥാഖ്യാനത്തിലും ചലച്ചിത്രനിർമ്മാണത്തിലും കപൂറിന്റെ ദീർഘവീക്ഷണമുള്ള സമീപനത്തെ രവി കൊട്ടാരക്കര എടുത്തുപറഞ്ഞു. സാങ്കേതിക നൂതനത്വത്തിന്റെയും ഈടുറ്റ സാംസ്‌കാരിക സ്വാധീനത്തിന്റെയും പേരിൽ ഇന്നും ആഘോഷിക്കപ്പെടുന്ന 'മിസ്റ്റർ ഇന്ത്യ' എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

നിർമ്മിത ബുദ്ധി: ചലച്ചിത്ര നിർമ്മാണത്തിലെ സുപ്രധാന ജനാധിപത്യമാധ്യമം
നിർമ്മിതബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ ഉദയത്തോടെ ലോകം സമൂലമായൊരു മാറ്റത്തിന് വിധേയമായതായി ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ശ്രീ. ശേഖർ കപൂർ അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിയെ 'ചലച്ചിത്രനിർമ്മാണത്തിനുള്ള ഏറ്റവും ജനാധിപത്യപരമായ മാധ്യമം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിർമ്മിതബുദ്ധി, സിനിമാ വ്യവസായത്തിനുള്ളിലെ പരമ്പരാഗത പ്രതിബന്ധങ്ങളും പ്രവേശനനിയന്ത്രണങ്ങളും തകർത്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആകർഷകമായ അനുഭവവർണനയിൽ, സാധാരണ വ്യക്തികൾക്ക് എ.ഐ ഉപകരണങ്ങൾ നൽകുന്ന അഭിഗമ്യതയും ശാക്തീകരണവും വിശദമാക്കിക്കൊണ്ട്, തന്റെ പാചകക്കാരൻ ചാറ്റ് ജിപിടി ഉപയോഗിച്ച് 'മിസ്റ്റർ ഇന്ത്യ 2' നായി ഒരു തിരക്കഥ എങ്ങനെ സൃഷ്ടിച്ചുവെന്നത് അദ്ദേഹം പങ്കുവെച്ചു.
ആഗോള സിനിമയെ പുനർനിർവചിക്കാൻ എ.ഐ സജ്ജമാണെന്നും അതുവഴി അഭൂതപൂർവവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനസംഖ്യാപരമായ ഈ ശക്തി ഭാവിയിലെ ചലച്ചിത്ര സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ നേതൃത്വത്തെ ത്വരിതപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദൃശ്യപ്രഭാവ (വിഎഫ്എക്‌സ്)വും നിർമ്മിതബുദ്ധിയും തമ്മിലുള്ള വ്യത്യാസവും ശ്രീ. കപൂർ പരിപാടിയിൽ വിശദീകരിച്ചു. വിഎഫ്എക്‌സിൽ ദൃശ്യങ്ങൾ ഡിജിറ്റലായി സൃഷ്ടിക്കുകയോ ചമയ്ക്കുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചലച്ചിത്ര നിർമ്മാണ പ്രക്രിയയുടെ ഘടകങ്ങൾ യന്ത്രവത്കരിക്കാനോ, മെച്ചപ്പെടുത്താനോ സൃഷ്ടിക്കാനോ നിർമ്മിതബുദ്ധി യന്ത്ര പഠന മാതൃകകൾ (എഐ മെഷീൻ ലേണിംഗ് മോഡലുകൾ) ഉപയോഗിക്കുന്നു.
ചലച്ചിത്രനിർമ്മാണത്തിൽ നിർമ്മിതബുദ്ധിയുടെ പ്രായോഗിക ഉപയോഗങ്ങൾ സാങ്കേതിക വിദഗ്ധർ വിശദീകരിച്ചു
തിരക്കഥാരചന, കഥാഭാഗദൃശ്യവത്കരണം(സ്‌റ്റോറി ബോർഡിങ്), വെളിച്ചവിന്യാസം, ക്യാമറ ആവശ്യകതകൾ ഉൾപ്പെടെ ഷോട്ട് വിവരണ രൂപകല്പന എന്നിവയിൽ ചലച്ചിത്ര നിർമ്മാതാക്കളെ സഹായിക്കുന്ന ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ വിപുലമായ എ.ഐ സങ്കേതങ്ങളെക്കുറിച്ച് സാങ്കേതിക വിദഗ്ധരായ ശ്രീ.ശങ്കർ രാമകൃഷ്ണനും ശ്രീ വി. മുരളീധരനും വിശദീകരിച്ചു.
