“എല്ലാ ചലച്ചിത്രകാരന്മാരും പറയും ബോട്ടിൽ ഷൂട്ട് ചെയ്യരുതെന്ന്—പക്ഷേ ഞാൻ അതിന് ചെവികൊടുത്തില്ല”: പെസ്‌കദോറിനെ കുറിച്ച് സംവിധായകൻ ഹരോൾഡ് റോസി
സമുദ്ര സ്വപ്നങ്ങൾ മുതൽ ഡെക്കിലെ വെല്ലുവിളികൾ വരെ, പെസ്‌കദോർ ഐഎഫ്‌എഫ്‌ഐ വേദിയിലേക്ക് ആധികാരിക അനുഭവം കൊണ്ടുവരുന്നു
പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) യിൽ, ചലച്ചിത്ര സംവിധായകൻ ഹരോൾഡ് ഡൊമെനിക്കോ റോസി തന്റെ പെസ്‌കദോർ എന്ന സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് വിവരിച്ചു - വൈദ്യശാസ്ത്രപരമായി കോമയിലായിരുന്നപ്പോഴുള്ള അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ പ്രോജക്ട്. "ആ ദുഷ്‌കരമായ കാലഘട്ടത്തിൽ, ഞാൻ സമുദ്രങ്ങൾ കണ്ടുകൊണ്ടേയിരുന്നു. ഒറ്റപ്പെടലിന്റെ വികാരം അതിശക്തമായിരുന്നു," ഇന്ന് ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ, നിർമ്മാതാവ് ബാർബറ ആനി റസിയലും ഛായാഗ്രാഹകനും നിർമ്മാതാവുമായ ഐസക് ജോസഫ് ബാങ്ക്സും സന്നിഹിതരായിരുന്നു.

"ആ വൈകാരിക അകലവും കൂട്ടുകെട്ടിനായുള്ള ആഗ്രഹവും സ്‌ക്രീനിലേക്ക് എത്തിക്കുന്ന എന്റെ മാർഗമായി പെസ്‌കദോർ മാറി." കടലിൽ ചിത്രീകരിക്കുന്നതിന്റെ വെല്ലുവിളികളെ നർമ്മത്തോടെയും തുറന്ന മനസ്സോടെയും റോസി ഓർത്തെടുത്തു. "ചരിത്രത്തിലെ ഓരോ സംവിധായകരും ഒരു ബോട്ടിൽ സിനിമ ചിത്രീകരിക്കരുതെന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു, എന്നാൽ ഞാൻ അത് ശ്രദ്ധിച്ചില്ല,"അദ്ദേഹം ചിരിച്ചു. "പക്ഷേ അവർ അത് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. തുറന്ന സമുദ്രത്തിൽ യഥാർത്ഥ മത്സ്യത്തൊഴിലാളി ബോട്ടുകളിൽ ചിത്രീകരിക്കുന്നതും
അഗാധമായ കാട്ടിൽ ചിത്രീകരിക്കുന്നതും അത്യന്തം ബുദ്ധിമുട്ടേറിയതാണ്. എന്നാൽ അത് കൊണ്ടുവന്ന ആധികാരികത, നേരിട്ട എല്ലാ വെല്ലുവിളികളും അർത്ഥവത്താക്കി."
സിനിമയുടെ കേന്ദ്ര മത്സ്യത്തൊഴിലാളി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിനേതാവല്ലാത്ത ഒരാളാണെന്നും സംവിധായകൻ വെളിപ്പെടുത്തി. "ഞങ്ങൾ ഒരു വെല്ലുവിളി ഏറ്റെടുത്തു - അത് ഫലം കണ്ടു. അദ്ദേഹത്തിന്റെ സ്വാഭാവിക സാന്നിധ്യമാണ് ചിത്രത്തിന് ആത്മാവ് നൽകിയത്."
നിർമ്മാതാവ് ബാർബറ ആനി റസീൽ, പെസ്‌കദോറിനെ "യഥാർത്ഥമായ അന്താരാഷ്ട്ര സഹകരണം" എന്ന് വിശേഷിപ്പിച്ചു, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും കോസ്റ്റാറിക്കയിൽ നിന്നുമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമയിൽ തുല്യ രീതിയിൽ പങ്കാളികളായിരുന്നു. "ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു, സംസ്കാരങ്ങൾ പങ്കിട്ടു, പരസ്പരം ഭാഷകൾ പഠിച്ചു - എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവങ്ങളിലൊന്നായിരുന്നു അത്," അവർ പറഞ്ഞു.

ഛായാഗ്രാഹകനും നിർമ്മാതാവുമായ ഐസക് ജോസഫ് ബാങ്ക്സ് ചിത്രത്തിന്റെ ദൃശ്യഭാഷ എടുത്തുകാണിച്ചു: "രണ്ട് പ്രധാന കഥാപാത്രങ്ങൾക്കായി ഹാരോൾഡും ഞാനും രണ്ട് വ്യത്യസ്ത ദൃശ്യ സമീപനങ്ങൾ സ്വീകരിച്ചു. ആ വ്യത്യാസം കഥപറച്ചിലിനെ ശക്തമായ രീതിയിൽ രൂപപ്പെടുത്തി."

