പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 2
Posted On:
22 NOV 2025 9:57PM by PIB Thiruvananthpuram
ആദരണീയരേ,
പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത് തുടരുന്നു. ഈ വർഷവും അവ ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ ദുരന്ത തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവങ്ങൾ വ്യക്തമായി എടുത്തുകാണിക്കുന്നു.
ഈ ആശയത്തെ പിന്തുണയ്ക്കുന്നതിനായി, ജി20 അധ്യക്ഷതയുടെ കാലത്ത് ഇന്ത്യ ദുരന്ത അപകട സാധ്യത കുറയ്ക്കുന്നതിനായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ സുപ്രധാന അജണ്ടയ്ക്ക് മുൻഗണന നൽകിയതിന് ദക്ഷിണാഫ്രിക്കയെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ദുരന്ത പ്രതിരോധത്തോടുള്ള നമ്മുടെ സമീപനം 'പ്രതികരണ കേന്ദ്രീകൃത'ത്തിൽ നിന്ന് 'വികസന കേന്ദ്രീകൃത'ത്തിലേക്ക് മാറണം. ദുരന്ത പ്രതിരോധ ഇൻഫ്രാസ്ട്രക്ചറിനുള്ള സഖ്യം (സിഡിആർഐ) സ്ഥാപിക്കാനുള്ള ഇന്ത്യയുടെ സംരംഭത്തിന് പിന്നിലെ ആശയം ഇതായിരുന്നു. സിഡിആർഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, ജി20 രാജ്യങ്ങൾക്ക് പ്രതിരോധശേഷിയുള്ള ഭാവി ഉറപ്പാക്കാൻ ധനസഹായം, സാങ്കേതികവിദ്യ, കഴിവുകൾ എന്നിവ സമാഹരിക്കാൻ കഴിയും.
സുഹൃത്തുക്കളേ,
ബഹിരാകാശ സാങ്കേതികവിദ്യ എല്ലാ മനുഷ്യരാശിക്കും പ്രയോജനപ്പെടണമെന്ന് ഇന്ത്യയും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ജി20 ഓപ്പൺ സാറ്റലൈറ്റ് ഡാറ്റ പങ്കാളിത്തം നിർദ്ദേശിക്കുന്നത്. ഈ സംരംഭം G20 ബഹിരാകാശ ഏജൻസികളിൽ നിന്നുള്ള ഉപഗ്രഹ ഡാറ്റയും വിശകലനവും കൂടുതൽ പ്രാപ്യമാക്കുകയും പരസ്പര പ്രവർത്തനക്ഷമവും ഉപയോഗപ്രദവുമാക്കുകയും ചെയ്യും - പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക്.
സുഹൃത്തുക്കളേ,
സുസ്ഥിരതയും ശുദ്ധമായ ഊർജ്ജവും ആഗോള വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നിർണായക ധാതുക്കൾ ഇതിന് നിർണായകമാണ്, കൂടാതെ മനുഷ്യരാശിക്കായി പങ്കിടുന്ന വിഭവമായി ഇതിനെ കാണണം. അതുകൊണ്ടാണ് പുനരുപയോഗം, നഗര ഖനനം, സെക്കൻഡ്-ലൈഫ് ബാറ്ററികൾ തുടങ്ങിയ നൂതനാശയങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന G20 ക്രിട്ടിക്കൽ മിനറൽസ് സർക്കുലാരിറ്റി ഇനിഷ്യേറ്റീവ് ഇന്ത്യ നിർദ്ദേശിക്കുന്നത്.
ചാക്രികതയിൽ(circularity) നിക്ഷേപിക്കുന്നത് അടിസ്ഥാന ഖനനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിതരണ ശൃംഖലകളിലെ സമ്മർദ്ദം കുറയ്ക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും. ഗ്ലോബൽ സൗത്തിൽ സംയുക്ത ഗവേഷണം, പൊതു സാങ്കേതിക മാനദണ്ഡങ്ങൾ, പൈലറ്റ് റീസൈക്ലിംഗ് സൗകര്യങ്ങൾ എന്നിവയും ഈ സംരംഭം പ്രാപ്തമാക്കും.
സുഹൃത്തുക്കളേ,
ന്യൂഡൽഹി G20 ഉച്ചകോടിയുടെ വേളയിൽ, 2030 ഓടെ പുനരുപയോഗ ഊർജ്ജം മൂന്നിരട്ടിയാക്കാനും ഊർജ്ജ-കാര്യക്ഷമത നിരക്കുകൾ ഇരട്ടിയാക്കാനും ഞങ്ങൾ സമ്മതിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, വികസിത രാജ്യങ്ങൾ സമയബന്ധിതമായി താങ്ങാനാവുന്ന കാലാവസ്ഥാ ധനസഹായവും സാങ്കേതികവിദ്യയും നൽകാനുള്ള പ്രതിബദ്ധതകൾ നിറവേറ്റേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
കാലാവസ്ഥാ വ്യതിയാനവും മറ്റ് വെല്ലുവിളികളും കാരണം, നമ്മുടെ കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും നേരിടുന്ന ഭീഷണി കൂടുതൽ രൂക്ഷമാവുകയാണ്. പല രാജ്യങ്ങളിലും, വളങ്ങൾ, സാങ്കേതികവിദ്യ, വായ്പ, ഇൻഷുറൻസ്, വിപണികൾ എന്നിവ ലഭ്യമാകുന്നതിൽ കർഷകർ വർധിച്ച രീതിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ സ്വന്തം ശ്രമങ്ങൾ നടത്തുന്നു.
ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ, പോഷകാഹാര സഹായ പരിപാടി ഞങ്ങൾ നടത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയും ഞങ്ങൾ നടത്തുന്നു. പോഷകാഹാരത്തിനും പരിസ്ഥിതിക്കും ഒരുപോലെ സൂപ്പർഫുഡുകളായ ശ്രീ അന്ന അഥവാ ചെറുധാന്യങ്ങൾക്ക് ഞങ്ങൾ ഊന്നൽ നൽകുന്നു.
ഡൽഹി ജി20 യിൽ, ഈ വിഷയങ്ങൾ സംബന്ധിച്ച ഡെക്കാൻ തത്വങ്ങളിൽ ഞങ്ങൾ യോജിച്ചു. ഇപ്പോൾ, ഈ തത്വങ്ങളെ അടിസ്ഥാനമാക്കി, നമ്മൾ ഒരു ജി20 റോഡ്മാപ്പ് വികസിപ്പിക്കണം.
സുഹൃത്തുക്കളേ,
അതിജീവനശേഷി ഒറ്റപ്പെട്ട തലത്തിൽ വികസിപ്പിക്കാനാകില്ല
പോഷകാഹാരം, പൊതുജനാരോഗ്യം, സുസ്ഥിര കൃഷി, ദുരന്ത തയ്യാറെടുപ്പ് എന്നിവ ബന്ധിപ്പിച്ച് ആഗോള സുരക്ഷയെ ശക്തിപ്പെടുത്തുന്ന സമഗ്ര തന്ത്രങ്ങൾ ജി20 പ്രോത്സാഹിപ്പിക്കണം.
വളരെ നന്ദി.
-AT-
(Release ID: 2193824)
Visitor Counter : 5
Read this release in:
English
,
हिन्दी
,
Gujarati
,
Urdu
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Kannada