രാജ റാവു എഴുതി നിർമ്മിതബുദ്ധിയുടെ സഹായത്തോടെ നിർമ്മിക്കുകയും, വിവിധ നിർമ്മിതബുദ്ധി പ്ലാറ്റ്ഫോമുകളും മാതൃകകളും ചലച്ചിത്ര സൃഷ്ടിയിൽ എങ്ങനെ സംയോജിപ്പിച്ചുവെന്ന് വിശദമാക്കുകയും ചെയ്യുന്ന 'തലപ്പാവും പാറയും' എന്ന തങ്ങളുടെ ചലച്ചിത്രം ഇരുവരും പ്രദർശിപ്പിച്ചു.
പ്രേക്ഷക പാരസ്പര്യവും എ.ഐ നിർമ്മിത ചലച്ചിത്രങ്ങളുടെ പ്രദർശനവും:
സംവേദനാത്മകമായ ചോദ്യോത്തര പരിപാടിയിൽ, ഡോക്യുമെന്ററി ചിത്ര നിർമ്മാണം, പുരാശേഖര പുനഃസ്ഥാപനം, ചലച്ചിത്ര വിദ്യാഭ്യാസം എന്നിവയെ നിർമ്മിതബുദ്ധി എങ്ങനെ ഗണ്യമായി പിന്തുണയ്ക്കുമെന്ന് പാനൽ അംഗങ്ങൾ എടുത്തുപറഞ്ഞു. ഉയർന്നുവരുന്ന സൃഷ്ടിപരമായ സാങ്കേതികവിദ്യകളുടെ കാര്യക്ഷമതകളിലേക്ക് പ്രേക്ഷകർക്ക് ഒരു എത്തിനോട്ടത്തിന് അവസരമേകിക്കൊണ്ട്, 'ദി ലോസ്റ്റ് ലെജൻഡ്സ്' എന്ന ശീർഘകത്തിലുള്ള ഒരു എ.ഐ നിർമ്മിത ഹ്രസ്വ ഡോക്യുമെന്ററിയും അവർ പ്രദർശിപ്പിച്ചു.

ചലച്ചിത്രത്തിന്റെ കാതലായ ഭാഗത്ത് മനുഷ്യ വികാരം:
നിർമ്മിതബുദ്ധിയ്ക്ക് ദ്രുതഗതിയിലുള്ള പുരോഗതിയുണ്ടെങ്കിലും, ചലച്ചിത്രത്തിന്റെ സത്ത കുടികൊള്ളുന്നത് മനുഷ്യ വികാരത്തിലാണെന്ന് ശ്രീ. ശേഖർ കപൂർ അടിവരയിട്ടു. നിർമ്മിതബുദ്ധിയ്ക്ക് ചലച്ചിത്ര പ്രക്രിയകളെ സഹായിക്കാനും ത്വരിതപ്പെടുത്താനും കഴിയുമെങ്കിലും, സ്വാഭാവിക വികാരങ്ങളും ഭാവതീവ്രതയും തിരശ്ശീലയിൽ അവതരിപ്പിക്കുന്നതിന് യഥാർത്ഥ കലാകാരന്മാർ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധർമ്മേന്ദ്രയ്ക്ക് ആദരാഞ്ജലികൾ
ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ മഹത്തായ സംഭാവനകളെ ആദരിച്ച് ഇതിഹാസ നടൻ ധർമ്മേന്ദ്രയ്ക്ക് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മാസ്റ്റർക്ലാസ് സമാപിച്ചു.
****
Release ID:
2194399
| Visitor Counter:
3