സ്വാഭാവികമായ വൈകാരിക ഉള്ളടക്കം, അന്തർദേശീയ മനോഭാവം, സമുദ്രതീരത്തെ ധീരമായ നിർമ്മാണം എന്നിവയാൽ, പെസ്കദോർ IFFI 2025 ലെ ഏറ്റവും വ്യക്തിപരവും ദൃശ്യപരമായി ശ്രദ്ധേയവുമായ സൃഷ്ടികളിൽ ഒന്നായി ഉയർന്നുവന്നു.
സിനിമയുടെ സംഗ്രഹം
അമേരിക്കകാരായ സഹോദരിയുടെയും സഹോദരന്റെയും ഒരു കോസ്റ്റാറിക്കൻ മത്സ്യത്തൊഴിലാളിയുടെയും ജീവിതങ്ങൾ, ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ നേരിടുന്ന വെല്ലുവിളികളിൽ കൂടിച്ചേരുന്നു. ഒന്നാം ഭാഗത്തിൽ, ഒരു യുവ അമേരിക്കൻ ശാസ്ത്രജ്ഞ കോസ്റ്റാറിക്കയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളിലൂടെയും കഠിനമായ കാടുകളിലൂടെയും സഞ്ചരിച്ച് ഒരു പുരാണ മത്സ്യത്തെ അന്വേഷിച്ച് മനുഷ്യബന്ധത്തിന്റെ പരിധികൾ ഭേദിക്കുന്നു. നിരാശാജനകമായ ഒരു യാത്രയ്ക്ക് ശേഷം, അവൾ ഒരു ബസിൽ ഉറങ്ങുന്നു, സിനിമ വീണ്ടും ആരംഭിക്കുന്നു. രണ്ടാം ഭാഗത്തിൽ, ഒരു മാന്ത്രിക ലോബ്സ്റ്റർ ഒരു ഏകാകിയായ മത്സ്യത്തൊഴിലാളിക്ക് അവന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കുന്നു: പിതൃത്വം. മത്സ്യത്തൊഴിലാളി കടലിൽ കുടുങ്ങിക്കിടക്കുന്ന ശാസ്ത്രജ്ഞയുടെ സഹോദരനെ കണ്ടെത്തി അവനെ ആരോഗ്യത്തിലേക്ക് കൊണ്ട് വരാൻ പരിപാലിക്കുന്നു. സഹോദരൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു, പക്ഷേ, പതുക്കെ, അവൻ സഹായം സ്വീകരിക്കുന്നു, മത്സ്യബന്ധനം പഠിക്കുന്നു, മത്സ്യത്തൊഴിലാളി സമൂഹവുമായി ഒത്തുപോകുന്നു - അവരുടെ ദുർബലമായ ബന്ധം അവസാനിക്കുന്നതുവരെ. പെസ്‌കദോർ ചോദിക്കുന്നു: ഏകാന്തതയ്ക്കായി നിങ്ങൾ എന്താണ് ത്യാഗം ചെയ്യുക? അരക്ഷിതത്വത്തിലും ബന്ധത്തിലും നിങ്ങൾ എന്ത് ഭാഗ്യപരീക്ഷണമാണ് നടത്തി നോക്കുക?
IFFI-യെ കുറിച്ച്
1952-ൽ ആരംഭിച്ച ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സിനിമാ ആഘോഷമായി ഉയർന്നുനിൽക്കുന്നു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷ(NFDC) നും, ഗോവ സംസ്ഥാന ഗവൺമെന്റിന് കീഴിലെ എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) യും സംയുക്തമായി സംഘടിപ്പിക്കുന്ന മേള ആഗോള സിനിമാറ്റിക് ശക്തി കേന്ദ്രമായി വളർന്നു. ഇവിടെ പുനഃസ്ഥാപിച്ച ക്ലാസിക്കുകൾ ധീരമായ പുതു പരീക്ഷണങ്ങളെ കണ്ടുമുട്ടുന്നു, ഇതിഹാസ പ്രതിഭകൾ നിർഭയരായ അരങ്ങേറ്റ താരങ്ങളുമായി വേദി പങ്കിടുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർക്ലാസുകൾ, ശ്രദ്ധാഞ്ജലികൾ, ആശയങ്ങളും ഇടപാടുകളും സഹകരണങ്ങളും പറന്നുയരുന്ന ഊർജ്ജസ്വലമായ WAVES ഫിലിം ബസാർ എന്നിങ്ങനെയുള്ള ചേരുവകളാണ് IFFI-യെ യഥാർത്ഥത്തിൽ തിളക്കമുള്ളതാക്കുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവയുടെ അതിശയകരമായ തീരദേശ പശ്ചാത്തലത്തിൽ അരങ്ങേറുന്ന 56-ാമത് പതിപ്പ്, ലോക വേദിയിൽ ഇന്ത്യയുടെ സർഗ്ഗാത്മക വൈഭവത്തിന്റെ ആഴത്തിലുള്ള ആഘോഷമായ ഭാഷകൾ, വിഭാഗങ്ങൾ, നൂതനാശയങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ ഒരു മിന്നുന്ന തരംഗം വാഗ്ദാനം ചെയ്യുന്നു.
വാർത്താസമ്മേളനം കാണാനുള്ള ലിങ്ക്:
https://youtu.be/in1QumO8rfY
കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യുക:
IFFI വെബ്സൈറ്റ്: https://www.iffigoa.org/
PIB-യുടെ IFFI മൈക്രോസൈറ്റ്: https://www.pib.gov.in/iffi/56new/
PIB IFFIWood ബ്രോഡ്കാസ്റ്റ് ചാനൽ: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F
X പോസ്റ്റ് ലിങ്ക്: https://x.com/PIB_Panaji/status/1991438887512850647?s=20
X ഹാൻഡിലുകൾ: @IFFIGoa, @PIB_India, @PIB_Panaji
***
AT
रिलीज़ आईडी:
2194150
| Visitor Counter:
7